ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ 14 മത്സരങ്ങളടങ്ങുന്ന ആദ്യ പകുതിക്കായി കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു. ആദ്യപാദ ഫിക്‌സ്ച്ചറുകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗ് പുറത്തു വിട്ടു. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളുടെ ക്രമം ഇവിടെ അറിയാം:

മൈക്കൽ സ്റ്റാഹ്രെ എന്ന പുതിയ പാപ്പാനുമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ കൊമ്പൻമ്മാർ, പതിനൊന്നാം സീസണിലെ വമ്പൻ പോരാട്ടങ്ങൾക്കൊരുങ്ങുന്നു. 2024 സെപ്റ്റംബർ 15 ഞായറാഴ്ച, തിരുവോണനാളിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കൊച്ചിയിൽ വച്ചു നടക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിൽ, പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. നിലവിൽ ലീഗ് പ്രസിദ്ധീകരിച്ച മത്സരക്രമങ്ങൾ അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഘട്ടത്തിൽ ഏഴ് വീതം ഹോം - എവേ മത്സരങ്ങൾ കളിക്കും. കേരളത്തിന്റെ ആദ്യ രണ്ടു മത്സരങ്ങൾ കൊച്ചിയിലാണ്. രണ്ടാം മത്സരത്തിൽ സെപ്റ്റംബർ 22 ഞായറാഴ്ച ഈസ്റ്റ് ബംഗാളിനെ നേരിടും. ആദ്യ പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ മത്സരങ്ങളും വൈകിട്ട് 7.30ന് കിക്കോഫ് ചെയ്യും.

2024 സെപ്റ്റംബർ 29 ഞായറാഴ്ച്ചയാണ് ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരം. ഗുവഹാത്തി ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പ്രസ്തുത മത്സരം കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ്, ഒക്ടോബർ 3ന് ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷയോടും, അതേ മാസം 20ന് കൊൽക്കത്ത കിഷോർ ഭാരതിയിൽ ഐഎസ്എല്ലിലെ അരങ്ങേറ്റക്കാരായ മൊഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിനോടും എവേ മത്സരങ്ങളിൽ ഏറ്റുമുട്ടും. ഒക്ടോബർ 25ന് തിരികെ കൊച്ചിയിൽ എത്തുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു എഫ്സിയെയും നേരിടും.

2024 നവംബർ മാസത്തിൽ കൊമ്പന്മാർക്ക് നാലു മത്സരങ്ങൾ ഉണ്ട് . 3-ാം തീയതി ഞായറാഴ്ച മുംബൈ ഫുട്‌ബോൾ അരീനയിൽ മുംബൈ സിറ്റിയോടും, പിന്നീട് കൊച്ചിയിൽ വച്ച്; നവംബർ 7 (വ്യാഴം), 24 (ഞായർ), 28 (വ്യാഴം) എന്നീ തീയതികളിൽ യഥാക്രമം ഹൈദരാബാദ് എഫ്‌സി , ചെന്നൈയിൻ എഫ്സി, എഫ്സി ഗോവ എന്നിവരോടും ഹോമിൽ ഏറ്റുമുട്ടും. ഡിസംബർ 7 ശനിയാഴ്ച ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ ബംഗ്‌ളൂരുവുമായി വീണ്ടും കൊമ്പുകോർക്കുന്ന ബ്ലാസ്റ്റേഴ്‌സ് അതേ മാസം 13-ാം തിയ്യതി ശനിയാഴ്ച

കൊൽക്കത്തയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റുമായി എവേ മത്സരം കളിക്കും.

കൊച്ചിയിൽ ഡിസംബർ 22 ഞായറാഴ്ച മൊഹമ്മദൻസുമായി രണ്ടാം പാദ മത്സരം പൂർത്തിയാക്കുന്ന കേരളം, 29 ഞായറാഴ്ച, ജെആർടി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ ജംഷദ്പൂരുമായി ആദ്യ ഘട്ടത്തിലെ അവസാനത്തെ മത്സരം കളിക്കും. ഇതിൽ, 2024 നവംബർ 7 വ്യാഴാഴ്ച തീരുമാനിച്ചിരിക്കുന്ന ഹൈദരാബാദ് എഫ്സിക്കെതിരെയുള്ള മത്സരം, ഹൈദരാബാദ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ലൈസൻസിങ് പൂർത്തിയാക്കുന്നതിനെ ആശ്രയിച്ചായിരിക്കും നടത്തുക. ഹൈദരാബാദ് എഫ്സിയുടെ മറ്റു ടീമുകൾക്കെതിരെയുള്ള മത്സരക്രമങ്ങളും ക്ലബ് ലൈസൻസിങ്ങിനെ ആശ്രയിച്ചായിരിക്കും നടത്തുക.