ഈ ലേഖനം ഇംഗ്ലീഷിലും ലഭ്യമാണ്.

വിജയമെന്നത് ഓരോരുത്തർക്കും ഓരോ രീതിയിലാണ് കടന്നുവരുന്നത്. ചിലർ വളരെപ്പെട്ടെന്ന് കടന്നുവന്ന് നേട്ടങ്ങൾ കൊയ്യുമ്പോൾ, മറ്റ് ചിലർ കാലാകാലങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തോടെയുള്ള പ്രവർത്തനത്തിന്റെയും ഫലമായാകും അത് കണ്ടെത്തുന്നത്.

ആ തോറ്റുകൊടുക്കാൻ മനസ്സില്ലാത്തവരുടെ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നു മലയാളി പ്രതിരോധ താരംമുഹമ്മദ് ഉവൈസ് മൊയിക്കൽ. വർഷങ്ങളായുള്ള ആ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു വെള്ളിയാഴ്ച കാഫ നേഷൻസ് കപ്പിൽതാജിക്കിസ്ഥാനെതിരെ ഇന്ത്യ 2-1ന് വിജയിച്ചപ്പോൾ, നിർണായക പ്രകടനം കാഴ്ചവെച്ച അരങ്ങേറ്റ താരം ഉവൈസിന്റെ യാത്ര.

ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ച മുഹമ്മദ് ഉവൈസ്, ഇന്ത്യയുടെ ഇടതുവിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെക്കുക മാത്രമല്ല, ഇന്ത്യ നേടിയ രണ്ട് ഗോളുകളിലും നിർണായക പങ്കുവഹിക്കുകയും ചെയ്തു.

ത്രോ-ഇന്നിൽ നിന്ന് ഉവൈസ് എറിഞ്ഞ ലോങ്ങ് ത്രോയാണ് ആദ്യ ഗോളിലേക്ക് വഴിയൊരുക്കിയത്. ഖാലിദ് ജമീലിന്റെ തന്ത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായ ആ ലോങ്ങ് ത്രോയിൽ അൻവർ അലി തലവെച്ചു. ക്ലിയർ ചെയ്യാനുള്ള താജിക്കിസ്ഥാന്റെ ശ്രമം പിഴച്ച് പന്ത് വലയിൽ കയറിയതോടെയാണ് ഇന്ത്യ ലീഡ് നേടിയത്. ഇടത് വിങ്ങിൽ നിന്നും ഉവൈസ് നൽകിയ ക്രോസ് പിടിച്ചെടുത്ത അൻവർ അലി ഒരുക്കിയ അവസരമായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ ഗോളിന് കാരണമായത്.

ഏകദേശം രണ്ട് വർഷത്തിന് ശേഷം ഇന്ത്യ നേടുന്ന ആദ്യ എവേ വിജയമെന്ന നിലയിൽ, ഈ മത്സരം ഉവൈസിന്റെ അരങ്ങേറ്റത്തിന് കൂടുതൽ മാധുര്യം നൽകി. 2017-ൽ എഫ്‌സി കേരളയ്‌ക്കൊപ്പം കേരള പ്രീമിയർ ലീഗിൽ തുടങ്ങിയ ഒരു യാത്രയുടെ സുപ്രധാന നാഴികക്കല്ലായിരുന്നു ദേശീയ ടീമിന് വേണ്ടിയുള്ള ഈ പ്രകടനം.

ഒറ്റയ്ക്ക് വഴിവെട്ടിയുള്ള മുന്നേറ്റം

എഫ്‌സി തൃശൂരിന് വേണ്ടി ബൂട്ടണിഞ്ഞ ശേഷമാണ് താരത്തിന് ദേശീയ തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. 2019-20 സീസണിൽ ഐ-ലീഗ് രണ്ടാം ഡിവിഷനിൽ ബെംഗളൂരു യുണൈറ്റഡ് സ്ക്വാഡിന്റെ ഭാഗമായിരുന്നു അദ്ദേഹം. തുടർന്ന് 2020-21 കേരള പ്രീമിയർ ലീഗിൽ ഡിപ്പാർട്മെന്റ് ടീമായ കെഎസ്ഇബിയുടെ ഭാഗമായി. ആ സീസൺ ഉവൈസിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. പ്രതിരോധത്തിൽ താരത്തിന്റെ സ്ഥിരതയാർന്ന പ്രകടനമാണ് കെഎസ്ഇബിയെ ടൂർണമെന്റിന്റെ ഫൈനൽ വരെ എത്തിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഗ്രൂപ്പ് ഘട്ടത്തിൽ വെറും മൂന്ന് ഗോളുകൾ മാത്രമാണ് ടീം വഴങ്ങിയത്.

പ്രാദേശിക ലീഗിലെ ഉജ്ജ്വല പ്രകടനം 2021-22 സീസണിൽ അദ്ദേഹത്തിന് ഗോകുലം കേരള എഫ്‌സിയിലേക്കുള്ള വാതിൽ തുറന്നു. ഗോകുലം കേരളയ്ക്കായി കളത്തിൽ ലെഫ്റ്റ് ബാക്കായി തിളങ്ങിയ അദ്ദേഹം, ചില മത്സരങ്ങളിൽ സെന്റർ ബാക്കായും റൈറ്റ് ബാക്കായും കളിച്ച് തന്റെ പ്രതിഭ തെളിയിച്ചു. ആ സീസണിൽ നാല് ഗോളുകളിൽ പങ്കാളിയായി ടീമിന്റെ കുതിപ്പിൽ നിർണായകമായ താരം കരിയറിലെ ആദ്യ ദേശീയ കിരീടത്തിലും മുത്തമിട്ടു.

ഐഎസ്എല്ലിലെ വളർച്ച

ഗോകുലം കേരളക്ക് വേണ്ടിയുള്ള പ്രകടനം ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയതോടെ അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് (ഐഎസ്എൽ) രംഗപ്രവേശം നടത്തി. 2022 -23 സീസണിന് മുന്നോടിയായിജംഷഡ്‌പൂർ എഫ്‌സി ഉവൈസുമായി കരാറിലെത്തി. ക്ലബ്ബിലെത്തിയ ആദ്യ വർഷം താരത്തിന് അവസരങ്ങൾ കുറവായിരുന്നു. ആറ് മത്സരങ്ങളിലായി കളിച്ചത് കേവലം 286 മിനിറ്റുകൾ. എങ്കിലും, കരിയറിൽ ഉടനീളം ചെയ്തതുപോലെ, ഉവൈസ് തന്റെ കഠിനാധ്വാനം തുടർന്നു.

2023-24 സീസണിലാണ് ഉവൈസ് ജംഷഡ്‌പൂർ എഫ്‌സി ടീമിൽ ഒരു സ്ഥിരം സാന്നിധ്യമാകുന്നത്. ആദ്യ മത്സരങ്ങളിൽ പകരക്കാരുടെ നിരയിലായിരുന്നെങ്കിലും ക്ലബ്ബിന്റെ മുഖ്യ പരിശീലകനായിരുന്ന ഖാലിദ് ജമീൽ താരത്തിൽ വിശ്വാസമർപ്പിച്ചതോടെ, ടീമിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി ഈ നിലമ്പൂരുകാരൻ വളർന്നു.

ജംഷഡ്‌പൂർ എഫ്‌സിക്ക് അവിസ്മരണീയമായിരുന്നു 2024-25 സീസൺ. തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച ടീം ഐഎസ്എല്ലിന്റെ സെമി ഫൈനലിലും കലിംഗ സൂപ്പർ കപ്പിന്റെ ഫൈനലിലും എത്തി. അവരുടെ ഈ തിരിച്ചുവരവിൽ ഉവൈസിന്റെ പങ്കും വലുതായിരുന്നു. 'മെൻ ഓഫ് സ്റ്റീലി'നായി 27 ഐഎസ്എൽ മത്സരങ്ങളിലും അദ്ദേഹം കളത്തിലിറങ്ങുകയും മുഴുവൻ സമയവും കളിക്കുകയും ചെയ്തു. ഒരു ഗോളും കണ്ടെത്തി.

സ്വപ്ന സാക്ഷാത്കാരം

2025-ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽപഞ്ചാബ് എഫ്‌സി ഉവൈസിനെ തട്ടകത്തിലെത്തിച്ചു. ഡ്യൂറൻഡ് കപ്പിൽ 'ഷേർസി'നായി താരം നടത്തിയ പ്രകടനങ്ങൾ, അദ്ദേഹത്തിന്റെ മുൻ പരിശീലകനും നിലവിലെ ഇന്ത്യൻ ടീമിന്റെ അമരക്കാരനുമായ ഖാലിദ് ജമീലിന്റെ ശ്രദ്ധയിൽപ്പെട്ടു. അതോടെ, അദ്ദേഹത്തിന് ദേശീയ ടീമിലേക്കുള്ള ആദ്യ ക്ഷണം ലഭിച്ചു.

"പഞ്ചാബ് എഫ്‌സിക്കൊപ്പമുള്ള എന്റെ പ്രകടനങ്ങൾ (ദേശീയ ടീമിലേക്കുള്ള വിളിയിൽ) ഒരു വലിയ പങ്ക് വഹിച്ചുവെന്ന് ഞാൻ കരുതുന്നു. ഞാൻ എന്റെ കഴിവിന്റെ പരമാവധി നൽകി, ഈ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്,"ഉവൈസ് പറഞ്ഞു.

"ദേശീയ ക്യാമ്പിലേക്ക് വിളിയെത്തിയത് ഒരു സ്വപ്നം പോലെയാണ്. നാട്ടിൽ എല്ലാവർക്കും അഭിമാനമുണ്ട്."

27-ാം വയസ്സിൽ ഇന്ത്യൻ ടീമിലെത്തിയ ഈ മലയാളി പ്രതിരോധ താരത്തിന് മുന്നിൽ ഇനിയും ഒരുപാട് വർഷങ്ങളുണ്ട്. ഖാലിദ് ജമീലിന്റെ പിന്തുണയോടെ, ഇന്ത്യൻ ദേശീയ ടീമിന്റെ ഒന്നാം നമ്പർ ലെഫ്റ്റ് ബാക്ക് എന്ന സ്ഥാനത്തേക്ക് വെല്ലുവിളി ഉയർത്താൻ ഉവൈസ് തയ്യാറായിക്കഴിഞ്ഞു.