​ഈ ലേഖനം ഇംഗ്ലീഷ് , ബംഗാളി ഭാഷകളിലും ലഭ്യമാണ്.

ഇന്ത്യൻ ഫുട്ബോൾ ടീം ഒരു പുതുയുഗത്തിലേക്ക് കടക്കുമ്പോൾ, പുതിയ പരിശീലകൻ ഖാലിദ് ജമീലിന് കീഴിലെ ആദ്യ മത്സരത്തിന് കളമൊരുങ്ങുന്നു. സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ (കാഫ) നേഷൻസ് കപ്പ് 2025-ൽ,
2025 ഓഗസ്റ്റ് 29-ന് ഇന്ത്യ താജിക്കിസ്ഥാനെ നേരിടും. ദുഷാൻബെയിലെ ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9:00 മണിക്കാണ് മത്സരത്തിന്റെ കിക്കോഫ്.

ഒക്ടോബറിൽ സിംഗപ്പൂരിനെതിരെ നടക്കുന്ന നിർണായകമായ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായുള്ള ഒരു സുപ്രധാന തയ്യാറെടുപ്പാണ് ഇന്ത്യക്ക് ഈ ടൂർണമെന്റ്. താജിക്കിസ്ഥാനാകട്ടെ ഒക്ടോബറിൽ യോഗ്യത മത്സരങ്ങളിൽ മാലദ്വീപിനെ നേരിടും.

കൂടുതൽ വായിക്കൂ :കാഫ നേഷൻസ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഖാലിദ് ജമീൽ പ്രഖ്യാപിച്ചു!

ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ദ്വിവാർഷിക ടൂർണമെന്റിന്റെ രണ്ടാം പതിപ്പിൽ ഇന്ത്യയടക്കം എട്ടു ടീമുകളാണ് പങ്കെടുക്കുന്നത്. ആതിഥേയരായ താജിക്കിസ്ഥാൻ, നിലവിലെ ചാമ്പ്യന്മാരായ ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബി-യിലാണ് ഇന്ത്യയുടെ സ്ഥാനം. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെപ്റ്റംബർ 8-ന് നടക്കുന്ന പ്ലേഓഫിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് റണ്ണറപ്പുകൾ ദുഷാൻബെയിൽ മൂന്നാം സ്ഥാനത്തിനായി മത്സരിക്കുമ്പോൾ, ഗ്രൂപ്പ് ജേതാക്കൾ താഷ്കെന്റിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.

"കാഫ നേഷൻസ് കപ്പിനായി ഞങ്ങൾക്ക് നല്ല രീതിയിൽ തയ്യാറെടുപ്പുകൾ നടത്താൻ കഴിഞ്ഞു. ഓരോ കളിക്കാരനും ഇവിടെ എത്തുന്നതിന് മുമ്പ് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ജമീൽ പറഞ്ഞു.

സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലാണ് ഇന്ത്യൻ ടീം ഈ ടൂർണമെന്റിന് ഇറങ്ങുന്നത്. അവസാന രണ്ട് മത്സരങ്ങളിലും തോൽവി, ഫിഫ റാങ്കിംഗിൽ ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 133-ാം സ്ഥാനത്തേക്ക് ടീം വീണു. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഹോങ്കോങ്ങിനോട് ഏറ്റ തോൽവി ടീമിന് വലിയ തിരിച്ചടിയായി. ഏഷ്യൻ കപ്പ് യോഗ്യത ടൂർണമെന്റിന്റെ ഗ്രൂപ്പിൽ അവർ അവസാന സ്ഥാനത്തുമാണ്. എന്നിരുന്നാലും, ഒരു പുതിയ പരിശീലകന്റെ കീഴിൽ, ഒരു പുതിയ തുടക്കം കുറിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. ആത്മവിശ്വാസം വീണ്ടെടുക്കാനും, പ്രതിരോധം ശക്തിപ്പെടുത്താനും, താളം കണ്ടെത്താനും ബ്ലൂ ടൈഗേഴ്സ് ശ്രമിക്കും.

മറുവശത്ത്, താജിക്കിസ്ഥാൻ തങ്ങളുടെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത ടൂർണമെന്റിന്റെ ഗ്രൂപ്പിൽ ഫിലിപ്പീൻസിനൊപ്പം തുല്യ പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് കളികളിൽ അവർ പരാജയമറിഞ്ഞിട്ടില്ല. ഒപ്പം, ഫിഫ റാങ്കിംഗിൽ 106-ാം സ്ഥാനത്തുള്ള താജിക്കിസ്ഥാന് ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഉണ്ട്.

എങ്കിലും, ഒരു പുതിയ പരിശീലകന്റെ കീഴിൽ പഴയ ഫലങ്ങൾ മറന്ന് ഭാവി വെട്ടിപിടിക്കാനും ഇന്ത്യൻ ശ്രമിക്കും. ഒപ്പം നിരവധി പുതുമുഖങ്ങളെ ഖാലിദ് ജമീൽ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ അടുത്ത എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി അവർ ടീമിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും ശ്രമിക്കും.

"നമുക്ക് ചിന്തകളിൽ പുതുമ വേണം, പോസിറ്റീവാകണം. ഇതൊരു മികച്ച ടീമിനെതിരായ എവേ മത്സരമാണെന്ന് അറിയാം, പക്ഷേ അതിനനുസരിച്ച് തയ്യാറെടുക്കുകയും നല്ല ഫലത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും വേണം. എല്ലാ കളിക്കാരും ഉത്തരവാദിത്തം ഏറ്റെടുക്കണം. ഈ വെല്ലുവിളി സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് എനിക്ക് തോന്നുന്നു," ജമീൽ കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ വിശദാംശങ്ങൾ

മത്സരം: താജിക്കിസ്ഥാൻ vs ഇന്ത്യ

തീയതി: ഓഗസ്റ്റ് 29, 2025

സമയം: രാത്രി 9:00 (IST)

വേദി: സെൻട്രൽ സ്റ്റേഡിയം, ഹിസോർ

ലൈവ് സ്ട്രീമിംഗ്: ഫാൻകോഡ് (FanCode)