ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങി സ്പാനിഷ് പരിശീലകൻ മനോലോ മാർക്വേസ്. പരസ്പര ധാരണയോടെ കരാർ റദ്ദാക്കിയതായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഔദ്യോഗികമായി സ്ഥിരീകരിച്ചു.

എഐഎഫ്എഫ് പ്രസിഡന്റ് ശ്രീ. കല്യാൺ ചൗബേയുടെ അധ്യക്ഷതയിൽ 2025 ജൂലൈ 2, ബുധനാഴ്ച ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ്തീരുമാനമുണ്ടായത്. ടെക്നിക്കൽ കമ്മിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺമാരായ ഷബീർ അലി, ഹർജീന്ദർ സിംഗ്, അംഗങ്ങളായ തബാബി ദേവി, ക്ലൈമാക്സ് ലോറൻസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൂടാതെ, എഐഎഫ്എഫ് പ്രസിഡന്റിന്റെ ഉപദേശകരായ അർമാൻഡോ കൊളാക്കോ, ബിമൽ ഘോഷ്, ടെക്നിക്കൽ ഡയറക്ടർ സയിദ് സാബിർ പാഷ, ദേശീയ ടീമുകളുടെ ഡയറക്ടർ സുബ്രതാ പോൾ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.

പരിശീലകനുമായുള്ള കരാർ പരസ്പരം അവസാനിപ്പിക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നുവെന്ന് എഐഎഫ്എഫ് പ്രസ്താവനയിൽ അറിയിച്ചു.

2024 ജൂലൈയിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ മാർക്വേസിന് കീഴിൽ ടീമിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നില്ല. എട്ട് മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ച മാർക്വേസിന് കീഴിൽ ഒരു ജയം മാത്രമാണ് ഇന്ത്യക്ക് നേടാനായത്. നാല് മത്സരങ്ങൾ സമനിലയിലായപ്പോൾ മൂന്നെണ്ണത്തിൽ ടീം പരാജയപ്പെട്ടു.

56-കാരനായ മാർക്വേസ്, കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) എഫ്സി ഗോവയുടെ മുഖ്യ പരിശീലകനായിരുന്നു. ടീമിനെ സെമി ഫൈനൽ വരെ എത്തിക്കാനും അദ്ദേഹത്തിനായി. ഹൈദരാബാദ് എഫ്സി, എഫ്സി ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ച അഞ്ച് സീസണുകളിൽ നാലിലും അവരെ പ്ലേഓഫിലെത്തിച്ച മാർക്വേസ്, ഐഎസ്എല്ലിലെ മികച്ച പരിശീലകരിലൊരാളായാണ് കണക്കാക്കപ്പെടുന്നത്. 2021-22 സീസണിൽ ഹൈദരാബാദ് എഫ്സിയെ ഐഎസ്എൽ കപ്പ് കിരീടത്തിലേക്ക് നയിച്ചതും അദ്ദേഹമാണ്.

മാർക്വേസിന് പകരക്കാരനെ എഐഎഫ്എഫ് ഉടൻ നിയമിക്കും. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ സിംഗപ്പൂരുമായുള്ള ഇരട്ട മത്സരങ്ങളാണ് ഇന്ത്യയുടെ അടുത്ത വെല്ലുവിളി. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടിയ ഇന്ത്യ, നിലവിൽ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.