ഈ ലേഖനം ഇംഗ്ലീഷിലും ലഭ്യമാണ്.

ഈ വർഷം ആദ്യം ദേശീയ ടീമിൽ നിന്ന് പുറത്തായപ്പോൾ താൻ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്നും, ആ സമയത്ത് ക്ഷമയോടെ കാത്തിരിക്കുകയായിരുന്നുവെന്നും ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു. കാഫ നേഷൻസ് കപ്പിൽ ഇന്ത്യയെ വെങ്കല മെഡൽ നേട്ടത്തിലേക്ക് നയിച്ച പ്രകടനത്തോടെ ടീമിലേക്ക് തിരിച്ചെത്തിയ സന്ധു, തന്റെ കരിയറിലെ പ്രയാസമേറിയ ആ ഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്നു.

കഴിഞ്ഞ ദശാബ്ദത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾവലയ്ക്ക് കീഴിൽ ഗുർപ്രീതിനെപ്പോലെ പ്രകടനം നടത്തിയ മറ്റൊരു കീപ്പറില്ല. ഇന്ത്യയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം അത് മികവോടെയാണ് കൈപിടിയിലൊതുക്കിയത്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടുകയും ചെയ്ത റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാണ്. ക്ലബ്ബിനായാലും രാജ്യത്തിനായാലും, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ പലപ്പോഴും മത്സരരാവുകളുടെ ഹീറോയാക്കി താരത്തെ ഉയർത്തിയിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ സീസണിൽ ഫോമിലുണ്ടായ ഇടിവ്, അദ്ദേഹത്തിന് ദേശീയ ടീമിലെ സ്ഥാനം നഷ്ടമാക്കി. മാർച്ചിലും ജൂണിലും നടന്ന മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത്, അദ്ദേഹത്തിന്റെ അന്താരാഷ്ട്ര തലത്തിലെ കരിയറിനെക്കുറിച്ച് പോലും ചോദ്യങ്ങൾ ഉയർത്തി.

ഏതൊരു ഫുട്ബോൾ കളിക്കാരനും, ടീമിന്റെ സ്റ്റാർട്ടിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെടുന്നത് തീർത്തും നിരാശ നൽകും. എന്നാൽ സന്ധുവിനെപ്പോലൊരു സീനിയർ താരത്തിന്, ദേശീയ ടീമിൽ നിന്ന് പുറത്താകുന്നത് കരിയറിലെ കറുത്ത പാടായി മാറും. അത് അദ്ദേഹത്തെ ഭാവിയെക്കുറിച്ച് കൂടുതലായി ആലോചിക്കാൻ പ്രേരിപ്പിച്ചു.

"എല്ലാം അവസാനിപ്പിക്കണോ? ഞാൻ ചെയ്യുന്നത് ഒട്ടും പോരെ? ഒരുപക്ഷേ എല്ലാവരും ആഗ്രഹിക്കുന്ന ആ ഒന്ന് എന്നിൽ ഇല്ലാത്തതുകൊണ്ടാവാം ഞാൻ ടീമിൽ ഇല്ലാത്തത്. സത്യം പറഞ്ഞാൽ, അതൊരു കഠിനമായ സമയമായിരുന്നു, കാരണം നിങ്ങൾക്ക് അതുമായി പൊരുത്തപ്പെടാൻ കഴിയില്ല," ഫസ്റ്റ്പോസ്റ്റിന് (Firstpost) നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

"ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ടാകും. പക്ഷെ കഴിയില്ല, ശരിയായ സമയത്തിനായി കാത്തിരിക്കണം. അതാണ് ഞാനന്ന് ചെയ്തത്, എന്റെ സമയത്തിനായി കാത്തിരുന്നു."

ഖാലിദ് ജമീൽ ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനായി എത്തിയതോടെയാണ് മാറ്റങ്ങൾ വന്നത്. ജമീലിന്റെ വരവ് ഗുർപ്രീതിന് ഒരു പുതിയ അവസരം നൽകി. "ടീമിലേക്ക് വിളി വന്നപ്പോൾ, എനിക്ക് അത്ഭുതം തോന്നിയില്ല, മറിച്ച് എവിടെയോ ഒരു ആശ്വാസം തോന്നി," അദ്ദേഹം പറഞ്ഞു.

താൻ ആരാണെന്നും എന്താണെന്നും കാഫ നേഷൻസ് കപ്പിൽ ഗുർപ്രീത് വീണ്ടും തെളിയിച്ചു. താജിക്കിസ്ഥാനെതിരായ മത്സരത്തിൽ ഒരു പെനാൽറ്റി തടുത്തിട്ട അദ്ദേഹം, ഒമാനെതിരായ ഷൂട്ടൗട്ടിൽ നിർണായകമായ അവസാന കിക്ക് തടുത്ത് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചു. മാസങ്ങളോളം സംശയങ്ങളുടെ മുൾമുനയിലൂടെ കടന്നുപോയ ഒരു കളിക്കാരന്, ആ നിമിഷങ്ങൾ തന്റെ കഴിവിനുള്ള ഒരു അംഗീകാരം കൂടിയായിരുന്നു.

കാഫ നേഷൻസ് കപ്പിലെ വിജയം ടീമിന് ആത്മവിശ്വാസം നൽകുകയും പരിശീലകൻ ജമീലിന് മികച്ച തുടക്കം നൽകുകയും ചെയ്തെങ്കിലും, ആ ആഘോഷങ്ങൾ വലിയ ലക്ഷ്യത്തെ മറയ്ക്കാൻ പാടില്ലെന്ന് സന്ധു ഓർമ്മിപ്പിക്കുന്നു. ഒക്ടോബറിൽ സിംഗപ്പൂരിനെതിരെ നിർണായകമായ രണ്ട് എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ നടക്കാനിരിക്കെ, അതിനായുള്ള തയ്യാറെടുപ്പുകൾ ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്.

അടുത്തിടെയൊന്നും ഒരു ദേശീയ ടീമെന്ന നിലയിൽ നമ്മൾ ഒരു ടൂർണമെന്റ് കളിക്കാൻ പോയി മെഡലുമായി മടങ്ങി വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇതൊരു വലിയ നേട്ടമാണ്. പക്ഷേ, തീർച്ചയായുംഏഷ്യൻ കപ്പിന് യോഗ്യത നേടുക എന്നതാണ് ഞങ്ങളുടെ വലിയ ലക്ഷ്യം." ഗുർപ്രീത് പറഞ്ഞു.

അതുകൊണ്ട്, നല്ല കാര്യങ്ങൾ സംഭവിച്ചുവെങ്കിലും നമുക്ക് ശ്രദ്ധ കൈവിടാനോ പഴയ വിജയങ്ങളിൽ മതിമറന്നിരിക്കാനോ കഴിയില്ല. നിർണായക സമയമെത്തുമ്പോൾ എല്ലാവരും തയ്യാറാകുമെന്നും, മികച്ച ഫലങ്ങൾ നേടി നമുക്ക് മുന്നോട്ട് പോകണം," അദ്ദേഹം കൂട്ടിച്ചേർത്തു.