ഡ്യൂറൻഡ് കപ്പ് കിരീടം നിലനിർത്തിക്കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബായനോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ചരിത്രം കുറിച്ചു. 1991ന് ശേഷം ആദ്യമായാണ് ഒരു ക്ലബ് കിരീടം നിലനിർത്തുന്നത്. ടീമിന്റെ ചരിത്രനേട്ടത്തിൽ ഉടമ ജോൺ എബ്രഹാം തന്റെ സന്തോഷം പങ്കുവെച്ചു.

കൊൽക്കത്തയിൽ നടന്നഫൈനലിൽ ഡയമണ്ട് ഹാർബർ എഫ്‌സിയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്താണ് ഹുവാൻ പെഡ്രോ ബെനാലിയുടെ സംഘം കിരീടം ചൂടിയത്. ഈസ്റ്റ് ബംഗാളിന് ശേഷം, തുടർച്ചയായ വർഷങ്ങളിൽ ഡ്യൂറൻഡ് കപ്പ് നേടുന്ന ആദ്യ ടീം എന്ന ബഹുമതിയും ഇതോടെ ഹൈലാൻഡേഴ്സ് സ്വന്തമാക്കി.

2024-ൽ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ അട്ടിമറിച്ചാണ് നോർത്ത്ഈസ്റ്റ് തങ്ങളുടെ ആദ്യ കിരീടം നേടിയതെങ്കിൽ, ഇത്തവണ ടൂർണമെന്റിലുടനീളം ആധികാരികമായ പ്രകടനം ആയിരുന്നു ടീം കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും സെമിയിലും വടക്കുകിഴക്കൻ ഡെർബിയിൽ രണ്ട് തവണ വിജയിച്ചതും, ഫൈനലിൽ കിബു വിക്കൂനയുടെ നേതൃത്വത്തിലുള്ള ഡയമണ്ട് ഹാർബർ എഫ്‌സിക്കെതിരെ നേടിയ കൂറ്റൻ ജയവും അവരുടെ നിശ്ചയദാർഢ്യവും പോരാട്ടവീര്യവും മൈതാനത്ത് പ്രകടമാക്കി. ഈ വർഷത്തെ ടൂർണമെന്റിൽ അപരാജിതരായാണ് അവർ കിരീടമുയർത്തിയത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ റെക്കോർഡ് നേട്ടത്തിൽ എബ്രഹാം തന്റെ സന്തോഷം പ്രകടിപ്പിക്കുകയും, ടൂർണമെന്റിൽ ടീമിന്റെ ആധിപത്യം നിലനിർത്താൻ കളിക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

"1991-ന് ശേഷം തുടർച്ചയായി ഡ്യൂറൻഡ് കപ്പ് നേടുന്ന ആദ്യ ടീമാവുക എന്നത് ഒരു വലിയ ബഹുമതിയും നേട്ടവുമാണ്. ഇതൊരു ശീലമാക്കാനും എല്ലാ വർഷവും കിരീടം നേടാനും ഞങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് ഐഎസ്എല്ലിലെ കറുത്ത കുതിരകളായി കണക്കാക്കപ്പെട്ടിരുന്ന നോർത്ത് ഈസ്റ്റ്, ഇത്തവണ പരിചയസമ്പന്നനായ സ്പാനിഷ് പരിശീലകൻ ബെനാലിയുടെ കീഴിൽ സ്ഥിരം ജേതാക്കളായി മാറിയിരിക്കുന്നു. 2023-ലെ സെമി ഫൈനൽ പ്രവേശനത്തിന് ശേഷം, തുടർച്ചയായി രണ്ട് വർഷം കിരീടം നേടിയത് ടീമിന്റെ വളർച്ചയുടെ തെളിവാണ്. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റിന്റെ ചരിത്ര പുസ്തകങ്ങളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ പേര് എഴുതിച്ചേർത്തതിന് ബെനാലിക്കും അദ്ദേഹത്തിന്റെ പരിശീലക സംഘത്തിനും, മാനേജ്മെന്റിനും, കളിക്കാർക്കും ജോൺ എബ്രഹാം നന്ദി അറിയിച്ചു.

"ഡ്യൂറൻഡ് കപ്പ് ഞങ്ങൾക്ക് അഭിമാനകരമായ ഒരു ടൂർണമെന്റാണ്. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഈ ടീമിനെ ഒരുമിച്ച് നിർത്താൻ സഹായിച്ച മാനേജ്മെന്റിനും, കോച്ചിനും, ഓരോ കളിക്കാരനും ഞാൻ നന്ദി പറയുന്നു."

"നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പോരാട്ടവീര്യമുള്ള ഒരു ക്ലബ്ബാണ്. വളരെ വലിയ അഭിനിവേശത്തോടെയാണ് ഞാൻ ഈ ക്ലബ്ബ് നടത്തുന്നത്. പ്രയാസമേറിയ സമയങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷേ ഞങ്ങൾ പിടിച്ചുനിന്നു. ഞങ്ങൾ ഇവിടെ നിലനിൽക്കാൻ തന്നെയാണ് വന്നിരിക്കുന്നതെന്ന് ഞങ്ങൾ തെളിയിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.

ബെനാലിയുടെ കീഴിൽ ഇന്ത്യൻ ഫുട്ബോളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായുള്ള യാത്രയിൽ ഹൈലാൻഡേഴ്സ് ശരിയായ പാതയിലാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

"ഇന്ത്യൻ ഫുട്ബോൾ ഇക്കോസിസ്റ്റത്തിലെ പ്രധാന സംഭാവന ഞങ്ങളുടേതാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ നിന്ന് ലോകം കാണുന്ന താരങ്ങളെ വളർത്തിയെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യയെ അഭിമാനത്തിലേക്ക് ഉയർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, അത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലൂടെ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ പ്രക്രിയയിൽ എല്ലാവരുടെയും സംഭവനയുണ്ട്, അവർ ഇല്ലായിരുന്നെങ്കിൽ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. അതിനാൽ, ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവർക്കും നന്ദി," എബ്രഹാം പറഞ്ഞുനിർത്തി.