കാഫ നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ശക്തരായ ഒമാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് പരാജയപ്പെടുത്തിഇന്ത്യൻ ഫുട്ബോൾ ടീം മൂന്നാം സ്ഥാനം സ്വന്തമാക്കി. ടൂർണമെന്റിലെ തങ്ങളുടെ അരങ്ങേറ്റം ഒരു വെങ്കല മെഡലോടെയാണ് ടീം അടയാളപ്പെടുത്തിയത്.

അടുത്ത മാസം സിംഗപ്പൂരിനെതിരെ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ടൂർണമെന്റിൽ പങ്കെടുത്ത ബ്ലൂ ടൈഗേഴ്സ് റണ്ണേഴ്‌സ് അപ്പ് ഇറാൻ, ജേതാക്കളായ ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ ഏഷ്യൻ വമ്പന്മാർ പങ്കെടുത്ത എട്ട് ടീമുകളുടെ ടൂർണമെന്റിൽ മെഡൽ നേടിയാണ് മടങ്ങുന്നത്.

കഴിഞ്ഞ ഒരു വർഷമായി മോശം ഫോമിലൂടെ കടന്നു പോകുന്ന ഇന്ത്യൻ ടീമിന് തുടർച്ചയായി മൂന്നാം തവണയും എഎഫ്‌സി ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ശ്രമിക്കുന്ന വേളയിൽ ഈ വെങ്കല മെഡൽ കനത്ത ആത്മവിശ്വാസം നൽകും.

കാഫ നേഷൻസ് കപ്പിൽ നിന്ന് ഇന്ത്യ പഠിച്ച പാഠങ്ങൾ ഇവയെല്ലാമാണ്:

വിജയമന്ത്രം കണ്ടെത്തിയ ഖാലിദ് ജമീൽ

ടൂർണമെന്റ് ആരംഭിക്കുന്നതിന് കേവലം 28 ദിവസം മുമ്പാണ് ഖാലിദ് ജമീൽ സീനിയർ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്. ടീമിൽ തന്റെ ആശയങ്ങൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് അധികം സമയം ലഭിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം.

ടൂർണമെന്റിൽ റാങ്കിംഗിൽ ഏറ്റവും പിന്നിലുള്ള മൂന്നാമത്തെ ടീം എന്ന നിലയിൽ, പുതിയ പരിശീലകന് കാഫ നേഷൻസ് കപ്പ് ഒരു കടുത്ത പരീക്ഷണമായിരുന്നു. എന്നിരുന്നാലും, പുതിയ പരിശീലകൻ അചഞ്ചലമായ ശുഭാപ്തിവിശ്വാസത്തോടെയാണ് താജികിസ്ഥാനിലേക്ക് വിമാനം കയറിയത്. അത് ടീമിന്റെ പ്രകടനത്തിൽ പ്രതിഫലിക്കുകയും ചെയ്തു.

നേരിട്ട വെല്ലുവിളികളിൽ പതറാതിരുന്ന ഇന്ത്യ ടൂർണമെന്റിൽ ചലനങ്ങളുണ്ടാക്കി. ആദ്യ മത്സരത്തിൽ ആതിഥേയരായ താജിക്കിസ്ഥാനെ അട്ടിമറിച്ചു. ഇറാനെതിരായ 3-0ന് തോറ്റ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പോലും, ആദ്യ പകുതിയിൽ അവർ എതിരാളികളെ പിടിച്ചുകെട്ടുകയും വളരെ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

കൂടുതൽ വായിക്കൂ:നിലമ്പൂരിൽ നിന്നും ഇന്ത്യൻ ടീമിലേക്ക്: മുഹമ്മദ് ഉവൈസിന്റെ വിജയഗാഥ

കഠിനാധ്വാനവും ദൃഢനിശ്ചയവും ഒരുമിപ്പിച്ച്, സമീപ കാലത്ത് കാണാതിരുന്ന ഒരു പോരാട്ടവീര്യം ജമീൽ ഇന്ത്യൻ ടീമിൽ വളർത്തിയെടുത്തു. പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് തിരിച്ചുവരവ് നടത്താൻ ഈ പോരാട്ടവീര്യം അവരെ സഹായിച്ചു. ഒമാനെതിരെ ഒരു ഗോളിന് പിന്നിലായിരുന്നിട്ടും ബ്ലൂ ടൈഗേഴ്സ് സമനില ഗോൾ കണ്ടെത്തി മത്സരം എക്സ്ട്രാ ടൈമിലേക്ക് കൊണ്ടുപോയി.

ഏത് ടീമിനും എളുപ്പത്തിൽ തോൽപ്പിക്കാനാവാത്ത ഒരു സംഘമാക്കി ഇന്ത്യയെ മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആവശ്യമുള്ളപ്പോൾ നിർണായക ഫലങ്ങൾ നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കളിക്കാരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ വിദഗ്ദ്ധനായ ജമീലിന്റെ കഴിവ് കാഫ നേഷൻസ് കപ്പിൽ പൂർണ്ണമായി പ്രകടമായി.

ഗുർപ്രീതിന്റെ തിരിച്ചുവരവ്

സമീപകാലത്ത് ടീമിലെ ഒന്നാം നമ്പർ സ്ഥാനം നഷ്ടപ്പെടുകയും, ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനെതിരായ തോൽവിയിൽ ഉൾപ്പെടെ, നിർണായക ഗോളുകൾ വഴങ്ങിയതിന്റെ പേരിൽ വിമർശിക്കപ്പെടുകയും ചെയ്ത ഗോൾകീപ്പർഗുർപ്രീത് സിങ് സന്ധുവിന്റെ ഗംഭീര തിരിച്ചുവരവിനാണ് കാഫ കപ്പ് സാക്ഷ്യം വഹിച്ചത്.

ഗോൾകീപ്പർ റോളിൽ വർദ്ധിച്ചുവരുന്ന മത്സരങ്ങളിൽ സന്ധുവിന്റെ ദേശീയ ടീമിലെ സ്ഥാനം ഭീഷണിയിലാക്കിയിരുന്നു. എന്നാൽ, മികച്ച പ്രകടനം നടത്താനുള്ള സമ്മർദ്ദം മുന്നിലുണ്ടായിട്ടും ഈബെംഗളൂരു എഫ്‌സി താരം അവസരത്തിനൊത്ത് ഉയർന്നു ഇന്ത്യയുടെ കാവൽ മാലാഖയായി. എങ്ങനെയാണ് താൻ ഇത്രയും കാലം ഇന്ത്യയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ ടാഗ് നിലനിർത്തിയതെന്ന് അദ്ദേഹം വീണ്ടും എല്ലാവരെയും ഓർമ്മിപ്പിച്ചു.

താജിക്കിസ്ഥാനെതിരായ 2-1ന്റെ വിജയത്തിൽ ഒരു പെനാൽറ്റി രക്ഷപ്പെടുത്തിക്കൊണ്ടാണ് സന്ധു തിളങ്ങിയത്. തുടർന്നുള്ള മത്സരങ്ങളും അദ്ദേഹത്തിന്റെ ഉജ്ജ്വല പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ഒമാനെതിരായ ഷൂട്ടൗട്ടിൽ നിർണായകമായ പെനാൽറ്റി കിക്ക് രക്ഷപ്പെടുത്തി ഇന്ത്യക്ക് വെങ്കല മെഡൽ സമ്മാനിച്ചതും അദ്ദേഹമാണ്.

ഗോൾവലയ്ക്ക് മുന്നിലെ പ്രകടനങ്ങൾക്ക് പുറമെ, യുവ കളിക്കാർ നിറഞ്ഞ ഒരു ഡ്രസ്സിംഗ് റൂമിൽ സന്ധു ഒരു നേതാവിന്റെ പങ്ക് വഹിച്ച അദ്ദേഹം, മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ടീമിനെ നയിക്കുകയും ചെയ്തു

കാഫ നേഷൻസ് കപ്പിലൂടെ സന്ധു മികച്ച ഫോമിലേക്ക് തിരിച്ചെത്തി, അതോടൊപ്പം ഇന്ത്യയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനത്തിനായുള്ള മത്സരം ശക്തമാക്കുകയും ചെയ്തു

ലോംഗ് ത്രോ-ഇന്നുകളെന്ന ആയുധം

ഖാലിദ് ജമീൽ ഇന്ത്യൻ നിരയിലേക്ക് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റമെന്തെന്ന ചോദ്യത്തിന്, രണ്ടാമതൊന്ന് ആലോചിക്കാതെ മറുപടി പറയാൻ സാധിക്കും. അത് ലോംഗ് ത്രോ-ഇന്നുകളുടെ ഉപയോഗമാണ്. മുൻ പരിശീലകൻ മനോലോ മാർക്വേസിന് കീഴിലുള്ള ടീമിന്റെ പ്രധാന പ്രശ്നം ഗോൾ വരൾച്ചയായിരുന്നു. ആ സാഹചര്യത്തിൽ, കാഫ നേഷൻസ് കപ്പിൽ ജമീൽ തന്റെ തനത് ശൈലിയിലുള്ള ലോംഗ് ത്രോ-ഇന്നുകൾ ടീമിന്റെ കളിയിലേക്ക് ചേർത്തു.

ടൂര്ണമെന്റിലകമാനം ഈ ലോംഗ് ത്രോ-ഇന്നുകൾ വളരെ ഫലപ്രദമായി. താജിക്കിസ്ഥാനിൽ ഇന്ത്യ നേടിയ മൂന്ന് ഗോളുകളും ലോംഗ് ത്രോ-ഇന്നുകളിൽ നിന്നായിരുന്നു. ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചമുഹമ്മദ് ഉവൈസിൽ നിന്നായിരുന്നു ഈ ലോംഗ് ത്രോ-ഇന്നുകളുടെ തുടക്കം. ഇത് എതിർ ടീമുകൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു. ജമീലിന് കീഴിൽ ആക്രമണത്തിൽ ഇനിയും സ്ഥിരത കണ്ടെത്തേണ്ടിയിരിക്കുന്ന ബ്ലൂ ടൈഗേഴ്‌സിന് ഗോളുകൾ നേടാൻ പ്രധാന ആയുധമാകും ലോംഗ് ത്രോ-ഇന്നുകൾ.

ഭാവിയിലേക്കുള്ള അടിത്തറ

ഈ ടൂർണമെന്റിൽ നിന്ന് ഇന്ത്യൻ ടീമിന് ലഭിച്ച ഏറ്റവും വലിയ നേട്ടം ആത്മവിശ്വാസവും ഒത്തൊരുമയുമാണ്. കളിക്കാർ പരസ്പരം പിന്തുണക്കുകയും കൂട്ടായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ടീമിനിടയിൽ ഒരു നല്ല ഒത്തിണക്കം പ്രകടമായിരുന്നു. താജിക്കിസ്ഥാനിൽ നിന്ന് ലഭിച്ച ഈ ഫലങ്ങൾ അവരുടെ മനോവീര്യം വർദ്ധിപ്പിച്ചിട്ടുണ്ടാകും.

സിംഗപ്പൂരിനെതിരെ നിർണായക മത്സരങ്ങൾ വരാനിരിക്കെ, ടൂർണമെന്റിൽ നിന്നും ലഭിച്ച പോസിറ്റീവായ മാനസികാവസ്ഥയോടെയാകും ഇന്ത്യ തങ്ങളുടെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ ക്യാമ്പയിനിലെ അടുത്ത മത്സരങ്ങൾക്ക് ഇറങ്ങുക.