ഈ ലേഖനം ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലും ലഭ്യമാണ്.

കാഫ നേഷൻസ് കപ്പിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യക്ക് ജയം. ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് ഒമാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഒമാന്റെ അവസാന കിക്ക് തടുത്തിട്ട ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയുടെ വിജയശില്പി.

മത്സരത്തിന്റെ രണ്ട് പകുതികളും പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഒമാനായി അൽ യഹ്മാദിയും (55') ഇന്ത്യക്കായി ഉദാന്ത സിങ്ങും (80') ഗോളുകൾ നേടി. അധിക സമയത്ത് ഒമാൻ താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചിട്ടും, ആ അവസരം മുതലെടുത്ത് ലീഡ് നേടാൻ ഇന്ത്യക്ക് സാധിച്ചില്ല

ഇന്ത്യ:

ഗുർപ്രീത് സിംഗ് സന്ധു (ഗോൾകീപ്പർ) (ക്യാപ്റ്റൻ), രാഹുൽ ഭേക്കെ, അൻവർ അലി, നിഖിൽ പ്രഭു, ലാലിയൻസുവാല ചാങ്‌തെ, വിക്രം പർതാപ് സിംഗ്, ഇർഫാൻ യാദ്വാദ്, മഹേഷ് സിംഗ് നവോറെം, മിങ്തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്, ഡാനിഷ് ഫാറൂഖ് ഭട്ട്.

ഒമാൻ:

ഇബ്രാഹിം അൽ മുഖൈനി (ഗോൾകീപ്പർ), താനി അൽ റുഷൈദി, അഹമ്മദ് അൽ ഖമീസി, അഹമ്മദ് അൽ കാബി, അലി അൽ ബുസൈദി (ക്യാപ്റ്റൻ), അബ്ദുല്ല ഫവാസ്, മഹ്മൂദ് മബ്രൂക്ക്, നാസർ അൽ റവാഹി, അഹദ് അൽ മഷൈഖി, ഇസ്സാം അൽ സഭി, അബ്ദുൾ റഹ്മാൻ അൽ മുഷൈഫ്രി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഒമാനാണ് പൂർണ്ണമായും ആക്രമിച്ചു കളിച്ചത്. ഇന്ത്യയാകട്ടെ ആക്രമണത്തിന് തുടക്കം കുറിക്കാൻ സാധിക്കാതെ, സ്വന്തം പകുതിയിൽ ഒതുങ്ങി. പന്ത് കൈവശം വെച്ച് മികച്ച ഒത്തിണക്കത്തോടെയാണ് ഒമാൻ തുടങ്ങിയത്. ഇന്ത്യൻ താരങ്ങളാകട്ടെ പന്ത് കൈവശം വെക്കാതെ, ലക്ഷ്യമില്ലാത്ത ക്ലിയറൻസുകളിലൂടെ ഒമാന്റെ പകുതിയിലേക്ക് പന്തടിച്ചൊഴിവാക്കാനാണ് അവർ ശ്രമിച്ചത്.

11-ാം ഒരു ഫ്രീകിക്ക് ലഭിച്ചതോടെ ഒമാൻ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യക്ക് അവസരം ലഭിച്ചു. കിക്കെടുക്കാനെത്തിയ ചാങ്‌തെ ഫാർ പോസ്റ്റിലേക്ക് നൽകിയ ക്രോസ് ഒമാൻ പ്രതിരോധത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും, ഒടുവിൽ പന്ത് അപകടരഹിതമായി ക്ലിയർ ചെയ്യാൻ അവർക്ക് കഴിഞ്ഞു.

രണ്ട് മിനിട്ടുകൾക്ക് ശേഷം, ഒരു ലോങ്ങ് ത്രോ-ഇന്നിൽ നിന്ന് ഇന്ത്യ ഗോളിന് അടുത്തെത്തി. ബോക്സിന് അടുത്തുനിന്ന് അൻവർ അലി തൊടുത്ത ഹെഡ്ഡർ ഒമാൻ ഗോൾകീപ്പർ അൽ മുഖൈനി തട്ടിയകറ്റി. ഇന്ത്യ പതുക്കെ മത്സരത്തിൽ താളം കണ്ടെത്തുകയും ആക്രമണങ്ങൾ മെനഞ്ഞെടുക്കാൻ തുടങ്ങുകയും ചെയ്തു.

ഇതിനിടെ, രാഹുൽ ഭേക്കെയും ഗുർപ്രീതും തമ്മിലുണ്ടായ ഒരു ആശയക്കുഴപ്പം ബോക്സിനുള്ളിൽ വെച്ച് അൽ റവാഹിക്ക് പന്ത് ലഭിക്കാൻ അവസരമൊരുക്കി. ഗുർപ്രീതിനെ മറികടന്ന് ഷോട്ട് ഉതിർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും, ഷോട്ട് ലക്ഷ്യം കണ്ടില്ല.

ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ഇർഫാൻ യദ്വാദിന് ഗോൾ നേടാൻ സുവർണ്ണാവസരം ലഭിച്ചു. ഇടതുവിങ്ങിൽ നിന്നുള്ള ഒരു കട്ട്ബാക്ക് പാസിൽ നിന്ന് താരം തൊടുത്ത ഫസ്റ്റ് ടൈം ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. വിക്രം പർതാപിന് പകരമായി ജിതിൻ എംഎസ് കളത്തിലെത്തി. 55-ാം മിനിറ്റിൽ യഹ്മാദിയിലൂടെ ഇന്ത്യക്കെതിരെ ഒമാൻ ലീഡ് നേടി. ബോക്സിനുള്ളിൽ മനോഹരമായ ടച്ച് പ്ലേയിലൂടെ ഒമാൻ നടത്തിയ തുടർച്ചയായ സമ്മർദ്ദത്തിൽ ഇന്ത്യൻ പ്രതിരോധം തകർന്നു. ഇടതുവിങ്ങിൽ നിന്ന് വന്ന ക്രോസിൽ, ബൂട്ടിന്റെ പുറംഭാഗം കൊണ്ട് യഹ്മാദി മനോഹരമായി ഗതിമാറ്റിവിട്ടപ്പോൾ, ഡൈവ് ചെയ്ത ഗുർപ്രീത് സിങ് സന്ധു നിസഹായനായി. പന്ത് വലയുടെ ഫാർ കോർണറിലേക്ക് പതിച്ചു. സ്കോർ 0-1.

അവസരങ്ങൾ രൂപപ്പെടുത്തുന്നുണ്ടെങ്കിലും ഫൈനൽ തേർഡിൽ മൂർച്ചയില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയായി. കൂടാതെ, ഒമാന്റെ കെട്ടുറപ്പുള്ള പ്രതിരോധവും അവർക്ക് മുന്നിൽ വെല്ലുവിളിയായുണ്ട്. ഗോൾ വഴങ്ങിയതോടെ ഇന്ത്യ ഇരട്ട മാറ്റങ്ങളുമായി രംഗത്തെത്തി. മഹേഷ് സിങ്ങിനും മുഹമ്മദ് ഉവൈസിനും പകരമായി മൻവീർ സിങ്ങും റോഷൻ സിങ്ങും കളത്തിലിറങ്ങി.

മത്സരത്തിന്റെ വേഗത കുറയ്ക്കാനായി ഒമാൻ ശ്രമിച്ചെങ്കിലും റോഷനെ പകരക്കാരനായി എത്തിച്ച ഖാലിദ് ജമീലിന്റെ തന്ത്രങ്ങൾ ഫലം കണ്ടു. നേരത്തെ അൻവർ അലിക്ക് അവസരമൊരുക്കിയതിന് സമാനമായ ഒരു ലോങ്ങ് ത്രോ-ഇന്നിൽ നിന്നാണ് ഗോൾ പിറന്നത്. ബോക്സിലേക്ക് വന്ന ത്രോ-ഇൻ, ഡാനിഷിന്റെ ഹെഡ്ഡറിലൂടെ ഉദാന്തയ്ക്ക് ലഭിച്ചു. ഒരു തകർപ്പൻ ഡൈവിംഗ് ഹെഡ്ഡറിലൂടെ ഉദാന്ത പന്ത് വലയിലെത്തിക്കുകയായിരുന്നു. 80-ാം മിനിറ്റിൽ മത്സരം സമനിലയിൽ. സ്കോർ 1-1.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പന്ത് കൈവശം വെച്ച് ആധിപത്യം പുലർത്തിയത് ഒമാനായിരുന്നു. എന്നാൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് കൊണ്ടുപോകാനാണ് ഇന്ത്യ ശ്രമിച്ചത്. രണ്ടാം പകുതിക്ക് ശേഷം അഞ്ച് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചെങ്കിലും സമനിലയിൽ അവസാനിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.

98-ാം മിനിറ്റിൽ ഒമാന്റെ അലി അൽ ബുസൈദി ചുവപ്പുകാർഡ് കണ്ടതോടെ ഇന്ത്യക്ക് മത്സരത്തിൽ മുൻതൂക്കം ലഭിച്ചു. എക്സ്ട്രാ ടൈമിൽ 22 മിനിറ്റ് ശേഷിക്കെ, ഒമാൻ പത്തുപേരായി ചുരുങ്ങി. എക്സ്ട്രാ ടൈമിൽ ഡാനിഷ് ഫാറൂഖിന് പകരമായി ജീക്സൺ സിങ് കളത്തിലിറങ്ങിയെങ്കിലും എണ്ണക്കൂടുതലിന്റെ മുൻതൂക്കം മുതലെടുക്കാൻ ഇന്ത്യക്ക് സാധിച്ചില്ല.

120 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലും ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതോടെ, കാഫ നേഷൻസ് കപ്പ് 2025-ലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

ഷൂട്ട്ഔട്ടിൽ ഇന്ത്യക്കായി ചാങ്‌തെയും ഭേക്കെയും ജിതിനും ലക്ഷ്യം കണ്ടു. അൻവർ അലിയുടെ കിക്ക് ഒമാൻ ഗോൾകീപ്പർ തടഞ്ഞപ്പോൾ ഉദാന്തയുടെ ഷോട്ട് പുറത്തേക്ക് പോയി. ഒമാന്റെ അൽ സാദിയുടെയും അൽ ഖാബിയുടെയും ഷോട്ടുകൾ പുറത്തേക്ക് പോയി. അൽ യഹ്മാദിയുടെ ഷോട്ട് ഗുർപ്രീത് സിങ് സന്ധു തകർപ്പൻ സേവിലൂടെ തടുത്തിട്ടതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു!