ഫുട്ബോളിൽ ഇടംകാലൻകളിക്കാർക്ക് എപ്പോഴും ഒരു പ്രത്യേക ഭംഗിയും അപൂർവതയുമുണ്ട്. അവരുടെ നീക്കങ്ങൾ അസാധാരണവും, പാസുകളും ഷോട്ടുകളും കൂടുതൽ പ്രവചനാതീതവുമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ചരിത്രത്തിൽ അത്തരം ഒരുപിടി ഇടംകാലൻതാരങ്ങൾ തങ്ങളുടെ പേര് എഴുതിച്ചേർത്തിട്ടുണ്ട്.

കളിയുടെ ഗതി മാറ്റാനും, ഒന്നുമില്ലായ്മയിൽ നിന്ന് ഗോളവസരങ്ങൾ സൃഷ്ടിക്കാനും കഴിവുള്ള ഈ താരങ്ങൾ പലപ്പോഴും ടീമുകളുടെ വിജയശില്പികളായി മാറി. ആരാധകർക്ക് എക്കാലവും ഓർക്കാൻ കഴിയുന്ന നിമിഷങ്ങൾ സമ്മാനിച്ചവരാണിവർ. കളിച്ച മത്സരങ്ങളുടെയും നൽകിയ സംഭാവനകളുടെയും അടിസ്ഥാനത്തിൽ, ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിൽ തിളങ്ങിയ മികച്ച അഞ്ച് ഇടംകാലൻതാരങ്ങൾ ഇവരാണ്.

ദിമിത്രിയോസ് ഡയമന്റക്കോസ്

കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ആർത്തിരമ്പുന്ന മഞ്ഞക്കടലിനെ ദിമിത്രിയോസ് ഡയമന്റക്കോസിനെപ്പോലെ ആവേശത്തിലാഴ്ത്തിയ കളിക്കാർ ചുരുക്കമാണ്. ബ്ലാസ്റ്റേഴ്സ് ഏറെക്കാലമായി തിരഞ്ഞിരുന്ന ക്ലിനിക്കൽ ഫിനിഷറായിരുന്നു ഈ ഗ്രീക്ക് സ്ട്രൈക്കർ. വെറും രണ്ട് സീസണുകളിൽ, ടീമിനായി 38 കളികളിൽ നിന്ന് 23 ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം നേടി. കളത്തിൽ അദ്ദേഹത്തിന്റെ ബുദ്ധിപരമായ നീക്കങ്ങൾ പ്രതിരോധ നിരയെ ആശയക്കുഴപ്പത്തിലാക്കുകയും, സഹതാരങ്ങൾക്ക് ഇടം നൽകുകയും ചെയ്തു.

2022-ൽ ക്ലബ്ബിലെത്തിയ അദ്ദേഹം, തന്റെ ആദ്യ സീസണിൽ തന്നെ 12 ഗോളുകൾ നേടി. തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ബ്ലാസ്റ്റേഴ്സ് താരം എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. 2023-24 സീസണിൽ 13 ഗോളുകളുമായി ഐഎസ്എൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയ ഡയമന്റക്കോസ്, ബാർതലോമ്യു ഓഗ്‌ബെച്ചെയെ മറികടന്ന് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി.

ജെസ്സൽ കർണെയ്റോ

കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഇടംകാലൻതാരമാണ് ജെസ്സൽ കർണെയ്റോ. ക്ലബ്ബിന്റെ സ്ഥിരതയുടെയും നേതൃത്വത്തിന്റെയും പര്യായം. 2019-ൽ ക്ലബ്ബിലെത്തിയ ഈ ഗോവൻ ഡിഫൻഡർ, വളരെപ്പെട്ടെന്ന് ടീമിന്റെ പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകമായി മാറി. പ്രതിരോധത്തിൽ ശാന്ത സ്വഭാവക്കാരനായിരുന്ന അദ്ദേഹം, ആക്രമണത്തിലും മികച്ച സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ ഓവർലാപ്പിംഗ് റണ്ണുകളും കൃത്യതയാർന്ന ക്രോസുകളും ഇടതുവിങ്ങിൽ നിരന്തരം ഭീഷണി സൃഷ്ടിച്ചു.

2019-20ലെ തന്റെ അരങ്ങേറ്റ സീസണിൽ, നാല് അസിസ്റ്റുകൾ നൽകിയ അദ്ദേഹം, ആ സീസണിലെ എല്ലാ മിനിറ്റിലും കളത്തിലിറങ്ങിയ ഏക കളിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ നേതൃപാടവം തിരിച്ചറിഞ്ഞ ക്ലബ്ബ്, 2021-22 സീസണിൽ ജെസലിനെ ക്ലബ്ബിന്റെ നായകനാക്കി. ആ സീസണിന്റെ തുടക്കം മികച്ചതായിരുന്നെകിലും, തുടർന്നുണ്ടായ പരിക്ക് അവസാന ഘട്ടത്തിലെ മത്സരങ്ങളിൽ നിന്നും അദ്ദേഹത്തെ മാറ്റിനിർത്തി. ശേഷം അഡ്രിയാൻ ലൂണ ക്യാപ്റ്റൻസി ഏറ്റെടുക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ: കളിക്കളത്തിനപ്പുറം: സോഷ്യൽ മീഡിയയിൽ ഏറ്റവും സ്വാധീനമുള്ള 5 ഐഎസ്എൽ ക്ലബ്ബുകൾ

പ്രഭ്‌സുഖൻ ഗിൽ

ഒരു ബാക്കപ്പ് കീപ്പറിൽ നിന്ന് ക്ലബ്ബിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായും, ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾഡൻ ഗ്ലൗ ജേതാവായും മാറിയ താരമാണ് പ്രഭ്‌സുഖൻ ഗിൽ. 2021-22 സീസണിൽ ഒന്നാം നമ്പർ ഗോൾകീപ്പർ ആൽബിനോ ഗോമസിനേറ്റ പരിക്കാണ് പ്രഭ്സുഖൻ ഗില്ലിനു ഗോൾവല കാക്കാനുള്ള അവസരത്തിലേക്ക് നയിച്ചത്. ആ സീസണിൽ 7 ക്ലീൻ ഷീറ്റുകൾ നേടിയ അദ്ദേഹം, ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെ എത്തിക്കുകയും ഐഎസ്എൽ ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടുകയും ചെയ്തു. ആ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 70.83% സേവ് ശരാശരിയും അദ്ദേഹം കൈവരിച്ചു.

അദ്ദേഹത്തിന്റെ ഷോട്ട്-സ്റ്റോപ്പിംഗ് കഴിവുകൾക്കൊപ്പം, ഇടംങ്കാൽ കൊണ്ടുള്ള കൃത്യതയാർന്ന പാസുകളും ടീമിന്റെ കളി മെനയുന്നതിൽ പ്രധാന പങ്കുവഹിച്ചു. പ്രതിരോധത്തിൽ നിന്ന് ആക്രമണം തുടങ്ങാൻ സഹായിച്ച അദ്ദേഹത്തിന്റെ ശൈലി ബ്ലാസ്‌റ്റേഴ്‌സിനെ വളരെയധികം സഹായിച്ചു. ഗോൾകീപ്പിംഗിലെ സ്ഥിരതയില്ലായ്മയുടെ പേരിൽ വിമർശിക്കപ്പെട്ടിരുന്ന ഒരു ക്ലബ്ബിന് ഗില്ലിന്റെ ഉദയം ഒരു വഴിത്തിരിവായിരുന്നു.

ഹോസു കുറൈസ്

ചില കളിക്കാർ ഓർമ്മിക്കപ്പെടുന്നത് കണക്കുകൾ കൊണ്ടല്ല, അവർ സമ്മാനിക്കുന്ന നിമിഷങ്ങൾ കൊണ്ടുകൂടിയാണ്. ക്ലബ്ബിന്റെ ആദ്യകാലത്തെ സ്പാനിഷ് താരമായ ഹോസു കുറൈസ് എന്ന ആരാധകരുടെ 'ജോസുട്ടൻ' അത്തരത്തിലൊരാളാണ്. സാങ്കേതികമായി മികവുള്ള, പൊസിഷനിംഗിൽ തികവുള്ള ഹോസു, ലെഫ്റ്റ് ബാക്കായും മധ്യനിരയിലും ഒരുപോലെ തിളങ്ങി. രണ്ട് സീസണുകളിലായി 25 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും അഞ്ച് അസിസ്റ്റും നേടി ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനായി മാറി.

എങ്കിലും, 2015-ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ ഒരു ഗോളിലൂടെയാണ് അദ്ദേഹം ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചത്. ബോക്സിന് പുറത്തുനിന്ന് ലഭിച്ച പന്തിൽ നിന്ന് അദ്ദേഹം തൊടുത്ത മനോഹരമായ വോളി, ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഐക്കോണിക് ഗോളുകളിലൊന്നായി മാറി. കളത്തിലിറങ്ങുമ്പോഴെല്ലാം കാണികളിൽ ആവേശം നിറച്ച ഒരു ക്ലാസ് താരമായിരുന്നു ഹോസു.

ലാൽറുവാത്താര

2017-നും 2021-നും ഇടയിൽ ബ്ലാസ്റ്റേഴ്സിനായി 37 മത്സരങ്ങൾ കളിച്ച ലാൽറുവാത്താര, ക്ലബ്ബിന്റെ ഏറ്റവും വിശ്വസ്തനായ ഇടംകാലൻപ്രതിരോധ താരങ്ങളിൽ ഒരാളായിരുന്നു. 2017-ൽ ഐഎസ്എൽ പ്ലെയേഴ്സ് ഡ്രാഫ്റ്റിലൂടെ ക്ലബ്ബിലെത്തിയ ഈ മിസോറാം താരം, തന്റെ അരങ്ങേറ്റ ഐഎസ്എൽ സീസണിൽ തന്നെ ഏവരെയും ആകർഷിച്ചു. ആ സീസണിലെ മികച്ച പ്രകടനത്തെത്തുടർന്ന് ലീഗിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.

അദ്ദേഹത്തിന്റെ ഭയമില്ലാത്ത ശൈലിയും വിശ്രമമില്ലാത്ത നീക്കങ്ങളും ആ കാലഘട്ടത്തിൽ അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കി. വേഗത, പ്രതിരോധത്തിലെ കരുത്ത് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മികവുകൾ. പരിക്കുകൾ കാരണം ദീർഘകാലം ക്ലബ്ബിൽ തുടരാനായില്ലെങ്കിലും അദ്ദേഹം ചെലുത്തിയ സ്വാധീനം തള്ളിക്കളയാനാവില്ല.