ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഏറ്റവും ആവേശത്തോടെ ആരാധകർ പിന്തുണയ്ക്കുന്ന ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ കരിയർ രൂപപ്പെടുത്തുന്നതിൽ എന്നും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ദേശീയ തലത്തിലേക്ക് ഉയരാനുമുള്ള വേദിയായി ക്ലബ്ബ് മാറിയിരിക്കുന്നു. ഇന്ത്യയുടെ ജൂനിയർ ടീമുകളിൽ ക്ലബ്ബിന്റെ താരങ്ങൾ പലപ്പോഴും സ്ഥിര സാന്നിധ്യങ്ങളാണ്.

വർഷങ്ങളായി, നിരവധി കളിക്കാർ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുമ്പോഴാണ് ഇന്ത്യൻ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. അക്കാദമിയിലൂടെ വളർന്നവരും യുവതാരങ്ങളും പരിചയസമ്പന്നരായ കളിക്കാരും ഈ പട്ടികയിലുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിൽ നിന്ന് ഇന്ത്യൻ ടീമിന്റെ നീലകുപ്പായത്തിലേക്ക് ചേക്കേറിയ താരങ്ങളെ പരിചയപ്പെടാം.

സന്ദേശ് ജിങ്കൻ

2014 ലെ അരങ്ങേറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐഎസ്എല്ലിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡ്. അതേവർഷം തന്നെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെയും ഏറ്റവും മികച്ച ഇന്ത്യൻ യുവതാരത്തിനുള്ള പുരസ്‌കാരം. തൊട്ടടുത്ത വർഷം ഇന്ത്യൻ ദേശീയ ടീമിന്റെ നീലക്കുപ്പായത്തിൽ അരങ്ങേറ്റവും. സംഭവബഹുലമായിരുന്നു ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന സന്ദേശ് ജിങ്കന്റെ ഫുട്ബോൾ യാത്ര.

2014 ഐഎസ്എല്ലിലെ പ്രകടനമാണ് താരത്തിന് ദേശീയ ടീം അരങ്ങേറ്റത്തിനുള്ള വാതിൽ തുറന്ന് നൽകിയത്. 2018 ഫിഫ ലോകകപ്പ് യോഗ്യത ടൂർണമെന്റിൽ 2015 മാർച്ച് പന്ത്രണ്ടിന് നേപ്പാളിനെതിരായ ഹോം മത്സരത്തിൽ ഇറങ്ങിയ താരം മുഴുവൻ സമയവും കളിച്ചു. അവിടുന്ന് ഇങ്ങോട്ട് ഇന്ത്യൻ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറി ഈ ചണ്ഡീഗഡ് താരം.

സൗമിക് ഡേ

ഐഎസ്എല്ലിന്റെ ആദ്യ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനായി വായ്പാ അടിസ്ഥാനത്തിൽ പന്ത് തട്ടിയ താരമാണ് ബംഗാളിൽ നിന്നുള്ള സൗമിക് ഡേ. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ടീമിന്റെ നട്ടെല്ലായിരുന്ന താരത്തിന്റെ 2014 ഐഎസ്എൽ സീസണിലെ പ്രകടനമാണ് അദ്ദേഹത്തിന് 2015-ൽ ദേശീയ ടീമിലേക്ക് അവസരം നൽകിയത്,

തന്റെ 31-ാം വയസിലാണ് അദ്ദേഹം ദേശീയ ടീമിന്റെ പടവുകൾ ചവിട്ടിയത്. സന്ദേശ് ജിങ്കനൊപ്പം 2015 മാർച്ച് പന്ത്രണ്ടിന് സ്വന്തം ഹോമിൽ നേപ്പാളിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലൂടെയായിരുന്നു സൗമികിന്റെയും അരങ്ങേറ്റം. അഞ്ച് ദിവസങ്ങൾക്ക് ശേഷം നേപ്പാളിനെതിരായ എവേ മത്സരത്തിലും അദ്ദേഹം മുഴുവൻ സമയവും കളത്തിലിറങ്ങി.

ലാൽറുവാത്താര

കേരള ബ്ലാസ്റ്റേഴ്സിലൂടെ ഇന്ത്യൻ ഫുട്ബോളിന്റെ ഇടനാഴികളിൽ സ്വന്തം പേരെഴുതിച്ചേർത്ത താരമാണ് ലാൽറുവാത്താര. 2017-ൽ ഐഎസ്എൽ പ്ലെയേഴ്സ് ഡ്രാഫ്റ്റിലൂടെയാണ് ലാൽറുവാത്താര കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2017-18 സീസണിലെ മികച്ച പ്രകടനത്തെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.

ക്ലബ്ബിലെ മികച്ച പ്രകടനങ്ങൾക്കിടെ, 2018 മാർച്ച് 27-ന് കിർഗിസ്ഥാനെതിരെ നടന്ന 2019 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ അദ്ദേഹം ഇന്ത്യയുടെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചു. അതിനു മുൻപ്, 2017 ജൂലൈയിൽ, 2018 എഎഫ്സി അണ്ടർ 23 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ടീമിലും അദ്ദേഹം ഇടംപിടിച്ചിരുന്നു.

സഹൽ അബ്ദുൽ സമദ്

കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് നിരയിൽ നിന്ന് ഉയർന്നുവന്ന്, പിന്നീട് ക്ലബ്ബിന്റെ ഏറ്റവും വലിയ 'പോസ്റ്റർ ബോയ്' ആയി മാറിയ താരം ഒരുപക്ഷെ സഹൽ അബ്ദുൽ സമദ് ആയിരിക്കും. സ്‌കൗട്ടിങ്ങിലൂടെ കണ്ടെത്തി, റിസർവ് നിരയിലേക്ക് എത്തിച്ച്, അവിടെ നിന്ന് സീനിയർ ടീമിന്റെ നട്ടെല്ലായി വളർന്ന താരമാണ് സഹൽ. 2018-19 സീസണിലെ പ്രകടനം സഹലിനെ ഐഎസ്എല്ലിന്റെയും എഐഎഫ്എഫിന്റെയും എമേർജിംഗ് പ്ലെയർ അവാർഡിന് അർഹനാക്കി.

കൂടുതൽ വായിക്കൂ: ‘പേടിയില്ലാതെ കളിക്കാൻ പഠിപ്പിച്ചത് വുകോമനോവിച്ച്’, സഹൽ അബ്ദുൾ സമദ്

ആ പ്രകടനത്താൽ 2019-ൽ എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള പ്രാരംഭ സ്‌ക്വാഡിൽ ഇടം നേടിയെങ്കിലും അവസാന ടീമിലേക്ക് എത്താൻ സാധിച്ചില്ല. 2019 ജൂണിൽ തായ്‌ലൻഡിൽ നടന്ന കിംഗ്സ് കപ്പിൽ കുറാസാവോയ്‌ക്കെതിരെ പകരക്കാരനായി ഇറങ്ങി സഹൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. 2021 സാഫ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നേപ്പാളിനെതിരായ മൂന്ന് ഗോളുകളുടെ വിജയത്തിൽ താരം തന്റെ കന്നിഗോളും കണ്ടെത്തി.

രാഹുൽ കെപി

2017-ലെ ഫിഫ അണ്ടർ 17 ലോകകപ്പ് ടീമിൽ നിന്നും ഉയർന്നുവന്ന ഭാവിയുടെ താരങ്ങളിൽ ഒരാളാണ് രാഹുൽ കെപി. ശേഷം, ജന്മനാട്ടിലെ ക്ലബായ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിലേക്ക് മാറുന്നത്. മിന്നൽ പോലെ വിങ്ങുകളിലൂടെ കുതിക്കുന്ന രാഹുലിന്റെ കളത്തിൽ വേഗതയാണ് താരത്തിന്റെ കരുത്ത്. അത് തന്നെയാണ് ദേശീയ ടീമിലേക്കുള്ള പാതയായി വർത്തിച്ചതും.

2022 സെപ്റ്റംബർ 20-ന്, വിയറ്റ്നാമിൽ നടന്ന ഹുങ് ടിൻ സൗഹൃദ ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ രാഹുൽ ഉൾപ്പെട്ടു. സെപ്റ്റംബർ 24-ന് സിംഗപ്പൂരിനെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിലൂടെയാണ് അദ്ദേഹം ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 68-ാം മിനിറ്റിൽ മലയാളി താരം ആഷിഖ് കുരുണിയന് പകരക്കാരനായാണ് അദ്ദേഹം കളത്തിലിറങ്ങിയത്. 2022-ലെ ഏഷ്യൻ ഗെയിംസിനുള്ള U23 ഇന്ത്യൻ ടീമിലും അദ്ദേഹം അംഗമായിരുന്നു. ആ ടൂർണമെന്റിൽ, ചൈനയ്‌ക്കെതിരെ 1-5ന് പരാജയപ്പെട്ട മത്സരത്തിൽ ഇന്ത്യയുടെ ഏക ഗോൾ നേടിയതും രാഹുൽ ആയിരുന്നു.

ഹോർമിപാം റൂയിവ

2021-ൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്ന ഈ മിസോറാം സ്വദേശിയായ സെൻട്രൽ ഡിഫൻഡർ, പ്രതിരോധത്തിലെ ശാന്തതയും മികവും കൊണ്ട് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാർക്കോ ലെസ്കോവിച്ചിനൊപ്പം ശക്തമായ കൂട്ടുകെട്ട് സ്ഥാപിച്ച ഹോർമിപാം, 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

2022 മാർച്ചിൽ, ബഹ്‌റൈൻ, ബെലാറസ് എന്നിവർക്കെതിരായ ഇന്ത്യയുടെ രണ്ട് സൗഹൃദ മത്സരങ്ങൾക്ക് മുന്നോടിയായി, അന്നത്തെ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് റൂയിവയെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തു. തുടർന്ന്, മാർച്ച് 26-ന് ബെലാറസിനെതിരായ മത്സരത്തിൽ അദ്ദേഹം ഇന്ത്യക്കായി തന്റെ അരങ്ങേറ്റം കുറിച്ചു.

ജീക്സൺ സിങ് തൗനോജം

2017-ലെ ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ ചരിത്ര ഗോൾ നേടിയ ജീക്സൺ സിങ്, 2018-ലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. 2019-ൽ അന്നത്തെ പരിശീലകനായിരുന്ന എൽക്കോ ഷെറ്റോറിയാണ് താരത്തിന് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകിയത്. അതിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ സ്ഥിരസാന്നിധ്യമായി ജീക്സൺ മാറി.

2019-21 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിലെ പ്രകടനത്തിന് ശേഷം, ഖത്തറിനെതിരായ ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള സാധ്യതാ പട്ടികയിൽ ജീക്സൺ സിങ്ങിനെ ഉൾപ്പെടുത്തിയിരുന്നു, എന്നാൽ അന്തിമ ടീമിൽ ഇടംനേടാനായില്ല. 2021 മാർച്ചിൽ, ഒമാൻ, യുഎഇ എന്നിവർക്കെതിരായ ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾക്കുള്ള അന്തിമ ടീമിൽ ജീക്സൺ ഇടംപിടിച്ചു. 2021 മാർച്ച് 25-ന് ഒമാനെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിലാണ് അദ്ദേഹം ഇന്ത്യൻ സീനിയർ ടീമിനായി ആദ്യമായി കുപ്പായമണിഞ്ഞത്.

വിബിൻ മോഹനൻ

ഈ നിരയിലെ ഏറ്റവും പുതിയ പേരാണ് വിബിൻ മോഹനന്റേത്. ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന വിബിൻ, പന്തിലുള്ള മികവും മൂർച്ചയേറിയ പാസുകളും കൊണ്ട് പ്രായത്തെ കവിയുന്ന പക്വത കളിക്കളത്തിൽ പ്രകടിപ്പിച്ചാണ് കാണികളുടെ മനസ്സിൽ ഇടം കണ്ടെത്തിയത്. 2023-24 ഐഎസ്എല്ലിലെ മികച്ച പ്രകടനങ്ങൾ 2024-ന്റെ തുടക്കത്തിൽ അദ്ദേഹത്തിന് ദേശീയ ടീമിലേക്ക് വഴിതുറന്നു.

2024 മെയ് മാസത്തിൽ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള സാധ്യത ടീമിൽ ഉൾപ്പെട്ടെങ്കിലും, അവസാന സ്‌ക്വാഡിലേക്ക് കടക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന്, 2024 നവംബർ 18-ന് മലേഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള 26 അംഗ ടീമിൽ താരം സ്ഥാനം കണ്ടെത്തി. മത്സരം 1-1ന് സമനിലയിൽ അവസാനിച്ചപ്പോൾ, ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ബ്രാൻഡൻ ഫെർണാണ്ടസിന് പകരക്കാരനായി കളത്തിലിറങ്ങിയാണ് വിബിൻ തന്റെ സീനിയർ ടീം അരങ്ങേറ്റം കുറിച്ചത്.