നിങ്ങൾ മറന്നു പോയ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളിവർ!
കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും, ക്ലബ്ബുമായി പെട്ടെന്ന് ബന്ധപ്പെടുത്തി ഓർക്കാൻ സാധ്യതയില്ലാത്ത ചില കളിക്കാരെ അറിയാം

ഫുട്ബോൾ കളിക്കാരെക്കുറിച്ച് സംസാരിക്കുമ്പോൾ, അവർ ചരിത്രമെഴുതിയ ക്ലബ്ബുകളുടെ പേരിലാണ് അവർ സാധാരണയായി ഓർക്കപ്പെടുക. അവരുടെ കരിയറിലെ മറ്റ് അധ്യായങ്ങൾ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ജേഴ്സി അണിഞ്ഞ താരങ്ങളിൽ ക്ലബ്ബിൽ ചിലർ അക്കാലത്ത് വലിയ സ്വാധീനം ക്ലബ്ബിൽ ചെലുത്തിയിരിക്കില്ല. പിന്നീട് അവർ മറ്റ് ക്ലബ്ബുകളുടെ പ്രധാന താരങ്ങളായി ഇന്ത്യൻ ഫുട്ബോളിൽ തങ്ങളുടെ കാലുറപ്പിക്കാറുണ്ട്.
ഒരുകാലത്ത് ക്ലബ്ബിനായി കളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും, കേരള ബ്ലാസ്റ്റേഴ്സുമായി അത്ര പെട്ടെന്ന് ബന്ധപ്പെടുത്തി ഓർക്കാൻ സാധ്യതയില്ലാത്ത ചില കളിക്കാരെക്കുറിച്ചാണ് ഈ ലേഖനം.
രാഹുൽ ഭേക്കെ

ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എഫ്സി എന്നീ ക്ലബ്ബുകളിലെ വിജയങ്ങളുടെ പേരിലാണ് രാഹുൽ ഭേക്കെ ഇന്ന് ഏറെയും ഓർമ്മിക്കപ്പെടുന്നത്, എന്നാൽ അദ്ദേഹത്തിന്റെ ഐഎസ്എൽ യാത്ര ആരംഭിച്ചത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലൂടെയാണെന്ന് പലരും ഓർത്തിരിക്കാനിടയില്ല. 2015-ൽ ഐഎസ്എല്ലിന്റെ രണ്ടാം സീസണിൽ ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തുമ്പോൾ, ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായി പിന്നീട് മാറുമെന്നും ആരും കരുതിയിരിക്കില്ല.
റൈറ്റ് ബാക്കായി ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഭേക്കെ 2015 ഒക്ടോബർ 6-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. ആ സീസണിൽ താരം 12 മത്സരങ്ങൾ കളിച്ചു. മോശം സീസോണിലൂടെ കടന്നുപോയ ബ്ലാസ്റ്റേഴ്സ് അന്ന് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും, ഭേക്കെയുടെ പ്രതിബദ്ധതയും കഠിനാധ്വാനവും വേറിട്ടുനിന്നു. ഒരൊറ്റ സീസണിന് ശേഷം ക്ലബ് വിട്ട അദ്ദേഹത്തിന് ആ കാലഘട്ടം, മറ്റൊരിടത്ത് വിജയങ്ങൾ നേടുന്നതിനുള്ള ഒരു ചവിട്ടുപടിയായി മാറി.
ഋത്വിക് ദാസ്

കേരള ബ്ലാസ്റ്റേഴ്സിന് നഷ്ട്ടപ്പെട്ട മറ്റൊരു പ്രതിഭയായിരുന്നു ബംഗാളി താരം ഋത്വിക് ദാസ്. ആദ്യമായി ഐഎസ്എല്ലിൽ എത്തിയ 2020-21 സീസണിൽ വെറും നാല് മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്. കളത്തിൽ മിനിറ്റുകൾ ലഭിക്കാതെ വന്നപ്പോൾ താരം അടുത്ത സീസണിൽ ജംഷഡ്പൂരിലെക്ക് ചേക്കേറി.
കളത്തിലെ വേഗതയും മികവും കൊണ്ട് ശ്രദ്ധേയനായ ഈ വിങ്ങറിന് 2021-22 കരിയറിലെ വഴിത്തിരിവായിരുന്നു. ജംഷഡ്പൂരിനൊപ്പം ഇറങ്ങിയ ആദ്യ സീസണിൽ 17 മത്സരങ്ങളിൽ നിന്നായി നാല് ഗോളുകൾ കണ്ടെത്തിയ ഋത്വിക് ക്ലബ്ബിനെ ആ സീസണിലെ ഷീൽഡ് നേട്ടത്തിലേക്ക് നയിക്കുന്നതിൽ മുൻപന്തിയിൽ നിന്നു. പിന്നീട് താരത്തെ തേടി ദേശീയ ടീമിൽ നിന്നിലും വിളിയുമെത്തി. 2023-ൽ മ്യാന്മറിനെതിരായ മത്സരത്തിലൂടെ ഇന്ത്യയുടെ നീലക്കുപ്പായവും അണിഞ്ഞു. മെൻ ഓഫ് സ്റ്റീലിന്റെ നിർണായക താരമായി മാറിയ ഋത്വിക് നാല് സീസണുകളിൽ നിന്നും 48 മത്സരങ്ങളിലായി 11 ഗോളും മൂന്ന് അസിസ്റ്റും കണ്ടെത്തി ഇന്ത്യൻ ഫുട്ബോളിൽ സ്വന്തമായ മേൽവിലാസവും ഉണ്ടാക്കിയെടുത്തു.
വിനിത് റായ്

വിനീത് റായ് - ഒഡീഷ എഫ്സിയുടെ മുൻ ക്യാപ്റ്റൻ. അസം സ്വദേശിയായ വിനിത് റായിയെ ഇന്ത്യൻ ഫുട്ബാൾ പെട്ടെന്ന് ഓർക്കുന്ന മേൽവിലാസമാണിത്. പിന്നീട് മുംബൈ സിറ്റി എഫ്സിക്കായും ബൂട്ടണിഞ്ഞ താരത്തിന്റെ ഐഎസ്എല്ലിൽ വേരുകൾ തുടങ്ങുന്നത് കേരള ബ്ലാസ്റ്റേഴ്സിലൂടെയായിരുന്നു.
2016-ൽ ടീമിലെത്തിയ അദ്ദേഹം ഒക്ടോബർ 1-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിലൂടെ ഐഎസ്എല്ലിൽ അരങ്ങേറിയെങ്കിലും, ആ സീസണിൽ ശേഷം ഒരു മത്സരത്തിൽ മാത്രമാണ് കൊച്ചി ക്ലബ്ബിനായി കളിച്ചത്. പരിമിതമായ അവസരങ്ങൾ മാത്രമാണ് ലഭിച്ചതെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിനായി കളിച്ച അനുഭവം, പിന്നീട് ഡൽഹി ഡയനാമോസിലും ഒഡിഷ എഫ്സിയിലും മുംബൈ സിറ്റി എഫ്സിയിലും തിളങ്ങാനും ദേശീയ ടീമിൽ ഇടം നേടാനും അദ്ദേഹത്തിന് സഹായകമായി.
ഫാറൂഖ് ചൗധരി
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പ്രധാന താരമാണ് ഫാറൂഖ് ചൗധരി എന്ന 28-കാരൻ. ജംഷഡ്പൂർ എഫ്സിയുടെയും ചെന്നൈയിൻ എഫ്സിയുടെയും കുപ്പായങ്ങളിൽ മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിലും കളിച്ചിട്ടുണ്ട് മഹാരാഷ്ട്രൻ വിങ്ങർ.
2016 ഒക്ടോബർ 5-ന് എടികെയ്ക്കെതിരെ അരങ്ങേറ്റം കുറിച്ചെങ്കിലും, ടീമിൽ ഇടംപിടിക്കാൻ ബുദ്ധിമുട്ടിയതിനാൽ ക്ലബ്ബിനായിആകെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്. പിന്നീട് മുംബൈ സിറ്റി എഫ്സിയിൽ കളിച്ച ജംഷഡ്പൂർ എഫ്സിയിലേക്ക് മാറിയതോടെ വളർച്ച അതിവേഗത്തിലായി. ടീമിലെ പ്രകടനം ഇന്ത്യൻ ടീമിലേക്കുള്ള വാതിലുകൾ തുറന്നു നൽകി.
പിന്നീട് ചെന്നൈയിൻ എഫ്സിയിലേക്ക് നീങ്ങിയ താരം ഇതുവരെ ഐഎസ്എല്ലിൽ 116 മത്സരങ്ങളിൽ നിന്നായി ആറ് ഗോളും എട്ട് അസിസ്റ്റും നേടിയിട്ടുണ്ട്.
പ്രതീക് ചൗധരി

കേരള ബ്ലാസ്റ്റേഴ്സിലെ ഒരു സീസണിന് ശേഷം ഐഎസ്എല്ലിൽ മുൻ നിര ക്ലബ്ബുകളുടെയെല്ലാം പ്രധാന താരമായി മാറിയ ഫുട്ബോളറാണ് കൊൽക്കത്തൻ താരംപ്രതീക് ചൗധരി. 2016-ൽ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നീക്കമായിരുന്നു ബ്ലാസ്റ്റേഴ്സിനായി കരാർ ഒപ്പിടുന്നത്. ആ സീസണിൽ അദ്ദേഹം കാഴ്ചവെച്ച പോരാട്ടവീര്യം ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി.
ആ സീസണിന് ശേഷം ക്ലബ് വിട്ട താരം, പിന്നീട് ഡൽഹി ഡയനാമോസ്, ജംഷഡ്പൂർ എഫ്സി, മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി തുടങ്ങിയ ക്ലബ്ബുകളിൽ കളിച്ചു. ബ്ലാസ്റ്റേഴ്സിൽ നിന്നും ലഭിച്ച അടിത്തറ മറ്റ് ക്ലബ്ബുകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തെ സഹായിച്ചു. നിലവിൽ ജംഷഡ്പൂർ എഫ്സിയുടെ ഭാഗമാണ് പ്രതീക്.