ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ 2025 പതിപ്പിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ നേട്ടമുണ്ടാക്കി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബുകൾ. രണ്ട് ക്ലബുകളൊഴികെ മറ്റെല്ലാവരും ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.

ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഐഎസ്എൽ ക്ലബ്ബുകളുടെ പ്രകടനം ഇവിടെ പരിശോധിക്കുന്നു.

മോഹൻ ബഗാൻ സൂപ്പർ ജയന്റ്

ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ ഡയമണ്ട് ഹാർബർ എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ്മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.അനിരുദ്ധ് താപ,ജാമി മക്ലാരൻ,ലിസ്റ്റൺ കൊളാസോ, മലയാളി താരംസഹൽ അബ്ദുൽ സമദ്,ജേസൺ കമ്മിംഗ്സ് എന്നിവരുടെ ഗോളുകളാണ് മറൈനേഴ്സിന് കൂറ്റൻ വിജയം സമ്മാനിച്ചത്. ഓഗസ്റ്റ് 9 ശനിയാഴ്ച കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ താപയിലൂടെ ടീം മുന്നിലെത്തിയെങ്കിലും ഡയമണ്ട് ഹാർബർ സമനില പിടിച്ചു. എന്നാൽ, തൊട്ടുപിന്നാലെ മക്ലാരൻ നേടിയ ഗോളിൽ എംബിഎസ്‌ജി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡയമണ്ട് ഹാർബർ താരം ചുവപ്പുകാർഡ് കണ്ട് പുറത്തായതും, തുടർന്ന് ലഭിച്ച പെനാൽറ്റി ലിസ്റ്റൺ കൊളാസോ ഗോളാക്കിയതും മത്സരത്തിൽ നിർണായകമായി. തുടർന്നുള്ള മിനിറ്റുകളിൽ പത്തുപേരായി ചുരുങ്ങിയ എതിരാളികൾക്കെതിരെ സമ്പൂർണ്ണ ആധിപത്യം പുലർത്തി മറൈനേഴ്സ്. 64-ാം മിനിറ്റിൽ ലിസ്റ്റണും കമ്മിംഗ്സും സഹൽ അബ്ദുൽ സമദും ചേർന്നുള്ള നീക്കത്തിനൊടുവിൽ സഹൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ പട്ടികയിൽ ഇടംപിടിച്ചു. ഈ ആധികാരിക ജയത്തോടെ, മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.

പഞ്ചാബ് എഫ്‌സി

അവസാന ഗ്രൂപ്പ് മത്സരത്തിൽ ബോഡോലാൻഡ് എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെ,പഞ്ചാബ് എഫ്‌സി ടൂർണമെന്റിൽ നിന്ന് പുറത്തായി. ഓഗസ്റ്റ് 9 ശനിയാഴ്ച കൊക്രജാറിലെ സായ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ തോൽവിയോടെ, മൂന്ന് കളികളിൽ നിന്ന് നാല് പോയിന്റുമായാണ് കഴിഞ്ഞ വർഷത്തെ ക്വാർട്ടർ ഫൈനലിസ്റ്റുകളായ പഞ്ചാബ് ടൂർണമെന്റ് അവസാനിപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആധിപത്യം പുലർത്തുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടും, ഗോൾ നേടാൻ കഴിയാതിരുന്നത് അവർക്ക് വിനയായി.

മത്സരത്തിന്റെ 69-ാം മിനിറ്റിൽ ബോഡോലാൻഡിന്റെ കൊളംബിയൻ സ്ട്രൈക്കർ റോബിൻസൺ ബ്ലാൻഡൺ റെൻഡൻ ഒരു റീബൗണ്ടിൽ നിന്ന് നേടിയ ഏക ഗോളാണ് പഞ്ചാബിന്റെ വിധി നിർണയിച്ചത്. ഗോൾ വഴങ്ങിയ ശേഷം സമനിലയ്ക്കായി പഞ്ചാബ് എഫ്‌സി കിണഞ്ഞു ശ്രമിച്ചെങ്കിലും, ബോഡോലാൻഡിന്റെ ശക്തമായ പ്രതിരോധം മറികടക്കാൻ അവർക്ക് സാധിച്ചില്ല. ഇതോടെ, നിർണായക മത്സരത്തിലെ തോൽവിയോടെ പഞ്ചാബിന് ടൂർണമെന്റിൽ നിന്ന് നിരാശയോടെ മടങ്ങേണ്ടി വന്നു.

ഈസ്റ്റ് ബംഗാൾ എഫ്‌സി

ഇന്ത്യൻ എയർ ഫോഴ്‌സിനെതിരായ ആധികാരിക ജയത്തോടെയാണ്ഈസ്റ്റ് ബംഗാൾ എഫ്‌സി ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. ടൂർണമെന്റിലെ വിജയക്കുതിപ്പ് തുടർന്ന ടീം, ഓഗസ്റ്റ് 10 ഞായറാഴ്ച കിഷോർ ഭാരതി ക്രീരംഗനിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സിനെ തകർത്തത് ഒന്നിനെതിരെ ആറ് ഗോളുകൾക്ക്. ആറ് വ്യത്യസ്ത താരങ്ങൾ ഗോൾ നേടിയ മത്സരത്തിൽ റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡ് സമ്പൂർണ്ണ ആധിപത്യം പുലർത്തി. ഹമീദ് അഹദാദ്,ബിപിൻ സിങ് എന്നിവരുടെ ഗോളുകളിലൂടെ ഈസ്റ്റ് ബംഗാൾ തുടക്കത്തിൽ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടിയെങ്കിലും, ഒരു ഗോൾ മടക്കി എയർ ഫോഴ്സ് ആദ്യ പകുതിയിൽ മത്സരത്തിൽ പ്രതീക്ഷ നിലനിർത്തി.'

എന്നാൽ, രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ കളിയുടെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുത്തതോടെ തുടരെ ഗോളുകൾ പിറന്നു.അൻവർ അലി, മുഹമ്മദ് റാഷിദ്,സോൾ ക്രെസ്പോ,ഡേവിഡ് ലാൽലൻസംഗ എന്നിവരും ഗോളുകൾ നേടിയതോടെ ക്ലബ് കൂറ്റൻ വിജയം ഉറപ്പിച്ചു. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ചതോടെ ഗ്രൂപ്പ് എ-യിൽ ഒന്നാം സ്ഥാനക്കാരായി ഈസ്റ്റ് ബംഗാൾ ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ആധികാരികമായി യോഗ്യത നേടി.

നോർത്ത്ഈസ്റ്റ് യുണൈറ്റഡ്

ഡ്യൂറൻഡ് കപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ രംഗ്ദാജിയേദ് യുണൈറ്റഡിനോട് 2-2ന് സമനില വഴങ്ങിയെങ്കിലും,നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. തിങ്കളാഴ്ച ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ,ബെക്കി ഓറം, പുതിയ സൈനിംഗായ ജൈറോ സാമ്പെരിയോ എന്നിവരാണ് ഹൈലാൻഡേഴ്സിനായി ഗോളുകൾ നേടിയത്.

ബെക്കി ഓറം നേടിയ പെനാൽറ്റി ഗോളിലൂടെ ഹൈലാൻഡേഴ്സ് മത്സരത്തിൽ തുടക്കത്തിൽ മുന്നിലെത്തിയെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് രംഗ്ദാജിയേദ് യുണൈറ്റഡ് അപ്രതീക്ഷിതമായി ലീഡ് പിടിച്ചെടുത്തു.

രണ്ടാം പകുതിയിൽ പകരക്കാരായി പ്രമുഖ താരങ്ങളെത്തിയതോടെയാണ് നോർത്ത് ഈസ്റ്റ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്. ജൈറോ സാമ്പെരിയോ നേടിയ സമനില ഗോളും, കളിയുടെ അവസാന നിമിഷം അരങ്ങേറ്റക്കാരനായ ഗോൾകീപ്പർ അർമാൻ തമാങ്ങിന്റെ നിർണായക സേവുമാണ് ടീമിന് തോൽവി ഒഴിവാക്കിയത്. ഈ സമനിലയോടെ ഏഴ് പോയിന്റുമായി ഗ്രൂപ്പ് ഇ-യിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നോക്കൗട്ടിലേക്ക് മുന്നേറിയത്.

മറ്റു ക്ലബ്ബുകൾ:

കൂടാതെ, ഇവരോടൊപ്പം കഴിഞ്ഞ ഘട്ടത്തിൽ ഐഎസ്എൽ ക്ലബായജംഷഡ്പൂർ എഫ്‌സി ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ജംഷഡ്പൂരിന്റെ മുന്നേറ്റം. ഗ്രൂപ്പ് ബിയിൽ മൂന്നാമതെത്തിയമുഹമ്മദൻ എസ്‌സിയും ഗ്രൂപ്പ് ഡിയിൽ മൂന്നാമതെത്തിയപഞ്ചാബ് എഫ്‌സിയും ക്വാർട്ടർ കാണാതെ പുറത്തായി.