കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും മത്സരങ്ങളിൽ ബൂട്ടണിഞ്ഞവരിവർ!
യെല്ലോ ആർമിക്കായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഫുട്ബോൾ താരങ്ങളെ പരിചയപ്പെടാം.

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കഴിഞ്ഞ പതിനൊന്ന് സീസണുകളിലായി ഒട്ടനവധി ഫുട്ബോൾ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായമണിഞ്ഞിട്ടുണ്ട്. ചിലർ ഒരു സീസൺ മാത്രം കളിച്ച് നിന്ന് വിടപറഞ്ഞപ്പോൾ, മറ്റ് ചിലർ നീണ്ട കാലം സ്ഥിരതയോടെ പന്ത് തട്ടിയിട്ടുമുണ്ട്.
ക്ലബ്ബിനായി കളിച്ച സീസണുകളുടെ എണ്ണവും, കളിച്ച മത്സരങ്ങളും മാനദണ്ഡമാക്കി, യെല്ലോ ആർമിക്കായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടണിയുകയും ക്ലബ്ബിന്റെ ചരിത്രത്തിൽ തങ്ങളുടെ പേര് കൊത്തിവെക്കുകയും ചെയ്ത വിശ്വസ്തരായിരുന്ന പത്ത് ഫുട്ബോൾ താരങ്ങളെ പരിചയപ്പെടാം.

കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് കണ്ണൂരുകാരനായ മധ്യനിര താരത്തിന്റെ പേരിലാണ്. ആറ് സീസണുകളിലായി താരം ക്ലബ്ബിനായി കളിച്ചത് 92 മത്സരങ്ങൾ. 2022 നവംബറിൽ തന്റെ 77-ാം ഐഎസ്എൽ മത്സരം കളിച്ചുകൊണ്ട് അദ്ദേഹം സന്ദേശ് ജിങ്കനെ മറികടന്നു. നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരായ ആ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി താരം ടീമിലെ തന്റെ സ്ഥാനം ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചു.
കാണികളെ ഹരംകൊള്ളിക്കുന്ന മനോഹരമായ ഡ്രിബ്ലിങ്ങും മധ്യനിരയിൽ കളിമെനയാനുള്ള തന്ത്രങ്ങളും സഹലിനെ ടീമിന്റെ "പോസ്റ്റർ ബോയ്" ആക്കി മാറ്റി. ആറ് സീസണുകളിലായി 10 ഗോളുകളും 8 അസിസ്റ്റുകളും നേടിയ അദ്ദേഹത്തിന്റെ ബ്ലാസ്റ്റേഴ്സിലെ സ്വാധീനം കണക്കുകൾക്കും അപ്പുറമായിരുന്നു. 2023-24 സീസണിന് മുന്നോടിയായി താരം മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്ക് ചേക്കേറി.

2017-ലെ ഫിഫ അണ്ടർ 17 ലോകകപ്പ് ടീമിൽ നിന്ന് ഉയർന്നുവന്ന രാഹുലിന്റെ കൊച്ചിയിലെ കരിയർ, മിന്നുന്ന പ്രകടനങ്ങളുടെയും അപ്രതീക്ഷിത പരിക്കുകളുടെയും നീണ്ട നിര കണ്ട ഒരു യാത്രയായിരുന്നു. എങ്കിലും, നിർണായക സമയത്ത് ഗോളുകൾ നേടി മത്സരങ്ങളുടെ ഗതി തിരിക്കാനുള്ള കഴിവ് അദ്ദേഹത്തെ എന്നും വേറിട്ടുനിർത്തി.
ആറ് സീസണുകളിലായി 81 മത്സരങ്ങളിലാണ് ഈ യുവതാരം ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞത്. അവയിൽ നിന്നും എട്ട് ഗോളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കി. 2024 - 25 സീസണിനിടയിലെ ശൈത്യകാല ട്രാൻസ്ഫെർജാലകത്തിൽ സെർജിയോ ലോബേറയുടെ ഒഡീഷ എഫ്‌സിയിലേക്ക് രാഹുൽ ചേക്കേറി.

ആറ് സീസണുകൾ. 61 മത്സരങ്ങൾ. പരിശീലകരും സഹതാരങ്ങളും പലകുറി മാറിയെങ്കിലും 2016 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിലെ പതിവ് മുഖമായിരുന്നു കോഴിക്കോടുകാരൻ പ്രശാന്ത്.
ആദ്യ സീസണിൽ ബെഞ്ചിൽ ഇടം നേടിയെങ്കിലും കളത്തിൽ ഇറങ്ങിയില്ല. തുടർന്ന് അടുത്ത അഞ്ച് വർഷത്തോളം കേരള ബ്ലാസ്റ്റേഴ്സിനായി ഐഎസ്എല്ലിൽ ബൂട്ടണിഞ്ഞു. ടീമിനായി ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്.
2021-22 സീസണിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി വഴിപിരിഞ്ഞ താരം ചെന്നൈയിൻ എഫ്‌സിയിലേക്ക് ചേക്കേറി. രണ്ട് സീസൺ അവിടെ കളിച്ച വിങ്ങർ, ഒരു ഗോളും ഒരു അസിസ്റ്റും തന്റെ പേരിൽ രേഖപ്പെടുത്തി.

ഇന്ത്യയുടെ ഏക ഫിഫ അണ്ടർ 17 ലോകകപ്പ് ഗോൾ സ്കോറർ, വളരെ വേഗം ബ്ലാസ്റ്റേഴ്സിന്റെ "മധ്യനിരയിലെ ജനറലായി" മാറി. മഞ്ഞക്കുപ്പായത്തിൽ അഞ്ച് സീസണുകൾ പൂർത്തിയാക്കിയ ശേഷമാണ് 2024-ൽ താരം ഈസ്റ്റ് ബംഗാളിലേക്ക് മാറിയത്.
76 ഐഎസ്എൽ മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ജീക്സൺ, 2021-22, 2022-23 സീസണുകളിൽ ഏറ്റവുമധികം ഇന്റർസെപ്ഷനുകൾ നടത്തുന്ന മധ്യനിര താരമായി മാറിയിരുന്നു. ക്ലബ്ബിനായി രണ്ടു ഗോളും രണ്ടു അസിസ്റ്റും നേടിയിട്ടുണ്ട്.

"കൊമ്പന്മാരുടെ വന്മതിൽ" ഇല്ലാതെ ബ്ലാസ്റ്റേഴ്സ് ഐക്കണുകളുടെ ഒരു പട്ടികയും പൂർത്തിയാവില്ല. 2014 മുതൽ 2020 വരെയുള്ള ആറ് വർഷത്തെ കരിയറിൽ രണ്ട് ഐഎസ്എൽ ഫൈനലുകൾ കളിച്ച ജിങ്കൻ, ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ ഉരുക്കുകോട്ടയും കളിക്കളത്തിലെ നേതാവുമായിരുന്നു. 2014 ൽ 21-ാം വയസിൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ താരം , തുടർന്ന് 76 ലീഗ് മത്സരങ്ങളിൽ ക്ലബ്ബിനായി ആദ്യ ഇലവനിൽ ഇറങ്ങി.
അഞ്ച് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച ജിങ്കന്റെ കരിയറിലെ ഏറ്റവും വലിയ കൂടുമാറ്റമായിരുന്നു 2020-ൽ വൈരികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്കുള്ള നീക്കം.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ നിശബ്ദനായി പോരാളിയാണ് സന്ദീപ് സിങ്. 2020-ന്റെ മധ്യത്തിൽ ടീമിലെത്തിയ ഈ മണിപ്പൂർ ഡിഫൻഡർ, അഞ്ച് സീസണുകൾ കൊണ്ട് പ്രതിരോധത്തിലെ "മിസ്റ്റർ വേർസറ്റൈൽ" ആയി മാറി. റൈറ്റ് ബാക്കിലും സെന്റർ ബൈക്കിലും, താരം സ്ഥിരതയോടെ തന്റെ കർത്തവ്യം നിർവഹിച്ചു.
കളിയെ മനസ്സിലാക്കാനും, ക്ലീൻ ടാക്കിളുകൾ നടത്താനും, അച്ചടക്കത്തോടെ നീങ്ങാനുമുള്ള അദ്ദേഹത്തിന്റെ കഴിവ്, പരിശീലകരുടെ പ്രിയങ്കരനാക്കി മാറ്റി. നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒരു സ്ക്വാഡിൽ സന്ദീപിന്റെ കൂറും പ്രൊഫഷണലിസവും വേറിട്ടുനിന്നു. വ്യക്തിപരമായ നേട്ടങ്ങളെക്കാൾ ടീമിന്റെ ആവശ്യങ്ങൾക്ക് മുൻഗണന നൽകിയതിലൂടെ, അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ അവിഭാജ്യ ഘടകമായി.

2021-ലെ അഡ്രിയാൻ ലൂണയുടെ വരവ് കേരള ബ്ലാസ്റ്റേഴ്സിന് ഒരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു. ഈ യുറഗ്വായ് മിഡ്ഫീൽഡർ ഉടനടി ടീമിന്റെ സർഗ്ഗാത്മകതയുടെ ഹൃദയമിടിപ്പായി മാറി. തന്റെ കാഴ്ചപ്പാട്, കഠിനാധ്വാനം, നേതൃത്വം എന്നിവയിലൂടെ ലൂണ സഹതാരങ്ങളുടെ കളിനിലവാരമടക്കം ഉയർത്തി. 75 മത്സരങ്ങൾ, 13 ഗോളുകൾ, 23 അസിസ്റ്റുകൾ എന്നിവയുമായി ലൂണ ടീമിന്റെ നട്ടെല്ലായി തുടരുന്നു.
അദ്ദേഹത്തിന്റെ അസിസ്റ്റുകൾക്കും ഗോളുകൾക്കുമൊപ്പം, തോൽക്കാൻ മനസ്സില്ലാത്ത മനോഭാവവും അദ്ദേഹത്തിന് ക്യാപ്റ്റന്റെ ആംബാൻഡ് നേടിക്കൊടുത്തു, ഒപ്പം ആരാധകരുടെ അളവറ്റ സ്നേഹവും. ഐഎസ്എൽ ചരിത്രത്തിലെ മിക്ക വിദേശ കളിക്കാരിൽ നിന്നും ലൂണയെ വ്യത്യസ്തനാക്കുന്നത് ക്ലബ്ബിലെ അദ്ദേഹത്തിന്റെ ദീർഘകാല സേവനവും ആരാധകരുമായുള്ള വൈകാരിക ബന്ധവുമാണ്.

കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതുമുതൽ പ്രതിരോധത്തിലെ ശാന്തതയുടെയും പക്വതയുടെയും പ്രതീകമാണ് ഹോർമിപാം റൂയിവ എന്ന യുവതാരം. 20-ാം വയസിൽ ക്ലബ്ബിനായി അരങ്ങേറിയ താരം ശ്രദ്ധേയമായ പക്വതയും അവബോധവും പ്രകടിപ്പിക്കുകയും വളരെവേഗം സ്ഥിരം സ്റ്റാർട്ടറായി മാറുകയും ചെയ്തു. ഇവാൻ വുകോമനോവിച്ചിന്റെ കീഴിൽ മാർക്കോ ലെസ്കോവിച്ചിനെപ്പോലുള്ള മുതിർന്ന ഡിഫൻഡർമാരുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് സമീപകാല സീസണുകളിൽ സാക്ഷ്യം വഹിച്ച കേരളത്തിന്റെ ശക്തമായ പ്രതിരോധത്തിന് പ്രധാന കാരണമായിരുന്നു.
യുവ ഡിഫൻഡർമാർ പലപ്പോഴും സ്ഥിരത കൈവരിക്കാൻ സമയമെടുക്കുന്ന ഒരു ലീഗിൽ ഹോർമിപാമിന്റെ സ്ഥിരതയാർന്ന പ്രകടനം ശ്രദ്ധേയമാണ്. 63 മത്സരങ്ങൾ പൂർത്തിയാക്കുന്ന അദ്ദേഹത്തിന്റെ നാല് വർഷത്തെ സേവനം, ബ്ലാസ്റ്റേഴ്സിനൊപ്പം വിജയകരവുമായ ഒരു കരിയറിന് അടിത്തറയിട്ടു.

ഗോവയിൽ നിന്നെത്തി ബ്ലാസ്റ്റേഴ്സിന്റെ ആംബാൻഡ് അണിഞ്ഞ ജെസ്സൽ, 2019-ലാണ് ക്ലബ്ബിൽ ചേർന്നത്. ഇടത് വിങ്ങിലൂടെയുള്ള ഊർജ്ജസ്വലമായ നീക്കങ്ങളും കൃത്യതയാർന്ന ക്രോസുകളും അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനായി. ലെഫ്റ്റ് ബാക്കായി 65 മത്സരങ്ങൾ കളിച്ച അദ്ദേഹം, ആറ് അസിസ്റ്റുകളും നൽകി.
നാല് സീസണുകളിലായി, മാറിവന്ന പരിശീലകർക്ക് മുന്നിൽ ജെസ്സൽ സ്ഥിരതയും നിലവാരവും പ്രകടിപ്പിച്ചു. ബാഡ്ജിനായി പരമാവധി നൽകിയ താരത്തെ ഒരു യോദ്ധാവായി ആരാധകർ ഇന്നും അദ്ദേഹത്തെ ഓർക്കുന്നു.

2021-ൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത് മുതൽ ടീമിന്റെ പ്രതിരോധത്തിന്റെ നട്ടെല്ലാണ് മാർക്കോ ലെസ്കോവിച്ച്. തൻ്റെ ശാന്തതയും അനുഭവസമ്പത്തും കൊണ്ട് ടീമിന്റെ പ്രതിരോധത്തിന് വലിയ കെട്ടുറപ്പ് നൽകി ഈ ക്രൊയേഷ്യൻ സെന്റർ ബാക്ക്. 021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ലെസ്കോവിച്ച്, പ്രതിരോധ നിരയെ ഒരുമിപ്പിക്കുന്നതിൽ പ്രധാനിയായിരുന്നു.
വിദേശ കളിക്കാർ ഒന്നോ രണ്ടോ സീസണിൽ കൂടുതൽ തങ്ങുന്നത് അപൂർവമായ ഒരു ലീഗിൽ, ലെസ്കോവിച്ചിന്റെ പ്രൊഫഷണലിസവും സ്ഥിരതയും നേതൃത്വപാടവവും വേറിട്ടുനിന്നു. നാല് സീസണുകളിലായി അദ്ദേഹം ക്ലബ്ബിനോട് കൂറ് പുലർത്തി. ആരാധകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ഡ്രസ്സിംഗ് റൂമിലെ സ്വാധീനവും അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന വിദേശ താരങ്ങളിൽ ഒരാളാക്കി മാറ്റി.