ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി കഴിഞ്ഞ ദിവസം ഖാലിദ് ജമീലിനെ നിയമിച്ചത് ഒരു ചരിത്രനിമിഷമായിരുന്നു. 2012-ന് ശേഷം ദേശീയ ടീമിന്റെ മുഖ്യ പരിശീലക പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്നതുകൊണ്ട് മാത്രമല്ല, ബ്ലൂ ടൈഗേഴ്സിന് പുതിയ ദിശാബോധവും ആത്മവിശ്വാസവും ഉണർവും ഏറ്റവും ആവശ്യമുള്ള ഘട്ടത്തിലാണ് അദ്ദേഹം ടീമിന്റെ തലപ്പത്തെത്തുന്നത് എന്നത് വളരെ നിർണായകമാണ്.

ഐ-ലീഗിലും ഇന്ത്യൻ സൂപ്പർ ലീഗിലും (ഐഎസ്എൽ) ഒരുപോലെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പരിശീലകനാണ് ഖാലിദ് ജമീൽ. 2017-ൽ ഐസ്വാൾ എഫ്‌സിയെ ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ച് ചരിത്രമെഴുതിയ അദ്ദേഹം ഐഎസ്എല്ലിലും തന്റെ കഴിവ് തെളിയിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2020-21 സീസണിൽ പ്ലേഓഫിലെത്തിച്ചതും, ജംഷഡ്‌പൂർ എഫ്‌സിയെ 2024-25 സീസണിൽ ഐഎസ്എൽ സെമിഫൈനലിലും കലിംഗ സൂപ്പർ കപ്പ് ഫൈനലിലും എത്തിച്ചതും അദ്ദേഹത്തിന്റെ പരിശീലക കരിയറിലെ പൊൻതൂവലാണ്.

ഇന്ത്യൻ ഫുട്ബോളിലെ ജമീലിന്റെ ട്രാക്ക് റെക്കോർഡ് മികച്ചതാണ്. ദേശീയ ടീമിന്റെ അമരത്തെത്തുമ്പോൾ, ബ്ലൂ ടൈഗേഴ്സിനായി ഒരു പുതിയ ചരിത്രം രചിക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.

ദേശീയ ടീമിൽ ചുമതലയേൽക്കുമ്പോൾ, അദ്ദേഹത്തിന് മുന്നിലുള്ള മൂന്ന് പ്രധാന ദൗത്യങ്ങൾ ഇവയാണ്.

ഗോളടിക്കാൻ ടീമിനെ തയ്യാറാക്കുക

ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന ഗോൾക്ഷാമമാണ്. കളിച്ച അവസാന മൂന്ന് മത്സരങ്ങളിലും വലകുലുക്കാൻ ബ്ലൂ ടൈഗേഴ്സിനായിട്ടില്ല. എഎഫ്സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് ഗോൾരഹിത സമനില വഴങ്ങിയ ഇന്ത്യ, ഹോങ്കോങ്ങിനോട് 1-0ന് പരാജയപ്പെട്ടു. ഇതിനിടയിൽ തായ്‌ലൻഡിനെതിരായ സൗഹൃദ മത്സരത്തിൽ 2-0ന്റെ തോൽവിയും ഏറ്റുവാങ്ങി.

ടീമിന്റെ അവസാന ഗോൾ പിറന്നത് മാർച്ചിൽ മാലിദ്വീപിനെതിരെ നടന്ന 3-0ന്റെ സൗഹൃദ മത്സര വിജയത്തിലായിരുന്നു. ഈ കലണ്ടർ വർഷത്തിലെ അവരുടെ ഏക വിജയവും ഇതുതന്നെ. മുൻ പരിശീലകൻ മാർക്വേസിന് കീഴിൽ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് വെറും അഞ്ച് ഗോളുകൾ മാത്രമാണ് ഇന്ത്യക്ക് നേടാനായത്.

ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരങ്ങൾ വരാനിരിക്കെ, ടീമിന്റെ ആക്രമണത്തിന് മൂർച്ച കൂട്ടേണ്ടത് അത്യാവശ്യമാണ്. അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും ഫൈനൽ തേർഡിൽ കൂർമത നിലനിർത്തുന്നതിലും ജമീൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ കീഴിൽ ഐഎസ്എൽ ടീമുകൾ പലപ്പോഴും പ്രത്യാക്രമണങ്ങളിൽ നിന്ന് ഗോൾ നേടുന്നതിൽ മിടുക്ക് കാണിച്ചിട്ടുണ്ട്, ആ കഴിവ് വരും ദിനങ്ങളിൽ ഇന്ത്യൻ ടീമിനും മുതൽക്കൂട്ടാകും.

ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ടീമിനെ ട്രാക്കിലെത്തിക്കുക

എഎഫ്സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരങ്ങളാണ് ദേശീയ ടീമിന്റെ പ്രധാന ലക്ഷ്യം. ഗ്രൂപ്പ് സി-യിൽ കളിച്ച രണ്ട് മത്സരങ്ങൾക്ക് ശേഷം, ബംഗ്ലാദേശിനോട് സമനിലയും ഹോങ്കോങ്ങിനോട് തോൽവിയും വഴങ്ങി ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ് ഇന്ത്യ. ഒക്ടോബറിൽ സിംഗപ്പൂരിനെതിരായ ഇരട്ട മത്സരങ്ങൾ ഇന്ത്യയുടെ യോഗ്യതാ സാധ്യതകളിൽ നിർണായകമാകും.

യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി കാഫ നേഷൻസ് കപ്പാണ് ജമീലിന്റെ ആദ്യ ദൗത്യം. അവിടെ ഇന്ത്യ, താജിക്കിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവരെ നേരിടും. യോഗ്യതാ മത്സരങ്ങൾക്ക് മുൻപ് ടീമിന്റെ ഒത്തിണക്കം മെച്ചപ്പെടുത്താനും തന്ത്രങ്ങൾ രൂപപ്പെടുത്താനും ഈ മത്സരങ്ങൾ സഹായിക്കും.

ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ഉൾപ്പെടെ, കഴിഞ്ഞ രണ്ട് തവണയും ഏഷ്യൻ കപ്പിന് യോഗ്യത നേടിയ ഇന്ത്യക്ക് ഇത്തവണയും ആ നേട്ടം തുടരേണ്ടതുണ്ട്. ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കുക എന്നതാണ് ജമീലിന്റെ പ്രധാന വെല്ലുവിളി.

കളിക്ക് ഘടനയും ക്ഷമതയും നൽകുക

ഇന്ത്യൻ ടീമിന് തന്ത്രപരമായ വ്യക്തത (Tactical clarity) നൽകുക എന്നതാണ് ജമീലിന്റെ മറ്റൊരു പ്രധാന ലക്‌ഷ്യം. മുൻ പരിശീലകരായ ഇഗോർ സ്റ്റിമാക്കിനും മാർക്വേസിനും കീഴിൽ, പന്ത് കൈവശം വെച്ച് കളിക്കുന്ന പോസെഷൻ ഫുട്ബോളിലേക്ക് ശൈലിയിലേക്ക് മാറാൻ ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാൽ, അത് എല്ലായ്പ്പോഴും മികച്ച ഫലങ്ങൾ നൽകിയില്ല. ലഭിക്കുന്ന അവസരങ്ങളെ ഗോളാക്കി മാറ്റുന്നതിൽ ടീം പലപ്പോഴും പരാജയപ്പെട്ടു.

എന്നാൽ, ജമീലിന്റെ ശൈലി തന്റെ ഈ മുൻഗാമികളിൽ നിന്നും വ്യത്യസ്‍തമാണ്. തകർക്കാൻ പ്രയാസമുള്ളതും എന്നാൽ കൗണ്ടർ അറ്റാക്കുകളിൽ അതീവ കാര്യക്ഷമതയുള്ളതുമായ ടീമുകളെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം മിടുക്കനാണ്. 2020-21 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പവും 2024-25ൽ ജംഷഡ്‌പൂരിനൊപ്പവും അദ്ദേഹം ഇത് തെളിയിച്ചതാണ്.

നിർണായക മത്സരങ്ങളിൽ ആശ്രയിക്കാവുന്ന വ്യക്തമായ ഒരു ഗെയിം പ്ലാൻ ഇന്ത്യക്ക് ആവശ്യമാണ്. പന്തുമായി കളിക്കുമ്പോഴും അല്ലാതെയും എന്തുചെയ്യണമെന്ന് കൃത്യമായി അറിയാവുന്ന ഒരു ടീമിനെ വാർത്തെടുക്കാൻ ജമീലിന് കഴിഞ്ഞാൽ, ഇന്ത്യൻ ഫുട്ബോളിലെ ഒരു വലിയ പ്രശ്നത്തിന് പരിഹാരമാകും.