കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ചരിത്രത്തിൽ ആദ്യത്തെ മാർക്വീ താരമാണ് ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ജെയിംസ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഉദ്ഘാടന സീസണിൽ ടീമിൽ പരിശീലകനായും കളിക്കാരനായും ഇരട്ട റോളുകളിലെത്തിയ അദ്ദേഹം, ഇന്ത്യയിലെ തന്റെ ആദ്യ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയും, ഉദ്ഘാടന സീസണിൽ നിന്നും ക്ലബ്ബിന്റെ ആരാധകർ എങ്ങനെയാണ് വളർന്നതെന്ന് ഓർത്തെടുക്കുകയും ചെയ്തു.

അരങ്ങേറ്റ സീസണിൽ ക്ലബ്ബിനെ ഫൈനലിലേക്ക് നയിച്ചെങ്കിലും മുംബൈയിൽ നടന്ന അന്തിമപോരിൽ എടികെ എഫ്‌സിയോട് 0-1ന് പരാജയപ്പെട്ടു. ആ സീസൺ, ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ആരാധക കൂട്ടായ്മകളിലൊന്നായി വളർന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തുടക്കം കുറിക്കുകയായിരുന്നു.

ഐഎസ്എല്ലിലെ ആദ്യ ഹോം മത്സരത്തിൽ തന്നെ പ്രതീക്ഷകളെ തകർത്തെറിഞ്ഞ് വലിയ ആൾക്കൂട്ടം എത്തിയതിലെ ഞെട്ടൽ ജെയിംസ് ഓർത്തെടുത്തു.

"ഞങ്ങൾ ഒരു പുതിയ ടീമായിരുന്നു, പ്രീ-സീസണിൽ ഞങ്ങൾക്ക് അത്ര നല്ല ഫലങ്ങളായിരുന്നില്ല ലഭിച്ചത്. അതിനാൽ (കൊച്ചിയിലെ ആദ്യ കളിക്ക്) ഞാൻ വലിയൊരു കൂട്ടത്തെ പ്രതീക്ഷിച്ചിരുന്നില്ല," 'ദി യെല്ലോ വേവ് പോഡ്‌കാസ്റ്റിൽ' ജെയിംസ് പറഞ്ഞു.

"ഏകദേശം 30-34,000 പേരാണ് ആദ്യ മത്സരത്തിന് എത്തിയത്. എന്നാൽ എന്നെ ഏറ്റവും ആകർഷിച്ചതും, ഞാനിന്നും ഓർത്തിരിക്കുന്നതുമായ കാര്യം, കളത്തിലേക്ക് നടക്കുമ്പോൾ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലായി നിന്ന് താളത്തിൽ ഡ്രംസ് വായിക്കുന്ന സംഘങ്ങളെ കണ്ടതാണ്. അതൊരു വല്ലാത്ത അനുഭവമായിരുന്നു," ജെയിംസ് പറഞ്ഞു.

ഐഎസ്എല്ലിന്റെ ആദ്യ നാളുകളിൽ, ആരാധകർ തങ്ങളുടെ ടീമുകളുമായി പതിയെയാണ് അടുത്തുതുടങ്ങിയത്, കേരളത്തിലെ കഥയും വ്യത്യസ്തമായിരുന്നില്ല. യൂറോപ്യൻ ഫുട്ബോളിലെ പ്രമുഖ താരങ്ങളുടെ പേരുകൾ കേട്ട് സ്റ്റേഡിയത്തിലേക്ക് ആകർഷിക്കപ്പെട്ട ആരാധകർ, വളരെപ്പെട്ടെന്ന് മഞ്ഞയുടെ പിടിയിലമർന്നു.

"എന്റെ ഓർമ്മയിൽ, ആദ്യ മത്സരത്തിൽ ലിവർപൂൾ പ്രതിനിധി എന്ന നിലയിൽ എന്റെ ഒന്നോ രണ്ടോ ബാനറുകൾ ഉണ്ടായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ, ഏകദേശം അര ഡസനോളം ലിവർപൂൾ ബാനറുകളും, യുണൈറ്റഡ് ആരാധകർക്കായി ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ബാനറും കണ്ടു. ആദ്യത്തെ കുറച്ച് കളികൾ കഴിഞ്ഞപ്പോൾ, കൂടുതൽ കൂടുതൽ പ്രീമിയർ ലീഗ് ബാനറുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി," ജെയിംസ് പറഞ്ഞു.

"പിന്നീട് ഞാൻ ഒരു കഥ കേട്ടു, ബ്ലാസ്റ്റേഴ്സ് ആരാധകർ ഒന്നടങ്കം തീരുമാനിച്ചു, ഞങ്ങൾ പ്രീമിയർ ലീഗ് ആരാധകരല്ല, ഞങ്ങൾ ബ്ലാസ്റ്റേഴ്സ് ആരാധകരാണ് എന്ന്. അതോടെ അവർ വിദേശ പതാകകൾ നിരോധിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.

"അതുകൊണ്ട്, അന്നു മുതൽ കണ്ടതെല്ലാം ബ്ലാസ്റ്റേഴ്സിന്റെ പതാകകളും ബാനറുകളുമായിരുന്നു. അത് വളരെ മനോഹരമായിരുന്നു. സന്ദേശിന്റെ വലിയ ബാനർ അതിലൊരു പ്രധാന ആകർഷണമായിരുന്നു," അദ്ദേഹം തുടർന്നു.

മറ്റെരാസിയോടുള്ള "മധുരപ്രതികാരം"

2014 സീസൺ ബ്ലാസ്റ്റേഴ്സിന് വിജയകരമായിരുന്നു. ടീം പ്ലേഓഫിലേക്ക് യോഗ്യത നേടുകയും ഫൈനലിൽ എത്തുകയും ചെയ്തു. അവരുടെ ആ സീസണിലെ എന്നല്ല, ഐഎസ്എല്ലിലെ തന്നെ മികച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്‌സിയും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടം.

കൊച്ചിയിൽ നടന്ന ആദ്യ പാദത്തിൽ ജെയിംസിന്റെ ടീം 3-0ന് ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ പത്തുപേരായി ചുരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ചെന്നൈയിൻ എഫ്‌സി തിരിച്ചുവരവ് നടത്തി, സ്കോർ 3-3 ആക്കി മത്സരം എക്സ്ട്രാ ടൈമിലേക്ക് കൊണ്ടുപോയി. ഒടുവിൽ, സ്റ്റീഫൻ പിയേഴ്സൺ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സ് മത്സരം സ്വന്തമാക്കി ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

ഒന്നിലധികം കാരണങ്ങളാൽ ഓർമ്മിക്കപ്പെടുന്നതായിരുന്നു ആ മത്സരം, ജെയിംസിനും അങ്ങനെ തന്നെയായിരുന്നു. ആ മത്സരത്തിന് പിന്നിൽ വ്യക്തിപരമായ ഒരു കണക്കുതീർക്കലിന്റെ കഥ കൂടിയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

"ലീഗ് ഘട്ടത്തിൽ ഞങ്ങൾ ചെന്നൈയിൻ എഫ്‌സിയുമായി നാട്ടിൽ കളിച്ചപ്പോൾ, ഞങ്ങൾ 1-0ന് തോറ്റു. ഗോൾരഹിത സമനിലയിൽ മത്സരം നിൽക്കുന്ന ഘട്ടത്തിൽ, അവസാന നിമിഷം ഞങ്ങൾക്ക് ഒരു കോർണർ ലഭിച്ചു. ഞങ്ങൾ ഗോളിനായി ശ്രമിക്കുകയായിരുന്നു, എന്നാൽ അവർ ആ കോർണറിൽ നിന്ന് നടത്തിയ പ്രത്യാക്രമണത്തിലൂടെ ഗോൾ കണ്ടെത്തി. മത്സരശേഷം ചെന്നൈയിൻ പരിശീലകൻ മാർക്കോ മറ്റെരാസി എന്നോട് പറഞ്ഞു, 'നിങ്ങൾ സമ്പന്നനായി ജനിക്കുന്നതിനേക്കാൾ നല്ലത് ഭാഗ്യവാനായി ജനിക്കുന്നതാണ്' എന്ന്. എനിക്കത് അത്ര ഇഷ്ടപ്പെട്ടില്ല," ജെയിംസ് പറഞ്ഞു.

"രണ്ടാം പാദ സെമിഫൈനലിൽ ഞങ്ങളുടെ ഒരു കളിക്കാരൻ പുറത്തായി. സാധാരണ സമയത്ത് ചെന്നൈയിൻ എഫ്‌സി 3-0ന് മുന്നിലെത്തി മത്സരം എക്സ്ട്രാ ടൈമിലേക്ക് കൊണ്ടുപോയി."

"ഞങ്ങൾ 10 പേരുമായി കളിക്കുകയാണ്. അതിനാൽ തന്നെ ഞങ്ങൾ ഏകദേശം തളർന്നുപോയിരുന്നു. അപ്പോഴാണ്, മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ, സ്റ്റീഫൻ പിയേഴ്സൺ ഗോളടിച്ചത്. അതിരില്ലാത്ത ആഹ്ലാദമായിരുന്നു ആ നിമിഷം. മത്സരശേഷം ഞാൻ മറ്റെരാസിയെ കണ്ടപ്പോൾ അദ്ദേഹത്തോട് പറഞ്ഞു, 'നിങ്ങൾ സമ്പന്നനായി ജനിക്കുന്നതിനേക്കാൾ നല്ലത് ഭാഗ്യവാനായി ജനിക്കുന്നതാണ്' എന്ന്. അങ്ങനെ ഞാൻ കണക്കുതീർത്തു," ജെയിംസ് ഓർത്തെടുത്തു.

ഇംഗ്ലണ്ട് ഗോൾകീപ്പർ 2017-18ൽ രണ്ടാം തവണയും ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തി. അന്നും ടീമിന്റെ ഫോമിലും ഫലങ്ങളിലും ഒരു ഉണർവ്വുണ്ടായി. ക്ലബ്ബുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവസാനിച്ചിട്ട് ഏഴ് വർഷങ്ങൾ കഴിഞ്ഞിട്ടും, കേരള ബ്ലാസ്റ്റേഴ്സിലെ അദ്ദേഹത്തിന്റെ കാലം ആരാധകർ സ്നേഹത്തോടെ ഓർമ്മിക്കുന്നു.