ആരാധകരുടെ ആരവം നിറഞ്ഞുനിൽക്കുന്ന, മഞ്ഞക്കടലെന്ന വിസ്മയം ഉദിക്കുന്ന ഇന്ത്യൻ ഫുട്ബോളിന്റെ ഹൃദയഭൂമിയിൽ, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഒരു ഫുട്ബോൾ ക്ലബ്ബ് എന്നതിലുപരി സാംസ്കാരികമായ ചിഹ്നമാണ്. ക്ലബ്ബിന്റെ സ്വത്വത്തിൽ, മഞ്ഞ കുപ്പായത്തിന്റെ ഓരോ ഇഴയിലും, യുവതാരങ്ങളിലുള്ള അഗാധമായ വിശ്വാസം നെയ്തെടുത്തിട്ടുണ്ട്. വർഷങ്ങളായി, കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പരിചയസമ്പന്നരായ കളിക്കാർക്ക് മാത്രമല്ല, പ്രൊഫഷണൽ ഫുട്ബോളിലേക്ക് അരങ്ങേറ്റം കുറിക്കുന്ന യുവപ്രതിഭകൾക്കും കളമൊരുക്കിയിട്ടുണ്ട്.

ഐഎസ്എൽ പോലെ കടുത്ത സമ്മർദ്ദമേറിയ ഒരു വേദിയിൽ യുവതാരങ്ങളെ കളത്തിലിറക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എന്നും മുന്നിൽ നിന്നിട്ടുണ്ട്. ലീഗിൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡ് ഏറ്റവുമധികം നേടിയത് ഈ കൊച്ചി ക്ലബ്ബിൽ നിന്നുള്ള താരങ്ങളാണ് - മൂന്ന് തവണ. യൂത്ത് ഡെവലപ്പമെന്റിൽ എന്നും ശ്രദ്ധ ചെലുത്തുന്ന ക്ലബ്ബിൽ നിന്നും ഒരുപിടി താരങ്ങൾ പിന്നീട് ദേശീയ ടീമിന്റെ വാതിലുകൾ കടന്ന് സഞ്ചരിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിൽ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ പത്ത് കളിക്കാരെ പരിചയപ്പെടാം.

കോറോ സിങ് തിങ്കുജം

അരങ്ങേറ്റം: 06-04-2024 vsനോർത്ത് ഈസ്റ്റ് യുണൈറ്റഡ് (വയസ്സ്: 17y 125d)

ഐഎസ്എല്ലിൽ അരങ്ങേറുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് കോറോ സിങ്ങിന്റെ പേരിലാണ്. മണിപ്പൂരിലെ ഒരു കർഷക കുടുംബത്തിൽ നിന്ന് വരുന്ന കോറോ, അണ്ടർ 17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷമാണ് 2023-ൽ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലെത്തുന്നത്. 2024 ഏപ്രിൽ ആറിന് 17 വയസ്സും 125 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ പകരക്കാരനായി ഇറങ്ങി കോറോ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്.

നവംബർ 7-ന്ഹൈദരാബാദിനെതിരായ മത്സരത്തിൽ, ക്ലബ്ബിനായി തന്റെ ആദ്യ അസിസ്റ്റ് നൽകിയ കോറോ, ഐഎസ്എല്ലിൽ അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും സ്വന്തമാക്കി. 2025 ജനുവരി 30-ന്ചെന്നൈയിൻ എഫ്‌സിക്കെതിരെ തന്റെ ആദ്യ ഗോൾ നേടി. ഇതോടെ, 18 വയസ്സും 58 ദിവസവും പ്രായമുള്ളപ്പോൾ ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായും, ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോൾ സ്കോററായും അദ്ദേഹം മാറി. മാർച്ച് 1-ന്ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ താരം സീസണിലെ തന്റെ രണ്ടാം ഗോളും നേടി. 17 മത്സരങ്ങളിൽ നിന്നും രണ്ട് ഗോളും നാല് അസിസ്റ്റുമായാണ് താരം 2024-25 സീസൺ അവസാനിപ്പിച്ചത്.

ധീരജ് സിങ് മൊയ്‌രങ്‌തം

അരങ്ങേറ്റം: 29-09-2018 vs എടികെ എഫ്‌സി (വയസ്സ്: 18y 187d)

2017-ലെ ഫിഫ അണ്ടർ 17 ലോകകപ്പിലെ ഇന്ത്യൻ ടീം അംഗമായ, ധീരജ് സിങിന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിനെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. അന്നത്തെ പരിശീലകൻ ഡേവിഡ് ജെയിംസിന്റെ കീഴിൽ ക്ലബ്ബിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന താരം, 2018 സെപ്റ്റംബർ 29-ന് എടികെ എഫ്‌സിയ്ക്ക് എതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ 18 വയസും 87 ദിവസവും മാത്രം പ്രായമുള്ളപ്പോൾ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ചു.

ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. ടീമിനായി താരം ആദ്യ ക്ലീൻ ഷീറ്റും നേടി. ക്ലബ്ബിനായി 13 ലീഗ് മത്സരങ്ങളിൽ ഗ്ലോവ്സ് അണിഞ്ഞ താരം വളരെ ചെറുപ്രായത്തിൽ നടത്തിയ അത്ഭുതകരമായ സേവുകൾ കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ആ സീസണിന് ശേഷം താരം എടികെയിലേക്ക് ചേക്കേറി. ശേഷംഎഫ്‌സി ഗോവയിലേക്കും. നിലവിൽമോഹൻ ബഗാൻ സൂപ്പർ ജയന്റ് ടീമിന്റെ ഭാഗമാണ്.

ജീക്സൺ സിങ് തൗനോജം

അരങ്ങേറ്റം: 20-10-2019 vs എടികെ എഫ്‌സി (വയസ്സ്: 18y 121d)

അണ്ടർ 17 ലോകകപ്പ് ടീമിന്റെ വന്മതിൽ ധീരജ് സിങ്ങായിരുന്നെങ്കിൽ, ടൂർണമെന്റിൽ ഇന്ത്യൻ ഫുട്ബോളിന്റെ പെരുമ ഉയർത്തിയ താരമായിരുന്നു ജീക്സൺ സിങ്. ഫിഫ ലോകകപ്പിൽ ഇന്ത്യയുടെ ഏക ഗോൾ നേടിയ കളിക്കാരൻ എന്ന നേട്ടവുമായി താരം ചരിത്രത്തിന്റെ താളുകൾ സ്വയം എഴുതിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് നിരയുടെ ഭാഗമായിരുന്ന താരത്തിന് 2019-20 ഐഎസ്എൽ സീസണിൽ, പുതുതായി നിയമിതനായ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷറ്റോരിയാണ് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകിയത്. 2019 ഒക്ടോബർ 20-ന് എടികെ എഫ്‌സിയ്ക്ക് എതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ തന്നെ അദ്ദേഹം ആദ്യ ഇലവനിൽ ഇടംപിടിച്ചു. മത്സരത്തിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും നേടി.

ആ അരങ്ങേറ്റത്തിന് ശേഷം, ജീക്സൺ ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഒരു അവിഭാജ്യ ഘടകമായി മാറി, മധ്യനിരയുടെ നെടുംതൂണായി വളർന്നു. എതിരാളികളുടെ ആക്രമണങ്ങളെ തകർക്കുകയും, സ്വന്തം ടീമിന്റെ മുന്നേറ്റങ്ങൾക്ക് തുടക്കമിടുകയും ചെയ്യുന്ന ഒരു കളിക്കാരൻ. ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് പോളിസിയുടെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നാണ് ജീക്സൺ. അഞ്ച് വർഷങ്ങൾക്ക് ശേഷം 2024-25 സീസണിന് മുന്നോടിയായി ജീക്സൺ കൊൽക്കത്തൻ ക്ലബായഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി.

മുഹമ്മദ് റാക്കിപ്പ്

അരങ്ങേറ്റം: 29-09-2018 vs എടികെ എഫ്‌സി (വയസ്സ്: 18y 138d)

ധീരജ് സിങ്ങിനൊപ്പം അതേ മത്സരത്തിൽ അരങ്ങേറിയ മറ്റൊരു യുവതാരമായിരുന്നു മുഹമ്മദ് റാക്കിപ്പ്. റിസർവ് നിരയിൽ നിന്നും സ്ഥാനക്കയറ്റം നേടിയെത്തിയ താരം, 2019-20 സീസണിൽ ബ്ലാസ്റ്റേഴ്സിനായി ആകെ 15 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. റൈറ്റ് ബാക്കായി കളിച്ച റാക്കിപ്പിന്റെ പ്രതിരോധത്തിലെ പ്രകടനം, ഒരു മികച്ച ഐഎസ്എൽ കരിയറിന് തുടക്കം കുറിച്ചു.

തുടർന്ന് ഒരു സീസൺ കൂടി ക്ലബ്ബിനായി കളിച്ച അദ്ദേഹം, ടീമിലെ ഒരു സ്ഥിരം സാന്നിധ്യവും പ്രതിരോധത്തിലെ വിശ്വസ്തനുമായി മാറി. 2020-ൽ റാക്കിപ്പ്മുംബൈ സിറ്റി എഫ്‌സിയുമായി കരാറിലെത്തി. നിലവിൽഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ താരമാണ്.

ഗിവ്സൺ സിങ് മൊയ്‌രങ്‌തം

അരങ്ങേറ്റം: 02-01-2021 vs മുംബൈ സിറ്റി എഫ്‌സി (വയസ്സ്: 18y 211d)

2021 ജനുവരി 2-ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ 86-ാം മിനിറ്റിൽ വിസെന്റെ ഗോമസിന് പകരക്കാരനായി ഇറങ്ങിയാണ് 18 വയസും 211 ദിവസവും മാത്രം പ്രായമുണ്ടായിരുന്ന ഗിവ്‌സൺ സിങ് ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ചത്. ആ സീസണിൽ ആകെ മൂന്ന് മത്സരങ്ങളിൽ അദ്ദേഹം ബൂട്ടണിഞ്ഞു.

പ്രതിരോധപ്പൂട്ടുകൾ തകർക്കാനും മധ്യനിരയിൽ നിന്ന് കളിയുടെ ഗതി നിയന്ത്രിക്കാനും കഴിവുള്ള ഒരു കളിക്കാരനായാണ് ഗിവ്സൺ കണക്കാക്കപ്പെട്ടത്. അവസരങ്ങൾ കുറവായിരുന്നെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തന്റെ സാങ്കേതിക മികവ് അദ്ദേഹം പ്രകടിപ്പിച്ചു. 2024-25 സീസണിന് മുന്നോടിയായി ഗിവ്‌സൺ മഞ്ഞക്കുപ്പായം അഴിച്ചുവെച്ച്ഒഡീഷ എഫ്‌സിയിലേക്ക് നീങ്ങി.

വിനിത് റായ്

അരങ്ങേറ്റം: 01-10-2016 vsനോർത്ത് ഈസ്റ്റ് യുണൈറ്റഡ് (വയസ്സ്: 18y 326d)

2018 -19 വർഷങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിലെ സാന്നിധ്യവും ഐഎസ്എല്ലിൽ 115 മത്സരങ്ങൾ കളിച്ചിട്ടുള്ള വിനിത് റായിയുടെ ഐഎസ്എൽ അരങ്ങേറ്റം കേരള ബ്ലാസ്റ്റേഴ്സിലൂടെയായിരുന്നു. 2016 സീസണിൽ 19-ാം ജന്മദിനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, 2016 ഒക്ടോബർ 1-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ഈ സെൻട്രൽ മിഡ്ഫീൽഡർ ബ്ലാസ്റ്റേഴ്സിനായി ആദ്യമായി കളത്തിലിറങ്ങിയത്.

ആ സീസണിൽ ഫൈനലിലെത്തിയ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം രണ്ട് മത്സരങ്ങളിൽ മാത്രമേ ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ചിട്ടുള്ളു. ആ തുടക്കം അദ്ദേഹത്തിന്റെ കരിയറിന് ശക്തമായ ഒരു അടിത്തറ നൽകി. 2017-ൽ ഡൽഹി ഡയനാമോസിലേക്കും അതിനുശേഷംഒഡീഷ എഫ്‌സിയിലേക്കും ചേക്കേറി. കലിംഗൻ ക്ലബ്ബിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു അദ്ദേഹം. തുടർന്ന് മുംബൈ സിറ്റിയിലേക്ക് മാറിയ വിനിത് നിലവിൽപഞ്ചാബ് എഫ്‌സിയിലാണ്.

ദീപേന്ദ്ര സിങ് നേഗി

അരങ്ങേറ്റം: 27-01-2018 vs ഡൽഹി ഡയനാമോസ് (വയസ്സ്: 19y 68d)

ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ അരങ്ങേറ്റം ഒരുപക്ഷേ ദീപേന്ദ്ര സിങ് നേഗിയുടേതായിരിക്കും. 19 വയസും 68 ദിവസവും മാത്രം പ്രായമുള്ളപ്പോൾ 2018 ജനുവരി 27-ന്, ഡൽഹി ഡൈനാമോസിനെതിരെ ടീം പിന്നിൽ നിൽക്കുമ്പോൾ, പകരക്കാരനായാണ് നേഗി കളത്തിലിറങ്ങിയത്. പിന്നീട് നടന്നത് സ്വപ്നതുല്യമായ ഒരു പ്രകടനം.

കളത്തിലിറങ്ങി മിനിറ്റുകൾക്കുള്ളിൽ നേഗി സമനില ഗോൾ നേടി, അതോടെ കളിയുടെ ഗതി മാറി. തുടർന്ന്, വിജയഗോളിന് വഴിയൊരുക്കിയ ഒരു പെനാൽറ്റി നേടിക്കൊടുത്തുകൊണ്ട്, ആ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കിയാണ് ലീഗിന്റെ ചരിത്രത്തിലെ ഒരു യുവതാരത്തിന്റെ ഏറ്റവും മികച്ച അരങ്ങേറ്റ പ്രകടനങ്ങളിലൊന്ന് അദ്ദേഹം കാഴ്ചവെച്ചത്. എന്നാൽ, ശേഷം രണ്ട് മത്സരങ്ങൾ മാത്രമാണ് താരത്തിന് ഐഎസ്എല്ലിൽ കളിക്കാൻ സാധിച്ചത്. പരിക്കുകൾ അദ്ദേഹത്തിന്റെ കരിയറിന് തടസ്സമായെങ്കിലും, ആ 19-കാരന്റെ ആദ്യ പ്രകടനം ക്ലബ്ബിന്റെ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടും.

രാഹുൽ കെപി

അരങ്ങേറ്റം: 24-10-2019 vsമുംബൈ സിറ്റി എഫ്‌സി (വയസ്സ്: 19y 222d)

മലയാളികളുടെ സ്വന്തം താരമെന്ന സ്നേഹം വാങ്ങിയെടുത്ത തൃശൂരുകാരൻ രാഹുൽ കെപി 2019 ഒക്ടോബർ 24-ന് മുംബൈ സിറ്റിക്കെതിരെ പകരക്കാരനായി ഇറങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ചത്. നവംബർ 22-ന് ഹൈദരാബാദിനെതിരെ സഹലിന്റെ അസിസ്റ്റിൽ നിന്ന് തന്റെ ആദ്യ ഗോൾ നേടിയ രാഹുൽ, ദീപേന്ദ്ര നേഗിക്ക് ശേഷം ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോൾ സ്കോററായി മാറി. അവിടെ ഒരു പുതുതാരം പിറന്നു വീണു.

അഞ്ച് വർഷത്തിലേറെ നീണ്ട സേവനത്തിനൊടുവിൽ, 2025-ലെ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ രാഹുൽ ബ്ലാസ്റ്റേഴ്സ് വിടുമ്പോൾ ആറ് സീസണുകളിലായി 81 മത്സരങ്ങളിലാണ് ബൂട്ടണിഞ്ഞത്. അവയിൽ നിന്നും എട്ട് ഗോളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കി. ക്ലബ്ബ് വിടുമ്പോൾ,സഹൽ അബ്ദുൾ സമദിന് പിന്നിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരമായിരുന്നു ഈ മലയാളി.

സോം കുമാർ

അരങ്ങേറ്റം: 20-10-2024 vsമുഹമ്മദൻ എസ്‌സി (വയസ്സ്: 19y 236d)

യുവ ഗോൾകീപ്പർമാർക്ക് അവസരം നൽകുന്ന ക്ലബ്ബിന്റെ പാരമ്പര്യം തുടർന്നുകൊണ്ടാണ് സോം കുമാർ തന്റെ 19-ാം വയസ്സിൽ അരങ്ങേറിയത്. 2024 ഒക്ടോബർ 20-ന് മുഹമ്മദൻ സ്പോർട്ടിംഗിനെതിരെ 2-1ന് വിജയിച്ച മത്സരത്തിൽ സോം തന്റെ ഐഎസ്എൽ അരങ്ങേറ്റം കുറിച്ചു. മഞ്ഞക്കുപ്പായത്തിൽ നാല് മത്സരങ്ങൾ മാത്രം കളിച്ച താരം ജനുവരി ജാലകത്തിൽ ക്ലബ്ബിന്റെ പടിയിറങ്ങി.

സൂരജ് റാവത്ത്

അരങ്ങേറ്റം: 07-12-2018 vs പൂനെ സിറ്റി എഫ്‌സി (വയസ്സ്: 19y 267d)

റിസർവ് ടീമിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷമാണ് സിക്കിം സ്വദേശിയായ സൂരജ് റാവത്തിന് സീനിയർ ടീമിൽ അവസരം ലഭിക്കുന്നത്. അവസരങ്ങൾ കുറവായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ സാങ്കേതിക മികവ് ശ്രദ്ധിക്കപ്പെട്ടു.

2018 ഡിസംബർ 7-ന് പൂനെ സിറ്റിക്കെതിരായ മത്സരത്തിലാണ് വിവിധ റോളുകളിൽ കളിക്കാൻ കഴിവുള്ള ഈ മധ്യനിര താരം തന്റെ പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിന്റെ 89-ാം മിനിറ്റിൽഹാലിചരൺ നർസാരിക്ക് പകരക്കാരനായാണ് അദ്ദേഹം കളത്തിലിറങ്ങിയത്. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 0-1ന് പരാജയപ്പെട്ടു.