​ഈ ലേഖനം ഇംഗ്ലീഷ് , ബംഗാളി ഭാഷകളിലും ലഭ്യമാണ്.

കഫേ നേഷൻസ് കപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ച് അഫ്ഗാനിസ്ഥാൻ. ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടൂർണമെന്റിന്റെ പ്ലേഓഫിലെക്ക് നേരിട്ട് യോഗ്യത ഉറപ്പിക്കാനുള്ള അവസരമാണ് നീല കടുവകൾ നഷ്ടപ്പെടുത്തിയത്.

ഈ സമനിലയോടെ, കാഫ നേഷൻസ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടം നാല് പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഇന്ത്യ അവസാനിപ്പിച്ചു.

ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ, ഇറാനെ ആതിഥേയരായ താജിക്കിസ്ഥാൻ 2-2 എന്ന സ്കോറിന് സമനിലയിൽ പിടിച്ചു. രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകളിലൂടെയാണ് അവർ സമനില നേടിയത്.

​താജിക്കിസ്ഥാനുമായുള്ള നേർക്കുനേർ പോരാട്ടത്തിലെ ജയത്തിന്റെ ആനുകൂല്യത്തിൽ, ഇന്ത്യ കാഫ നേഷൻസ് കപ്പിന്റെ മൂന്നാം സ്ഥാനത്തിനായുള്ള പ്ലേഓഫ് മത്സരത്തിന് യോഗ്യത നേടി. സെപ്റ്റംബർ 8-ന് നടക്കുന്ന മത്സരത്തിൽ ഒമാനോ ഉസ്ബെക്കിസ്ഥാനോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.

ഇന്ത്യ:

ഗുർപ്രീത് സിംഗ് സന്ധു (ജികെ), രാഹുൽ ഭേക്കെ (ക്യാപ്റ്റൻ), അൻവർ അലി, മിംഗ്‌തൻമാവിയ റാൾട്ടെ (വാൽപുയ), നിഖിൽ പ്രഭു, സുരേഷ് സിംഗ് വാങ്ജാം, ജിതിൻ എംഎസ്, ഇർഫാൻ യാദ്വാദ്, മുഹമ്മദ് ഉവൈസ്, മഹേഷ് സിംഗ്, ആഷിഖ് കുരുണിയൻ.

അഫ്ഗാനിസ്ഥാൻ:

ഫൈസൽ ഹമീദി, സെൽഫഗർ നസാരി, അമിദ് അരേസൂ, മഹ്ബൂബ് ഹനീഫി, ബലാൽ അരേസൂ, തൗഫീ സ്കന്ദരി, ഖമറുദ്ദീൻ കുഹ്യാർ, യാമ ഷെർസാദ്, മുഹമ്മദ് റഹീമി, അലി പനാഹി, ഒമിദ് മുസാവി.

പതറിയ തുടക്കമാണ് ഇന്ത്യക്ക് മത്സരത്തിൽ ലഭിച്ചത്. മധ്യനിരയിൽ നിന്നുള്ള പാസുകളിലെ പിഴവുകൾ, ടീമിന്റെ മുന്നേറ്റങ്ങളുടെ താളം തെറ്റിച്ചു. ആദ്യത്തെ പതിനഞ്ച് മിനിട്ടുകൾക്ക് ശേഷമാണ് ഇന്ത്യ പതുക്കെ കളിയുടെ താളം കണ്ടെത്തിയതിനൊപ്പം, കൂടുതൽ താരങ്ങളെ ആക്രമണത്തിനായി മുന്നോട്ട് വിട്ടതും.

24-ാം മിനിറ്റിൽ അഫ്ഗാനിസ്ഥാന് ഗോളിലേക്കുള്ള ആദ്യത്തെ അവസരം ലഭിച്ചു. ബോക്സിന് പുറത്ത് മധ്യഭാഗത്ത് നിന്ന് പനാഹി തൊടുത്ത ഷോട്ട് ഗോൾകീപ്പർഗുർപ്രീത് തട്ടിയകറ്റിയതോടെ ഇന്ത്യ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

33-ാം മിനിറ്റിൽ ഇന്ത്യക്ക് ലഭിച്ച അവസരം പക്ഷെ കലാശിച്ചത് മഞ്ഞക്കാർഡിൽ. ബോക്സിന് മുന്നിൽ വെച്ച് ആഷിഖ് പന്ത് പിടിച്ചെടുത്തുവെങ്കിലും, പൂർണ്ണമായി നിയന്ത്രിക്കുന്നതിന് മുൻപ് ഗോൾകീപ്പർ ഹമീദി അത് കൈപ്പിടിയിലൊതുക്കി. ഫോളോ-ത്രൂവിൽആഷിഖിന്റെ കാൽ ഹമീദിയുടെ തലയിൽ തട്ടിയതിന് റഫറി മലയാളി താരത്തിന് മഞ്ഞക്കാർഡ് നൽകി.

43-ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് ലഭിച്ച പാസിൽ നിന്ന് ആഷിഖ് തൊടുത്ത ഷോട്ട് അഫ്ഗാനിസ്ഥാൻ പ്രതിരോധം തൽക്ഷണം തടഞ്ഞു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഗോളിലേക്കെത്താൻജിതിന് സുവർണ്ണാവസരം ലഭിച്ചു.രാഹുൽ ഭേക്കെയുടെ ലോങ്ങ് ത്രോയിൽ നിന്ന് ബോക്സിന് മുന്നിൽ വെച്ച് ലഭിച്ച പന്തെടുത്ത് ജിതിൻ തൊടുത്ത ഇടംങ്കാലൻ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ ക്രോസ്ബാറിന് മുകളിലൂടെ പോയത് നിരാശയായി.

ഇരു ടീമുകൾക്കും കാര്യമായ മുന്നേറ്റങ്ങൾ നടത്താനോ, ലഭിച്ച അർദ്ധാവസരങ്ങൾ മുതലെടുക്കാനോ സാധിക്കാതെ ഗോൾരഹിതമായാണ് ഹിസോറിൽ ആദ്യ പകുതിക്ക് അവസാനമായത്. ആക്രമണത്തിൽ അല്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് അഫ്ഗാനിസ്ഥാനായിരുന്നെങ്കിലും ഇന്ത്യയുടെ ഉറച്ച പ്രതിരോധം ഭേദിക്കാൻ അവർക്ക് സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ പകുതിയിൽ മഞ്ഞക്കാർഡുകൾ കണ്ട ആഷിഖ് കുരുണിയന് പകരമായിമൻവീർ സിങ്ങും,ഇർഫാൻ യാദ്വാദിന് പകരമായിവിക്രം പ്രതാപ് സിങ്ങും കളത്തിലിറങ്ങി.

ആക്രമണത്തിലൂന്നിയാണ് ഇരു ടീമുകളും രണ്ടാം പകുതിയെ സമീപിച്ചത്. 57-ാം മിനിറ്റിൽമഹേഷിൽ നിന്നും ലഭിച്ച, പ്രതിരോധത്തെ കീറിമുറിച്ച ഒരു പാസുമായി ജിതിൻ മുന്നോട്ട് കുതിച്ചെങ്കിലും, പാസിന് വേഗത അല്പം കൂടുതലായിരുന്നു. ലൈൻ വിട്ട് മുന്നോട്ട് കയറിവന്ന അഫ്ഗാൻ ഗോൾകീപ്പർ പന്ത് തട്ടിയകറ്റി അപകടം ഒഴിവാക്കി.

ഇന്ത്യ തുടർച്ചയായ ആക്രമണങ്ങൾ നടത്തുകയും, ഇരു വിങ്ങുകളും ഉപയോഗിച്ച് കളി മെനയുകയും ചെയ്‌തെങ്കിലും ഗോൾ അകന്നു നിന്നു. കടുത്ത ടാക്കിളുകൾ അഫ്ഗാൻ പ്രയോഗിക്കുന്നതിനാൽ ഷോട്ടുകൾ ലക്ഷ്യത്തിലെത്തുന്നില്ല എന്നത് ഇന്ത്യക്ക് തിരിച്ചടിയായി.

70-ാം മിനിറ്റിൽ ഗുർപ്രീതിന്റെ ഉജ്ജ്വല സേവ് ഇന്ത്യക്ക് ജീവശ്വാസം നൽകി. ലഭിച്ച കോർണർ മുതലെടുത്ത അഫ്ഗാനിസ്ഥാൻ മത്സരത്തിലെ ആദ്യ ഗോൾ നേടുമെന്ന് തോന്നിച്ചെങ്കിലും, ഗുർപ്രീതിന്റെ വിരൽത്തുമ്പിൽ തട്ടിയ പന്ത് പോസ്റ്റിലിടിച്ച് മടങ്ങിയതോടെ ഇന്ത്യ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

ജിതിൻ എംഎസ്,സുരേഷ് വാങ്ജാം, മഹേഷ് സിങ് എന്നിവരെ പിൻവലിച്ച്, പകരക്കാരായിഉദാന്ത സിങ്,ഡാനിഷ് ഫാറൂഖ്,ലാലിയൻസുവാല ചാങ്‌തെ എന്നിവരെ കളത്തിലിറക്കി. നീക്കം കളിയുടെ വേഗത വർദ്ധിപ്പിച്ചു.

കളിയുടെ അവസാന നിമിഷങ്ങളിൽ കൂടുതൽ ആക്രമണോത്സുകമായ ശൈലിയിലേക്ക് മാറാൻ ഖാലിദ് ജമീൽ ശ്രമങ്ങൾ നടത്തി. ഇതിന്റെ ഭാഗമായി,ഉവൈസിന് പകരംറോഷൻ സിങ് നവോറത്തെ അദ്ദേഹം കളത്തിലിറക്കി. എന്നാൽ ഗോൾ രൂപപെടുത്തിയെടുക്കാൻ ടീമിന് സാധിച്ചില്ല. രണ്ടാം പകുതി പൂർത്തിയാക്കി റഫറി വിസിൽ മുഴക്കുമ്പോൾ ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ കൈകൊടുത്ത് പിരിഞ്ഞു.

ഇരു ടീമുകളും പലതവണ ഗോളിനടുത്തെത്തിയെങ്കിലും, മത്സരം പൊതുവേ വിരസമായിരുന്നു. ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായി, രണ്ടാം പകുതിയിൽ കൂടുതൽ ആധിപത്യം പുലർത്തിയത് ഇന്ത്യയായിരുന്നെങ്കിലും, ലഭിച്ച അവസരങ്ങളൊന്നും ഗോളാക്കി മാറ്റാൻ കഴിയാതെ വന്നത് ഇന്ത്യക്ക് തിരിച്ചടിയായി. പാസുകളിലെ പിഴവുകളും, അഫ്ഗാൻ ടീമിന്റെ കടുപ്പമേറിയ കളിയും ഇന്ത്യക്ക് താളം കണ്ടെത്താൻ തടസ്സമായി. ഇതോടെ, വ്യക്തമായ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ ടീമിന് കഴിഞ്ഞില്ല.