അറബിക്കടലിന് മുകളിൽ മഞ്ഞക്കടലായി ഒഴുക്കുന്ന ആരാധകർക്ക് ആവേശമായി കളിക്കളത്തിലിറങ്ങാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. പുതിയ പരിശീലകനും പുത്തൻ താരങ്ങളുമായി മുൻ സീസണുകളിൽ നിന്നും മുഖം മിനുക്കിയുമാണ് കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വേദിയിൽ എത്തുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലും ലീഗ് ഗ്രൂപ്പിൽ നിന്നും കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫിലേക്കും അതിൽ ഒരുതവണ ഫൈനലിലേക്കും നയിച്ച പരിശീലകൻ ഇവാൻ വുകുമനോവിച്ച് ഈ സീസണിന് മുന്നോടിയായി ക്ലബ്ബിന്റെ പടിയിറങ്ങിയിരുന്നു. തുടർന്ന് സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാഹ്രെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സാരഥ്യം ഏറ്റെടുത്തു. പുതിയ പരിശീലകന് കീഴിൽ കനക കിരീടം സ്വപ്നം കാണുകയാണ് ആരാധക കൂട്ടം. സ്റ്റോക്ക് ഹോം സ്വദേശിയായ സ്റ്റാഹ്രെക്ക് ഫുട്ബോൾ മാനേജിംഗിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അനുഭവ സമ്പത്തുണ്ട്. ഈ അനുഭവ സമ്പത്താണ് 2024-ലെ ഡുറാൻഡ് കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ക്വാർട്ടർ ഫൈനലിൽ എത്തിക്കാൻ പരിശീലകന് സഹായിച്ചത്.

ആധികാരികമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡുറാൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ടു വിജയവും ഒരു സമനിലയും നേടിയാണ് ടീമിന്റെ നോക്ക്ഔട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനം. കഴിഞ്ഞ സീസണിൽ ഗ്രൂപ്പ്‌ ഘട്ടത്തിൽ മൂന്നാം സ്ഥാനത്തൊതുങ്ങി ടൂർണമെന്റിൽ നിന്ന് പുറത്തായ ടീം ഇത്തവണ ക്വാർട്ടറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത് ആധികാരികമായി. എന്നാൽ, ക്വാർട്ടറിൽ മത്സരം അവസാനിക്കാൻ  മിനുറ്റുകൾ ബാക്കി നിൽക്കെ മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഹോർഹേ പെരേര ഡയസ് നേടിയ ഗോളിലൂടെ ബംഗളുരു എഫ്‌സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി സെമിയിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. അവസാന മിനുട്ടിൽ ഏറ്റുവാങ്ങിയ ആ തോൽവി ഒഴിച്ച് നിർത്തിയാൽ മൈക്കൽ സ്റ്റാഹ്രെയുടെ കീഴിൽ അവിശ്വസനീയമായ മുന്നേറ്റമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. 16 ഗോളുകൾ ഗ്രൂപ്പ് ഘട്ടത്തിൽ ടീം നേടി. വഴങ്ങിയത് ഒരെണ്ണം മാത്രം.

അഡ്രിയാൻ ലൂണയും നോഹ സദൗയിയും ചേർന്നുള്ള കൂട്ടുകെട്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ നിരയെ മൂർച്ഛയേറിയതാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലൂണ ഒരു പിടി അവസരങ്ങൾ സൃഷ്ടിക്കുന്ന പ്ലേ മേക്കർ ആയും നോഹ ഗോളുകൾ നേടുന്നതിൽ മികവുള്ള താരമായും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളാണ്. ലൂണയുടെ ഗോളിന് വഴിയൊരുക്കാനുള്ള കഴിവും നോഹയുടെ ഗോൾ നേടാനുള്ള മികവും ചേർന്നാൽ എതിർ ടീമുകളുടെ ടീം പ്രതിരോധങ്ങൾക്ക് അത് വലിയ വെല്ലുവിളി സൃഷ്ടിക്കും. ലൂണ പരിക്കിൽ നിന്നും മടങ്ങിയെത്തിയതും, നോഹയുടെ ടീമിലെ വരവും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിന് പുതുമയും കരുത്തും നൽകും. കഴിഞ്ഞ സീസണുകളിൽ, ലൂണയ്ക്ക് പകരക്കാരൻ ഇല്ലാതിരുന്നതിനാൽ, താരത്തിന്റെ അഭാവം ടീം മുന്നേറ്റത്തെ സാരമായി ബാധിച്ചിരുന്നു. നോഹയുടെ വരവോടെ മുൻ സീസണുകളിൽ ലൂണയിലുള്ള ബ്ലാസ്റ്റേഴ്സിന്റെ അമിതമായ ആശ്രയത്വം കുറയും. ഇരുവരുടെയും കഴിവുകൾ മെച്ചമായി വിനിയോഗിക്കാൻ പരിശീലകൻ മൈക്കൽ സ്റ്റാഹ്രെയ്ക്ക് സാധിച്ചാൽ, ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ  ലീഗിലെ എതിരാളികൾക്ക് വലിയ വെല്ലുവിളി ഉയർത്തും.

മുൻ സീസണുകളിൽ ടീമിന്റെ കുതിപ്പിന് വഴി വെട്ടിയ മുൻ നിര താരങ്ങൾ ഈ സീസണിന് മുന്നോടിയായി ക്ലബ്ബിൽ നിന്നും കൊഴിഞ്ഞുപോയത് വലിയൊരു വെല്ലുവിളിയാണ്. കഴിഞ്ഞ സീസണിൽ 13 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് നേടിയ ദിമിത്രി ഡയമന്റകോസ് ഇത്തവണ ഈസ്റ്റ് ബംഗാളിന്റെ തട്ടകത്തിലാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്ഫീൽഡർമാരിൽ ഒരാളായ യുവതാരം ജീക്സൺ സിങ്ങും ഈസ്റ്റ് ബംഗാളിലേക്ക് കൂടുമാറിയിട്ടുണ്ട്. മുൻ സീസണുകളിൽ കേരളത്തിന്റെ കുതിപ്പിൽ നിർണായകമായ പങ്കുവഹിച്ച താരങ്ങളായിരുന്നു ഇവർ. ഡിമിക്ക് പകരക്കാരനായി ഗ്രീക്ക് ക്ലബ്  ഒഎഫ്ഐ ക്രീറ്റിൽ നിന്ന് ജീസസ് ജിമെനെസിനെ ടീമിൽ എത്തിച്ചിട്ടുണ്ട്. കരാർ അവസാനിച്ചതിനെ തുടർന്ന് ക്ലബ് വിട്ട പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ചിന് പകരം ഫ്രഞ്ച് ക്ലബ് സ്റ്റേഡ് മൽഹെർബെ കെയ്നിൽ നിന്ന് അലക്സാണ്ടർ കോഫിനെ തട്ടകത്തിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ കരാർ കാലാവധിയെത്തിയതിനെ തുടർന്ന് ജാപ്പനീസ് താരം ഡെയ്സുകെ സകായും കഴിഞ്ഞ സീസണിൽ പരിക്കേറ്റ  ലൂണക്ക് പകരക്കാരനായി എത്തിച്ച ഫെദോർ ചെർനിച്ചും ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ നിന്നും ഇറങ്ങി. കഴിഞ്ഞ സീസണിൽ ടീമിന്റെ ഭാഗമായിരുന്ന വിദേശ താരങ്ങളിൽ അഡ്രിയാൻ ലൂണയും മിലോസ് ഡ്രിൻസിച്ചും മാത്രമാണ് ക്ലബ്ബുമായുള്ള കരാർ നീട്ടിയത്. 

കരാർ പുതുക്കിയവർ

അഡ്രിയാൻ ലൂണ, മിലോസ് ഡ്രൻസിച്ച്‌, സന്ദീപ് സിംഗ്

ചേക്കേറിയവർ

ജീസസ് ജിമെനെസ്, അലക്സാണ്ടർ കോഫ്, നോഹ സദൗയി, നോറ ഫെർണാണ്ടസ്, ആർ. ലാൽതൻമാവിയ, ലിക്മാബാം രാകേഷ്, നൗച്ച സിംഗ്, സോം കുമാർ

വിട്ടുപോയവർ

അരിത്ര ദാസ്, ജീക്‌സൺ സിംഗ്, നിഷു കുമാർ,ദിമിത്രിയോസ് ഡയമൻ്റകോസ്, കരൺജിത് സിംഗ്, ലാറ ശർമ്മ, ഡെയ്‌സുകെ സകായ്, മാർക്കോ ലെസ്‌കോവിച്ച്, ഫെഡോർ ചെർനിച്ച്‌ 

ഇവരെ ശ്രദ്ധിക്കാം

നോഹ സദൗയി

മൊറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയെ ടീമിലെത്തിച്ചതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും വലിയ നേട്ടമെന്ന് കരുതാം. 2022-ലാണ് നോഹ സദൗയി എഫ്‌സി ഗോവയ്‌ക്കൊപ്പമാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ  വേദിയിലേക്ക് എത്തുന്നത്. 30-കാരനായ നോഹ ഐഎസ്എല്ലിൽ ഇതുവരെ 54 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി 29 ഗോളുകളും 16 അസിസ്റ്റുകളും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ  പാതയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഡുറാൻഡ് കപ്പിൽ അവിസ്മരണീയ പോരാട്ടം കാഴ്ചവെച്ച നോഹ നേടിയത് രണ്ട്  ഹാട്രിക്ക് അടങ്ങുന്ന ആറ് ഗോളുകൾ. ഒപ്പം മേമ്പൊടിയായി രണ്ട് അസിസ്റ്റുകളും. ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ സിറ്റി എഫ്‌സിക്കും സിഐഎസ്എഫ് പ്രൊട്ടക്‌ടേഴ്‌സിനും എതിരെ ഹാട്രിക്കോടെ സദൗയികളിക്കളത്തിൽ നിറഞ്ഞുനിന്നു. തേടിയെത്തിയതോ ഡുറാൻഡ് കപ്പിന്റെ ഗോൾഡൻ ബൂട്ട് ട്രോഫിയും. ടൂർണമെന്റിൽ  കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയില്ലെങ്കിലും സദൗയിയുടെ പ്രകടനങ്ങൾ ടീമിന് നൽകിയ ഉണർവ് വലുതായിരുന്നു. 

വിബിൻ മോഹനൻ

ജീക്സൺ സിംഗ് ഉപേക്ഷിച്ചു പോകുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യ നിരയിലെ വിടവ് നികത്താൻ കഴിവുള്ളവൻ  പരക്കെ വിശ്വസിക്കപ്പെടുന്ന താരമാണ് വിബിൻ മോഹനൻ എന്ന തൃശ്ശൂരുകാരൻ പയ്യൻ. കേവലം ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള വിബിൻ കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ - 15 ടീമിലൂടെ വളർന്ന  താരമാണ്. തുടർന്ന് അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷന്റെ കീഴിലെ ടീമായിരുന്ന  ഇന്ത്യൻ ആരോസിൽ ലോൺ അടിസ്ഥാനത്തിൽ താരം കളിച്ചിട്ടുണ്ട്. അവിടെ നിന്നുമാണ് 2022-ൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്തുന്നത്. 

കഴിഞ്ഞ സീസണിൽ മധ്യ നിര നിയന്ത്രിച്ചിരുന്ന ജീക്സൺ സിംഗിനേറ്റ പരുക്കാണ് ഒക്ടോബറിൽ വിബിന് ആദ്യ പതിനൊന്നിലേക്കുള്ള വാതിൽ തുറന്ന് നൽകിയത്. 2023 ഡിസംബറിൽ, താരം ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ നവംബറിലെ എമർജിംഗ് പ്ലെയർ അവാർഡ് നേടി. വ്യക്തിപരായ കാരണങ്ങളാൽ വിബിൻ ഈ വർഷത്തെ  ഡുറാൻഡ് കപ്പിൽ കളിക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യ നിരയുടെ നട്ടെല്ലായി മാറാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മത്സരക്രമം

2024 സെപ്റ്റംബർ 15-ന് തിരുവോണനാളിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സരം. പഞ്ചാബ് എഫ്‌സിക്ക് എതിരെ  കൊച്ചിയിലെ  ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ ലീഗ് പ്രസിദ്ധീകരിച്ച മത്സരക്രമങ്ങൾ അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഘട്ടത്തിൽ ഏഴ് വീതം ഹോം - എവേ മത്സരങ്ങൾ കളിക്കും. കേരളത്തിന്റെ ആദ്യ രണ്ടു മത്സരങ്ങൾ കൊച്ചിയിലാണ്. രണ്ടാം മത്സരത്തിൽ സെപ്റ്റംബർ 22 ഞായറാഴ്ച ഈസ്റ്റ് ബംഗാളിനെ നേരിടും. സെപ്റ്റംബറിലെ അവസാന മത്സരത്തിൽ കേരള നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായും കളിക്കും.

നവംബർ മാസത്തിൽ കൊമ്പന്മാർക്ക് നാലു മത്സരങ്ങൾ ഉണ്ട് . 3-ാം തീയതി ഞായറാഴ്ച മുംബൈ ഫുട്‌ബോൾ അരീനയിൽ മുംബൈ സിറ്റിയോടും, പിന്നീട് കൊച്ചിയിൽ നവംബർ 7 (വ്യാഴം), 24 (ഞായർ), 28 (വ്യാഴം) എന്നീ തീയതികളിൽ യഥാക്രമം ഹൈദരാബാദ് എഫ്‌സി , ചെന്നൈയിൻ എഫ്സി, എഫ്സി ഗോവ എന്നിവരോടും ഹോമിൽ ഏറ്റുമുട്ടും. ഡിസംബർ 7 ശനിയാഴ്ച ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ ബംഗ്‌ളൂരുവുമായി വീണ്ടും കൊമ്പുകോർക്കുന്ന ബ്ലാസ്റ്റേഴ്‌സ് അതേ മാസം 13-ാം തിയ്യതി ശനിയാഴ്ച കൊൽക്കത്തയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റുമായി എവേ മത്സരം കളിക്കും.കൊച്ചിയിൽ ഡിസംബർ 22 ഞായറാഴ്ച മൊഹമ്മദൻസുമായി കളിക്കുന്ന കേരള, 29-ന് ഞായറാഴ്ച, ജെആർടി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ ജംഷദ്പൂരുമായി ആദ്യ ഘട്ടത്തിലെ അവസാനത്തെ മത്സരത്തിനിറങ്ങും.

ഇന്ത്യൻ സൂപ്പർ ലീഗ്  2024-25 സീസണിലെ മത്സരങ്ങൾ സ്‌പോർട്‌സ് 18-ലും ജിയോ സിനിമയിലും സെപ്റ്റംബർ 13 മുതൽ തത്സമയം കാണാം. മത്സരങ്ങൾ  ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നീ നാല് ഭാഷകളിൽ ലഭ്യമാകും.

ഫിക്സറുകളുടെ പൂർണരൂപം ഇവിടെ കാണാം