ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഐഎസ്എൽ താരങ്ങൾ
ഈ ഫുട്ബോൾ താരങ്ങളെ കളിക്കളത്തിനകത്തും പുറത്തും ആരാധകർ ഒരുപോലെ സ്നേഹിക്കുന്നു

ഇന്ന് രാജ്യത്തെ ഫുട്ബോൾ പ്രേമികൾക്കിടയിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഒരു വലിയ തരംഗമായി മാറിയിരിക്കുന്നു. സ്റ്റേഡിയത്തിനും ടെലിവിഷനും അപ്പുറം ഇന്ന് കളിക്കാർ പലതരത്തിൽ ആരാധകരോട് ചേർന്നുനിൽക്കുന്നുണ്ട്, ഇൻസ്റ്റാഗ്രാം അതിനുള്ള ഏറ്റവും വലിയ പ്ലാറ്റ്ഫോമുകളിലൊന്നായി മാറിയിരിക്കുന്നു.
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിശേഷങ്ങൾ അറിയാനും, കളിക്കളത്തിനപ്പുറമുള്ള അവരുടെ ജീവിതം കാണാനും ആരാധകർക്ക് ഇൻസ്റ്റാഗ്രാം വഴിയൊരുക്കുന്നു. ഇത് കളിക്കാരും ആരാധകരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നു.
ഐഎസ്എല്ലിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവർമാർ ഉള്ള കളിക്കാരും, അവർ ആരാധകരുമായി ഇത്രയധികം അടുക്കാൻ കാരണം എന്താണെന്ന് നോക്കാം.
1) സുനിൽ ഛേത്രി - 7.7 മില്യൺ (77 ലക്ഷം)

ഇൻസ്റ്റാഗ്രാമിലെ ആരാധകരുടെ എണ്ണത്തിൽ സുനിൽ ഛേത്രിക്ക് എതിരാളികളില്ല. 7 ദശലക്ഷത്തിലധികം ഫോളോവേഴ്സുമായി, നിലവിലെ മറ്റേതൊരു ഐഎസ്എൽ കളിക്കാരനെക്കാളും ബഹുദൂരം മുന്നിലാണ് അദ്ദേഹം. 40-ാം വയസ്സിലും, അദ്ദേഹം ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഗോളുകൾ നേടി തിളങ്ങുന്നു. ആ നിമിഷങ്ങൾ അദ്ദേഹം പോസ്റ്റ് ചെയ്യുന്നത്നഷ്ടപ്പെടുത്താൻ ആരാധകർ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണ്.
ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള പ്രധാനപ്പെട്ട ഒരു വിജയം ആഘോഷിക്കുകയാണെങ്കിലും ഒരു മോശം തോൽവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതാണെങ്കിലും, അദ്ദേഹത്തിന്റെ പോസ്റ്റുകൾ എന്നും ആരാധകരുമായി കൂടുതൽ ആഴത്തിൽ സംവദിക്കുന്നു. തന്റെ വികാരങ്ങൾ പങ്കുവെക്കാൻ അദ്ദേഹം മടി കാണിക്കുന്നില്ല, ആ സത്യസന്ധതയാണ് അദ്ദേഹത്തെ സവിശേഷനാക്കുന്നത്.
2) ഗുർപ്രീത് സിങ് സന്ധു - 1.9 മില്യൺ (19 ലക്ഷം)

ഇന്ത്യയിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളായ ഗുർപ്രീത് സിങ് സന്ധുവിന് ഓൺലൈനിലും വലിയ ആരാധകവൃന്ദമുണ്ട്. ഏകദേശം 20 ലക്ഷത്തിനടുത്ത് ഫോളോവേഴ്സുള്ള അദ്ദേഹത്തിന്റെ അക്കൗണ്ട്, ഗൗരവമേറിയതും ഒപ്പം രസകരവുമായ പോസ്റ്റുകൾ കലർന്നതാണ്.
കളിക്കളത്തിൽ ഗൗരവക്കാരനാണെങ്കിലും, ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തിന്റെ രസകരമായ അടിക്കുറിപ്പുകളും തമാശ നിറഞ്ഞ കമന്റുകളും വ്യക്തിത്വം വെളിവാക്കുന്ന ബിഹൈൻഡ് ദി സീൻസ് പോസ്റ്റുകളും കാണാം. ഇവ ആരാധകർ ഏറെ ഇഷ്ടപ്പെടുന്നു.
3) സഹൽ അബ്ദുൽ സമദ് - 1.3 മില്യൺ (13 ലക്ഷം)
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിലൊരാളാണ് സഹൽ അബ്ദുൽ സമദ്. കേരള ബ്ലാസ്റ്റേഴ്സിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ നിലവിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് താരമാണ്. അവിടെ അദ്ദേഹം ഇതിനകം രണ്ട് തവണ ലീഗ് ഷീൽഡും ഒരു തവണ ഐഎസ്എൽ കപ്പും നേടിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിന് ശേഷവും വലിയൊരു വിഭാഗം ആരാധകർ അദ്ദേഹത്തെ പിന്തുടരുന്നു. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ കൂടുതലും ഫുട്ബോളിനെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ ശാന്തസ്വഭാവം പോസ്റ്റുകളിലും പ്രതിഫലിക്കുന്നതുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ്, എംബിഎസ്ജി ആരാധകർ ഒരുപോലെ അദ്ദേഹത്തെ ഇന്നും സ്നേഹിക്കുന്നത്.
4) രാഹുൽ കെ.പി - 766k (7.6 ലക്ഷം)

കേരളത്തിൽ നിന്നുള്ള മറ്റൊരു താരമായ രാഹുൽ കെ.പി, 7.6 ലക്ഷത്തിലധികം ആരാധകരുമായി ഇൻസ്റ്റാഗ്രാമിൽ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. കളിക്കളത്തിൽ പന്തുകൊണ്ട് കാണികളിൽ ആവേശം നിറക്കുന്ന കളിശൈലിക്ക് പേരുകേട്ട താരം, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ തിളങ്ങിയ ശേഷമാണ് ഒഡീഷ എഫ്സിയിലേക്ക് മാറിയത്.
ഫുട്ബോളിനപ്പുറം, തന്റെ വ്യക്തിജീവിതവും യാത്രകളും, കളിക്കളത്തിന് പുറത്തുള്ള നിമിഷങ്ങളും ആരാധകർക്ക് മുന്നിൽ പങ്കുവെക്കുന്നതിനാൽ, യുവ ആരാധകർക്കിടയിൽ രാഹുലിന് വലിയ സ്വീകാര്യതയുണ്ട്.
5) അഡ്രിയാൻ ലൂണ - 645k (6.4 ലക്ഷം)

കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണയാണ് ആദ്യ അഞ്ചിലെ ഏക വിദേശ താരം. 6.4 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിലെ ഫോളോവർമാരുടെ എണ്ണം, ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് താരം എത്രത്തോളം പ്രിയപ്പെട്ടവനാണെന്നതിന്റെ തെളിവാണ്. 2021-ൽ ക്ലബ്ബിലെത്തിയ ലൂണ, ഇന്ന് ടീമിന്റെ മുഖവും ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വിദേശ താരവുമാണ്.
ഓരോ വലിയ വിജയത്തിന് ശേഷവും ആരാധകർക്ക് നന്ദി പറയാൻ അദ്ദേഹം മറക്കാറില്ല. ഈ സത്യസന്ധതയാണ് ആരാധകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം കൂടുതൽ ശക്തമാക്കിയത്. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ലൂണ ഒരു വിദേശ കളിക്കാരൻ മാത്രമല്ല, കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ്.