‘പേടിയില്ലാതെ കളിക്കാൻ പഠിപ്പിച്ചത് വുകോമനോവിച്ച്’, സഹൽ അബ്ദുൾ സമദ്
ഇവാൻ വുകോമനോവിച്ചിനെക്കുറിച്ചും ദേശീയ ടീമിലെ യാത്രയെക്കുറിച്ചും, പരിക്കുകളുമായുള്ള പോരാട്ടത്തെക്കുറിച്ചും മനസ്സ് തുറന്ന് സഹൽ

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളാണ് സഹൽ അബ്ദുൽ സമദ്. കളിമികവിലൂടെയും സർഗ്ഗാത്മകതയിലൂടെയും ഇന്ത്യൻ കാൽപന്ത് ആരാധകരുടെ ഹൃദയം കീഴടക്കിയ മലയാളി.
ജന്മനാട്ടിലെ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) അരങ്ങേറി, ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ പ്രധാന താരമായി മാറിയ സഹൽ, തന്റെ കരിയറിലെ നിർണായക നിമിഷങ്ങളെക്കുറിച്ചും സ്വാധീനിച്ച പരിശീലകരെക്കുറിച്ചും 'ദി ക്യൂ'വിൽ പങ്കുവെച്ചു.
2017-18 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലൂടെയാണ് സഹൽ ഐഎസ്എൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത സീസണിൽ തന്നെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ താരം, പിന്നീട് ഓരോ സീസണിലും അതിവേഗം വളർച്ചയുടെ പടവുകൾ താണ്ടി മുന്നോട്ട് കുതിച്ചു. ഇവാൻ വുകോമനോവിച്ചിന് കീഴിൽ 2021-22 സീസണിലാണ് സഹൽ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ആ സീസണിൽ ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയ സഹൽ, ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
"ഇവാൻ (വുകോമനോവിച്ച്) കോച്ച് വന്നതിന് ശേഷം, എല്ലാ യുവതാരങ്ങൾക്കും ആത്മവിശ്വാസം ഉണ്ടായിട്ടുണ്ട്. നമ്മുടെ പേടി മാറ്റി തരും." സെർബിയൻ പരിശീലകന്റെ സ്വാധീനത്തെക്കുറിച്ച് ഓർത്തെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
"അതുകൊണ്ടായിരിക്കും ആ സീസണിൽ എനിക്ക് കുറച്ച് ഗോളുകൾ അടിക്കാൻ സാധിച്ചത്. ടീം തയ്യാറായി. ലൂണ നല്ല ഫോമിലായിരുന്നു. അൽവാരോ വാസ്ക്വസും ഹോർഹെ പെരേര ഡയസും അടങ്ങുന്ന ടീം അടിപൊളിയായിരുന്നു. കോച്ചിന്റെ കീഴിൽ എനിക്ക് ഒരു നല്ല സീസൺ ആയിരുന്നു അത് എന്ന് പറയാം." സഹൽ കൂട്ടിച്ചേർത്തു.
ആറ് വർഷം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചെലവഴിച്ച ശേഷം, 2023-24 സീസണിന് മുന്നോടിയായാണ് സഹൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്ക് മാറിയത്. അന്ന് അതിൽ തീരുമാനമെടുക്കുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
“എനിക്ക് രണ്ട് ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ഉണ്ടായിരുന്നു, അതിൽ ഏറ്റവും മികച്ചതെന്ന് തോന്നിയത് ഞാൻ തിരഞ്ഞെടുത്തു - മോഹൻ ബഗാൻ സൂപ്പർ ജയന്റ്. സങ്കടവും ആശങ്കയും ഉണ്ടായിരുന്നു. ആളുകളോട് ഇതെങ്ങനെ പറയുമെന്നും അവർ എങ്ങനെ പ്രതികരിക്കുമെന്നും ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. പക്ഷെ അവിടെയെത്തി കാര്യങ്ങൾ നേരിൽ കണ്ടപ്പോൾ എനിക്ക് സമാധാനമായി,” സഹൽ പറഞ്ഞു.
മറൈനേഴ്സിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ ഡ്യൂറൻഡ് കപ്പും ലീഗ് ഷീൽഡും സഹൽ നേടി. എന്നാൽ, 2024-25 സീസണിലുടനീളം പരിക്ക് അദ്ദേഹത്തെ അലട്ടിയിരുന്നു. എംബിഎസ്‌ജി ഡബിൾ കിരീടം നേടിയ ആ സീസണിൽ വെറും 816 മിനിറ്റ് മാത്രമാണ് അദ്ദേഹത്തിന് കളിക്കളത്തിൽ ഇറങ്ങാൻ സാധിച്ചത്.
"അങ്ങനെയൊരു ടീം (എംബിഎസ്‌ജി) നമ്മളെ വേണമെന്ന് പറയുമ്പോൾ, അത് വിചാരിക്കുന്നതിലും അപ്പുറത്താണ്. അവിടെ പോയി നമ്മൾ കളിച്ച് ടീമിനെ സഹായിക്കാൻ കഴിയും എന്ന അറിവ് വരുമ്പോഴാണ് നമുക്ക് സന്തോഷം തോന്നുന്നത്. അങ്ങനെ ഞാൻ തീരുമാനമെടുത്തു. ചേക്കേറിയ സീസണിൽ തന്നെ ഡ്യൂറൻഡ് കപ്പ് നേടി. അവിടെ ഞാൻ നന്നായി കളിച്ചിട്ടുണ്ട്, പരിക്ക് കാരണം ഇടവേളയെടുത്തിട്ടുണ്ട്. പരിക്കുകൾ എന്നെ ക്ഷമ പഠിപ്പിച്ചു," സഹൽ പറഞ്ഞു.
2019-ൽ ഇഗോർ സ്റ്റിമാക്കിന് കീഴിൽ കുറാസാവോയ്‌ക്കെതിരെയാണ് സഹൽ ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിന് മുൻപ് സുനിൽ ഛേത്രി നൽകിയ പ്രചോദനാത്മകമായ വാക്കുകൾ അദ്ദേഹം ഓർത്തെടുത്തു.
"ആദ്യമായി ദേശീയ ടീമിന്റെ ക്യാമ്പിൽ പോയപ്പോഴാണ് ഛേത്രി ഭായിയോട് സംസാരിക്കുന്നത്. 'നീ എങ്ങനെയാണോ ക്ലബ്ബിൽ കളിച്ചത്, അത് പോലെ ഇവിടെയും പ്രകടനം കാഴ്ചവെച്ചാൽ മതി, എല്ലാം ശരിയാകും' എന്നാണ് അദ്ദേഹം പറഞ്ഞു തന്നത്," അദ്ദേഹം പറഞ്ഞു.
"സാഫിലെ (ചാമ്പ്യൻഷിപ്പിലെ) ഗോൾ ഒരിക്കലും മറക്കാൻ സാധിക്കില്ല. ആ ടൂർണമെന്റിൽ മിനിറ്റുകൾ കിട്ടാത്ത സങ്കടം ആ ഗോളിൽ തീർന്നു," സഹൽ കൂട്ടിച്ചേർത്തു.
ബ്ലൂ ടൈഗേഴ്സിനായി 39 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയെങ്കിലും, കൂടുതൽ നേട്ടങ്ങൾക്കായി ശ്രമിക്കണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.
"എന്റെ ലക്ഷ്യമെന്നാൽ, ഉദാഹരണത്തിന് സുനിൽ ഛേത്രി, നാല്പത് വയസായി. അത് പോലെ എനിക്കും പെർഫോം ചെയ്യണം, കൂടുതൽ മെച്ചപ്പെടുത്തണം. ആ ഒരു മെന്റാലിറ്റി ആണ് എന്റേത്," സഹൽ പറഞ്ഞുനിർത്തി.