ഇന്ത്യൻ സൂപ്പർ ലീഗിന് (ഐഎസ്എൽ) ഓരോ സീസൺ പിന്നിടുമ്പോഴും സ്പാനിഷ് താരങ്ങളോടുള്ള പ്രതിപത്തി വർദ്ധിക്കുകയാണ്. ടീമുകളുടെ പരിശീലക തലപ്പത്തേക്ക് സ്പാനിഷ് പരിശീലകരുടെ കടന്ന് വരവ് ഇതിന് ആക്കം കൂട്ടി. അവരുടെ കീഴിൽ ലോങ്ങ് പാസുകളെന്ന തന്ത്രത്തിൽ നിന്ന് പ്രതിരോധനിരയെ ഭേദിക്കുന്ന പാസുകളിലേക്കും, കൃത്യമായി മെനഞ്ഞെടുത്ത മുന്നേറ്റങ്ങളിലേക്കും ക്ലബ്ബുകളുടെ ശൈലി നീങ്ങി.

കഴിഞ്ഞ ദശാബ്ദത്തിൽ, ഇന്ത്യയിൽ ഫുട്ബോൾ കളിക്കുന്ന രീതിയിലും അതിനെ കാണുന്ന രീതിയിലും സ്പാനിഷ് ഫുട്ബോളിനോടുള്ള കമ്പം മാറ്റങ്ങൾ കൊണ്ടുവന്നു. അതിനാവശ്യമായ താരങ്ങളെ സ്പെയിനിൽ നിന്നും എത്തിച്ചു. അതിന്റെ അലയൊലികൾ കേരള ബ്ലാസ്റ്റേഴ്സിലും ഉണ്ടായിരുന്നു.

മുൻ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സി അണിഞ്ഞ വിദേശ താരങ്ങളിൽ, ക്ലബ്ബിന്റെ സ്വത്വം രൂപപ്പെടുത്തുന്നതിൽ സ്പാനിഷ് കളിക്കാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ച പ്രധാന സ്പാനിഷ് കളിക്കാരെയും അവരുടെ സംഭാവനകളെയും പരിചയപ്പെടാം.

ഹോസു കുറൈസ്

'ജോസൂട്ടൻ' എന്ന വിളിപ്പേരിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്നേഹിച്ചിരുന്ന താരമാണ് ഹോസു കുറൈസ് പ്രീറ്റോ. ലാ മാസിയ അക്കാദമിയിലൂടെ വളർന്നുവന്ന ഹോസു, 2015, 2016 സീസണുകളിൽ പ്രതിരോധത്തിലും മധ്യനിരയിലും ആക്രമണത്തിലും ഒരേ പോലെ മികവ് പ്രകടിപ്പിച്ച അദ്ദേഹം ക്ലബ്ബിനായി ഏറ്റവുംമധികം മത്സരങ്ങൾ കളിക്കുന്ന സ്പാനിഷ് താരമായി മാറി.

ആദ്യ വർഷങ്ങളിൽ കളത്തിൽ സ്ഥിരതയില്ലാതിരുന്ന ക്ലബിന് ആദ്യ വർഷങ്ങളിൽ തന്റെ പൊസിഷനിൽ സ്ഥിരത നൽകിയത് ഹോസു ആയിരുന്നു. രണ്ട് സീസണുകളിലായി 25 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും അഞ്ച് അസിസ്റ്റും നേടി ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനായി മാറി. 2016-ലെ അവസാന സീസണിന് ശേഷം സ്പെയിനിലേക്ക് മടങ്ങിയ താരത്തിന്റെ മടങ്ങിവരവിനായി പിന്നീട് ഓരോ സീസണിലും ആരാധകർ കാത്തിരുന്നിട്ടുണ്ട്.

അൽവാരോ വാസ്ക്വസ്

2016 ന് ശേഷം വീണ്ടുമൊരു ഐഎസ്എൽ ഫൈനലിലായി കേരള ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കേണ്ടി വന്നത് നീണ്ട ആറ് വർഷങ്ങൾ. 2021-22 സീസണിൽ മൂന്നാം തവണ ക്ലബ് ഫൈനലിലേക്ക് കാലുവെച്ചപ്പോൾ, മുന്നിൽ നിന്ന് നയിച്ച താരങ്ങളിൽ ഒരാളാണ് അൽവാരോ വാസ്ക്വസ്. സ്പെയിനിലെ മുൻ നിര ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞ താരം, അഡ്രിയാൻ ലൂണയുമായി രൂപപ്പെടുത്തിയ കൂട്ടുകെട്ട് ടീമിനെ ലീഗിൽ മുന്നോട്ട് ചലിപ്പിച്ചു.

സെന്റർ സർക്കിളിൽ നിന്നും നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ നേടിയ ലോംഗ് റേഞ്ചർ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഒരിക്കലും മറക്കില്ല. ബുദ്ധിപരമായ നീക്കങ്ങളിലൂടെയും ലിങ്ക് ആപ്പ് പ്ലേകളിലൂടെയും എതിർ ഗോൾമുഖത്ത് നിരന്തരം അപകടങ്ങൾ വിതച്ച അദ്ദേഹം അരങ്ങേറ്റ സീസണിൽ 23 മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ നേടി തിളങ്ങി.

വിക്ടർ മോംഗിൽ

ഐഎസ്എല്ലിൽ എടികെയുടെയും ഒഡീഷയുടെയും കുപ്പായങ്ങളിൽ തിളങ്ങിയ ശേഷമാണ് വിക്ടർ മോംഗിൽ 2022-ൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളത്തിൽ നിറഞ്ഞു നിന്ന അദ്ദേഹം പ്രതിരോധത്തിന് സ്ഥിരത നൽകി. പ്രതിരോധനിരയിൽ നിന്ന് പാസുകൾ നൽകാനും, പന്ത് കൈവശമുള്ളപ്പോൾ മധ്യനിരയിലേക്ക് കയറിക്കളിക്കാനുമുള്ള കഴിവ്, ആക്രമണ ഫുട്ബോൾ കളിക്കാൻ ശ്രമിക്കുന്ന ടീമിന് ഒരു മികച്ച ഓപ്ഷനാക്കി അദ്ദേഹത്തെ മാറ്റി.

ഒരു സീസൺ മാത്രം യെല്ലോ ആർമിക്കൊപ്പം ചിലവഴിച്ച താരം, എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉൾപ്പെട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ നേതൃത്വവും യുവ ഡിഫൻഡർമാർക്കൊപ്പമുള്ള കൂട്ടുകെട്ടും ടീമിന് മുതൽക്കൂട്ടായി. കൊച്ചിയിലെ അദ്ദേഹത്തിന്റെ കാലം ചുരുങ്ങിയതായിരുന്നെങ്കിലും, മോംഗിലിന്റെ പ്രൊഫഷണലിസവും പക്വതയും സ്ക്വാഡിന് കൂടുതൽ ആഴം നൽകി.

വിസെന്റെ ഗോമസ്

ലാലിഗ പാരമ്പര്യമുള്ള സെൻട്രൽ മിഡ്ഫീൽഡറായ വിസെന്റെ ഗോമസ്, 2020-21 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. അന്നത്തെ പരിശീലകനായ കിബു വികൂനയുടെ കീഴിൽ ഡീപ്-ലയിംഗ് പ്ലേമേക്കറായി കളിച്ച അദ്ദേഹം മധ്യനിരയ്ക്ക് നിയന്ത്രണവും ഘടനയും സാങ്കേതിക മികവും നൽകി.

കളിയുടെ ഗതി മാറ്റാനും, സമ്മർദ്ദഘട്ടങ്ങളിൽ സമചിത്തതയോടെ കളിക്കാനും, പ്രതിരോധത്തിന് സംരക്ഷണം നൽകാനുമുള്ള കഴിവ്, പതറുന്ന ടീമിൽ ഒരു അവിഭാജ്യ ഘടകമാക്കി അദ്ദേഹത്തെ മാറ്റി. 19 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ അദ്ദേഹം, ആ സീസണിൽ ക്ലബ്ബിനായി ഏറ്റവും കൂടുതൽ പാസുകളും ഇന്റർസെപ്ഷനുകളും പൂർത്തിയാക്കി.

ഹെസ്യൂസ് ഹിമെനെസ്

2024-25 സീസണിൽ ടീമിലെത്തിയ ഹെസ്യൂസ് ഹിമെനെസ്, ചുരുങ്ങിയ കാലം കൊണ്ട് ടീമിന്റെ നെടുംതൂണായി. വളരെ പെട്ടെന്ന് ആരാധകരുടെ പ്രിയപ്പെട്ട താരമാകാനും ക്ലബ് വിട്ട ഗോൾഡൻ ബൂട്ട് ജേതാവ് ദിമിത്രിയോസ് ഡയമണ്ടക്കോസിന്റെ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനായും ടീമിന്റെ മുന്നേറ്റനിരയിലെ നിർണായക സാന്നിധ്യമായും മാറിയ അദ്ദേഹം 18 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടി, ആ സീസണിലെ ക്ലബ്ബിന്റെ ടോപ് സ്കോററായി.

ഐഎസ്എലിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ നാലാമതായാണ് അദ്ദേഹം സീസൺ അവസാനിപ്പിച്ചത്. പഞ്ചാബ് എഫ്‌സിക്കെതിരായ തന്റെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടിക്കൊണ്ട് ലീഗിൽ അരങ്ങേറ്റം കുറിച്ച ഹിമെനെസ്, പിന്നീട് തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കേരള ബ്ലാസ്റ്റേഴ്സ് താരം എന്ന ചരിത്രനേട്ടവും സ്വന്തമാക്കി. അദ്ദേഹത്തിന്റെ ഫിനിഷിംഗ് മികവ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന് ഒരു പുതിയ മാനം നൽകി.

സെർജിയോ സിഡോഞ്ച

2020-21 സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്നു 2019-ൽ ക്ലബ്ബിലെത്തിയ സെർജിയോ സിഡോഞ്ച. കഠിനാധ്വാനിയായ ഒരു മധ്യനിര താരം. ഗോൾ നേടാനുള്ള കഴിവുകൊണ്ടും ശ്രദ്ധേയൻ. ചുരുങ്ങിയ കാലം മാത്രമാണ് ടീമിനൊപ്പം പന്ത് തട്ടിയതെങ്കിലും അദ്ദേഹത്തിന്റെ പ്രതിബദ്ധതയും കളിമികവും ഏറെ പ്രശംസിക്കപ്പെട്ടു.

2020-21 സീസണിൽ ആദ്യത്തെ മൂന്ന് മത്സരങ്ങൾക്ക് ശേഷം പരിക്ക് മൂലം സീസൺ അവസാനിപ്പിച്ചെങ്കിലും അതിനോടകം ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി താരം മാറി. അദ്ദേഹത്തിന്റെ അഭാവം മധ്യനിരയിൽ ഒരു വലിയ വിടവ് സൃഷ്ടിച്ചു, അതോടെ കേരളത്തിന്റെ സീസൺ താഴേക്ക് വീണു. രണ്ട് സീസണുകളിലായി 16 മത്സരങ്ങളിൽ നിന്നും രണ്ട് ഗോളും 3 അസിസ്റ്റുമായിരുന്നു അദ്ദേഹത്തിന്റെ സംഭാവന.

വിക്ടർ ഹെരേരോ ‘പുൾഗ’

2014-ലെ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കാൻ സഹായിച്ച ആദ്യകാല സ്പാനിഷ് താരങ്ങളിൽ ഒരാളാണ് പുൾഗ. മധ്യനിരയിൽ കളിയുടെ വേഗത നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം, പ്രധാനമായും സെൻട്രൽ മിഡ്ഫീൽഡറായി കളിച്ച് ടീമിന്റെ ഹൃദയമായി മാറി. 2015-ലെ സീസണിലും ടീമിൽ നിലനിർത്തിയ അദ്ദേഹം, എഫ്‌സി ഗോവയ്‌ക്കെതിരെ ഒരു ഗോൾ നേടുകയും, കൂടുതൽ ഡിഫൻസീവ് റോളിലേക്ക് മാറുകയും ചെയ്തു.

2018 ഫെബ്രുവരിയിൽ, ഡേവിഡ് ജെയിംസിന്റെ കീഴിൽ ബ്ലാസ്റ്റേഴ്സിലേക്ക് അദ്ദേഹം രണ്ടാം വരവ് നടത്തി. ആ സീസണിൽ ഒരു മത്സരത്തിൽ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും, അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും ആരാധകരുമായുള്ള നല്ല ബന്ധവും അദ്ദേഹത്തിന് മഞ്ഞക്കടലിനുള്ളിൽ മതിപ്പ് ഉളവാക്കി.