ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ ഖാലിദ് ജമീലിന് കീഴിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട്, കാഫ നേഷൻസ് കപ്പിനുള്ള 23 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 മുതൽ താജിക്കിസ്ഥാനിൽ നടക്കുന്ന ടൂർണമെന്റിനുള്ള ടീമിൽ മലയാളി താരങ്ങളായ ജിതിൻ എംഎസ്, മുഹമ്മദ് ഉവൈസ് എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. ആദ്യമായാണ് ഉവൈസ് ദേശീയ ടീം സ്‌ക്വാഡിൽ ഇടം നേടുന്നത്.

ഗ്രൂപ്പ് ബി-യിലാണ് ഇന്ത്യ മത്സരിക്കുന്നത്. ആതിഥേയരായ താജിക്കിസ്ഥാൻ, നിലവിലെ ചാമ്പ്യന്മാരായ ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെപ്റ്റംബർ 8-ന് നടക്കുന്ന പ്ലേ-ഓഫ് ഘട്ടത്തിലേക്ക് മുന്നേറും. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ ദുഷാൻബെയിൽ നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലും, ജേതാക്കൾ താഷ്കെന്റിൽ നടക്കുന്ന ഫൈനലിലും ഏറ്റുമുട്ടും.

ദേശീയ ടീമിന്റെ ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ദൗത്യമായ ടൂർണമെന്റിനായുള്ള തന്റെ അന്തിമ സ്ക്വാഡിനെ ജമീൽ പ്രഖ്യാപിച്ചു. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി, പുതിയ പരിശീലകന് കീഴിൽ ടീമിന്റെ കരുത്ത് പരീക്ഷിക്കാനുള്ള ഒരു സുവർണ്ണാവസരമാണ് കാഫ നേഷൻസ് കപ്പ്.

കാഫ നേഷൻസ് കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ്

ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ഹൃത്വിക് തിവാരി.

പ്രതിരോധ താരങ്ങൾ: രാഹുൽ ഭേക്കെ, നവോറം റോഷൻ സിങ്, അൻവർ അലി, സന്ദേശ് ജിങ്കൻ, ചിംഗ്ലെൻസന സിങ്, മിംഗ്‌തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്.

മധ്യനിര താരങ്ങൾ: നിഖിൽ പ്രഭു, സുരേഷ് സിങ് വാങ്ജാം, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്സൺ സിങ്, ബോറിസ് സിങ്, ആഷിഖ് കുരുണിയൻ, ഉദാന്ത സിങ്, നവോറം മഹേഷ് സിങ്.

മുന്നേറ്റനിര താരങ്ങൾ: ഇർഫാൻ യാദ്വാദ്, മൻവീർ സിങ് (ജൂനിയർ), ജിതിൻ എം.എസ്., ലാലിയൻസുവാല ചാങ്‌തെ, വിക്രം പ്രതാപ് സിങ്.

മുഖ്യ പരിശീലകൻ: ഖാലിദ് ജമീൽ