കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസാരവിഷയമാണ് മുഹമ്മദ് ഐമൻ എന്ന പേര്. വേഗതയേറിയ മുന്നേറ്റങ്ങളും ആരെയും കൂസാത്ത ശൈലിയുമുള്ള ലക്ഷദ്വീപുകാരനായ ഒരു വിങ്ങർ. ഇന്ത്യയുടെ അണ്ടർ 23 തലത്തിൽ തിളങ്ങിയ ശേഷം, മാസം ആദ്യം ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീം ക്യാമ്പിലേക്ക് ആദ്യമായി വിളിയെത്തിയതോടെ ഐമൻ തന്റെ കരിയറിലെ അടുത്ത വലിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്.

ഖത്തറിൽ നടന്ന എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലെ പ്രകടനമാണ് ഐമനെ ഇന്ന് മുഖ്യധാരയിലേക്ക് വീണ്ടുമെത്തിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ആറ് പോയിന്റുകൾ നേടിയിട്ടും ഇന്ത്യൻ യുവനിര യോഗ്യത നേടാതെ പുറത്തായെങ്കിലും, ബ്രൂണൈക്കെതിരെ 6-0ന് വിജയിച്ച മത്സരത്തിൽ അവസാന നിമിഷങ്ങളിൽ നേടിയ ഇരട്ടഗോളുകളുമായി ഐമൻ തലക്കെട്ടുകളിൽ ഇടംപിടിച്ചു. നീലക്കുപ്പായം അണിയുന്നതും അതിൽ ഗോൾ നേടുന്നതും 21-കാരന് തന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു.

"ദേശീയ ടീമിന്റെ ജേഴ്സി അണിയുന്നത് എപ്പോഴും അഭിമാനകരമായ നിമിഷമാണ്. ഒപ്പം രണ്ട് ഗോളുകൾ നേടാനായതും. എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് അഭിമാനവും സന്തോഷവും തോന്നി. ഞങ്ങൾ യോഗ്യത നേടിയില്ല എന്നതു മാത്രമായിരുന്നു ഏക ദുഃഖം. ഗോൾ വ്യത്യാസത്തിലാണ് കാര്യങ്ങൾക്ക് തീരുമാനമായത്. പക്ഷേ മൊത്തത്തിൽ എന്റെ സഹതാരങ്ങളുടെ ഭാഗത്തുനിന്നും നല്ല പ്രകടനം ഉണ്ടായി. ഞങ്ങൾ കളിക്കളത്തിൽ എല്ലാം നൽകി, അതിനാൽ പ്രകടനത്തിലും ഗോളുകളിലും ഞാൻ ശരിക്കും സന്തുഷ്ടനാണ്," ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിൽ ഐമൻ പറഞ്ഞു.

Also Read: എഎഫ്സി U23 ഏഷ്യൻ കപ്പ് യോഗ്യത ടൂർണമെന്റിൽ തിളങ്ങിയ അഞ്ച് മലയാളികൾ!

2023-24 കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) അരങ്ങേറ്റം കുറിച്ച താരം, ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി വിലപ്പെട്ട സംഭാവനകൾ നൽകി ക്ലബ്ബിനെ പ്ലേഓഫിലെത്തിക്കാൻ സഹായിച്ചു. കൂടുതൽ ഗോളുകൾ നേടുകയും അസിസ്റ്റുകൾ നൽകുകയുമാണ് തന്റെ ലക്ഷ്യമെന്ന് യുവതാരം പറയുന്നു. തൊട്ടടുത്ത സീസണിൽ അധികം മിനിറ്റുകൾ ലഭിച്ചില്ലെങ്കിലും, ലഭിച്ച ചെറിയ അവസരങ്ങളിലും അദ്ദേഹം തന്റെ വേഗതയും തന്ത്രങ്ങളും പ്രതിരോധ താരങ്ങളെ നേരിടാനുള്ള വാസനയും കളത്തിൽ പ്രകടിപ്പിച്ചു. തന്റെ പ്രകടനങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായി താരം കൂട്ടിച്ചേർത്തു.

"കൂടുതൽ ഗോളുകൾ നേടണം, കൂടുതൽ അസിസ്റ്റുകൾ നൽകണം, ഇൻഷാ അല്ലാഹ്. ഒരു വിങ്ങർ എന്ന നിലയിൽ എനിക്കത് നേടേണ്ടതുണ്ട്. തീർച്ചയായും, കുറച്ച് ഡ്രിബ്ലിംഗും ഷോബോട്ടിംഗും അതിനൊപ്പമുണ്ടാകും," താരം പറഞ്ഞു.

"പന്ത് നഷ്ടപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് മിക്ക പരിശീലകർക്കും അത് ഇഷ്ടമല്ല. പക്ഷെ ഞാൻ ഇപ്പോഴും ചില സമയങ്ങളിൽ അത് ചെയ്യാൻ ശ്രമിക്കാറുണ്ട്, കാരണം എനിക്കത് ഇഷ്ടമാണ് - ഞാൻ നെയ്മറെ ഒരുപാട് ഇഷ്ടപ്പെടുന്നു. ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് ക്ലിപ്പുകൾ ഞാൻ കണ്ടിട്ടുണ്ട്, അദ്ദേഹമാണ് എന്റെ ആരാധനാപാത്രം. അദ്ദേഹം ചെയ്യുന്ന ചെറിയ കാര്യങ്ങൾ ഞാൻ അനുകരിക്കാൻ ശ്രമിക്കാറുണ്ട്."

വിട്ടുവീഴ്ചയില്ലാത്ത കളിശൈലിയാണ് താരത്തെ ഒക്ടോബറിൽ സിംഗപ്പൂരിനെതിരായ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള സീനിയർ ടീം ക്യാമ്പിൽ എത്തിച്ചത്. തന്നെ ഇവിടെ വരെ എത്തിച്ച കഴിവുകളിൽ ഉറച്ചുനിൽക്കാനാണ് ഐമന്റെ തീരുമാനം

"ഒരു ഡ്രിബ്ലറും സ്കോററും - അതാണ് എന്റെ ശൈലി. ഞാൻ അധികം മാറ്റം വരുത്തില്ല. വൺ ഓൺ വൺ മുന്നേറ്റങ്ങൾ നടത്തുന്ന, കുറച്ച് ഷോബോട്ടിംഗ് ചെയ്യുന്ന, ഗോളുകൾ നേടുകയും, അസിസ്റ്റുകൾ നൽകുകയും ചെയ്യുന്ന തരത്തിലുള്ള കളിക്കാരനാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്," അദ്ദേഹം പറഞ്ഞു.