കളിക്കളത്തിനപ്പുറം: സോഷ്യൽ മീഡിയയിൽ ഏറ്റവും സ്വാധീനമുള്ള 5 ഐഎസ്എൽ ക്ലബ്ബുകൾ
ഏറ്റവും വലുതും ആവേശം നിറഞ്ഞതുമായ ഡിജിറ്റൽ ആരാധക കൂട്ടായ്മകളെയാണ് ഈ ക്ലബ്ബുകൾ കെട്ടിപ്പടുത്തിരിക്കുന്നത്.

ഈ ലേഖനം ഇംഗ്ലീഷിലും ലഭ്യമാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഏഷ്യയിലെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഫുട്ബോൾ ലീഗുകളിലൊന്നായി വളർന്നിരിക്കുന്നു. നിറഞ്ഞു കവിയുന്ന സ്റ്റേഡിയങ്ങൾ മാത്രമല്ല, സജീവമായ ഡിജിറ്റൽ സമൂഹങ്ങളും ക്ലബ്ബുകളുടെ ഭാഗമാണ്. ഇന്നത്തെ കാലത്ത്, ഒരു ഫുട്ബോൾ ക്ലബ്ബിന്റെ വ്യാപ്തി കളിക്കളത്തിനപ്പുറം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിച്ചിരിക്കുന്നു.
ആരാധകരുടെ പ്രധാന വേദിയായി മാറിയിരിക്കുന്നു സോഷ്യൽ മീഡിയ. ചില ഐഎസ്എൽ ക്ലബ്ബുകൾക്ക് ആരാധകവൃന്ദം പാരമ്പര്യമായി ലഭിച്ചപ്പോൾ, മറ്റുചിലർ വിശ്വസ്തരായ ആരാധകരെ നേടിയെടുക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങൾ ഇപ്പോൾ കേവലം വാർത്തകൾ അറിയാനുള്ള ഇടങ്ങൾക്കപ്പുറം , ആരാധകർക്ക് തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്ന വെർച്വൽ സ്റ്റേഡിയങ്ങളായും മാറിയിരിക്കുന്നു.
2025 സെപ്റ്റംബർ 6-ലെ കണക്കനുസരിച്ച്, എക്സ് (X), ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലെ ഫോളോവേഴ്‌സിന്റെ എണ്ണം ഞങ്ങൾ കണക്കാക്കി. അതനുസരിച്ച്, സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ സ്വാധീനമുള്ള അഞ്ച് ഐഎസ്എൽ ക്ലബ്ബുകൾ ഇവയാണ്.
1) കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി
എക്സ് (X): 2M, ഇൻസ്റ്റാഗ്രാം: 3.8M, ഫേസ്ബുക്ക്: 1.3M ആകെ: 7.1M (71 ലക്ഷം)
സമാനതകളില്ലാത്ത ഡിജിറ്റൽ സാമ്രാജ്യം കെട്ടിപ്പടുത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ഏഷ്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ്. ഈ കണക്കുകൾ ആരാധകരുടെ എണ്ണം മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ചെലുത്തുന്ന സ്വാധീനത്തിന്റെ ആഴം കൂടിയാണ് കാണിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരാധകരുടെ വികാരങ്ങളുടെയും അഭിമാനത്തിന്റെയും വേദിയാണ്. ഒരു പുതിയ കളിക്കാരനോ പരിശീലകനോ ടീമിലെത്തുമ്പോൾ, അവരുടെ വ്യക്തിഗത സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ എണ്ണം തൽക്ഷണം ഉയരുന്നത് ഇതിന് തെളിവാണ്.
എല്ലാ പ്ലാറ്റ്‌ഫോമുകളിലും ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം, തങ്ങളുടെ വിശ്വസ്തരായ ആരാധകരെ ഊർജ്ജസ്വലമായ ഒരു ഓൺലൈൻ സമൂഹമാക്കി മാറ്റാൻ ക്ലബ്ബിന് കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നു.
2) മോഹൻ ബഗാൻ സൂപ്പർ ജയന്റ്
എക്സ് (X): 526K, ഇൻസ്റ്റാഗ്രാം: 845K, ഫേസ്ബുക്ക്: 1.3M. ആകെ: 2.67M (26.7 ലക്ഷം)
ചരിത്രത്തിലും പാരമ്പര്യത്തിലും ഊന്നിയ ഒരു ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, തങ്ങളുടെ പൈതൃകത്തെ ഒരു വലിയ ഓൺലൈൻ ആരാധകവൃന്ദമാക്കി മാറ്റുന്നതിൽ വിജയിച്ചിട്ടുണ്ട്. രണ്ട് ഐഎസ്എൽ കപ്പുകളും രണ്ട് ലീഗ് ഷീൽഡുകളുമായി ലീഗിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ അവർ, ഓൺലൈൻ ആരാധക സംസ്കാരത്തിന്റെ കാര്യത്തിൽ ഏറ്റവും സ്വാധീനമുള്ള ക്ലബ്ബുകളിലൊന്ന് കൂടിയാണ്.
സോഷ്യൽ മീഡിയ സംസ്കാരം രൂപപ്പെടുന്നതിന് വളരെ മുമ്പുതന്നെ യുവാക്കളുമായി സംവദിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും അവർക്കുണ്ട്. പിന്തുടരുന്നവരുടെ എണ്ണം കേരള ബ്ലാസ്റ്റേഴ്സിനോട് കിടപിടിക്കുന്നില്ലെങ്കിലും, അവരുടെ സ്വാധീനം പാരമ്പര്യത്തിലും സംസ്കാരത്തിലും ആഴത്തിൽ വേരൂന്നിയതാണ്.
3) ചെന്നൈയിൻ എഫ്‌സി
എക്സ് (X): 867.7K, ഇൻസ്റ്റാഗ്രാം: 446K, ഫേസ്ബുക്ക്: 503K. ആകെ: 1.82M (18.2 ലക്ഷം)
രണ്ട് തവണ കപ്പ് ഉയർത്തിയ ചെന്നൈയിൻ എഫ്‌സി, ഐഎസ്എല്ലിലെ വിജയകരമായ ക്ലബ്ബുകളിലൊന്നാണ്. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലുടനീളം കനത്ത സാന്നിധ്യമുള്ള ക്ലബാണവർ. സ്റ്റേഡിയത്തിലെന്നപോലെ ഓൺലൈനിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന, ലീഗിലെ ഏറ്റവും ആവേശഭരിതരായ ആരാധകർ അവർക്കൊപ്പമുണ്ട്.
ചെന്നൈയിൻ എഫ്‌സിയുടെ എക്സ് അക്കൗണ്ട് ഐഎസ്എല്ലിലെ ഏറ്റവും സജീവമായ ഒന്നാണ്. ഫുട്ബോൾ സ്നേഹിക്കുന്ന സമൂഹത്തെ എപ്പോഴും ആഘോഷിക്കുന്നതാണ്, ക്ലബ്ബ് ആരാധകരുമായി ഇത്രയധികം ബന്ധം സ്ഥാപിക്കാൻ പ്രധാന കാരണം.
4) ഈസ്റ്റ് ബംഗാൾ എഫ്‌സി
എക്സ് (X): 284.7K, ഇൻസ്റ്റാഗ്രാം: 225K, ഫേസ്ബുക്ക്: 1.3M. ആകെ: 1.81M (18.1 ലക്ഷം)
2020-ൽ ഐഎസ്എല്ലിന്റെ ഭാഗമായതിന് ശേഷം, ഈസ്റ്റ് ബംഗാൾ എഫ്‌സി തങ്ങളുടെ നൂറ്റാണ്ടിലേറെ പഴക്കമുള്ള ആവേശം ഡിജിറ്റൽ യുഗത്തിലേക്ക് വളരെ വേഗം മാറ്റി. ഗാലറികളിൽ ഏറ്റവുമധികം ശബ്ദമുയർത്തുന്നവരിൽപ്പെടുന്നു അവരുടെ ആരാധകർ, ടീം ജയിക്കുമ്പോൾ ആ ശബ്ദം ഓൺലൈനിലും പൊട്ടിത്തെറിക്കുന്നു.
ഫേസ്ബുക്കിലെ ആധിപത്യമാണ് ഈസ്റ്റ് ബംഗാളിന്റെ ശക്തി. അവിടെ അവർ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോടും കേരള ബ്ലാസ്റ്റേഴ്സിനോടും കിടപിടിക്കുന്നു. അവരുടെ ഫോളോവർമാർക്ക് സോഷ്യൽ മീഡിയ എന്നത് ടീമിനെ പിന്തുണയ്ക്കുന്നതിലുപരി, എല്ലാ ദിവസവും ക്ലബ്ബിന്റെ ഭാഗമാകാൻ കൂടിയുള്ളതാണ്. അവരുടെ ഔദ്യോഗിക ഹാൻഡിലുകൾ ഈ ഊർജ്ജം പകർത്തുന്നു.
5) ബെംഗളൂരു എഫ്‌സി
എക്സ് (X): 322.2K, ഇൻസ്റ്റാഗ്രാം: 599K, ഫേസ്ബുക്ക്: 461K. ആകെ: 1.38M (13.8 ലക്ഷം)
അഞ്ചാം സ്ഥാനത്ത് ബെംഗളൂരു എഫ്‌സിയാണ്. മൂന്ന് പ്ലാറ്റ്‌ഫോമുകളിലുമായി 1.30 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള എഫ്‌സി ഗോവയെ അവർ നേരിയ വ്യത്യാസത്തിൽ പിന്തള്ളിയാണ് അഞ്ചാമതെത്തിയത്. പ്രൊഫഷണലിസത്തിനും സ്ഥിരതയ്ക്കും പേരുകേട്ട ബെംഗളൂരു എഫ്‌സിയുടെ സോഷ്യൽ മീഡിയ സാന്നിധ്യം ആ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു. സുനിൽ ഛേത്രി, ഗുർപ്രീത് സിംഗ് സന്ധു, രാഹുൽ ഭേക്കെ തുടങ്ങിയ ഇന്ത്യൻ ഫുട്ബോളിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം അവർക്ക് വലിയ ശ്രദ്ധ നൽകുന്നു. എന്നാൽ അവരെ വ്യത്യസ്തരാക്കുന്നത് അവരുടെ ഉള്ളടക്ക ശൈലിയാണ്.
ആകർഷകമായ ഗ്രാഫിക്സുകളും, ഗ്രാസ്റൂട്ട് തലത്തിലുള്ള ഫുട്ബോൾ, യുവ ടീമുകൾ, ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ എന്നിവയെ ശ്രദ്ധാകേന്ദ്രത്തിൽ നിർത്തുന്ന രീതിയും ആരാധകർക്ക് ഏറെ ഇഷ്ടമാണ്.
ഫുട്ബോളിനുമപ്പുറം നിലകൊള്ളാനും ബ്ലൂസ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നു. സാമൂഹിക വിഷയങ്ങളെയും, ക്യാമ്പയിനുകളെയും, സാമൂഹിക സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിൽ അവർ ഒരിക്കലും മടി കാണിച്ചിട്ടില്ല. ഇത് അവരെ ഓൺലൈനിൽ ഏറ്റവും കൂടുതൽ ശബ്ദമുയർത്തുന്ന ക്ലബ്ബുകളിലൊന്നാക്കി മാറ്റുന്നു.