2014-ൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിച്ചപ്പോൾ, അത് ഒരു പുതിയ ലീഗിന്റെ മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിന്റെ ഒരു പുതിയ അധ്യായത്തിന്റെ കൂടി തുടക്കമായിരുന്നു. യുവ ഇന്ത്യൻ താരങ്ങൾ അരങ്ങുവാണപ്പോഴും, വിദേശത്തുനിന്നെത്തിയ കളിക്കാരായിരുന്നു പലപ്പോഴും ടീമുകളുടെ വിജയത്തിന് പിന്നിലെ ചാലകശക്തി. അവർ അനുഭവസമ്പത്തും, കളിമികവും, വിജയമനോഭാവവും ലീഗിലേക്ക് കൊണ്ടുവന്നു. എന്നാൽ ഇന്ത്യയിലെത്തിയ എല്ലാ വിദേശ താരങ്ങൾക്കും ഒരുപോലെ തിളങ്ങാനായില്ല. ചുരുക്കം ചിലർ മാത്രം തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു, സ്വന്തം പേരുകൾ കളിച്ച ക്ലബ്ബുകളുടെയും ലീഗിന്റെയും ചരിത്രത്തിൽ എഴുതിച്ചേർത്തു.

ഓരോ പൊസിഷനിലെയും ഏറ്റവും മികച്ച വിദേശ കളിക്കാരെ കണ്ടെത്താനുള്ള ശ്രമമാണ് ഇവിടെ. ഈ പട്ടികയിലെ ഓരോരുത്തരും സ്ഥാനം കണ്ടെത്തിയത് അവർ നേടിയ കിരീടങ്ങൾ കൊണ്ടോ റെക്കോർഡുകൾ കൊണ്ടോ മാത്രമല്ല, അവർ പതിപ്പിച്ച വ്യക്തിമുദ്ര കൊണ്ടുകൂടിയാണ്. ഐഎസ്എൽ ചരിത്രത്തിൽ തങ്ങളുടെ പ്രകടനം കൊണ്ട് പെരുമ ഉയർത്തുകയും, ലീഗിന് പുതുനിർവചനം നൽകുകയും ചെയ്ത അത്തരം കളിക്കാരെ ഉൾപ്പെടുത്തി തയ്യാറാക്കിയ എക്കാലത്തെയും മികച്ച വിദേശ ഇലവനെ പരിചയപ്പെടാം.

ഗോൾകീപ്പർ: എദെൽ ബെറ്റെ

ഒരു മികച്ച ഷോട്ട്-സ്റ്റോപ്പർ എന്നതിലുപരി, കിരീടങ്ങളുടെ തോഴനായിരുന്നു എദെൽ ബെറ്റെ. രണ്ട് വ്യത്യസ്ത ക്ലബ്ബുകൾക്കൊപ്പം (എടികെ 2014, ചെന്നൈയിൻ എഫ്‌സി 2015) ഐഎസ്എൽ കപ്പ് നേടിയ ഈ ഗോൾകീപ്പർ, 2015-ലെ ഗോൾഡൻ ഗ്ലൗ പുരസ്കാരവും സ്വന്തമാക്കി.

ബോക്സിൽ നിന്നും അളന്നുമുറിക്കുന്ന പന്തുകൾ നൽകുന്ന അദ്ദേഹം മൂർച്ചയേറിയ റിഫ്ളക്സുകൾക്കും ഉടമയായിരുന്നു. എന്നാൽ അദ്ദേഹത്തെ യഥാർത്ഥത്തിൽ വ്യത്യസ്തനാക്കിയത് വലിയ മത്സരങ്ങളിലെ സമ്മർദ്ദം അതിജീവിക്കാനുള്ള കഴിവായിരുന്നു. ഗോൾവലയ്ക്ക് മുന്നിലെ ബെറ്റെയുടെ സ്ഥിരത അദ്ദേഹം നയിച്ച പ്രതിരോധ നിരക്ക് അച്ചടക്കത്തോടെയും ശാന്തതയോടെയും മത്സരങ്ങളെ നേരിടാൻ സഹായിച്ചു. ലീഗിലെ ചുരുക്കം വിദേശ കീപ്പർമാർക്ക് മാത്രമേ അദ്ദേഹത്തിന്റെ കഴിവിനൊത്ത് ഉയരാൻ കഴിഞ്ഞിട്ടുള്ളൂ.

റൈറ്റ് ബാക്ക്: ഇനിഗോ കാൽഡറോൺ

ഐഎസ്എല്ലിൽ വിരലിലെണ്ണാവുന്ന വിദേശ ഫുൾബാക്കുകളേ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുള്ളൂ. അതിലൊരാളാണ് ഇനിഗോ കാൽഡറോൺ. സ്പെയിനിലും ഇംഗ്ലണ്ടിലുമായി നേടിയെടുത്ത വലിയ അനുഭവസമ്പത്തുമായാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്.

2017-18 സീസണിൽ ചെന്നൈയിൻ എഫ്‌സിയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ ഈ സ്പാനിഷ് താരം നിർണായക പങ്കുവഹിച്ചു. അന്നത്തെ ജോൺ ഗ്രിഗറിക്ക് കീഴിൽ വിങ്ങുകളിൽ നിന്ന് പ്രതിരോധത്തിലെ വിശ്വസ്ത ഭടനായി ഉറച്ചു നിൽക്കാനും ആക്രമണത്തിൽ തന്റേതായ സംഭാവനകൾ നൽകാനും ഒരുപോലെ അദ്ദേഹത്തിനായി. മെയിൽസൺ ആൽവ്സ്, സെറീനോ തുടങ്ങിയ പ്രമുഖരുണ്ടായിരുന്ന പ്രതിരോധ നിരയിൽ, കാൽഡെറോൺ പലപ്പോഴും നിശ്ശബ്ദനായ പോരാളിയായിരുന്നു.

ചെന്നൈയിൻ എഫ്‌സി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് എത്തിയ 2018-19 സീസണിലെ ക്ലബ്ബിന്റെ മോശം പ്രകടനത്തിനിടയിലും, കാൽഡെറോണിന്റെ സംഭാവനകൾ നിർണായകമായിരുന്നു. സീസണിന്റെ പകുതിയിൽ ക്ലബ്ബ് വിടും വരെയും ഡ്രസ്സിംഗ് റൂമിൽ ഒരു മാതൃകയായി തുടർന്നു. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിശ്വസ്തനായ വിദേശ ഫുൾബാക്കുകളിൽ ഒരാളായി ഈ സ്പാനിഷ് താരം മാറി.

റൈറ്റ് സെന്റർ ബാക്ക്: മൂർത്താദ ഫാൾ

ഐഎസ്എല്ലിൽ മൂന്ന് വ്യത്യസ്ത ക്ലബ്ബുകൾക്കായി കളിച്ച മൂർത്താഡ ഫാൾ, ലീഗിലെ ഒരു പരിചിതമായ പേരാണ്. കളത്തിൽ ഏരിയൽ ഡ്യുവലുകളിൽ ആധിപത്യം പുലർത്തുന്ന ഫാൾ, ലീഗിലെ പ്രധാന ആകർഷണമായിരുന്നു. എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി, ഒഡീഷ എഫ്‌സി എന്നിവർക്കായി കളിക്കുമ്പോൾ, പ്രതിരോധത്തിലെ കരുത്തിനും വലിയ മത്സരങ്ങളെ നേരിടാനുള്ള മനോഭാവത്തിനൊപ്പം ഗോൾ നേടാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. ഐഎസ്എല്ലിൽ ഒരു സെന്റർ ബാക്കായി കളിക്കുന്ന അദ്ദേഹം 25 ഗോളുകളാണ് നേടിയെടുത്തത്.

സെർജിയോ ലൊബേറയുടെ കീഴിൽ, അദ്ദേഹം പന്ത് കൈവശം വെച്ച് കളിക്കുന്ന പുതു തലമുറയിലെ പ്രതിരോധ താരത്തിന്റെ കുപ്പായമണിഞ്ഞു. എഫ്‌സി ഗോവയുടെ 2019-20ലെ ഷീൽഡ് വിജയത്തിലും, മുംബൈ സിറ്റി എഫ്‌സിയുടെ 2020-21ലെ ചരിത്രപരമായ ഡബിൾ നേട്ടത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഒഡീഷ എഫ്‌സിയെ 2023-24ൽ അവരുടെ എക്കാലത്തെയും മികച്ച സ്ഥാനത്തെത്തിക്കാനും ലീഗിലെ ഏറ്റവും ഉയർന്ന പോയിന്റുകൾ നേടാനും അദ്ദേഹം സഹായിച്ചു.

ഹെൻറിക് സെറീനോ, ലൂസിയാൻ ഗോയൻ, പീറ്റർ ഹാർട്ട്ലി തുടങ്ങിയവരും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. ഈ മൂന്നു പേരും അവരുടെ ടീമുകളിൽ കാരിരുമ്പിന്റെ കരുത്തുള്ള പ്രതിരോധത്തിന്റെ കോട്ടകെട്ടിയിരുന്നു. സെറീനോ രണ്ട് വ്യത്യസ്ത ടീമുകൾക്കൊപ്പം രണ്ട് തവണ ഐഎസ്എൽ കപ്പ് നേടി. ഗോയൻ രണ്ട് വ്യത്യസ്ത ടീമുകളെ പ്ലേഓഫിലെത്തിച്ചു. പീറ്റർ ഹാർട്ട്ലി ജംഷഡ്‌പൂർ എഫ്‌സിയുടെ ഷീൽഡ് വിജയത്തിന് നേതൃത്വം നൽകി. എന്നാൽ ദീർഘകാലമായുള്ള സ്ഥിരതയാർന്ന പ്രകടനവും, ഗോൾ നേടാനുള്ള കഴിവും, മൂന്ന് വ്യത്യസ്ത ക്ലബ്ബുകളിൽ തന്റെ മികവ് തെളിയിച്ചതും ഈ സ്ഥാനത്തേക്ക് ഫാളിന് മുൻതൂക്കം നൽകുന്നു. പ്രതിരോധത്തിന്റെ കടിഞ്ഞാൺ ഏൽപ്പിക്കുന്നതിനൊപ്പം, എതിരാളിയുടെ ബോക്സിലും ആശ്രയിക്കാം എന്നത് ഫുട്ബോളിലെ അപൂർവതയാണ്.

ലെഫ്റ്റ് സെന്റർ ബാക്ക്: ടിരി

ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരമാണ് ടിരി. ലീഗിലെ ഏറ്റവും തന്ത്രശാലികളായ പ്രതിരോധ താരങ്ങളിൽ ഒരാളായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. രണ്ട് തവണ ഐഎസ്എൽ കപ്പ് ചാമ്പ്യനായ ടിരി എടികെ എഫ്‌സി, ജംഷഡ്‌പൂർ എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ് എന്നീ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞ ശേഷം നിലവിൽ മുംബൈ സിറ്റി എഫ്‌സിയുടെ കോട്ട കാക്കുന്നു.

ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പ്രമുഖരിൽ എലി സാബിയയും യുനാനും ഉൾപ്പെടുന്നു. സാബിയ ഒരു നിശ്ശബ്ദ പോരാളിയായിരുന്നു: വിശ്വസ്തനും, അനാവശ്യമായ നീക്കങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന കളത്തിൽ സ്ഥിരത പ്രകടിപ്പിച്ച താരവുമായിരുന്നു. യുനാൻ ബെംഗളൂരു എഫ്‌സിയുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഭാഗമായിരുന്നു, പിന്നീട് 2021-22ൽ ഹൈദരാബാദ് എഫ്‌സിയോടൊപ്പം കപ്പ് നേടുകയും പ്രതിരോധത്തിൽ പ്രധാന സാന്നിധ്യമാകുകയും ചെയ്തു. എന്നാൽ ടിരിയുടെ ദീർഘകാലത്തെ പ്രകടനം, സ്വാധീനം, വ്യത്യസ്ത പരിശീലകർക്ക് കീഴിൽ പല ശൈലികളിലും തിളങ്ങാനുള്ള കഴിവ് എന്നിവ അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നു.

ലെഫ്റ്റ് ബാക്ക്: ബെർണാഡ് മെൻഡി

പ്രീമിയർ ലീഗ് അനുഭവസമ്പത്തുമായി വന്ന ബെർണാഡ് മെൻഡി, ചെന്നൈയിൻ എഫ്‌സിയുടെ പ്രതിരോധത്തിലെ ഉരുക്കു മനുഷ്യനായിരുന്നു. ഒരു നേതാവായിരുന്ന അദ്ദേഹം, 2015-ൽ ചെന്നൈയിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സെന്റർ ബാക്ക് ആയിരുന്നെങ്കിലും, ലെഫ്റ്റ് ബാക്കായും തിളങ്ങിയ മെൻഡി, കളത്തിലെ പ്രകടനങ്ങൾക്കപ്പുറം ഇന്ത്യൻ കളിക്കാർക്ക് വഴികാട്ടിയായി. ചെന്നൈയിൻ ആരാധകർക്ക് ഒരു ഐക്കൺ കൂടിയായിരുന്നു മെൻഡി.

ഡിഫൻസീവ് മിഡ്ഫീൽഡ്: അഹമ്മദ് ജാഹു

കളിയുടെ ഗതി നിയന്ത്രിക്കുന്നതിൽ അഹമ്മദ് ജാഹുവിനെപ്പോലെ മറ്റാരുമില്ല. എഫ്‌സി ഗോവയിലും മുംബൈ സിറ്റിയിലും സെർജിയോ ലൊബേറയുടെ തന്ത്രങ്ങളുടെ എഞ്ചിനായിരുന്നു ഈ മൊറോക്കൻ താരം. ടാക്കിളുകൾ, ഇൻ്റർസെപ്ഷനുകൾ, വിഷൻ എന്നിവയിലൂടെ ജാഹു കളിച്ച ഓരോ മത്സരത്തിന്റെയും ഗതി നിശ്ശബ്ദമായി നിയന്ത്രിച്ചപ്പോൾ, അത് മറ്റു താരങ്ങൾക്ക് തിളങ്ങാനുള്ള അവസരം കൂടിയായിരുന്നു.

ഈ സ്ഥാനത്തേക്ക് എറിക് പാർത്താലു, കാൾ മക്ഹ്യൂ, ജോവോ വിക്ടർ തുടങ്ങിയ ശക്തരായ എതിരാളികൾ ഉണ്ടായിരുന്നു. പാർത്താലു വർഷങ്ങളോളം ബെംഗളൂരു എഫ്‌സിയുടെ മധ്യനിരയുടെ നട്ടെല്ലായിരുന്നു. മക്ഹ്യൂവിന്റെ വിവിധ പൊസിഷനുകളിൽ കളിക്കാനുള്ള കഴിവും തന്ത്രങ്ങൾ മെനയുന്നതിലെ മികവും അദ്ദേഹത്തെ വിലമതിക്കാനാവാത്ത താരമാക്കി.വിക്ടറും ലീഗിൽ കളിച്ച ഏറ്റവും മികച്ച ഹോൾഡിംഗ് മിഡ്ഫീൽഡർമാരിൽ ഒരാളാണെന്ന് ഹൈദരാബാദ് എഫ്‌സിയെ നയിച്ചുകൊണ്ട് തെളിയിച്ചു.

ഇവരെല്ലാം മികച്ചവരായിരുന്നെങ്കിലും, ജാഹുവിന്റെ സ്വാധീനം സമാനതകളില്ലാത്തതായിരുന്നു. മൊറോക്കൻ താരം മധ്യനിരയ്ക്ക് കരുത്ത് പകരുക മാത്രമല്ല, അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. പ്രതിരോധനിരയെ സംരക്ഷിക്കുന്ന കാര്യത്തിലായാലും, ഒരു പ്രത്യാക്രമണം തുടങ്ങുന്ന കാര്യത്തിലായാലും, കളിയിൽ അദ്ദേഹത്തിന്റെ സ്വാധീനം നിർണായകമായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരു സിസ്റ്റത്തെ തന്നെ രൂപപ്പെടുത്താൻ കഴിവുള്ള കളിക്കാർ ചുരുക്കമാണ്.

സെൻട്രൽ മിഡ്ഫീൽഡ്: അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വികാരങ്ങൾക്കും സംസ്കാരത്തിനും ഒരു മുഖമുണ്ടെങ്കിൽ, അതാണ് അഡ്രിയാൻ ലൂണ ക്ലബ്ബിന്റെ സർഗ്ഗാത്മകവും വൈകാരികവുമായ ഹൃദയത്തുടിപ്പായി മാറിയ ഈ യുറുഗ്വായ് താരം, ടീമിന് ഒരു പുതിയ ദിശാബോധം നൽകി. തെക്കേ അമേരിക്കൻ കളിമികവ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ലൂണ ഒരു പോരാളി കൂടിയായിരുന്നു. നഷ്ടപ്പെട്ട പന്തിനായി മൈതാനത്തിന് കുറുകെ ഓടുന്നതിലും, മത്സരങ്ങളുടെ അവസാന നിമിഷങ്ങളിൽ വീണുപോകാതെ ടീമിനെ മുന്നോട്ട് നയിക്കുന്നതിലും അദ്ദേഹം മുൻനിരയിൽ ഉണ്ടാകും. ആരാധകർ ഒരു ക്യാപ്റ്റനിൽ ആഗ്രഹിച്ചതെല്ലാം ലൂണയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലാദ്യമായി തുടർച്ചയായി മൂന്ന് തവണ പ്ലേഓഫിലെത്തി. 2021-22ൽ ഫൈനലിൽ എത്തുകയും ചെയ്തു.

മെമ്മോ, ഡിമാസ് ഡെൽഗാഡോ, എഡു ബേഡിയ തുടങ്ങിയ മികച്ച താരങ്ങളെ പിന്തള്ളിയാണ് ലൂണ ഈ ടീമിൽ ഇടംനേടുന്നത്. മെമ്മോ ജംഷഡ്‌പൂർ എഫ്‌സിക്കും ചെന്നൈയിൻ എഫ്‌സിക്കും സന്തുലിതാവസ്ഥയും കരുത്തും നൽകി. ഡിമാസ് ഡെൽഗാഡോ ബെംഗളൂരു എഫ്‌സിക്ക് കളിക്കളത്തിലെ ശാന്തതയും പാസിംഗ് മികവും കൊണ്ട് നിർണായകമായിത്തീർന്നു. എന്നാൽ നേതൃത്വവും കളിമികവും ഒരുമിപ്പിച്ചും, കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവാരം കളിക്കളത്തിലും പുറത്തും ഉയർത്തിയും, സ്ഥിരതയില്ലാതിരുന്ന ഒരു ടീമിന് ദിശാബോധം നൽകിയും ലൂണ വേറിട്ടുനിൽക്കുന്നു.

അറ്റാക്കിങ് മിഡ്ഫീൽഡ്: ഹ്യൂഗോ ബൂമോസ്

ഐഎസ്എല്ലിൽ അറ്റാക്കിങ് മിഡ്ഫീൽഡർ റോളിനെ ഇത്രയേറെ അനായാസമായി കൈകാര്യം ചെയ്ത മറ്റൊരു കളിക്കാരനില്ല. പ്രതിരോധനിരകളെ കീറിമുറിച്ചുകൊണ്ടു അദ്ദേഹം നൽകുന്ന പന്തുകൾ ലക്ഷ്യത്തിലെത്തിക്കുക എന്ന ധർമം മാത്രമാണ് പിന്നീട് മറ്റ് താരങ്ങൾക്ക് അവശേഷിക്കുന്നത്.

2019-20 സീസണിൽ എഫ്‌സി ഗോവയെ ഷീൽഡ് വിജയത്തിലേക്ക് നയിച്ച അദ്ദേഹം ഗോൾഡൻ ബോൾ നേടിയെടുത്തു. മുംബൈ സിറ്റി എഫ്‌സിയിൽ, അവരുടെ ചരിത്രപരമായ ഡബിൾ നേട്ടത്തിൽ അദ്ദേഹം നിർണായകമായി. മോഹൻ ബഗാൻ സൂപ്പർ ജയന്റിലും അദ്ദേഹം തന്റെ മികവ് പുറത്തെടുത്തു, 2022-23ൽ അവരുടെ കപ്പ് വിജയത്തിൽ നിർണായകമായി. 2024-25 സീസണിൽ ഒഡീഷ എഫ്‌സിയിൽ ലൊബേറയുമായി വീണ്ടും ഒന്നിച്ച അദ്ദേഹം, ടീം പ്ലേഓഫിൽ എത്തിയില്ലെങ്കിലും ക്ലബ്ബിനായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകി മികച്ച കളിക്കാരിലൊരാളായി.

ഗ്രെഗ് സ്റ്റുവർട്ടും ജാവി ഹെർണാണ്ടസും ഈ സ്ഥാനത്തേക്ക് ശക്തരായ എതിരാളികളായിരുന്നു. ഒരുപക്ഷേ, ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ ഏറ്റവും മികച്ച ഒറ്റ സീസൺ പ്രകടനം സ്റ്റുവർട്ടിന്റേതായിരുന്നു. ജംഷഡ്‌പൂർ എഫ്‌സിയോടൊപ്പമുള്ള അദ്ദേഹത്തിന്റെ 2021-22 സീസൺ മിന്നുന്നതായിരുന്നു. 11 ഗോളുകളും 10 അസിസ്റ്റുകളുമായി അവരെ ഷീൽഡിലേക്ക് നയിച്ചു. 2022-23ൽ ഐലൻഡേഴ്സ് ഷീൽഡ് നേടിയപ്പോഴും സ്കോട്ടിഷ് താരം മുംബൈ സിറ്റി എഫ്‌സിയിൽ തന്റെ മികവ് തെളിയിച്ചു. മറുവശത്ത്, ഹെർണാണ്ടസ് ഒന്നിലധികം ക്ലബ്ബുകൾക്കൊപ്പം തിളങ്ങിയ ഒരു വലിയ മത്സരങ്ങളിലെ കളിക്കാരനാണ്, ഒരു ഐഎസ്എൽ കപ്പും അദ്ദേഹത്തിന്റെ പേരിലുണ്ട്.

എന്നാൽ ബോമസ് ഒന്നിലധികം സീസണുകളിലും ക്ലബ്ബുകളിലും സ്ഥിരതയോടെ മികവ് പുലർത്തി. പ്രതിരോധത്തെ നിരന്തരം ഭേദിക്കുകയും നിർണായക ഗോളുകൾ നേടുകയും ചെയ്ത എഞ്ചിനായി അദ്ദേഹം കളംപിടിച്ചു. ഐഎസ്എല്ലിൽ ബോമസ് നമ്പർ 10 പൊസിഷനെ നിർവചിച്ചതുപോലെ ചുരുക്കം ചില കളിക്കാർ മാത്രമേ ഒരു റോളിനെ നിർവചിച്ചിട്ടുള്ളൂ.

വലത് വിങ്ങർ: ഫെറാൻ കൊറോമിനാസ് (കൊറോ)

ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശ ഫോർവേഡ്. എഫ്‌സി ഗോവയ്ക്കായി കളിച്ച മൂന്ന് സീസണുകളിൽ 57 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടിയ കൊറോ, രണ്ട് തവണ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ലൊബേറയുടെ ശൈലിയിൽ തിളങ്ങിയ അദ്ദേഹം ഗോളുകൾക്കും റെക്കോർഡുകൾക്കും ഒപ്പം 2019-20ലെ ഷീൽഡും നേടിയെടുത്തു.

ഒഡീഷ എഫ്‌സിയിൽ കളിക്കുമ്പോൾ മികച്ച ഫോമിലായിരുന്നു ഡിയാഗോ മൗറീഷ്യോ. ചിലപ്പോൾ റൈറ്റ് വിങ്ങിലും കളിച്ച ഈ ബ്രസീലിയൻ താരം, 2022-23 സീസണിൽ ഗോൾഡൻ ബൂട്ട് നേടി. ഫോമിലുള്ളപ്പോൾ അദ്ദേഹത്തെ തടയുക അസാധ്യമായിരുന്നു. എങ്കിലും, ഈ പ്രകടനങ്ങൾക്കൊന്നും കോറോയുടെ മികവിനോട് കിടപിടിക്കാനായില്ല. കാരണം, കോറോയ്ക്ക് തുല്യം കോറോ മാത്രം. കളിക്കളത്തിലെ ബുദ്ധിയും ഗോൾ നേടാനുള്ള കഴിവും അദ്ദേഹത്തെ അതുല്യനാക്കി. ഒരു കളിയിൽ ഒരു ഗോൾ എന്നതായിരുന്നു അദ്ദേഹത്തിന്റെ ശരാശരി കണക്ക്. ടീമിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് കോറോ ആയിരുന്നു.

സ്ട്രൈക്കർ: ബാർതലോമ്യു ഓഗ്‌ബെച്ചെ

ബർത്തലോമിയോ ഓഗ്ബെച്ചെ ഒരു യഥാർത്ഥ ഗോൾവേട്ടക്കാരനായിരുന്നു. സഹജമായ കഴിവും അസാമാന്യമായ കൃത്യതയും അദ്ദേഹത്തെ അപകടകാരിയാക്കി. ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വിദേശ താരം എന്ന റെക്കോർഡ് ഓഗ്ബെച്ചെയ്ക്കാണ്. എന്നാൽ അതിനേക്കാൾ വലുതാണ് പല ക്ലബ്ബുകളിലും അദ്ദേഹം കാണിച്ച സ്ഥിരത. വലിയ താരനിരയില്ലാത്ത നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആദ്യമായി പ്ലേ ഓഫിൽ എത്തിച്ചപ്പോഴും, പിന്നീട് ഹൈദരാബാദ് എഫ്‌സിക്കൊപ്പം ഐഎസ്എൽ കിരീടം നേടിയപ്പോഴും ഓഗ്ബെച്ചെ തൻ്റെ ദൗത്യം ഭംഗിയായി നിറവേറ്റി.

ഈ സ്ഥാനത്തേക്ക് മിക്കു, ക്ലെയ്റ്റൺ സിൽവ എന്നിവരെയും പരിഗണിക്കാവുന്നതാണ്. ബെംഗളൂരു എഫ്‌സിയിൽ സുനിൽ ഛേത്രിയുമൊത്ത് അപകടകരമായ ആക്രമണനിര കെട്ടിപ്പടുത്ത താരമാണ് മിക്കു. അതുപോലെ, പലപ്പോഴും അർഹിച്ച ശ്രദ്ധ ലഭിച്ചില്ലെങ്കിലും, ബെംഗളൂരുവിനും ഈസ്റ്റ് ബംഗാളിനും വേണ്ടി ഗോളുകൾ നേടിയ താരമാണ് ക്ലെയ്റ്റൺ സിൽവ.

എന്നാൽ ഓഗ്ബെച്ചെ തിരഞ്ഞെടുക്കപ്പെടാൻ വ്യക്തമായ കാരണങ്ങളുണ്ട്. ഐഎസ്എല്ലിൽ മറ്റൊരു വിദേശ താരവും അദ്ദേഹത്തേക്കാൾ കൂടുതൽ ഗോളുകൾ നേടിയിട്ടില്ല. ഒന്നല്ല, നാല് വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഏത് ടീമിന്റെയും കളിശൈലിയുമായി ഇഴങ്ങിച്ചേരാനും എല്ലാ സീസണിലും ഗോളടിക്കാനുമുള്ള കഴിവ്, ഈ ടീമിൽ അദ്ദേഹത്തിന് അനായാസം ഇടം നൽകുന്നു.

ഇടത് വിങ്ങർ: റോയ് കൃഷ്ണ

ഐഎസ്എല്ലിൽ റോയ് കൃഷ്ണയെപ്പോലെ സ്വാധീനം ചെലുത്തിയ വിദേശ മുന്നേറ്റനിരക്കാർ കുറവാണ്. 2019-20 സീസണിൽ എടികെ എഫ്‌സിയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ ഈ ഫിജിയൻ താരം നിർണായക പങ്കുവഹിച്ചു. പിന്നീട് മോഹൻ ബഗാൻ സൂപ്പർ ജയൻ്റിൻ്റെയും പ്രധാന കളിക്കാരനായി. മുന്നേറ്റനിരയിൽ ഒറ്റയ്ക്ക് കളിക്കാനും മറ്റൊരു സ്‌ട്രൈക്കറുടെ കൂടെ കളിക്കാനും അദ്ദേഹത്തിന് മികവുണ്ടായിരുന്നു. ഡേവിഡ് വില്യംസുമൊത്തുള്ള അദ്ദേഹത്തിൻ്റെ കൂട്ടുകെട്ട് ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഒന്നായിരുന്നു. കണക്കുകൾക്ക് അപ്പുറം, കളിച്ച ടീമുകൾക്കെല്ലാം വേണ്ടി നിർണായക സമയങ്ങളിൽ ഗോളടിക്കാൻ കൃഷ്ണയ്ക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. ഇതാണ് അദ്ദേഹത്തെ ടീമുകളുടെ അവിഭാജ്യ ഘടകമാക്കിയത്.

ഈ സ്ഥാനത്തേക്ക് മാർസെലീഞ്ഞോ, സ്റ്റീവൻ മെൻഡോസ എന്നിവരും ശക്തരായ എതിരാളികളാണ്. മാർസെലീഞ്ഞോ 2016-ൽ ഗോൾഡൻ ബൂട്ട് നേടുകയും തൻ്റെ വേഗതയും ഡ്രിബ്ലിങ്ങും കൊണ്ട് പ്രതിരോധനിരയെ വിറപ്പിക്കുകയും ചെയ്തു. 2015-ൽ ചെന്നൈയിൻ എഫ്‌സിക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ മെൻഡോസയുടെ പങ്ക് വളരെ വലുതായിരുന്നു. ഫൈനലിലെ അവസാന നിമിഷം നേടിയ വിജയഗോൾ ആരും മറക്കാനിടയില്ല.

എങ്കിലും, മാർസെലീഞ്ഞോയും മെൻഡോസയും ചില മികച്ച നിമിഷങ്ങൾ സമ്മാനിച്ചപ്പോൾ, കൃഷ്ണ ഒരു സമ്പൂർണ്ണനായ മുന്നേറ്റനിരക്കാരനായിരുന്നു. അദ്ദേഹം ഗോളടിച്ചു, വഴിയൊരുക്കി, മുന്നിൽ നിന്ന് ടീമിനെ നയിച്ചു. ഐഎസ്എല്ലിൽ 58 ഗോളുകൾ നേടിയ കൃഷ്ണ, ഏറ്റവും കൂടുതൽ ഗോൾ നേടിയ വിദേശ താരങ്ങളിൽ ഓഗ്ബെച്ചെയ്ക്ക് തൊട്ടുപിന്നിലാണ്. ഈ നേട്ടം ഒന്നല്ല, നാല് വ്യത്യസ്ത ടീമുകൾക്ക് വേണ്ടി കളിച്ചാണ് അദ്ദേഹം സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്.