സൗദി അറേബ്യൻ വമ്പന്മാരായ അൽ നസ്റുമായുള്ള മത്സരത്തിന്റെ ടിക്കറ്റുകളുടെ പൊതു വിൽപ്പന ആരംഭിച്ചതായി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബായഎഫ്‌സി ഗോവ അറിയിച്ചു. ഇന്ത്യൻ ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പോരാട്ടമാകുമെന്ന് കരുതപ്പെടുന്ന ഈ മത്സരത്തിന്റെ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്കായുള്ള ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നാളെ, 2025 സെപ്റ്റംബർ 19-ന് ആരംഭിക്കും.

എല്ലാവർക്കും തുല്യവും മുൻഗണനാപരവുമായി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ, ക്ലബ്ബ് നാല് ഘട്ടങ്ങളായുള്ള ഒരു ടിക്കറ്റിംഗ് പ്ലാനാണ് അവതരിപ്പിച്ചത്:

ഘട്ടം 1: സീസൺ ടിക്കറ്റ് ഉടമകൾക്ക് മാത്രമുള്ള എക്സ്ക്ലൂസീവ് പ്രവേശനം.

ഘട്ടം 2: അൽ സവ്റാ, എഫ്‌സി ഇസ്തിക്‌ലോൽ എന്നീ രണ്ട് മത്സരങ്ങൾക്കും ടിക്കറ്റ് എടുത്ത ആരാധകർക്കുള്ള മുൻഗണന.

ഘട്ടം 3 (നിലവിൽ ലഭ്യമാണ്): നോർത്ത്, സൗത്ത് ഗോവയിലെ ബോക്സ് ഓഫീസ് കൗണ്ടറുകളിലൂടെ ഗോവയിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഇത് രാജ്യവ്യാപകമായി വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് പ്രാദേശിക ആരാധകർക്ക് സീറ്റുകൾ ഉറപ്പാക്കാൻ അവസരം നൽകുന്നു.

ഘട്ടം 4 (അഖിലേന്ത്യാ ഓൺലൈൻ വിൽപ്പന): രാജ്യത്തുടനീളമുള്ള ആരാധകർക്കായി നാളെ, 2025 സെപ്റ്റംബർ 19-ന് ആരംഭിക്കും.

ടിക്കറ്റ് വിൽപ്പനയുടെ ആദ്യ ഘട്ടങ്ങളിൽ തന്നെ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻഗണനാ ഘട്ടത്തിൽ മാത്രം രാജ്യത്തെ 25 വ്യത്യസ്ത നഗരങ്ങളിൽ നിന്ന് ടിക്കറ്റുകൾ വാങ്ങിയതായി ക്ലബ്ബ് അറിയിച്ചു. ഇന്ന് ഗോവയിലെ ബോക്സ് ഓഫീസ് കൗണ്ടറുകൾ തുറക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപ് തന്നെ ആരാധകരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. മുൻഗണനാ ഘട്ടത്തിൽ മാത്രം രാജ്യത്തെ 25 വ്യത്യസ്ത നഗരങ്ങളിൽ നിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ടതായി ആദ്യഘട്ട കണക്കുകൾ കാണിക്കുന്നു. ഇത് ഗോവയിൽ അൽ നസ്റുമായുള്ള മത്സരത്തിനായുള്ള വലിയ കാത്തിരിപ്പിന് അടിവരയിടുന്നു.

യൂറോപ്പിൽ നിന്നടക്കമുള്ള മിന്നും താരങ്ങൾ അണിനിരക്കുന്ന അൽ നസ്ർ സ്ക്വാഡിനെ കാണാനുള്ള ആവേശത്തിലാണ് കാൽപന്ത് ആരാധകർ. രണ്ട് കേന്ദ്രങ്ങളിലും കൗണ്ടറുകൾ തുറക്കുന്നതിന് 1-2 മണിക്കൂർ മുമ്പുതന്നെ ആരാധകരുടെ നീണ്ട നിര കാണപ്പെട്ടു.

ബോക്സ് ഓഫീസ് സമയവും സ്ഥലങ്ങളും (ഗോവ):

സൗത്ത് ഗോവ: ഫത്തോർഡ സ്വിമ്മിംഗ് പൂൾ | രാവിലെ 10:00 - രാത്രി 8:00 വരെ

നോർത്ത് ഗോവ: എഫ്‌സി ഗോവ ഹൗസ്, പോർവോറിം | രാവിലെ 11:00 - വൈകുന്നേരം 5:00 വരെ

ടിക്കറ്റുകളുടെ ലഭ്യതയ്ക്ക് അനുസരിച്ച്, ബോക്സ് ഓഫീസുകൾ നാളെ, 2025 സെപ്റ്റംബർ 19-നും തുറന്നുപ്രവർത്തിക്കും.

"ഗോവക്കാർക്കും ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഒരവസരമാണിത്," എഫ്‌സി ഗോവയുടെ വക്താവ് പറഞ്ഞു. "നാളെ ആരംഭിക്കുന്ന രാജ്യവ്യാപക ഓൺലൈൻ വിൽപ്പനയ്ക്ക് മുൻപ് ഞങ്ങളുടെ പ്രാദേശിക ആരാധകർക്ക് മുൻഗണന നൽകുന്നതിനായാണ് നോർത്ത്, സൗത്ത് ഗോവയിൽ രണ്ട് ബോക്സ് ഓഫീസുകൾ തുറന്നത്. അതിഗംഭീരമായ പ്രതികരണമാണ് ലഭിച്ചത്. ഇത് അൽ നസ്ർ പോലൊരു ലോകോത്തര ടീമിനെ ഗോവയിലേക്ക് സ്വാഗതം ചെയ്യുന്നതിലുള്ള ആവേശം വ്യക്തമാക്കുന്നു."

ടിക്കറ്റുകൾ അതിവേഗം വിറ്റുതീരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ആരാധകർ എത്രയും പെട്ടെന്ന് ടിക്കറ്റുകൾ ഉറപ്പാക്കേണ്ടതാണ്. ദേശീയ തലത്തിൽ ഓൺലൈൻ വിൽപ്പന ലിങ്കിനായി നാളെ എഫ്‌സി ഗോവയുടെ ഔദ്യോഗിക ചാനലുകൾ ശ്രദ്ധിക്കുക.