ഒക്ടോബറിൽ സിംഗപ്പൂരിനെതിരെ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 30 അംഗ ഇന്ത്യൻ സാധ്യതാ ടീമിനെ മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ പ്രഖ്യാപിച്ചു. ഴ് മലയാളി താരങ്ങൾ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. സുനിൽ ഛേത്രി ടീമിൽ തിരിച്ചെത്തി.

വിബിൻ മോഹനൻ, മുഹമ്മദ് ഐമൻ, മുഹമ്മദ് ഉവൈസ്, ആഷിഖ് കുരുണിയൻ, ജിതിൻ എം.എസ്., മുഹമ്മദ് സുഹൈൽ, മുഹമ്മദ് സനാൻ എന്നിവരാണ് ടീമിൽ ഇടം നേടിയ മലയാളി താരങ്ങൾ. വിബിനിനെയും ഐമനെയും കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും ബികാഷ് യുംനവും ഡാനിഷ് ഫറൂഖ് ഭട്ടും ടീമിൽ ഇടം പിടിച്ചു.

എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത ടൂർണമെന്റ് കളിച്ച ടീമിൽ നിന്നും ഒരു പിടി താരങ്ങളെയും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 20-ന് ബെംഗളൂരുവിൽ ടീമിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കും. എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 മത്സരങ്ങൾ ഉള്ളതിനാൽ, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, എഫ്സി ഗോവ ക്ലബ്ബുകളിലെ കളിക്കാർ പിന്നീട് ക്യാമ്പിൽ ചേരും. അണ്ടർ 23 ദേശീയ ടീമിൽ നിന്നും രണ്ട് പേരെയും സീനിയർ ടീമിൽ നിന്നും മൂന്ന് പേരെയും സ്റ്റാൻഡ്ബൈ ആയി നിലനിർത്തിയിട്ടുണ്ട്. ഇവരുടെ പേരുകൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

കൂടുതൽ വായിക്കൂ: എഎഫ്സി U23 ഏഷ്യൻ കപ്പ് യോഗ്യത ടൂർണമെന്റിൽ തിളങ്ങിയ അഞ്ച് മലയാളികൾ!

ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഒക്ടോബർ 9-ന് സിംഗപ്പൂരിലെ നാഷണൽ സ്റ്റേഡിയത്തിലും, ഒക്ടോബർ 14-ന് ഗോവയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും ഇന്ത്യ സിംഗപ്പൂരിനെതിരെ കളിക്കും. സാധ്യതാ ടീമിൽ നിന്നാകും അന്തിമ സ്ക്വാഡിനെ തിരഞ്ഞെടുക്കുക.

30 അംഗ ഇന്ത്യൻ സാധ്യതാ ടീം:

ഗോൾകീപ്പർമാർ: അമരീന്ദർ സിംഗ്, ഗുർമീത് സിംഗ്, ഗുർപ്രീത് സിംഗ് സന്ധു.

പ്രതിരോധ താരങ്ങൾ: അൻവർ അലി, ബികാഷ് യുംനം, ചിംഗ്ലെൻസന സിംഗ് കോൺഷാം, മിങ്തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്, പ്രംവീർ, രാഹുൽ ഭേക്കെ, റിക്കി മെയ്തെയ് ഹൊബാം, റോഷൻ സിംഗ് നവോറെം.

മധ്യനിര താരങ്ങൾ: ആഷിഖ് കുരുണിയൻ, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്സൺ സിംഗ് തൗനോജം, ജിതിൻ എം.എസ്., മക്കാർടൺ ലൂയിസ് നിക്സൺ, മഹേഷ് സിംഗ് നവോറെം, മുഹമ്മദ് ഐമൻ, നിഖിൽ പ്രഭു, സുരേഷ് സിംഗ് വാങ്ജാം, വിബിൻ മോഹനൻ.

മുന്നേറ്റനിര താരങ്ങൾ: ഇർഫാൻ യാദ്വാദ്, ലാലിയൻസുവാല ചാങ്തെ, മൻവീർ സിംഗ് (ജൂനിയർ), മുഹമ്മദ് സനാൻ കെ, മുഹമ്മദ് സുഹൈൽ, പാർത്ഥിബ് ഗൊഗോയ്, സുനിൽ ഛേത്രി, വിക്രം പർതാപ് സിംഗ്.

മുഖ്യ പരിശീലകൻ: ഖാലിദ് ജമീൽ