2014-ൽ സ്ഥാപിതമായതു മുതൽ ലോക ഫുട്ബോളിലെ പല ഇതിഹാസ താരങ്ങളും ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ കുപ്പായമണിഞ്ഞിട്ടുണ്ട്. കൊച്ചിയിലെ മൈതാനത്ത് പന്ത് തട്ടിയ നിരവധി വിദേശ താരങ്ങളിൽ ലോകഫുട്ബോൾ മാമാങ്കമായ ലോകകപ്പിൽ ബൂട്ടണിഞ്ഞവരും ഉണ്ടായിരുന്നു. വ്യത്യസ്ത രാജ്യങ്ങളെയും തലമുറകളെയും പ്രതിനിധീകരിക്കുന്ന ഇതിഹാസങ്ങൾ, കേരളത്തിന്റെ ഫുട്ബോൾ പൈതൃകത്തിൽ അന്താരാഷ്ട്ര തലത്തിലെ അനുഭവസമ്പത്തിന്റെ ഒരു ക്യാൻവാസ് തീർത്തു

ഫിഫ ഫുട്ബോൾ ലോകകപ്പിൽ കളിച്ച മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അറിയാം.

ഡേവിഡ് ജെയിംസ്

ഒരു മാർക്വീ താരം എന്നതിലുപരി, കളിക്കാരനും മാനേജരുമായാണ്ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 1997-നും 2010-നും ഇടയിൽ 53 തവണ ഇംഗ്ലണ്ടിനായി ബൂട്ടണിഞ്ഞ ഈ ഗോൾകീപ്പർ, 2002, 2006, 2010 ഫിഫ ലോകകപ്പുകളിൽ ടീമുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. 2002, 2006 വർഷങ്ങളിൽ ബെഞ്ചിലായിരുന്നു സ്ഥാനമെങ്കിലും 2010-ൽ ഗ്രൂപ്പ് ഘട്ടത്തിലും പ്രീ ക്വാട്ടറിലുമായി മൂന്ന് മത്സരങ്ങളിൽ വല കാത്തു.

2014-ലെ പ്രഥമ ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കാൻ ജെയിംസിന്റെ നേതൃത്വത്തിന് കഴിഞ്ഞു. 44-ാം വയസ്സിലും ഗോൾവലയ്ക്ക് മുന്നിൽ അദ്ദേഹം കാണിച്ച മികവ് ടീമിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. 2018-ൽ വീണ്ടും അദ്ദേഹം പരിശീലകനായി കേരള ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തിയിരുന്നു.

കാർലോസ് മർച്ചേന

2010-ലെ ലോകകപ്പ് ജേതാവെന്ന ഖ്യാതിയിലാണ് സ്പാനിഷ് താരംകാർലോസ് മർച്ചേന 2015-ൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. സ്പെയിനിനായി 69 മത്സരങ്ങളിൽ കളിച്ച ഈ പ്രതിരോധ താരം 2006, 2010 ലോകകപ്പുകളിലും ഇടം നേടിയിട്ടുണ്ട്. 2006-ലെ ഫിഫ ലോകകപ്പിൽ, സൗദി അറേബ്യയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അദ്ദേഹം ആദ്യ ഇലവനിൽ ഇടംപിടിച്ചു. എന്നാൽ, 2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ അദ്ദേഹം കൂടുതൽ മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. സ്പെയിനിന്റെ സുവർണ്ണ തലമുറയുടെ ആ വിജയത്തിൽ അദ്ദേഹവും പങ്കാളിയായി. പോർട്ടുഗലിനെതിരായ പ്രീ ക്വാർട്ടർ, പരാഗ്വേയ്‌ക്കെതിരായ ക്വാർട്ടർ ഫൈനൽ, ജർമ്മനിക്കെതിരായ സെമി ഫൈനൽ എന്നീ നിർണായകമായ നോക്കൗട്ട് മത്സരങ്ങളിൽ അദ്ദേഹം കളത്തിലിറങ്ങി.

എന്നാൽ, നിർഭാഗ്യവശാൽ ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള സമയം വളരെ ചെറുതായിരുന്നു. പരിക്കും മറ്റും കാരണം, ഡൽഹി ഡൈനാമോസിനെതിരായ ഒരു മത്സരത്തിൽ 51 മിനുട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്. ചുരുങ്ങിയ സമയമായിരുന്നെങ്കിലും, ഒരു ലോകകപ്പ് ജേതാവ് ഐഎസ്എല്ലിൽ കളിക്കാൻ തീരുമാനമെടുത്തത് ലീഗിന്റെ വളർച്ചയുടെയും പെരുമയുടെയും തെളിവായിരുന്നു.

ബാർതലോമ്യു ഓഗ്‌ബെച്ചെ

കേവലം 17-ാം വയസ്സിൽ, 2002-ലെ ഫിഫ ലോകകപ്പിൽ നൈജീരിയക്കായി കളിച്ച താരമാണ്ബാർതലോമ്യു ഓഗ്‌ബെച്ചെ. അർജന്റീന, സ്വീഡൻ, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരായ ടീമുകൾക്കെതിരെ കളിച്ചുകൊണ്ട് ലോക ഫുട്ബോളിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹം ലോകോത്തര ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

2019-20 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഓഗ്‌ബെച്ചെയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. ടീമിനൊപ്പമുണ്ടായിരുന്ന ഒരൊറ്റ സീസണിൽ, 16 കളികളിൽ നിന്ന് 15 ഗോളുകൾ നേടിയ അദ്ദേഹം, ആ ഐഎസ്എൽ സീസണിലെ ടോപ് സ്കോറർമാരിൽ ഒരാളായി. ഏകദേശം ഒരു കളിയിൽ ശരാശരി ഒരു ഗോൾ എന്ന ഈ നേട്ടം, അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോററാക്കി മാറ്റി. വർഷങ്ങൾ വേണ്ടി വന്നു ദിമിത്രിയോസ് ഡയമന്റക്കോസിന് ഈ റെക്കോർഡ് മറികടക്കാൻ.

ഈ ഇതിഹാസ താരങ്ങൾ ഐഎസ്എല്ലിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും നിലവാരം ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ വരവ് ആരാധകരെ ആവേശത്തിലാഴ്ത്തുക മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിലെ പുതിയ തലമുറയ്ക്ക് അനുഭവസമ്പത്തും നൽകി.