​ഈ ലേഖനം ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലും ലഭ്യമാണ്.

ഖത്തറിലെ ദോഹയിൽ നടക്കുന്ന എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 23 അംഗ ഇന്ത്യൻ ടീമിനെ മുഖ്യ പരിശീലകൻ നൗഷാദ് മൂസ പ്രഖ്യാപിച്ചു. ആറ് മലയാളി താരങ്ങൾ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സി നിന്നും ആറ് താരങ്ങൾ ടീമിലുണ്ട്.

മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമൻ, വിബിൻ മോഹനൻ, ശ്രീകുട്ടൻ എംഎസ് എന്നിവരാണ് സ്‌ക്വാഡിൽ ഉൾപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുള്ള മലയാളികൾ. അവർക്കൊപ്പം ബികാഷ് യുംനവും മുഹമ്മദ് അർബാസും ബ്ലാസ്റ്റേഴ്സിൽ നിന്നും ഇന്ത്യൻ യൂത്ത് ടീമിൽ സ്ഥാനം കണ്ടെത്തി. കൂടാതെ, മുഹമ്മദ് സനാൻ കെ (ജംഷഡ്പൂർ എഫ്‌സി), മുഹമ്മദ് സുഹൈൽ (പഞ്ചാബ് എഫ്‌സി) എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റ് മലയാളി താരങ്ങൾ.

സെപ്റ്റംബർ 3-ന് ബഹ്റൈനെതിരെയാണ് ബ്ലൂ കോൾട്ട്സിന്റെ ആദ്യ മത്സരം. തുടർന്ന് സെപ്റ്റംബർ 6-ന് ആതിഥേയരായ ഖത്തറിനെയും, സെപ്റ്റംബർ 9-ന് ബ്രൂണൈ ദാറുസ്സലാമിനെയും ഇന്ത്യ നേരിടും. 11 ഗ്രൂപ്പുകളിലെ ജേതാക്കളും, മികച്ച നാല് രണ്ടാം സ്ഥാനക്കാരും 2026-ൽ സൗദി അറേബ്യയിൽ നടക്കുന്ന എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പിന് യോഗ്യത നേടും.

"ഓരോ മത്സരമായി സമീപിക്കുക എന്നതാണ് പ്രധാനം. ആദ്യ മത്സരം (ബഹ്റൈനെതിരെ) വളരെ നിർണായകമാണ്, കാരണം നമ്മൾ എവിടെ നിൽക്കുന്നു എന്ന് മനസ്സിലാക്കാൻ അത് സഹായിക്കും. ആ മൂന്ന് പോയിന്റുകൾ നേടേണ്ടത് അത്യാവശ്യമാണ്," നൗഷാദ് മൂസ പറഞ്ഞു.

ദോഹയിലേക്ക് പോകുന്നതിന് മുൻപ്, ഇന്ത്യൻ ടീം ക്വാലാലംപൂരിൽ വെച്ച് ഇറാഖ് അണ്ടർ 23 ടീമുമായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു. ഈ മത്സരങ്ങളിൽ 1-2, 1-3 എന്ന സ്കോറുകൾക്ക് പരാജയപ്പെട്ടെങ്കിലും, അത് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചുവെന്ന് പരിശീലകൻ പറഞ്ഞു. "ഇറാഖിനെപ്പോലെ ഒരു മികച്ച ടീമിനെതിരെ കളിച്ചത് ടീമിന് ലഭിച്ച ഏറ്റവും നല്ല കാര്യമാണ്. അവർ മുൻനിര ടീമുകളിലൊന്നാണ്, തോറ്റെങ്കിലും, കുട്ടികൾ മികച്ച പോരാട്ടവീര്യം കാഴ്ചവെച്ചു," മൂസ കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്ക്വാഡ്:

ഗോൾകീപ്പർമാർ: സാഹിൽ, മുഹമ്മദ് അർബാസ്, ദിപേഷ് ചൗഹാൻ.

പ്രതിരോധ താരങ്ങൾ: ബികാഷ് യുംനാം, പ്രംവീർ, മുഹമ്മദ് സഹീഫ്, ഹർഷ് അരുൺ പലാണ്ഡെ, ശുഭം ഭട്ടാചാര്യ, റിക്കി മെയ്‌തെയ് ഹൊബാം.

മധ്യനിര താരങ്ങൾ: സോഹം നവീൻ വർഷനേയ, ലാൽറിൻലിയാന നാംതെ, മുഹമ്മദ് ഐമൻ, വിബിൻ മോഹനൻ, മുഹമ്മദ് സനൻ കെ., ചിങ്ങങ്ബാം ഷിവാൾഡോ സിങ്, ആയുഷ് ദേവ് ഛേത്രി, മക്കാർടൺ ലൂയിസ് നിക്സൺ, ലാൽറെംട്ലുഅംഗ ഫനായി, വിനിത് വെങ്കടേഷ്.

മുന്നേറ്റനിര താരങ്ങൾ: പാർത്തീബ് സുന്ദർ ഗൊഗോയ്, മുഹമ്മദ് സുഹൈൽ, ശ്രീകുട്ടൻ എം.എസ്., സാഹിൽ ഹരിജൻ.

മുഖ്യ പരിശീലകൻ: നൗഷാദ് മൂസ