​ഈ ലേഖനം ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലും ലഭ്യമാണ്.

ഫുട്ബോൾ എന്നത് കളിക്കാരോ ക്ലബ്ബുകളോ മാത്രമല്ല, ആരാധകരും, സ്റ്റാൻഡുകളിൽ നിന്ന് ഉയരുന്ന ആരവങ്ങളും ചാന്റുകളും ഉൾപ്പെടുന്നതാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ), ആരാധകരുടെ ചില ചാന്റുകൾ ക്ലബ്ബിനോടുള്ള സ്നേഹത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. തളരുന്ന ടീമിനെ ഉത്തേജിപ്പിക്കാനും, എതിരാളികളെ സമ്മർദ്ദത്തിലാക്കാനും, സ്റ്റേഡിയത്തിനും അപ്പുറം തങ്ങളുടെ ശബ്ദം എത്തിക്കാനും ഈ ചാന്റുകൾക്ക് കഴിയും.

ഇന്ത്യയുടെ വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും ഫുട്ബോൾ ആരാധനയ്ക്ക് പല രൂപങ്ങളുണ്ട്. അതിനാൽ ഓരോ ചാന്റുകളിലും പ്രാദേശികത്തനിമ നിറഞ്ഞിരിക്കുന്നു. ഇത് ഐഎസ്എല്ലിനെ കാൽപ്പന്ത് കോർത്തെടുത്ത സംസ്കാരങ്ങളുടെ ഒരു മാലയാക്കി മാറ്റുന്നു.

ഈ ആരവങ്ങൾ സ്റ്റാൻഡുകളിൽ ജനിക്കുന്നു, സീസണുകളിൽ നിന്നും സീസണുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു, തൊണ്ടയിടറുന്നതുവരെ ആർത്തുവിളിക്കുന്നു. അവ കളിക്കാരുടെ ഊർജത്തിന്റെ ഉറവിടമാകുന്നതിനൊപ്പം ആരാധകർക്ക് തങ്ങളുടെ കരുത്ത് കാണിക്കാനുള്ള വേദിയുമാകുന്നു.

ലീഗിലെ ഏറ്റവും പ്രശസ്തമായ അഞ്ച് ചാന്റുകൾ പരിചയപ്പെടാം.

മോഹൻ ബഗാൻ സൂപ്പർ ജയന്റ് - അമ്ര കര, മോഹൻ ബഗാൻ

"അമ്ര കര?" (നമ്മൾ ആരാണ്?) എന്ന് ആരാധകർ ആർത്തുവിളിക്കുമ്പോൾ, "മോഹൻ ബഗാൻ!" എന്ന് സ്റ്റേഡിയം ഒന്നടങ്കം മറുപടി നൽകുന്നു. "ആര് ജയിക്കും?" (ജിത്ബേ കാര?) എന്ന ചോദ്യത്തിനും ഉത്തരം ഒന്നുതന്നെ: "മോഹൻ ബഗാൻ!".

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ ചാന്റുകളിൽ ഒന്നാണിത്. ലളിതമായ ഒരു ചാന്റ്. പക്ഷേ ഫലപ്രദവും. സ്റ്റേഡിയത്തിലുള്ള ആർക്കും ഇതിൽ പങ്കുചേരാം. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അറുപതിനായിരത്തിലധികം കണ്ഠങ്ങളിൽ നിന്നും ഇത് പുറപ്പെടുമ്പോൾ ഉണ്ടാകുന്ന ആവേശം ഒട്ടും ചെറുതല്ല.മോഹൻ ബഗാൻ സൂപ്പർ ജയന്റ് ആരാധകർക്ക് ഇത് വെറും ഫുട്ബോൾ മാത്രമല്ല, പൈതൃകമാണ്. ഈ ആരവം അവരുടെ ക്ലബ്ബിന്റെ ഭാഗമെന്നതുപോലെ തന്നെ ഒരു നൂറ്റാണ്ടിലേറെയുള്ള അവരുടെ സംസ്കാരത്തിന്റെയും ഭാഗമാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി - ചക്കര ലൂണേ.. വിബിനെ വിബിനെ തളിരേ കുളിരേ

കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം അതിന്റെ അന്തരീക്ഷത്തിന് പേരുകേട്ടതാണ്. അതിൽ ഏറ്റവും ആവേശത്തോടെ ഉയർന്നു മുഴങ്ങുന്നതാണ് അഡ്രിയാൻ ലൂണയ്ക്കും വിബിൻ മോഹനനും വേണ്ടിയുള്ളകേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരാധകരുടെ ഈ ചാന്റ്. ചാന്റിന്റെ ആദ്യഭാഗം ക്ലബ്ബിന്റെ നായകന് വേണ്ടിയുള്ളതാണ്, അത് ലൂണയോടുള്ള സ്നേഹവും ആവേശവും പ്രതിഫലിപ്പിക്കുന്നു.

പപ്പര പര പപ്പര പര പപ്പര പ (2)

ചക്കര ലൂണേ, ഗോളുകളുടെ തോഴനെ

എൻ മനക്കോട്ടേൽ, നായകനായി വാഴണെ (2)

ചൊല്ലുമോ കൂടാരാ, പറയുമോ ഓനേതാ

സ്നേഹമായി കൂടുമോ, തൊഴാനായി ഓൻ വരും...

തുടർന്ന് ക്ലബ്ബിന്റെ യൂത്ത് ടീമുകളിലൂടെ വളർന്ന, ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന വിബിൻ മോഹനന് വേണ്ടിയുള്ള വരികളിലേക്ക് കടക്കുന്നു.

വിബിനെ... വിബിനെ... തളിരെ കുളിരെ...

പപ്പര പര പപ്പര പര പപ്പര പ (4)

ഈ വരികൾ ഒരുകാലത്ത് സഹൽ അബ്ദുൾ സമദിന്റേത് ആയിരുന്നു, എന്നാൽ അദ്ദേഹം മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്ക് മാറിയ ശേഷം, ആരാധകർ ആ സ്ഥാനം വിബിന് കൈമാറി.

അതാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സൗന്ദര്യം. അവരുടെ ചാന്റുകൾ കളിക്കാരുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നു. ഇതടക്കം ഒട്ടനവധി ചാന്റുകൾ അവർക്കുണ്ടെങ്കിലും ആവേശം നിറയുന്ന ഈ വരികൾ ആരാധകർക്കിടയിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ്.

ബെംഗളൂരു എഫ്‌സി - സന്തോഷക്കേ

ബെംഗളൂരു എഫ്‌സി ആരാധകർ ചാന്റുകളാൽ സ്റ്റേഡിയം നിറയ്ക്കുന്നതിൽ പ്രശസ്തരാണ്. അവരുടെ ഏറ്റവും പ്രശസ്തമായ ആരവം "സന്തോഷക്കേ" ആണ്. ഇത് ഒരു പ്രശസ്തമായ കന്നഡ ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതിനാൽ, കർണാടകയിൽ നിന്നുള്ള ഏതൊരാൾക്കും ഇത് പരിചിതമാണ്.

പ്രാദേശിക സംസ്കാരവുമായി ക്ലബ്ബിനെ ബന്ധിപ്പിക്കുന്നു എന്നതാണ് ഇതിനെ ശക്തമാക്കുന്നത്. ക്ലബ്ബിനെ പ്രാദേശിക സംസ്കാരവുമായി ബന്ധിപ്പിക്കുന്ന ഈ ആരവം, സംഗീതത്തിൽ നിന്ന് ഒരു യുദ്ധകാഹളമായി മാറിയിരിക്കുന്നു. നിങ്ങൾക്ക് കന്നഡ അറിയില്ലെങ്ങ്കിലും ഇതിൽ പങ്കുചേരാം. അതിന്റെ താളം ആരെയും ആകർഷിക്കുന്നതിനാൽ, സ്റ്റേഡിയം മുഴുവൻ ഇത് പാടുമ്പോൾ, കന്നഡ അറിയാത്തവർ പോലും ഇതിൽ പങ്കുചേരുന്നു.

എഫ്‌സി ഗോവ - ഉസ്സോ

കൊങ്കണിയിൽ "ഉസ്സോ" എന്നാൽ തീ എന്നാണ് അർത്ഥം. എഫ്‌സി ഗോവയുടെ ശൈലിയുമായി തികച്ചും പൊരുത്തപ്പെടുന്ന വാക്കാണത്. 2018-ൽ ബെംഗളൂരു എഫ്‌സിക്കെതിരായ ഒരു മത്സരത്തിൽ ഒരു കൂട്ടം ആരാധകരിലൂടെയാണ് ഇത് ജനിച്ചത്. തൽക്ഷണം അത് പ്രചാരം നേടി.

ഇപ്പോൾ ഇത് ഇല്ലാതെ ഒരു എഫ്‌സി ഗോവ മത്സരം സങ്കൽപ്പിക്കാൻ കഴിയില്ല. ചാന്റ് തുടങ്ങുമ്പോൾ തന്നെ, ഫത്തോർഡ മുഴുവൻ ഗർജ്ജിക്കുന്നു. ഒരൊറ്റ വാക്ക്, വീണ്ടും വീണ്ടും ആർത്തുവിളിക്കുമ്പോൾ അന്തരീക്ഷത്തിൽ തീപ്പൊരികൾ പടരുന്നത് പോലെ തോന്നും.

ഐഎസ്എല്ലിന് വളരെ മുമ്പുതന്നെ ഗോവയ്ക്ക് ആഴത്തിലുള്ള ഒരു ഫുട്ബോൾ സംസ്കാരമുണ്ട്. "ഉസ്സോ" ആ തീ അണയാതെ സൂക്ഷിക്കുന്നു. ചെറുതും, ഉച്ചത്തിലുള്ളതും, ഹൃദയത്തിൽ നിന്ന് വരുന്നതുമാണ് ഈ ആരവം.

ഈസ്റ്റ് ബംഗാൾ എഫ്‌സി - ഓ ഈസ്റ്റ് ബംഗാൾ എഗിയേ ചലോ

"എഗിയേ ചലോ" എന്നാൽ "മുന്നോട്ട് പോകൂ" എന്നാണ് അർത്ഥം. ആഘോഷം എന്നതിലുപരി, കളിക്കാരെ മുന്നോട്ട് കുതിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ആരവമാണിത്. ടീം തളരുമ്പോഴെല്ലാം, പോരാട്ടം തുടരാൻ ആരാധകർ ഈ ആരവത്തിലൂടെ അവരോട് ആവശ്യപ്പെടുന്നു.

ഇത് ക്ലബ്ബിന്റെ ചരിത്രത്തെയും പ്രതിഫലിപ്പിക്കുന്നു. ഈസ്റ്റ് ബംഗാൾ എഫ്‌സി എല്ലായ്പ്പോഴും തൊഴിലാളി വർഗ്ഗത്തിന്റെ ടീമായാണ് കാണപ്പെടുന്നത്. ജീവിതത്തിൽ എന്തുതന്നെയായാലും മുന്നോട്ട് പോകേണ്ടി വന്ന മനുഷ്യരുടെ ടീമാണത്. ആരാധകർ "എഗിയേ ചലോ" എന്ന് പാടുമ്പോൾ, അത് ആ യാത്രയുടെ ഒരു ഓർമ്മപ്പെടുത്തലായി തോന്നുന്നു. പ്രത്യേകിച്ച് കൊൽക്കത്ത ഡെർബിയിൽ ഈ ആരവം മുഴങ്ങുമ്പോൾ, അത് അവിസ്മരണീയമായ ഒരനുഭവമായി മാറുന്നു.