എഎഫ്സി U23 ഏഷ്യൻ കപ്പ് യോഗ്യത ടൂർണമെന്റിൽ തിളങ്ങിയ അഞ്ച് മലയാളികൾ!
ഇന്ത്യയുടെ ആക്രമണത്തിന്റെ ഭൂരിഭാഗവും നയിച്ചത് ഈ കളിക്കാരായിരുന്നു.

എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ലെങ്കിലും അവസാന ശ്വാസം വരെയും പൊരുതിയാണ് ഇന്ത്യൻ അണ്ടർ 23 നിര ഖത്തർ വിട്ടത്. ഗ്രൂപ്പ് എച്ചിൽ മൂന്നിൽ രണ്ട് മത്സരങ്ങളിലും ആധികാരികമായി ജയിച്ച യുവനിരക്ക് ഗ്രൂപ്പിൽ ആതിഥേയർക്ക് താഴെ രണ്ടാമതായി ടൂർണമെന്റ് അവസാനിപ്പിക്കേണ്ടി വന്നു.
ഗ്രൂപ്പ് ജേതാക്കൾക്കും ഏറ്റവും മികച്ച നാല് രണ്ടാം സ്ഥാനക്കാർക്കും യോഗ്യത നേടാൻ സാധിക്കുന്ന സാഹചര്യത്തിൽ രണ്ടാം സ്ഥാനക്കാർക്കായുള്ള റാങ്കിങ്ങിൽ അഞ്ചാമതെത്തിയാണ് ഇന്ത്യ ചരിത്ര നേട്ടത്തിന് മുന്നിൽ വീണത്. ആ റാങ്കിങ്ങിൽ ആറ് പോയിന്റുകളുമായി നാലാമതുള്ള യുഎഇക്ക് ഒപ്പം എത്തിയെങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ താഴേക്ക് നീങ്ങുകയായിരുന്നു.
A campaign full of fight, spirit, and heart. 💙🇮🇳 #BlueColts #AFCU23 #IndianFootball ⚽️ pic.twitter.com/k5oHlhRcFe
— Indian Football Team (@IndianFootball) September 10, 2025
ഇന്ത്യൻ പരിശീലകൻ നൗഷാദ് മൂസയുടെ കീഴിൽ ഇന്ത്യൻ യുവനിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഈ ടൂർണമെന്റിൽ ഇന്ത്യ രണ്ട് മത്സരങ്ങളിൽ ജയം കണ്ടെത്തുന്നത്. ബഹ്‌റൈനെതിരെ 2-0ന്റെ ആധികാരിക ജയത്തോടെ ടൂർണമെന്റ് ആരംഭിച്ച ഇന്ത്യ, ഖത്തറിനെതിരായ മത്സരത്തിൽ 2-1 എന്ന നേരിയ മാർജിനിൽ തോൽവി വഴങ്ങി. അവസാന മത്സരം വലിയ മാർജിനിൽ ജയിക്കേണ്ടിയിരുന്ന ഇന്ത്യക്ക് ബ്രൂണൈക്കെതിരെ ആറ് ഗോളുകൾ നേടാനേ കഴിഞ്ഞുള്ളൂ, ഇത് ഗോൾ വ്യത്യാസത്തിൽ പിന്നോട്ട് പോകാൻ കാരണമായി. യോഗ്യത നഷ്ടമായെങ്കിലും, ഈ ടൂർണമെന്റിൽ നിന്ന് ഇന്ത്യക്ക് ലഭിച്ച നേട്ടങ്ങൾ ചെറുതല്ല.
ആദ്യ പതിനൊന്നിലും പകരക്കാരുടെ കുപ്പായത്തിലുമായി ആറ് മലയാളികളായിരുന്നു ടൂർണമെന്റിൽ ഇന്ത്യക്കായി ബൂട്ടണിഞ്ഞത്. ഇന്ത്യയുടെ യോഗ്യതാ സ്വപ്നങ്ങൾ നടന്നില്ലെങ്കിലും, ഈ മലയാളി താരങ്ങളുടെ പ്രകടനങ്ങൾ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷ നൽകുന്നു. ഇന്ത്യയുടെ ആക്രമണത്തിന്റെ ഭൂരിഭാഗവും നയിച്ചത് ഈ കളിക്കാരായിരുന്നു. അവരുടെ കളിമികവും പോരാട്ടവീര്യവും അന്താരാഷ്ട്ര തലത്തിൽ പൊരുതാനുള്ള മികവ് അവർക്കുണ്ടെന്ന് തെളിയിക്കുന്നു. ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെമുഹമ്മദ് സഹീഫിനു കാര്യമായ അവസരം ലഭിച്ചില്ലെങ്കിലും മറ്റുള്ളവർ ഉജ്ജ്വല പ്രകടനങ്ങളുമായി കളം നിറഞ്ഞാടി. അവരെ പരിചയപ്പെടാം.
വിബിൻ മോഹനൻ (Vibin Mohanan)
ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു മിനിറ്റ് പോലും കളിച്ചില്ലെങ്കിലും ബ്രൂണെയ്ക്ക് എതിരെ ആദ്യ പതിനൊന്നിലേക്കുള്ള വരവ് അതിഗംഭീരമാക്കി മലയാളി മിഡ്ഫീൽഡർവിബിൻ മോഹനൻ. മത്സരത്തിൽ മനോഹരമായ ഒരു ഫ്രീകിക്ക് ഗോളടക്കം നേടി ഹാട്രിക്കുമായാണ് അദ്ദേഹം കളം വിട്ടത്. എതിരാളികൾക്ക് ഒട്ടും പഴുതുകൾ നൽകാത്ത പിഴവുകളില്ലാത്ത കളിയായിരുന്നു ഈകേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മിഡ്ഫീൽഡറിന്റെത്. ഇന്ത്യക്കായി നിരവധി ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മുന്നിൽ നിന്ന വിബിൻ പിൻവലിഞ്ഞു കളിച്ച ബ്രൂണൈയുടെ പ്രതിരോധനിരയെ വൈദഗ്ധ്യത്തോടെ കീറിമുറിച്ചു.
പാസ് സ്വീകരിച്ച് ഒരു ടാക്കിളിനെ മറികടന്നാണ് വിബിൻ അഞ്ചാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്. ഏതാനും മിനിറ്റുകൾക്ക് ശേഷം അദ്ദേഹം ഉയർത്തി നൽകിയ ഒരു ത്രൂ ബോൾ, ബ്രൂണൈ ഗോൾകീപ്പറുടെ തലയ്ക്ക് മുകളിലൂടെ ബൗൺസ് ചെയ്ത് വലയിൽ വീണ് രണ്ടാം ഗോളായി മാറി. മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങി പതിനഞ്ച് മിനിറ്റിൽ വിബിൻ തന്റെ ഹാട്രിക് പൂർത്തിയാക്കി. ബ്രൂണൈ പ്രതിരോധ മതിൽ ഭേദിച്ച് മനോഹരമായി കർവ് ചെയ്ത ഒരു ഫ്രീകിക്കിലൂടെയായിരുന്നു മൂന്നാം ഗോൾ. ഈ പ്രകടനം വിബിനെ ടൂർണമെന്റിലെ ഇന്ത്യയുടെ ടോപ് സ്കോററാക്കി മാറ്റി.
മുഹമ്മദ് സുഹൈൽ (Muhammad Suhail)
എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ പോരാട്ടത്തിലെ രാകിമിനുക്കിയ കുന്തമുനയായിരുന്നുമുഹമ്മദ് സുഹൈൽ. ബഹ്‌റൈൻ, ഖത്തർ എന്നിവർക്കെതിരായ ഗോൾനേട്ടങ്ങളിലൂടെപഞ്ചാബ് എഫ്‌സി താരം ടൂർണമെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ബോക്സിലേക്ക് എതിരാളികളെ വെട്ടിച്ചുകയറാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടു. വേഗതയും കളിമികവും കൊണ്ട് വലതുവിങ്ങിൽ സുഹൈൽ ഒരു നിരന്തര ഭീഷണിയായിരുന്നു.
ബഹ്‌റൈനെതിരെ മുഹമ്മദ് സുഹൈലിന്റെ തകർപ്പൻ ഒറ്റയാൾ പ്രകടനത്തിലൂടെയായിരുന്നു ഗോൾ പിറന്നത്. വലതുവിങ്ങിലൂടെമക്കാർടൺ ലൂയിസ് നിക്സൺ നൽകിയ ത്രൂ പാസ് സ്വീകരിച്ച സുഹൈൽ, ഉജ്ജ്വല ഫുട്‌വർക്കിലൂടെ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മുന്നേറി തൊടുത്ത ഷോട്ട് വലയിലെത്തുകയായിരുന്നു. കരുത്തരായ ഖത്തറിനെതിരെ സനൻ നൽകിയ പിഴവുകളില്ലാത്ത ക്രോസ് തലകൊണ്ട് ചെത്തി വലയിലിട്ടാണ് സുഹൈൽ ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്. ഒപ്പം, ബ്രൂണെയ്ക്ക് എതിരായ മത്സരത്തിൽ വിബിനിന്റെ ആദ്യ ഗോളും വഴിയൊരുക്കി അദ്ദേഹം തിളങ്ങി. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി, ടൂർണമെന്റിലെ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ള മുന്നേറ്റ താരമായി സുഹൈൽ മാറി.
മുഹമ്മദ് ഐമൻ (Mohammed Aimen)
ഇന്ത്യൻ കുട്ടിക്കടുവകളുടെ 'ഹൈ-ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട്' ആയിരുന്നു ലക്ഷദ്വീപ് മലയാളിയായമുഹമ്മദ് ഐമൻ. പകരക്കാരനായി ഇറങ്ങി കളിയിൽ വേഗതയും ഊർജ്ജവും കൊണ്ടുവരുന്നതിൽ താരം വലിയ പങ്കുവഹിച്ചു. ആദ്യ രണ്ട് കളികളിൽ ഒരുപിടി അവസരങ്ങൾ സൃഷ്ടിച്ചതിന് ശേഷം, അവസാന മത്സരത്തിൽ രണ്ട് തകർപ്പൻ ഗോളുകളുമായി ഈ കേരള ബ്ലാസ്റ്റേഴ്‌സ് വിങ്ങർ തിളങ്ങി. ബഹ്റൈനെതിരായ മത്സരത്തിൽ പ്രതിരോധത്തിന് തലവേദനയായി മാറിയ അദ്ദേഹം ഖത്തറിനെതിരായ മത്സരത്തിൽ, ഇഞ്ചുറി ടൈം കോർണറിലൂടെ ഗോളവസരത്തിന് തൊട്ടരികെയെത്തി.
ബ്രൂണൈക്കെതിരായ അവസാന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ അദ്ദേഹം, കളിയുടെ അവസാന നിമിഷങ്ങളിൽ രണ്ട് തകർപ്പൻ ലോങ്ങ് റേഞ്ചർ ഗോളുകൾ നേടി. തീരുമാനങ്ങളെടുക്കാനുള്ള കഴിവും ഷൂട്ടിംഗിലെ കൂർമ്മതയും കൊണ്ട് എതിരാളികളെ ഞെട്ടിക്കാൻ തനിക്ക് കഴിയുമെന്നതിന്റെ ഓർമ്മപ്പെടുത്തലായിരുന്നു ഐമന്റെ ഈ പ്രകടനം.
ശ്രീകുട്ടൻ എംഎസ് (Sreekuttan MS)
ടൂർണമെന്റിൽ വിങ്ങുകളിൽ നിന്നും ഇന്ത്യക്കായി കളി മെനഞ്ഞ താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെശ്രീകുട്ടൻ എം.എസ്. നിർണായക പാസുകളും ക്രോസുകളും നൽകാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇന്ത്യയുടെ രണ്ട് വിജയങ്ങളിലും പ്രകടമായിരുന്നു. ബഹ്‌റൈനെതിരായ മത്സരത്തിൽ 90+5-ാം മിനിറ്റിൽ അദ്ദേഹം നൽകിയ ക്രോസാണ് ഇന്ത്യയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ബ്രൂണൈക്കെതിരായ മത്സരത്തിലും ഒരു ഗോളിന് വഴിയൊരുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. രണ്ട് നിർണായക അസിസ്റ്റുകളുമായി ശ്രീകുട്ടൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.
മുഹമ്മദ് സനാൻ (Mohammed Sanan)
സുഹൈലിന്റെ പങ്കാളിയായി ഇടതുവിങ്ങിൽ കളിച്ചമുഹമ്മദ് സനാൻ, ഇന്ത്യയുടെ വിങ്ങുകളിലെ അപകടകാരിയായ കൂട്ടുകെട്ടിന്റെ മറുവശമായിരുന്നു. പ്രതിഭാധനനായ ഈജംഷഡ്‌പൂർ എഫ്‌സി വിങ്ങർ, യോഗ്യതാ റൗണ്ടിൽ ലഭിച്ച അവസരം തന്റെ കഴിവ് തെളിയിക്കാനായി ഉപയോഗിച്ചു. ഇന്ത്യയുടെ ഇടതുവിങ്ങിലെ പ്രധാന ഭീഷണി സനാൻ ആയിരുന്നു. അദ്ദേഹത്തിന്റെ മിന്നൽ വേഗത്തിലുള്ള മുന്നേറ്റങ്ങൾ എതിരാളികൾക്ക് മത്സരത്തിൽ നിലയുറപ്പിക്കാൻ സമയം നൽകിയില്ല.
ഖത്തറിനെതിരായ മത്സരത്തിൽ, ഇടത് വിങ്ങിൽ നിന്ന് സനാൻ നൽകിയ ക്രോസാണ് സുഹൈലിന് വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ട് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടാൻ അവസരമൊരുക്കിയത്. ടൂർണമെന്റ് അവസാനിക്കുമ്പോൾ, സനാന്റെ പ്രകടനത്തിൽ കുറവുണ്ടായിരുന്നത് 'ഗോളുകൾ' മാത്രമായിരുന്നു. ബഹ്‌റൈനെതിരെ അദ്ദേഹം ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും, അത് ഓഫ്സൈഡിൽ കുടുങ്ങി.