77 പോയിന്റ് പിന്നിൽ, ലീഡർബോർഡിൽ 19-ാം സ്ഥാനം, ഏതാനും മാച്ച് വീക്കുകൾ മാത്രം ബാക്കി. ഈ ഒരു ഘട്ടത്തിൽ മിക്ക ഫാന്റസി മാനേജർമാരുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽക്കുമായിരുന്നു. എന്നാൽ, ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2024-25 ഫാന്റസി ജേതാവായ വിൽസണ് മറ്റ് ചില പദ്ധതികൾ മുന്നിലുണ്ടായിരുന്നു. അത് അവസാനിച്ചതാകട്ടെ, അത്യുജ്വല തിരിച്ചുവരവിലും.

തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള ഈ ചെന്നൈയിൻ എഫ്സി ആരാധകൻ, അത്യന്തം നാടകീയമായ തിരിച്ചുവരവിലൂടെയാണ് ഐഎസ്എൽ ഫാന്റസി ലീഗിൽ കിരീടം നേടിയത്. അവസാന മാച്ച് വീക്കിലേക്ക് മാറ്റിവെച്ച 'ട്രിപ്പിൾ ക്യാപ്റ്റൻ' ബൂസ്റ്ററിന്റെ കരുത്തിൽ, മാച്ച് വീക്ക് 26-ഓടെ അദ്ദേഹം ഐഎസ്എൽ ഫാൻ്റസി 2024-25 ലീഡർബോർഡിന്റെ തലപ്പത്തെത്തി. ധീരമായ തീരുമാനം അദ്ദേഹത്തിന് നേടിക്കൊടുത്തത് പ്ലേസ്റ്റേഷൻ 5, ഗിഫ്റ്റ് കാർഡ് എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങൾ.

2015-ലെ ഐഎസ്എൽ ഫൈനൽ മുതൽ ലീഗിനെ പിന്തുടരുന്ന വിൽസൺ, സമ്മാനങ്ങളിലല്ല താൻ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് വെളിപ്പെടുത്തി. ഒന്നാം സ്ഥാനത്തെത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം, അത് അദ്ദേഹം നേടുകയും ചെയ്തു.

"ഞാൻ കളിച്ചത് സമ്മാനങ്ങൾക്കായിരുന്നില്ല, മറിച്ച് ഒന്നാം സ്ഥാനത്തെത്താൻ വേണ്ടി മാത്രമായിരുന്നു', വിൽ‌സൺ പറഞ്ഞു.

വിജയവാർത്ത അമ്മയോടും സഹോദരിയോടും പറഞ്ഞപ്പോൾ അവർക്ക് അത്ഭുതവും സന്തോഷവുമായി. മുൻപുള്ള മാച്ച് വീക്കുകളിൽ ഞാൻ ജയത്തിനടുത്തെത്തി എന്ന് അവരോട് പറഞ്ഞിരുന്നില്ല, അവർക്ക് വെറുതെ പ്രതീക്ഷ നൽകേണ്ടെന്ന് കരുതി."

സ്ഥിരതയാർന്ന മുന്നേറ്റം

കഴിഞ്ഞ രണ്ട് സീസണുകളായി വിൽസൺ ഐഎസ്എൽ ഫാന്റസി ഗെയിം കളിക്കുന്നുണ്ട്. 2023-24 സീസണിലെ മാച്ച് വീക്ക് 1-ലെ വിജയിയെക്കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടാണ് അദ്ദേഹം ഗെയിം കളിക്കാൻ തുടങ്ങിയത്. ആ സീസണിൽ 53-ാം സ്ഥാനത്തെത്തിയ അദ്ദേഹം, ഈ സീസണിന്റെ തുടക്കം മുതൽ വ്യക്തമായ ഒരു തന്ത്രവുമായാണ് ഇറങ്ങിയത്.

ഈ സീസണിലെ പുതിയ സ്കോറിംഗ് രീതി വിൽസന്റെ തന്ത്രങ്ങൾക്ക് കൂടുതൽ സഹായകമായി. വിജയകരമായ ഓരോ 15 പാസുകൾക്കും ഒരു പോയിന്റ് നല്കപ്പെടുമെന്ന എന്ന നിയമം അദ്ദേഹം മുതലെടുത്തു. അതിനാൽ പന്തിൽ മികവ് പുലർത്തുന്ന കളിക്കാരിലായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.

"ഈ സീസണിൽ പോയിന്റുകൾ നൽകുന്ന രീതി കണ്ടപ്പോൾ, പ്രത്യേകിച്ച് വിജയകരമായ പാസുകൾക്ക് പോയിന്റ് നൽകുന്നത് ശ്രദ്ധിച്ചപ്പോൾ, ഈ സീസണിൽ വിജയിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചു. കാരണം മറ്റുള്ളവർ പ്രധാനമായും ഗോൾ നേടുന്നവരെയാകും തിരഞ്ഞെടുക്കുക," അദ്ദേഹം വിശദീകരിച്ചു.

ഗോളടിക്കുന്ന താരങ്ങളെ മാത്രം തിരഞ്ഞെടുത്ത് ടീമിൽ നിറക്കുന്നതിന് പകരം, കൂടുതൽ പാസുകൾ നൽകുന്ന മിഡ്ഫീൽഡർമാരെയും ഡിഫൻഡർമാരെയും അദ്ദേഹം ടീമിലെടുത്തു. ഒഡിഷ എഫ്‌സിയുടെ അഹമ്മദ് ജാഹു, മുംബൈ സിറ്റി എഫ്‌സിയുടെ യോൾ വാൻ നീഫ് തുടങ്ങിയ താരങ്ങൾ അദ്ദേഹത്തിന്റെ ടീമിന്റെ നട്ടെല്ലായി.

ഒപ്പം മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ സുഭാശിഷ് ബോസ്, ബെംഗളൂരു എഫ്‌സിയുടെ രാഹുൽ ഭേക്കെ, മുംബൈ സിറ്റി എഫ്‌സിയുടെ ടിരി തുടങ്ങിയ പ്രതിരോധ താരങ്ങളും അദ്ദേഹത്തിന്റെ ടീമിലുണ്ടായിരുന്നു.

"ഞാൻ പൊതുവേ ആക്രമണകാരികളായ കളിക്കാരെ തിരഞ്ഞെടുത്തില്ല. മിക്കപ്പോഴും, കൂടുതൽ പാസുകൾ നൽകുന്ന മധ്യനിര, പ്രതിരോധ നിര താരങ്ങളെയാണ് ഉപയോഗിച്ചത്," അദ്ദേഹം വിശദീകരിച്ചു. ഈ തന്ത്രം ഞാൻ സീസണിന്റെ തുടക്കം മുതൽ ആസൂത്രണം ചെയ്തിരുന്നു."

ഈ സീസണിൽ ഐഎസ്എൽ ഫാൻ്റസിയിലെ ടോപ് സ്കോറിംഗ് ഫോർവേഡും നിരവധി റെക്കോർഡുകൾ തകർത്ത താരവുമായ അലാദ്ദീൻ അജൈറയെ ടീമിൽ നിലനിർത്തിയെങ്കിലും, ക്യാപ്റ്റന്റെ ആംബാൻഡ് കൂടുതലും നൽകിയത് ഡിഫൻഡർമാർക്കും മിഡ്ഫീൽഡർമാർക്കുമായിരുന്നു. പാസുകളിലൂടെയും അടിയുറപ്പിച്ച പ്രതിരോധത്തിലൂടെയും സ്ഥിരമായി പോയിന്റുകൾ നേടാൻ കഴിയുന്നവരായിരുന്നു അവർ.

"ഒരു ഡബിൾ മാച്ച് വീക്കിൽ മുന്നേറ്റനിര താരങ്ങളിൽ നിന്ന്, വിൽമർ ജോർദാൻ ഗില്ലിനും, രണ്ട് തവണ അലാദ്ദീനും (അജൈറ) ഞാൻ ക്യാപ്റ്റൻസി നൽകി. ബാക്കിയുള്ള എല്ലാ മാച്ച് വീക്കുകളിലും പ്രതിരോധ, മധ്യനിര താരങ്ങളായിരുന്നു ക്യാപ്റ്റന്മാർ," അദ്ദേഹം വ്യക്തമാക്കി.

തിരിച്ചടിയും തിരിച്ചുവരവും

മാച്ച് വീക്ക് 22-ൽ വിൽസണ് വലിയൊരു തിരിച്ചടി നേരിട്ടു. സീസണിൽ ഭൂരിഭാഗം സമയവും രണ്ടാം സ്ഥാനത്തിരുന്ന അദ്ദേഹം, ഒരു മോശം മാച്ച് വീക്കിനെ തുടർന്ന് 19-ാം സ്ഥാനത്തേക്ക് വീണു. ഒന്നാം സ്ഥാനക്കാരനെക്കാൾ 77 പോയിന്റ് പിന്നിലായി. എന്നാൽ, 23-ാം മത്സര ആഴ്ചയിൽ ഐഎസ്എൽ ഫാന്റസി "അൺലിമിറ്റഡ് ട്രാൻസ്ഫർ വിൻഡോ" പ്രഖ്യാപിച്ചത് ഒരു വഴിത്തിരിവായി.

"ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും പരമാവധി മുതലെടുക്കണമെന്നും എനിക്ക് തോന്നി. ഞാൻ എന്റെ ടീമിൽ ചില മാറ്റങ്ങൾ വരുത്തി, അത് ഫലം കണ്ടു. കാരണം എൻ്റെ കയ്യിൽ രണ്ട് ബൂസ്റ്ററുകൾ (ബെഞ്ച് ബൂസ്റ്റ്, ട്രിപ്പിൾ ക്യാപ്റ്റൻ) ബാക്കിയുണ്ടായിരുന്നു." വിൽസൺ ഓർത്തെടുത്തു.

അദ്ദേഹം നടപ്പാക്കിയ ഏറ്റവും നിർണായകമായ മാറ്റങ്ങളിലൊന്ന് ബെംഗളൂരു എഫ്‌സി ഫോർവേഡ് റയാൻ വില്യംസിനെ ടീമിലെത്തിച്ചതാണ്. അക്കാലത്ത് അധികമാരും തിരഞ്ഞെടുക്കാതിരുന്ന ബെംഗളൂരു എഫ്‌സി ഫോർവേഡിനെ ടീമിലെത്തിച്ചത് നിർണായകമായി. പ്ലേഓഫിലേക്ക് മുന്നേറാൻ ബ്ലൂസ് പോരാടിയപ്പോൾ, സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ വില്യംസ് ലീഗിലും ഫാന്റസിയിലും നിർണായകമായി.

അവസാന മാച്ച് വീക്കിൽ, സമ്മർദ്ദം അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ, വിൽസൺ തന്റെ ട്രിപ്പിൾ ക്യാപ്റ്റൻ ചിപ്പ് ടിരിക്ക് നൽകി. ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന ആ മത്സരത്തിൽ മുംബൈ ഒരു ക്ലീൻ ഷീറ്റോടെ വിജയിച്ചപ്പോൾ, അദ്ദേഹത്തിന്റെ തീരുമാനം ഫലം കണ്ടു. ആ നീക്കത്തിലൂടെ അദ്ദേഹം ഏതാനും പോയിന്റുകളുടെ വ്യത്യാസത്തിൽ കിരീടം ഉറപ്പിച്ചു.

"മറ്റുള്ള മാനേജർമാരുടെ ഭാഗത്തുനിന്നും ചിന്തിച്ചതുകൊണ്ടാണ് ഞാൻ ട്രിപ്പിൾ ക്യാപ്റ്റൻ അവസാന മാച്ച് വീക്ക് വരെ സൂക്ഷിച്ചത്. ടിരി 9 പോയിന്റ് നേടി, ആ അധിക പോയിന്റുകൾ എന്നെ സഹായിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയരഹസ്യവും അടുത്ത ലക്ഷ്യവും

തന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കായി വിൽസന്റെ സന്ദേശം വ്യക്തമാണ്: മത്സരങ്ങൾ കാണുക, സ്വന്തം തീരുമാനങ്ങളെ വിശ്വസിക്കുക.

"എല്ലാ ഐഎസ്എൽ മത്സരങ്ങളും മുടങ്ങാതെ കാണുക എന്നതാണ് ഓരോ മാനേജർക്കും ഞാൻ നൽകുന്ന ഒരു നിർദ്ദേശം. കളിക്കാരുടെ പരിക്കുകളെയും സസ്പെൻഷനുകളെയും കുറിച്ച് നാം അറിഞ്ഞിരിക്കണം. എപ്പോഴും സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുക, മറ്റുള്ളവരുടെ ആശയങ്ങൾക്കനുസരിച്ച് നിങ്ങളുടെ ടീമിൽ മാറ്റം വരുത്തരുത്," അദ്ദേഹം പറയുന്നു.

ഈ വിജയത്തിൽ വീണുപോകാതെ, അടുത്ത സീസണിൽ തന്റെ കിരീടനേട്ടം പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് വിൽസൺ.

"എല്ലാവർക്കും ഇപ്പോൾ എന്റെ തന്ത്രങ്ങൾ അറിയാമെങ്കിലും, അടുത്ത സീസണിലും ഞാൻ കളിക്കും, വീണ്ടും ഒന്നാമതെത്താൻ ശ്രമിക്കും," അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞവസാനിപ്പിച്ചു.