കഴിഞ്ഞ പത്ത് വർഷത്തിനിടെ, ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) ഏറ്റവും ആരാധകപിന്തുണയുള്ളതും ആവേശം വർഷത്തിനിടെ ക്ലബ്ബുകളിലൊന്നായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നും പ്രതിഭകളെ കൊച്ചി ആസ്ഥാനമായുള്ള ക്ലബ്ബ് സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, ക്ലബ്ബിന്റെ ചരിത്രത്തിൽ ഇംഗ്ലണ്ടിൽ നിന്നുള്ള താരങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്.

ക്ലബ്ബിൽ കളിച്ച വിദേശ താരങ്ങളുടെ എണ്ണത്തിൽ സ്പെയിനിനൊപ്പം ഒന്നാമതാണ് ഈ യൂറോപ്യൻ രാജ്യവും. കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞ ഇംഗ്ലീഷ് കളിക്കാരെ പരിചയപ്പെടാം.

ഡേവിഡ് ജെയിംസ്

കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ച ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് താരമാണ്ഡേവിഡ് ജെയിംസ്. 2014-ലെ പ്രഥമ ഐഎസ്എൽ സീസണിൽ ക്ലബ്ബിന്റെ മാർക്വീ താരവും മുഖ്യ പരിശീലകനുമായാണ് ഈ ഗോൾകീപ്പർ ഇന്ത്യയിലെത്തിയത്. 44-ാം വയസ്സിലും, തന്റെ ഗോൾകീപ്പിംഗ് മികവ് പ്രകടിപ്പിച്ച ജെയിംസ്, 12 മത്സരങ്ങളിൽ നിന്ന് നാല് ക്ലീൻ ഷീറ്റുകൾ നേടുകയും, ടീമിനെ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.

572 പ്രീമിയർ ലീഗ് മത്സരങ്ങളുടെയും, 2010 ലോകകപ്പ് ഉൾപ്പെടെ 53 അന്താരാഷ്ട്ര മത്സരങ്ങളുടെയും അനുഭവസമ്പത്ത് അദ്ദേഹം ടീമിന് മുതൽക്കൂട്ടാക്കി. 2018 ജനുവരിയിൽ, പ്രതിസന്ധി ഘട്ടത്തിൽ അന്നത്തെ പരിശീലകൻ റെനെ മ്യൂലൻസ്റ്റീന് പകരക്കാരനായി ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് മുഖ്യ പരിശീലകന്റെ കുപ്പായത്തിൽ തിരിച്ചെത്തി.

മൈക്കിൾ ചോപ്ര

ഇന്ത്യയിൽ എത്തുന്നതിന് മുൻപേ, പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ഇന്ത്യൻ വംശജനായ ആദ്യ കളിക്കാരൻ എന്ന നിലയിൽമൈക്കിൾ ചോപ്രയ്ക്ക് രാജ്യത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. 2014-ലെ പ്രഥമ സീസണിലും, 2016-ലെ സീസണിലും കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞ അദ്ദേഹം, ആദ്യ സീസണുകളിൽ ക്ലബ്ബിന്റെ അവിഭാജ്യ ഘടകമായിരുന്നു.

2014-ലെ ആദ്യ സീസണിൽ ക്ലബ്ബിനായി ഗോൾ കണ്ടെത്താൻ പ്രയാസപ്പെട്ട ചോപ്ര, ഒമ്പത് മത്സരങ്ങളിൽ ഗോൾ നേടാതെയാണ് സീസൺ പൂർത്തിയാക്കിയത്. ആ ഗോൾ വരൾച്ച അവസാനിച്ചത് 2016-ലാണ്. മുംബൈ സിറ്റി എഫ്‌സിക്കെതിരെ നേടിയ വിജയഗോൾ, അദ്ദേഹത്തിന്റെ ഐഎസ്എല്ലിലെ ആദ്യ ഗോളായിരുന്നു. വിവിധ ക്ലബ്ബുകൾക്കായി ഇംഗ്ലീഷ് ഫുട്ബോളിൽ 100-ൽ അധികം ഗോളുകൾ നേടിയ ശേഷമാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിലെത്തിയത്.

പീറ്റർ റമേജ്

ഇംഗ്ലീഷ് ലീഗിലെ പരിചയസമ്പത്തുമായാണ്പീറ്റർ റമേജ് 2015-ലെ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിടുന്നത്. മുൻ നിര ക്ലബ്ബുകളിൽ തിളങ്ങിയ താരത്തെ, ടീമിലെത്തിയ ഉടൻ ക്ലബ്ബിന്റെ നായകനായി നിയമിച്ചു. തൊട്ട് മുന്നിലെ സീസണിൽ തലനാരിഴക്ക് നഷ്ടപ്പെട്ട കിരീടത്തിലേക്ക് ടീമിനെ നയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ആ സീസണിലെ 14 മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയ അദ്ദേഹം, പ്രതിരോധനിരയുടെ നെടുംതൂണായി മാറുകയും അവിട ഒത്തിണക്കവും ശാന്തതയും നൽകുകയും ചെയ്തു.

ടീമിന് അതൊരു മോശം സീസണായിരുന്നുവെങ്കിലും, പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും, റമേജിന്റെ പ്രൊഫഷണലിസവും സ്ഥിരതയാർന്ന പ്രകടനവും ശ്രദ്ധേയമായിരുന്നു. കളിക്കളത്തിലെ സംഭാവനകൾക്കപ്പുറം, ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വാധീനം കളത്തിന് പുറത്തായിരുന്നു. ജിങ്കനടക്കമുള്ള യുവ ഇന്ത്യൻ കളിക്കാർക്ക് വഴികാട്ടിയായി മാറിയ അദ്ദേഹം, ടീമിലെ നിലവാരം ഉയർത്തി.

ഗാരി ഹൂപ്പർ

യൂറോപ്യൻ ഫുട്ബോളിൽ നേട്ടങ്ങളുണ്ടാക്കിയഗാരി ഹൂപ്പറിന്റെ 2020-21 സീസണിലെ വരവ്, കേരള ബ്ലാസ്റ്റേഴ്സിന് വലിയ പ്രതീക്ഷകളാണ് നൽകിയത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയ അനുഭവസമ്പത്തുമായാണ് ഈ 32-കാരനായ ഇംഗ്ലീഷ് താരം കൊച്ചിയിലേക്ക് എത്തിയത്.

കിബു വികൂനയുടെ കീഴിൽ പ്രതിസന്ധികൾ നിറഞ്ഞ 2020-21 സീസണിൽ അഞ്ച് ഗോളും നാല് അസിസ്റ്റും നേടി അദ്ദേഹം ടീമിന് പിന്തുണയേകാൻ ശ്രമിച്ചെങ്കിലും അത് പര്യാപ്‌തമായിരുന്നില്ല. 11 ടീമുകളിൽ പത്താമതായാണ് അന്ന് ബ്ലാസ്റ്റേഴ്‌സ് സീസൺ അവസാനിപ്പിച്ചത്.

വെസ് ബ്രൗൺ

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 13 കിരീടങ്ങൾ നേടിയവെസ് ബ്രൗണിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2017-ൽ ടീമിലെത്തിച്ചത് ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സൈനിംഗുകളിലൊന്നായി കരുതപ്പെടുന്നു. രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ്, അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയ ഈ ഡിഫൻഡർ ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ നെടുംതൂണായിരുന്നു.

അദ്ദേഹത്തിന്റെ തന്ത്രപരമായ മികവ് ടീമിന്റെ പ്രതിരോധത്തിന് കരുത്തേകി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2017-18 സീസണിൽ നാല് ക്ലീൻ ഷീറ്റുകൾ ടീം നേടി. കളിക്കളത്തിലെ പ്രകടനങ്ങൾക്കപ്പുറം, ഡ്രസ്സിംഗ് റൂമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം യുവതാരങ്ങൾക്ക് അനുഭവങ്ങൾ നൽകി.

പോൾ റച്ചുബ്ക

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന അമേരിക്കൻ വംശജനായ ഇംഗ്ലീഷ് ഗോൾകീപ്പറാണ്പോൾ റച്ചുബ്ക. 2017-ൽ മുൻ സഹതാരം വെസ് ബ്രൗണിനൊപ്പം, ബ്ലാസ്റ്റേഴ്സിലെത്തിയ അദ്ദേഹം, 12 മത്സരങ്ങളിൽ നിന്ന് 5 ക്ലീൻ ഷീറ്റുകൾ നേടി. വിവിധ ക്ലബ്ബുകൾക്കായി കളിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിന് മുതൽക്കൂട്ടാക്കി.

ക്രിസ് ഡാഗ്നൽ

2015-ലെ ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിരയ്ക്ക് കരുത്തുപകരാനാണ് ക്രിസ്റ്റഫർ ഡാഗ്നൽ എന്നക്രിസ് ഡാഗ്നൽ ഇന്ത്യൻ ഫുട്ബോളിലേക്ക് എത്തിയത്. ഇംഗ്ലീഷ് ഫുട്ബോളിലെ തന്റെ ഗോളടി മികവ് ഇന്ത്യയിലും തുടർന്ന താരം 13 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ നേടി ക്ലബ്ബിന്റെ വിശ്വസ്തനായ ഗോൾ സ്കോറർമാരിൽ ഒരാളായി. അദ്ദേഹത്തിന്റെ ക്ലിനിക്കൽ ഫിനിഷിംഗും പെനാൽറ്റി ഏരിയയിലെ നീക്കങ്ങളും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് മുതൽക്കൂട്ടായിരുന്നു.

സ്റ്റീഫൻ ബൈവാട്ടർ

പ്രീമിയർ ലീഗിൽ വിവിധ ക്ലബ്ബുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ്സ്റ്റീഫൻ ബൈവാട്ടർ 2015-ൽ ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇംഗ്ലണ്ടിന്റെ യൂത്ത് ടീമിനെയും പ്രതിനിധീകരിച്ചിട്ടുള്ള ഈ ഗോൾകീപ്പർ, 12 ലീഗ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി വല കാത്തു. അദ്ദേഹത്തിന്റെ ഷോട്ട്-സ്റ്റോപ്പിംഗ് കഴിവും നേതൃത്വപാടവവും ക്ലബ്ബിന് ഏറെ പ്രയോജനപ്പെട്ടു.

സാഞ്ചസ് വാട്ട്

ആഴ്സണൽ അക്കാദമിയിലെ ഏറ്റവും മികച്ച പ്രതിഭകളിലൊരാളായി കണക്കാക്കപ്പെട്ടിരുന്നസാഞ്ചസ് വാട്ട്, 2015-ലാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ അരങ്ങേറ്റ മത്സരത്തിൽത്തന്നെ ഗോൾ നേടിക്കൊണ്ട് അദ്ദേഹം തന്റെ വരവറിയിച്ചു. 2015 സീസണിൽ ഒൻപത് മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ സാധിച്ചത്. എങ്കിലും താരത്തിന്റെ വേഗതയും സാങ്കേതിക മികവും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന് പുതിയ മാനം നൽകി.

മാർക്കസ് വില്യംസ്

2015-ലെ ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന് സ്ഥിരത നൽകിയ താരമാണ്മാർക്കസ് വില്യംസ്. ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ വിപുലമായ അനുഭവസമ്പത്തുള്ള ഈ ലെഫ്റ്റ് ബാക്ക്, തന്റെ പ്രതിരോധ മികവുകൊണ്ടും ആക്രമണത്തിൽ നൽകിയ പിന്തുണകൊണ്ടും ശ്രദ്ധേയനായി. ഐഎസ്എല്ലിൽ അദ്ദേഹം അഞ്ച് മത്സരങ്ങളിൽ ക്ലബ്ബിനായി ഇറങ്ങി.