ഈ ലേഖനം ഇംഗ്ലീഷ് , ബംഗാളി ഭാഷകളിലും ലഭ്യമാണ്.

പുതുതായി ചുമതലയേറ്റ പരിശീലകൻ ഖാലിദ് ജമീലിനു കീഴിൽ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീം. കാഫ നേഷൻസ് കപ്പ് 2025- ആദ്യ മത്സരത്തിൽ പ്രതിരോധ താരങ്ങളുടെ മികവിൽ ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആതിഥേയരായ താജിക്കിസ്ഥാനെ പരാജയപ്പെടുത്തി. ഇന്ത്യക്കായി സെന്റർ ബാക്കുകളായ അൻവർ അലി (5'), സന്ദേശ് ജിങ്കൻ (13') എന്നിവർ ഗോളുകൾ നേടി.

ഇന്ത്യയുടെ നീലക്കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച മലയാളി ലെഫ്റ്റ് ബാക്ക് മുഹമ്മദ് ഉവൈസാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. രണ്ടാം ഗോളിന് വഴിയൊരുക്കിയത് മറ്റൊരു ഫുൾ ബാക്കായ രാഹുൽ ഭേകെയാണ്. ജയത്തോടെ ഇന്ത്യ ഇറാന് പിന്നിൽ ഗ്രൂപ്പ് ബിയിൽ രണ്ടാമതെത്തി.

ഇന്ത്യ:

ഗുർപ്രീത് സിംഗ് സന്ധു (സി) (ജികെ), രാഹുൽ ഭേക്കെ, അൻവർ അലി, സന്ദേശ് ജിങ്കൻ, ലാലിയൻസുവാല ചാങ്തെ, സുരേഷ് സിംഗ് വാങ്ജാം, വിക്രം പർതാപ് സിംഗ്, ഇർഫാൻ യാദ്വാദ്, മുഹമ്മദ് ഉവൈസ് മൊയിക്കൽ, ജീക്സൺ സിംഗ് തൗനോജം, ആഷിഖ് കുരുണിയൻ.

താജിക്കിസ്ഥാൻ:

മുഹ്രിദ്ദിൻ ഹസനോവ് (ഗോൾകീപ്പർ), അക്തം നസറോവ്, സോയിർ ജുറാബോവ്, അലിജോൺ കറോമത്തുല്ലോസോഡ, മനുചെഹർ സഫറോവ്, അലിഷെർ ഷുക്കൂറോവ്, ഷെരിദ്ദിൻ ബോബോവ്, ഷെർവോണി മബത്ഷോവ്, അലിഷെർ ജലീലോവ്, എഹ്സോനി പൻഷൻബെ, ഷഹ്റോം സമിയേവ്.

സെൻട്രൽ സ്റ്റേഡിയത്തിൽ ഇരമ്പിയാർക്കുന്ന താജിക്കിസ്ഥാൻ ജനതയെ നിശബ്ദമാക്കി ആദ്യ മിനിറ്റുകളിൽ തന്നെ ഇന്ത്യ മത്സരത്തിൽ ലീഡ് കണ്ടെത്തിയത് ആതിഥേയരെ ഞെട്ടിച്ചു. അതിന് വഴിയൊരുക്കിയത് മലയാളി താരം ഉവൈസും.

നാലാം മിനിറ്റിൽ, മത്സരത്തിലെ ആദ്യ കോർണർ ലഭിച്ചത് ഇന്ത്യക്ക് അനുകൂലമായി. ലാലിയൻസുവാല ചാങ്തെ എടുത്ത കിക്ക് അല്പം നീണ്ടുപോയെങ്കിലും, തുടർന്ന് ലഭിച്ച ത്രോ-ഇന്നിൽ നിന്ന് ഉവൈസ് എറിഞ്ഞ ലോങ്ങ് ത്രോയാണ് ഗോളിലേക്ക് വഴിയൊരുക്കിയത് . ഖാലിദ് ജമീലിന്റെ തന്ത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായ ലോങ്ങ് ത്രോയിൽ അൻവർ അലി തലവെച്ചു. ക്ലിയർ ചെയ്യാനുള്ള താജിക്കിസ്ഥാൻ പ്രതിരോധ താരത്തിന്റെ ശ്രമം പിഴച്ച് പന്ത് വലയിൽ കയറി! സ്കോർ 1-0. ഇന്ത്യ മത്സരത്തിൽ മുന്നിൽ!

നേരത്തെ ലീഡ് വഴങ്ങിയതിൽ പതറിയ ആതിഥേയർ തുടർന്ന്, പതിയെ ബിൽഡ് അപ്പുകളിലൂടെ മത്സരത്തിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ നടത്തി. ഫൈനൽ തേർഡിലേക്ക് എത്തിയെങ്കിലും നീലകടുവകൾ പ്രതിരോധത്തിൽ മതിൽ പോലെ ഉറച്ചു നിന്നു. അടുത്ത ആക്രമണത്തിന് എതിരാളികൾ തുടക്കമിടാൻ ഒരുങ്ങുമ്പോഴേക്കും 13-ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി ഹിസാറിൽ ഇന്ത്യ ലീഡ് ഇരട്ടിയാക്കി.

ഇത്തവണ ഗോളവസരം ഒരുക്കിയത് ആദ്യ ഗോൾ നേടിയ അൻവർ അലി. വലതുവിങ്ങിൽ നിന്ന് അൻവർ എടുത്ത കോർണർ കിക്ക് രാഹുൽ ഭേക്കെ ഹെഡ്ഡ് ചെയ്തു, എന്നാൽ താജിക്ക് ഗോൾകീപ്പർ ഹസനോവ് അത് തടഞ്ഞെങ്കിലും റീബൗണ്ടിൽ നിന്ന് ലഭിച്ച പന്ത് സന്ദേശ് ജിങ്കൻ അനായാസം വലയിലെത്തിച്ച് ഇന്ത്യയുടെ ലീഡ് ഉയർത്തി. സ്കോർ 2-0.

മത്സരത്തിന്റെ തുടക്കത്തിൽ രണ്ട് ഗോളുകൾ വഴങ്ങിയെങ്കിലും പോരാട്ടവീര്യം ഒട്ടും ചോർന്നുപോകാത്ത താജിക്ക് നിരയെയാണ് മത്സരത്തിൽ പിന്നീട് കണ്ടത്. ഇന്ത്യയുടെ പിൻനിരയെ പലതവണ പരീക്ഷിച്ച അവർ ഒടുവിൽ ഗോളിലേക്കുള്ള പാത കണ്ടെത്തി. 23-ാം മിനിറ്റിൽ നടത്തിയ നീക്കത്തിനൊടുവിൽ സമിയേവിലൂടെ അവർ ഒരു ഗോൾ മടക്കി. മധ്യനിരയിൽ സുരേഷിനെ വെട്ടിച്ച് മുന്നേറിയ പഷാൻബെ, ബോബോവുമായി ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ബോക്സിനുള്ളിൽ സമിയേവിന് പന്ത് നൽകി. സന്ദേശ് ജിങ്കനെ കബളിപ്പിച്ച് മുന്നോട്ട് കയറിയ സമിയേവ്, ഗോൾകീപ്പർ ഗുർപ്രീതിനെയും മറികടന്ന് പന്ത് വലയിലെത്തിച്ചു. സ്കോർ 2-1.

മറുപടി ഗോളിൽ ഇന്ത്യ പതറിയെങ്കിലും മൂന്ന് മിനിറ്റുകളിൽ ഇന്ത്യ തിരിച്ചടിക്കാനുള്ള ശ്രമം നടത്തി. 26-ാം മിനിറ്റിൽ അൻവർ അലിയുടെ ഇടംകാലൻ ഷോട്ട് ലക്ഷ്യത്തിലേക്ക് കുതിച്ചെങ്കിലും, ഗോൾകീപ്പർ ഹസനോവ് അത് തട്ടിയകറ്റി അപകടം ഒഴിവാക്കി.

സുവർണാവസരം നഷ്ടപ്പെടുത്തിയതിൽ ഇന്ത്യക്ക് നിരാശ നൽകുന്നതായിരുന്നു താജിക്കിസ്ഥാന്റെ പിന്നീടുള്ള പ്രകടനം. തുടക്കത്തിൽ ഗോള വഴങ്ങിയെങ്കിലും അവർ ശക്തമായി തിരിച്ചടിക്കുകയും ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കൂടുതൽ അപകടകാരികളാവുകയും ചെയ്തു.

പന്ത് കൈവശപ്പെടുത്തിയ ആതിഥേയർ നിരന്തരം ജിങ്കനും അൻവറും നയിക്കുന്ന പ്രതിരോധത്തെ പരീക്ഷിച്ചു. 39-ാം മിനിറ്റിൽ ഇടതുവിങ്ങിൽ നിന്ന് ജലീലോവ് എടുത്ത കോർണർ കിക്ക് അപകടകരമായി തീരേണ്ടതായിരുന്നെങ്കിലും ഉയർന്നുചാടിയ ഗുർപ്രീത് പന്ത് തട്ടിയകറ്റി അപകടം ഒഴിവാക്കി. വിസിൽ മുഴങ്ങുമ്പോൾ നേരിയ ലീഡുമായാണ് താജിക്കിസ്ഥാനെതിരെ ഇന്ത്യ ആദ്യ പകുതി അവസാനിപ്പിച്ചത്.

ആക്രമണത്തിന് മൂർച്ച കൂട്ടിയും സെറ്റ്പ്പീസുകളിൽ അപകടം നിറച്ചുമാണ് താജിക്കിസ്ഥാൻ രണ്ടാം പകുതി ആരംഭിച്ചത്. എഹ്സോനി പഷാൻബെ എടുത്ത ഫ്രീകിക്ക് എത്തിയത് ഓടിക്കയറിയ അലിഷെർ ജലീലോവിലേക്ക്. ബോക്സിന്റെ മധ്യഭാഗത്ത് വെച്ച് ജലീലോവ് തൊടുത്ത ഷോട്ട് നേരെ ഗുർപ്രീതിന്റെ അടുത്തേക്ക്. ഗുർപ്രീതിന്റെ മികച്ച സേവിൽ ഇന്ത്യ രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ, സഫറോവിന്റെ ലോങ്ങ് റേഞ്ചർ കൂടി ഗുർപ്രീത് രക്ഷപ്പെടുത്തി തിളങ്ങി.

55-ാം മിനിറ്റിൽ മൂന്ന് മാറ്റങ്ങൾ ഇന്ത്യൻ നിരയിലുണ്ടായി. മധ്യനിരയെ ശക്തിപ്പെടുത്താനായി പരിശീലകൻ ഖാലിദ് ജമീൽ സുരേഷ് സിങ്, ജീക്സൺ സിങ്, ലാലിയൻസുവാല ചാങ്തെ എന്നിവരെ പിൻവലിച്ച് പകരക്കാരായി ഡാനിഷ് ഫാറൂഖ്, നിഖിൽ പ്രഭു, നോറം മഹേഷ് എന്നിവരെ കളത്തിലിറക്കി. എങ്കിലും, പന്ത് കൈവശം വെച്ച് മത്സരത്തിൽ ആധിപത്യം പുലർത്താൻ ഇന്ത്യ ബുദ്ധിമുട്ടി. വേഗതയേറിയ ആക്രമണങ്ങളിലൂടെ താജിക്കിസ്ഥാൻ കളം പിടിച്ചു.

72-ാം മിനിറ്റിൽ മത്സരത്തിൽ വഴിത്തിരിവായേക്കാവുന്ന സാഹചര്യത്തിന് സെൻട്രൽ സ്റ്റേഡിയം സാക്ഷിയായി. ആതിഥേയർ സമനില ഗോളിന് അടുത്തെത്തിയെങ്കിലും ഗുർപ്രീത് വീണ്ടും രക്ഷകനായി ഉദിച്ചു. ബോക്സിനുള്ളിൽ വെച്ച് റുസ്തം സോയിറോവിനെ വിക്രം പർതാപ് സിങ് ഫൗൾ ചെയ്തതിന് താജിക്കിസ്ഥാന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. പെനാൽറ്റി എടുക്കാനെത്തിയ സോയിറോവിന്റെ ഷോട്ട്, ഗുർപ്രീത് ഒരു തകർപ്പൻ സേവിലൂടെ തടഞ്ഞു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഇന്ത്യ മത്സരത്തിലെ ലീഡ് നിലനിർത്തി.

86-ാം മിനിറ്റിൽ ഇന്ത്യക്ക് വീണ്ടും അവസരം ലഭിച്ചു. പ്രത്യാക്രമണത്തിൽ റോഷനിൽ നിന്ന് ലഭിച്ച പന്തുമായി കുതിച്ച നോറം മഹേഷ് ബോക്സിനു മുന്നിൽ നിന്നും തൊടുത്ത ഷോട്ട് ലക്ഷ്യത്തിലേക്ക് എത്തിയെങ്കിലും ഗോൾകീപ്പർ ഹസനോവ് ഒരു മികച്ച സേവിലൂടെ അത് കോർണറിനായി തട്ടിയകറ്റി.

എട്ടു മിനിറ്റുകൾ കൂട്ടിച്ചേർക്കപ്പെട്ട ഇഞ്ചുറി സമയത്തേക്ക് മത്സരം നീങ്ങുമ്പോൾ വിക്രമിന് പകരമായി ബോറിസ് സിങ്ങിനെ ജമീൽ കളത്തിലിറക്കി. അവസാന മിനിറ്റുകളിൽ കടുത്ത പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇന്ത്യ, തുടരെ പിറന്ന താജിക്ക് ആക്രമണങ്ങളുടെ മുനയൊടിച്ച്, നേടിയ ലീഡ് സംരക്ഷിച്ചു.

റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ, താജിക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ പുത്തൻ പരിശീലകന്റെ കീഴിൽ ആദ്യ ജയം നേടി. ഖാലിദ് ജമീലിന് കീഴിൽ 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ബ്ലൂ ടൈഗേഴ്സ് താജിക്കിസ്ഥാനെതിരെതങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്.

2008- എഎഫ്സി ചലഞ്ച് കപ്പിൽ സുനിൽ ഛേത്രിയുടെ ഹാട്രിക്കിന്റെ മികവിൽ ജയിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ താജിക്കിസ്ഥാനെ പരാജയപ്പെടുത്തുന്നത്. പ്രതിരോധ താരങ്ങൾ ഗോളുകളും അസിസ്റ്റുകളും കൊണ്ടും, ഗുർപ്രീത് മികച്ച സേവുകൾ കൊണ്ടും തിളങ്ങിയ ജയം കാഫ കപ്പിലെ മറ്റ് പോരാട്ടങ്ങളിൽ ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.

കാഫ നേഷൻസ് കപ്പിലെ അടുത്ത മത്സരത്തിൽ സെപ്റ്റംബർ ഒന്നിന് ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഇറാനെ നേരിടും. അഫ്ഗാനിസ്ഥാനെ 3-1 ന് തോൽപ്പിച്ച ഇറാൻ ഗ്രൂപ്പിൽ ഒന്നാമതാണ്.