ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിതനായ ഖാലിദ് ജമീൽ വെള്ളിയാഴ്ച കാഫ നേഷൻസ് കപ്പിനായുള്ള ആദ്യ പരിശീലന ക്യാമ്പിന്റെ ചുമലതയേറ്റെടുത്തു. ഇതുവരെ ആകെ 22 കളിക്കാർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവിൽ ശനിയാഴ്ച മുതൽ പരിശീലനം ആരംഭിക്കും.

ഈ ആഴ്ചയുടെ തുടക്കത്തിൽ ജമീൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായി (എഐഎഫ്എഫ്) രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു. ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

കൂടുതൽ വായിക്കൂ:ഇന്ത്യയുടെ പരിശീലകൻ ഖാലിദ് ജമീലിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ

ടൂർണമെന്റിൽ ഗ്രൂപ്പ് ബി-യിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കായി ടീം താജിക്കിസ്ഥാനിലേക്ക് യാത്ര ചെയ്യും. ഓഗസ്റ്റ് 29-ന് ആതിഥേയരായ താജിക്കിസ്ഥാനെയും, സെപ്റ്റംബർ 1-ന് ഇറാനെയും, സെപ്റ്റംബർ 4-ന് അഫ്ഗാനിസ്ഥാനെയും ബ്ലൂ ടൈഗേഴ്സ് നേരിടും. മൂന്നാം സ്ഥാനത്തിനായുള്ള മത്സരവും ഫൈനലും യഥാക്രമം ഹിസോർ, താഷ്കെന്റ് (ഉസ്ബെക്കിസ്ഥാൻ) എന്നിവിടങ്ങളിൽ സെപ്റ്റംബർ 8-ന് നടക്കും.

പിന്നീട്, ഒക്ടോബർ 9, 14 തീയതികളിലായി നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ റൗണ്ടിലെ നിർണായകമായ രണ്ട് മത്സരങ്ങളിൽ ജമീലിന്റെ ടീം സിംഗപ്പൂരിനെ നേരിടും.

ക്യാമ്പിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത 22 കളിക്കാർ:

ഗോൾകീപ്പർമാർ: അമരീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് സന്ധു, ഹൃതിക് തിവാരി.

പ്രതിരോധ താരങ്ങൾ: ആകാശ് മിശ്ര, അലക്സ് സജി, ബോറിസ് സിംഗ് തങ്ജാം, ചിംഗ്ലെൻസന സിംഗ് കോൺഷാം, മിങ്തൻമാവിയ റാൾട്ടെ, രാഹുൽ ഭേക്കെ, റോഷൻ സിംഗ് നവോറെം, സന്ദേശ് ജിങ്കൻ, സുനിൽ ബെഞ്ചമിൻ.

മധ്യനിര താരങ്ങൾ: ആഷിഖ് കുരുണിയൻ, ഡാനിഷ് ഫാറൂഖ് ഭട്ട്, നിഖിൽ പ്രഭു, രാഹുൽ കെ.പി., സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിംഗ് കുമം.

മുന്നേറ്റ താരങ്ങൾ: ഇർഫാൻ യാദ്വാദ്, ലാലിയൻസുവാല ചാങ്‌തെ, റഹീം അലി, വിക്രം പർതാപ് സിംഗ്.