ഡ്യൂറൻഡ് കപ്പ് 2025: കിരീടം നിലനിർത്തി നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി
തുടർച്ചയായ രണ്ടാം വർഷവും ഡ്യൂറൻഡ് കപ്പ് കിരീടം വടക്കുകിഴക്കൻ മലനിരകളിലേക്ക്

ഫൈനലിലെ കൂറ്റൻ ജയത്തോടെ ഡ്യൂറൻഡ് കപ്പ് കിരീടം നിലനിർത്തി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി. കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ നടന്ന മത്സരത്തിൽ ഡയമണ്ട് ഹാർബർ എഫ്‌സിയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്താണ് നിലവിലെ ജേതാക്കൾ ഈ വർഷത്തെ കപ്പിൽ മുത്തമിട്ടത്. 1991-ന് ശേഷം ആദ്യമായാണ് ഒരു ക്ലബ് ഡ്യൂറൻഡ് കപ്പ് കിരീടം നിലനിർത്തുന്നത്.
വടക്കുകിഴക്കൻ ക്ലബ്ബിനായിഅഷീർ അക്തർ (30'),പാർത്ഥിബ് ഗോഗോയ് (45+1'), തോയ് സിംഗ് (50'), ജൈറോ സാംപെരിയോ (81'), ആൻഡ്രെസ് റോഡ്രിഗസ് ഗെയ്റ്റൻ (86'),അലാദിൻ അജ്‌റായി (90+4') എന്നിവർ ഗോളുകൾ നേടി. ഡയമണ്ട് ഹാർബറിനായി മൈക്കൽ കോർട്ടസാർ (68') ആശ്വാസ ഗോളും നേടി.
Back-to-back supremacy! 🏆
— Indian Super League (@IndSuperLeague) August 23, 2025
The Highlanders defend the @thedurandcup after another remarkable campaign! 🔥#DurandCup2025 #NEUDHFC #NorthEastUnitedFC #IndianFootball #134thEditionofIndianOilDurandCup pic.twitter.com/0ov0YHbJ6o
ഡയമണ്ട് ഹാർബർ എഫ്‌സി: മിർഷാദ് (ജികെ), കോർട്ടസാർ, മാണ്ഡി, റുവാത്കിമ, റെന്ത്ലി, പോൾ, അജിത്ത്, ജസ്റ്റിൻ (സി), സാമുവൽ, ഗിരിക്, മജ്സെൻ
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി: ഗുർമീത് (ജികെ), സബാക്കോ (സി), അഷീർ, റിഡീം, സാങ്തെ, മായക്കണ്ണൻ, ഗൈതൻ, തോയ്, ചെമ നൂനെസ്, പാർത്ഥിബ്, അജ്‌റായി
ആക്രമണത്തിലൂന്നിയാണ് ഇരു ടീമുകളും ഡ്യൂറൻഡ് കപ്പിലെ കലാശപ്പോരാട്ടത്തെ സമീപിച്ചത്. തുടക്കത്തിൽ ഇരു വശങ്ങളിലേക്കും ആക്രമണങ്ങൾ കണ്ടെങ്കിലും പിന്നീടുള്ള മിനിറ്റുകളിൽ പന്ത് മധ്യനിരയിൽ തിരിഞ്ഞു. പതിയെ മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് താളം കണ്ടെത്തിയതോടെ, ഡയമണ്ട് ഹാർബറിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ രൂപപ്പെട്ടു.
FULL-TIME! NorthEast United FC 6-1 Diamond Harbour FC.
— NorthEast United FC (@NEUtdFC) August 23, 2025
WE ARE THE DURAND CUP CHAMPIONS!#StrongerAsOne #8States1United #134thEditionofIndianOilDurandCup pic.twitter.com/VJxwV0tvYE
മുപ്പതാം മിനിറ്റിൽ ബോക്സിനകത്തുണ്ടായ കൂട്ടപ്പൊരിച്ചിൽ വടക്കുകിഴക്കൻ ക്ലബിന് ലീഡ് നേടാൻ വഴിയൊരുക്കി. ഡയമണ്ട് ഹാർബറിന്റെ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി, തിങ്ങിനിറഞ്ഞ കളിക്കാരുടെ കൂട്ടത്തിനിടയിൽ നിന്ന് വന്ന ഷോട്ട് ഗോൾകീപ്പർ മിർഷാദ് മിച്ചു തടുത്തിട്ടു. എന്നാൽ, പന്ത് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് വഴുതിപ്പോയി. ആ അവസരം മുതലെടുത്ത അഷീർ അക്തർ പന്ത് അനായാസം വലയിലെത്തിച്ചു. ഫൈനലിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് ലീഡ്. സ്കോർ 1-0.
ആദ്യ ഗോൾ പിറന്നതോടെ, നോർത്ത്ഈസ്റ്റ് നിര കൂടുതൽ ആത്മവിശ്വാസത്തിലായി. തുടരെ അവർ ഫൈനൽ തേർഡിലേക്ക് കടന്നു കയറി ഭീതി പടർത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് സമനില കണ്ടെത്താനുള്ള സുവർണാവസരം കൊൽക്കത്തൻ ക്ലബിന് ലഭിച്ചു. ബോക്സിനു വലത്തുവശത്ത് ലഭിച്ച ഫ്രീകിക്ക് അവർ തന്ത്രപൂർവം എടുത്തെങ്കിലും, അത് വലയിൽ എത്തിക്കാൻ അവർക്ക് സാധിക്കാതെ പോയി.
ആ അവസരം നഷ്ടപ്പെടുത്തിയതിന്റെ വില ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഡയമണ്ട് ഹാർബർ നൽകേണ്ടി വന്നു. രണ്ട് മിനിറ്റുകൾ കൂട്ടിച്ചേർത്ത ഇഞ്ചുറി സമയത്ത്, അറ്റാക്കിംഗ് തേർഡിൽ പന്ത് ലഭിച്ച പാർത്ഥിബ് ഗോഗോയ് ഇടതുവിങ്ങിലൂടെ ബോക്സിനകത്തേക്ക് കുതിച്ചുകയറി. തുടർന്ന്, ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ, പ്ലേസ് ചെയ്ത ഷോട്ട് മനോഹരമായി വലയുടെ വലത് ടോപ് കോർണറിലേക്ക് പറന്നിറങ്ങി. സ്കോർ 2-0.
ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് വാങ്ങിയ റിഡീം ത്ലാങ്ങിനെ പിൻവലിച്ചാണ് നിലവിലെ ജേതാക്കൾ രണ്ടാം പകുതിയിൽ ഇറങ്ങിയത്. 50-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ മിന്നൽ വേഗത്തിലുള്ള കൗണ്ടർ അറ്റാക്കിൽ ഡയമണ്ട് ഹാർബറിന്റെ പ്രതിരോധം കീറിമുറിഞ്ഞു. വലതുവിങ്ങിലൂടെ പന്തുമായി കുതിച്ചെത്തിയ അജ്‌റായി, ഫാർ പോസ്റ്റിലുണ്ടായിരുന്ന തോയിക്ക് ഗോൾമുഖത്തിന് കുറുകെ അളന്നുമുറിച്ച ഒരു പാസ് നൽകി. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് പന്ത് അനായാസം വലയിലെത്തിച്ചുകൊണ്ട് തോയ് നോർത്ത് ഈസ്റ്റിന്റെ മൂന്നാം ഗോൾ സ്വന്തമാക്കി. സ്കോർ 3-0.
മറുപടി ഗോൾ നേടാനുള്ള ഡയമണ്ട് ഹാർബറിന്റെ ശ്രമം 68-ാം മിനിറ്റിൽ ഗോളിൽ കലാശിച്ചു. ബോക്സിലേക്ക് വന്ന കോർണർ കിക്കിൽ ജോബി ജസ്റ്റിൻ ആദ്യം വെച്ചെങ്കിലും, കോർടാസർ പന്തിനു നിർണായകമായ ടച്ച് നൽകി. ഗോൾകീപ്പർ ഗുർമീതിന് അവസരം നൽകാതെ പന്ത് വലയ്ക്കുള്ളിലേക്ക് ഉരുണ്ടു കയറി. സ്കോർ 3-1.
ആശ്വാസ ഗോൾ നേടിയെങ്കിലും, ഡയമണ്ട് ഹാർബറിന് ഒട്ടും ആശാവഹമായില്ല പിന്നീടുള്ള മത്സരം. 81-ാം മിനിറ്റിൽ ബോക്സിനകത്തെ കടുത്ത സമ്മർദ്ദത്തിലും നോർത്ത്ഈസ്റ്റ് താരം ജൈറോ സാംപെരിയോ ടീമിന്റെ നാലാം ഗോൾ കണ്ടെത്തി. അദ്ദേഹമെടുത്ത ഷോട്ട് ഗോൾകീപ്പർ മിർഷാദിനെ കാഴ്ചക്കാരനാക്കി പോസ്റ്റിലിടിച്ച് വലയ്ക്കുള്ളിലേക്ക്! സ്കോർ 4-1.
എന്നാൽ, കിരീടം നിലനിർത്തണമെന്ന ദൃഢനിശ്ചയത്തോടെ ഫൈനലിലെത്തിയ ടീം അവിടെയും നിർത്തിയില്ല. അഞ്ച് മിനിട്ടുകൾക്ക് ശേഷം, മത്സരത്തിലെ രണ്ടാം ഗോളിന് വഴിയൊരുക്കിയതിന് സമാനമായ പാസിലൂടെ അജ്‌റായി ഫാർ പോസ്റ്റിൽ ഗെയ്റ്റനെ കണ്ടെത്തി. ഇടുങ്ങിയ ആംഗിളിൽ ലഭിച്ച അവസരമായിരുന്നിട്ടും, സ്പാനിഷ് താരം സ്ലൈഡ് ചെയ്ത് പന്തിൽ മികച്ചൊരു ടച്ച് നൽകി. പന്ത് നിലത്ത് തട്ടി ഉയർന്ന് ഗോൾകീപ്പർ മിർഷാദിനെയും മറികടന്ന് വലയിൽ! സ്കോർ 5-1.
മത്സരം ഇഞ്ചുറി സമയത്തേക്ക് നീങ്ങിയത് ആറാമത്തെ ഗോളിന് കൂടി വഴിയൊരുക്കിയാണ്. ബോക്സിനകത്ത് വെച്ച് അജ്‌റായിയെ വീഴ്ത്തിയതോടെ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. ഇതിന് തൊട്ടുമുൻപ് അദ്ദേഹം തൊടുത്ത ഒരു കർളിംഗ് ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയിരുന്നു. സ്പോട്ടിൽ നിന്നുള്ള മൊറോക്കൻ താരത്തിന്റെ മൂർച്ചയേറിയ ഷോട്ട് ക്രോസ്ബാറിന്റെ അടിയിൽ ഇടിച്ച് വലയ്ക്കുള്ളിലേക്ക്! സ്കോർ 6-1. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരുടെ സമ്പൂർണ്ണ ആധിപത്യം. ഈ ഗോളോടുകൂടി, ഹൈലാൻഡേഴ്സ് തങ്ങളുടെ തുടർച്ചയായ രണ്ടാം ഡ്യൂറൻഡ് കപ്പ് കിരീടം ഉറപ്പിച്ചു.