ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ചരിത്രത്തിൽ ഉയർന്നുവന്ന പ്രതിഭകളിൽ, വലംകാലൻ കളിക്കാർക്ക് എപ്പോഴും ഒരു വലിയ മുൻതൂക്കം ഉണ്ടായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ കാര്യത്തിലും ഈ ചരിത്രം വ്യത്യസ്തമല്ല. കഴിവുറ്റ വലംകാലൻ കളിക്കാരെക്കുറിച്ച് ഓർക്കുമ്പോൾ, ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിലേക്ക് ചില പേരുകൾ ഉടനടി ഓടിയെത്തും.

ഈ ലേഖനത്തിൽ നാം ചർച്ച ചെയ്യുന്ന കളിക്കാർ, ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാനോ, കണ്ണിമയ്ക്കുന്ന നേരത്തിനുള്ളിൽ കളിയുടെ ഗതി മാറ്റാനോ കഴിവുള്ളവരാണെന്നതിൽ സംശയമില്ല. ക്ലിനിക്കൽ സ്ട്രൈക്കർമാർ മുതൽ കളിയുടെ ഗതി നിർണയിക്കുന്ന പ്ലേമേക്കർമാരും കരുത്തരായ പ്രതിരോധ താരങ്ങളും ഉൾപ്പെടുന്ന ഇവർ ഗോളുകളും അസിസ്റ്റുകളും നേടുക മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന്റെ സ്വത്വം തന്നെ രൂപപ്പെടുത്തുകയും, ലീഗിൽ തങ്ങളുടെ മുദ്ര പതിപ്പിക്കുകയും ചെയ്തു.

ബാർതലോമ്യു ഓഗ്‌ബെച്ചെ

ഒരു മിന്നൽപ്പിണർ കണക്കെ ഉദിച്ചസ്തമിച്ചതായിരുന്നു ബാർതലോമ്യു ഓഗ്‌ബെച്ചെയുടെ കേരള ബ്ലാസ്റ്റേഴ്സിലെ കാലം. ഒരൊറ്റ സീസൺ കൊണ്ട്, ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്ന് കാഴ്ചവെച്ച അദ്ദേഹം, ക്ലബ്ബ് കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി മാറി. 2019-ൽ ടീമിലെത്തുമ്പോൾ, മുൻ സീസണിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഒരു ടീമിന്റെ ആക്രമണത്തിന് ജീവൻ നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.

ഐഎസ്എൽ ചരിത്രത്തിൽ തീർത്തും അസാധാരണമായിരുന്നു ഓഗ്‌ബെച്ചെയുടെ ആ സീസൺ. വെറും 16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടി. ടീം ആ സീസണിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും, ഓഗ്‌ബെച്ചെ ലീഗ് ഘട്ടത്തിലെ ടോപ് സ്കോററായി. ആ സീസണിൽ ടീം നേടിയ ആകെ ഗോളുകളുടെ പകുതിയിലധികവും അദ്ദേഹത്തിന്റെ ബൂട്ടിൽ നിന്നാണ് പിറന്നത് എന്ന വസ്തുത അദ്ദേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

പരിശീലകൻ എൽക്കോ ഷട്ടോരിയുടെ തന്ത്രങ്ങളിൽ ഓഗ്‌ബെച്ചെ ഒരു നിർണായക ഘടകമായിരുന്നു. അദ്ദേഹം പിന്നീട് മറ്റ് ഐഎസ്എൽ ക്ലബ്ബുകൾക്കായും ഗോളടിച്ചുകൂട്ടി, ലീഗിലെ തന്നെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി പേരെടുത്തു. ഐഎസ്എല്ലിൽ 98 മത്സരങ്ങളിൽ നിന്നും അദ്ദേഹം നേടിയത് 63 ഗോളുകളും 9 അസിസ്റ്റും.

അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്സിന്റെ ആധുനിക യുഗത്തെ നിർവചിക്കുന്ന താരമാണ് അഡ്രിയാൻ ലൂണ. 2021-ൽ ടീമിലെത്തിയതുമുതൽ, ഈ യുറുഗ്വായ് താരം ക്ലബ്ബിന്റെ ഹൃദയമിടിപ്പും എഞ്ചിനുമായി മാറി. അദ്ദേഹത്തിന്റെ സ്വാധീനം കണക്കുകൾക്കും അപ്പുറമാണ്. ഐഎസ്എല്ലിൽ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച അസിസ്റ്റ് നേട്ടത്തിന്റെ (23) ഉടമയായ ലൂണ, 13 ഗോളുകളും നേടിയിട്ടുണ്ട്. കളിക്കളത്തിൽ എല്ലായിടത്തും ഓടിയെത്തുന്ന അദ്ദേഹം, ആക്രമണത്തിൽ മാത്രമല്ല, പ്രതിരോധത്തിലും ടീമിന് വലിയ മുതൽക്കൂട്ടാണ്.

2021-22 സീസണിൽ ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. ജംഷഡ്‌പൂർ എഫ്‌സിക്കെതിരായ സെമിഫൈനലിലെ വിജയഗോൾ ആ യാത്രയിലെ ഒരു നാഴികക്കല്ലായിരുന്നു. അന്തരിച്ച മകൾക്ക് ഗോൾ സമർപ്പിച്ചുകൊണ്ട് അദ്ദേഹം ആരാധകരുമായി സ്ഥാപിച്ച വൈകാരിക ബന്ധം, അദ്ദേഹത്തെ ഒരു കളിക്കാരൻ എന്നതിലുപരി ഇതിഹാസമാക്കി മാറ്റി.

സഹൽ അബ്ദുൽ സമദ്

കേരളത്തിലെ ഓരോ യുവ കളിക്കാരന്റെയും സ്വപ്നമാണ് സഹൽ അബ്ദുൽ സമദിന്റെ ഫുട്ബോൾ യാത്ര. സ്വന്തം നാട്ടിലെ ക്ലബ്ബിലൂടെ വളർന്നുവന്ന സഹൽ, ആറ് സീസണുകളോളം ടീമിന്റെ സർഗ്ഗാത്മകതയുടെ കേന്ദ്രമായിരുന്നു. 92 ഐഎസ്എൽ മത്സരങ്ങളുമായി ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാണ്. ആ കാലയളവിൽ 10 ഗോളുകളും 8 അസിസ്റ്റുകളും നേടിയ അദ്ദേഹം, 2018-19 സീസണിൽ ഐഎസ്എല്ലിലെ മികച്ച യുവ താരത്തിനുള്ള പുരസ്കാരം നേടി. അദ്ദേഹത്തിന്റെ ഡ്രിബ്ലിംഗ് ശൈലിയും കളിമികവും ആരാധകരുടെ മനം കവർന്നു.

ഇവാൻ വുകോമനോവിച്ച് എന്ന പരിശീലകന്റെ വരവോടെയാണ് സഹലിന്റെ കഴിവ് പുറത്തെടുക്കപ്പെട്ടത്.അദ്ദേഹത്തിന്റെ പാരമ്പര്യം കണക്കുകൾക്കപ്പുറം കേരള ഫുട്ബോളിന്റെ സ്വത്വത്തിന്റെ ഭാഗമായി നിൽക്കുന്നു.

ജീക്സൺ സിങ്

മുന്നേറ്റ താരങ്ങൾ തലക്കെട്ടുകളിൽ നിറയുമ്പോഴും നേട്ടങ്ങൾ കൊയ്യുന്ന ഓരോ ടീമിന്റെയും അടിത്തറ മധ്യനിരയിലെ പോരാളികളാണ്. അഞ്ച് സീസണുകളോളം കേരള ബ്ലാസ്റ്റേഴ്സിൽ ആ ദൗത്യം നിർവഹിച്ചത് ജീക്സൺ സിങ്ങാണ്. 2017-ലെ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ഗോൾ നേടിയ ജീക്സൺ, ബ്ലാസ്റ്റേഴ്സിലൂടെ ഒരു സീനിയർ കളിക്കാരനായി വളർന്നു.

ടീമിന്റെ പ്രതിരോധത്തിന് ഒരു കവചമായി വർത്തിച്ച ജീക്സൺ, എതിരാളികളുടെ ആക്രമണങ്ങളെ തകർക്കുകയും, പന്ത് തിരിച്ചുപിടിച്ച് ടീമിന്റെ മുന്നേറ്റങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. 76 ഐഎസ്എൽ മത്സരങ്ങളിൽ ബൂട്ടണിഞ്ഞ അദ്ദേഹത്തിന്റെ കൃത്യമായ പാസുകളും ഇന്റർസെപ്ഷനുകളും പന്ത് വീണ്ടെടുക്കലുകളും താരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഈ സ്ഥിരതയാണ് ലൂണയെയും സഹലിനെയും പോലുള്ള കളിക്കാർക്ക് ആക്രമണത്തിൽ സ്വാതന്ത്ര്യം നൽകിയത്.

സന്ദേശ് ജിങ്കൻ

കേരള ബ്ലാസ്റ്റേഴ്‌സ് വർത്തമാന കാലത്തിന് അടിത്തറ പാകിയ നെടുംതൂണായിരുന്നു സന്ദേശ് ജിങ്കൻ എന്ന ചണ്ഡിഗഡ്കാരൻ. ആറ് വർഷക്കാലം, അദ്ദേഹം ക്ലബ്ബിന്റെ നട്ടെല്ലായി പ്രതിരോധത്തിൽ നിലകൊണ്ടു. 2014-ലെ ആദ്യ സീസണിൽ ടീമിലെത്തിയ അദ്ദേഹം, തന്റെ നേതൃപാടവം, അഭിനിവേശം, പ്രതിരോധത്തിലെ മികവ് എന്നിവകൊണ്ട് ടീമിന്റെ പ്രധാന താരമായി.

അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് രണ്ട് തവണ ഐഎസ്എൽ ഫൈനലിലെത്തി. 2014-ലെ അരങ്ങേറ്റ സീസണിൽ എമർജിംഗ് പ്ലെയർ അവാർഡ് നേടിയ അദ്ദേഹം, ക്ലബ്ബിന്റെ പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്നു. 21-ാം വയസ്സിൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ താരം, തുടർന്ന് 76 ലീഗ് മത്സരങ്ങളിൽ ക്ലബ്ബിനായി ബൂട്ടണിഞ്ഞു.