തന്റെ കീഴിൽ ബ്ലൂ ടൈഗേഴ്സിനെ കാഫ നേഷൻസ് കപ്പ് 2025-ൽ വെങ്കല മെഡലിലേക്ക് നയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഖാലിദ് ജമീൽ. വെങ്കലനേട്ടത്തോടെ ദേശീയ ടീം പരിശീലകന്റെ കുപ്പായത്തിൽ മികച്ച തുടക്കമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

ഇഗോർ സ്റ്റിമാക്കിന്റെയും മനോലോ മാർക്വേസിന്റെയും കീഴിൽ ജയങ്ങൾ കണ്ടെത്താനും ഫോം നിലനിർത്താനും ബുദ്ധിമുട്ടിയ കാലഘട്ടത്തിന് ശേഷമാണ് ജമീൽ ടീമിന്റെ സാരഥ്യം ഏറ്റെടുത്തത്. ടീമിന്റെ ആത്മവീര്യം ഉയർത്തുക ഉൾപ്പെടെജംഷഡ്‌പൂർ എഫ്‌സിയിൽ കൊണ്ടുവന്ന മാറ്റങ്ങൾ ദേശീയ ടീമിലും നടപ്പിലാക്കുക എന്നതായിരുന്നു മുൻ ഇന്ത്യൻ താരത്തിന് മുന്നിലുണ്ടായിരുന്ന ഉത്തരവാദിത്തം.

കൂടുതൽ വായിക്കൂ:കാഫ നേഷൻസ് കപ്പ്: ടൂർണമെന്റിൽ നിന്ന് ഇന്ത്യയുടെ പ്രധാന നേട്ടങ്ങൾ

ഇന്ത്യൻ കളിക്കാരുടെ കഴിവുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന ജമീൽ, കൃത്യമായ ഒരു ഗെയിം പ്ലാനിലൂടെ അവരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഫലപ്രദമായതോടെ എട്ട് രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തിനായുള്ള പ്ലേഓഫിൽ ഉയർന്ന റാങ്കിലുള്ള ഒമാനെതിരെ നേടിയ വിജയമായിരുന്നു ഇതിൽ ശ്രദ്ധേയമായത്.

"എല്ലാവരും സമ്മർദ്ദത്തിലായിരുന്നു, വളരെക്കാലമായി ഒരു നല്ല ഫലം ആഗ്രഹിച്ചിരുന്നു. ഇന്ത്യ വെങ്കലം നേടിയെന്നത് പ്രധാനമാണ്, എന്നാൽ അതിന്റെയെല്ലാം ക്രെഡിറ്റ് കളിക്കാർക്കാണ്," ജമീൽഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അറ്റാക്കിങ് തേർഡിൽ കടുത്ത പ്രെസ്സിങ് കാഴ്ചവച്ച ഇന്ത്യയുടെ യഥാർത്ഥ കരുത്ത് ഈ ടൂർണമെന്റിൽരാഹുൽ ഭേക്കെ,സന്ദേശ് ജിങ്കൻ,അൻവർ അലി എന്നിവർ നയിച്ച പ്രതിരോധമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇറാനെതിരായ മത്സരത്തിൽ താടിയെല്ലിന് പൊട്ടലുണ്ടായിട്ടും കളി തുടരാനുള്ള ജിങ്കന്റെ തീരുമാനം ടീമിന്റെ പോരാട്ടവീര്യത്തിന് അടിവരയിട്ടു. മലയാളി താരംമുഹമ്മദ് ഉവൈസിനെപ്പോലുള്ള പുതുമുഖങ്ങളും അന്താരാഷ്ട്ര വേദിയിൽ തങ്ങളുടെ കഴിവ് തെളിയിച്ചു.

"ഇറാനെതിരായ മത്സരത്തിന്റെ അവസാനം വരെ സന്ദേശിന് (ജിങ്കൻ) വേദനയുണ്ടെന്ന് അവൻ എന്നോട് പറഞ്ഞിരുന്നില്ല."

"രാഹുൽ (ഭേക്കെ) ശാന്തനാണ്, പക്ഷേ കളിക്കളത്തിൽ ഒരു സിംഹമാണ്. അൻവർ അലി പക്വതയുള്ള കളിക്കാരനാണ്. അവസാന മത്സരത്തിൽ (ഒമാനെതിരെ), പകരക്കാർ ഇറങ്ങി കളിയുടെ ഗതി മാറ്റി. എല്ലാം സ്വാഭാവികമായി സംഭവിച്ചതാണ്. എല്ലാവർക്കും അവരവരുടെ കഴിവ് തെളിയിക്കണമായിരുന്നു. പുതിയ കളിക്കാർ ഞാൻ അവരോട് ആവശ്യപ്പെട്ടതിലും അപ്പുറം ചെയ്തു," ജമീൽ പറഞ്ഞു.

മുൻ പരിശീലകൻ മനോലോ മാർക്വേസ് ടീമിൽ നിന്നും ഒഴിവാക്കിയ പരിചയസമ്പന്നനായ ഗോൾകീപ്പർഗുർപ്രീത് സിംഗ് സന്ധു, ഖാലിദ് ജമീലിന് കീഴിൽ തിരികെയെത്തി. കാഫ നേഷൻസ് കപ്പിൽ ജമീലിന്റെ സ്ക്വാഡിലെ അവിഭാജ്യ ഘടകമായിരുന്നുബെംഗളൂരു എഫ്‌സി താരം.

ഓഫ്-സീസണിൽ, നോർവേയിലെ തന്റെ മുൻ ക്ലബ്ബായ സ്റ്റാബേക്ക് ഫുട്ബോളിനൊപ്പം പരിശീലനം നടത്തിയ അദ്ദേഹം ആത്മവിശ്വാസം വീണ്ടെടുത്തു. അദ്ദേഹത്തിന്റെ കഠിനാധ്വാനം ഫലം കണ്ടു. ഒമാനെതിരായ പെനാൽറ്റി ഷൂട്ടൗട്ടിലെ ഹീറോ ആയത് മാത്രമല്ല, ടൂർണമെന്റിലുടനീളം കളിക്കളത്തിലെ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും നേതൃത്വവും ടീമിന് ഒരു മുതൽക്കൂട്ടായിരുന്നു.

"പരിശീലകനായി നിയമിക്കപ്പെട്ട ശേഷം ഞാൻ ആദ്യം വിളിച്ചത് ഗുർപ്രീതിനെയാണ്, അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ടെന്ന് ഞാൻ പറഞ്ഞു," ജമീൽ വെളിപ്പെടുത്തി.

"ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, എന്റെ ഉത്തരം ഗുർപ്രീത് എന്നായിരിക്കും. ഏഷ്യയിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് അദ്ദേഹം. ഗുർപ്രീതിനെ വിളിച്ചില്ലെങ്കിൽ അത് എന്റെ ഏറ്റവും വലിയ തെറ്റായിരിക്കുമെന്ന് ഞാൻ സ്വയം പറഞ്ഞു . അദ്ദേഹത്തെ സഹായിക്കാൻ ഞാൻ എന്തുചെയ്തു? ആത്മവിശ്വാസം നൽകി. അത്രമാത്രം," അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂർണമെന്റിൽ ജമീലിന്റെ കളിശൈലി ഇന്ത്യക്ക് കരുത്ത് നൽകി. എന്നിരുന്നാലും, ജമീലിനും ഇന്ത്യൻ ടീമിനും ഇതൊരു തുടക്കം മാത്രമാണ്, യഥാർത്ഥ പരീക്ഷണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഒക്ടോബറിൽ സിംഗപ്പൂരിനെതിരായ രണ്ട് മത്സരങ്ങളോടെ അവർ തങ്ങളുടെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് നീങ്ങും.

അറിയാം:സിംഗപ്പൂരിനെതിരായ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സാധ്യതാനിരയെ പ്രഖ്യാപിച്ചു

യോഗ്യത ടൂർണമെന്റിലെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ബ്ലൂ ടൈഗേഴ്സിന്, തുടർച്ചയായി മൂന്നാം തവണയും എഎഫ്‌സി ഏഷ്യൻ കപ്പിന് യോഗ്യത നേടാനുള്ള സാധ്യതകൾ സജീവമാക്കണമെങ്കിൽ സിംഗപ്പൂരിനെതിരെ വിജയങ്ങൾ അനിവാര്യമാണ്.

"നമ്മൾ പന്ത് കൈവശം വെക്കേണ്ട കളികളുണ്ടെങ്കിൽ, നമ്മൾ അത് ചെയ്യും. പക്ഷേ, സിംഗപ്പൂരിനെതിരായ മത്സരം (ഒക്ടോബർ 9) ഒരു എവേ മത്സരമാണെന്ന് മറക്കരുത്. തന്ത്രപരമായി ചിന്തിക്കുന്നതും ശ്രദ്ധ കൈവിടാതിരിക്കുന്നതും പ്രധാനമാണ്," ജമീൽ പറഞ്ഞു.