​ഈ ലേഖനം ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലും ലഭ്യമാണ്.

കാഫ നേഷൻസ് കപ്പ് 2025-ൽ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറാന് മുന്നിൽ വീണ് ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീം. ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ
നീലകടുവകളുടെ തോൽവി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു. ഇറാനായി അമീർ ഹുസൈൻ ഹുസൈൻസാദെ, അലി അലിപൂർഘാര, മെഹ്ദി തരേമി എന്നിവർ ഗോളുകൾ നേടി.

സന്ദേശ് ജിങ്കനും ഗുർപ്രീത് സിങ് സന്ധുവും മികച്ചുനിന്ന ആദ്യ പകുതിയിൽ ഇന്ത്യ പിടിച്ചുനിന്നെങ്കിലും, രണ്ടാം പകുതിയിൽ ഏഷ്യൻ വമ്പന്മാർ ആധിപത്യം സ്ഥാപിച്ചു. രണ്ട് മത്സരങ്ങൾ ജയിച്ച ഇറാൻ ആറ് പോയിന്റുകളുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

ഇന്ത്യ:

ഗുർപ്രീത് സിംഗ് സന്ധു (ജികെ), രാഹുൽ ഭേക്കെ, അൻവർ അലി, സന്ദേശ് ജിങ്കൻ (ക്യാപ്റ്റൻ), നിഖിൽ പ്രഭു, സുരേഷ് സിംഗ് വാങ്ജാം, വിക്രം പർതാപ് സിംഗ്, ഇർഫാൻ യാദ്വാദ്, മുഹമ്മദ് ഉവൈസ്, ഡാനിഷ് ഫാറൂഖ്, ആഷിഖ് കുരുണിയൻ.

ഇറാൻ:

പായം നിയാസ്മന്ദ്, മുഹമ്മദ് നാദേരി, അമീൻ ഹസ്ബാവി, ഹുസൈൻ കനാനി, റൂസ്ബെ ചെഷ്മി, രാമിൻ റെസായൻ, അമീർഹുസൈൻ ഹുസൈൻസാദെ, മഹ്ദി ഹാഷെംനെഷാദ്, മെഹ്റാൻ അഹമ്മദി, ഒമിദ് നോർ അഫ്കാൻ, മജീദ് അലിയാരി.

താജിക്കിസ്ഥാനെതിരെ ജയം നേടിയ നിരയിൽ രണ്ട് മാറ്റങ്ങളുമായാണ് മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ ഇറാനെതിരായ മത്സരത്തിനിറങ്ങിയത്. ലാലിയൻസുവാല ചാങ്‌തെയ്ക്കും ജീക്സൺ സിങ്ങിനും പകരം നിഖിൽ പ്രഭുവും ഡാനിഷ് ഫാറൂഖും ആദ്യ പതിനൊന്നിലെത്തി.

ഇന്ത്യയെ പ്രതിരോധത്തിലാഴ്ത്തിയാണ് ഇറാൻ മത്സരം തുടങ്ങിയത്. തുടക്കം മുതൽ ഇറാനിൽ നിന്നുണ്ടായ തുടരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നിരനിരയായി കോർണറുകൾക്ക് വഴിവെച്ചു. കടുത്ത സമ്മർദ്ദം ചെലുത്തിയ ഇറാന്റെ ആക്രമണങ്ങളുടെ കേന്ദ്രബിന്ദു അഫ്കാനായിരുന്നു. അദ്ദേഹത്തിന്റെ ക്രോസ് അപ്രതീക്ഷിതമായി ബൗൺസ് ചെയ്തത് ഗുർപ്രീത് സിങ് സന്ധുവിനെ പതറിച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.

ആദ്യ ഇരുപത് മിനിട്ടുകൾക്ക് ശേഷമാണ് ഇന്ത്യക്ക് മത്സരത്തിൽ ആദ്യത്തെ കോർണർ ലഭിക്കുന്നത്. ഇടത് വിങ്ങിലൂടെ കുതിച്ചെത്തിയ ആഷിഖ് തൊടുത്ത ഷോട്ട് കോർണറിന് വഴിവെച്ചു.

സുരേഷിന്റെ കോർണറിലൂടെ ഇറാൻ ബോക്സിൽ കൂട്ടപ്പൊരിച്ചിലിനിടയിൽ പന്ത് ലഭിച്ച നിഖിൽ പ്രഭുവിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. തുടർന്ന് ലഭിച്ച രണ്ടാം കോർണർ സുരേഷ് ഫാർ പോസ്റ്റിലേക്ക് ഉയർത്തിവിട്ടെങ്കിലും നിഷ്പ്രഭമായി.

40-ാം മിനിറ്റിൽ ജിങ്കന്റെ ഇടപെടൽ ഇന്ത്യയെ ഗോൾ വഴങ്ങുന്നതിൽ നിന്നും രക്ഷിച്ചു. മധ്യനിരയിൽ നിന്ന് സമർത്ഥമായി പന്ത് റാഞ്ചിയ മെഹ്റാൻ അഹ്മദി, ഇടതുവിങ്ങിലൂടെ കുതിച്ചുകയറി. ബോക്സിന് കുറുകെ അദ്ദേഹം നൽകിയ അപകടകരമായ ലോ ക്രോസിൽ, വലതുവിങ്ങിൽ നിന്ന് ഓടിക്കയറിയ റാമിൻ റെസായൻ ഒരു ഗ്രൗണ്ട് ഷോട്ട് ഉതിർത്തു. എന്നാൽ, അപകടം സൃഷ്ടിച്ചേക്കാവുന്ന ആ ഷോട്ടിന് മുന്നിൽ നിർണായകമായ ബ്ലോക്കുമായി സന്ദേശ് ജിങ്കൻ ഉറച്ചു നിന്നു.

തുടർച്ചയായ സമ്മർദ്ദത്തിലൂടെ, പ്രത്യേകിച്ച് ഒമിദ് നോർ അഫ്കാൻ, മെഹ്റാൻ അഹ്മദി എന്നിവരിലൂടെ ഇറാൻ മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ കലാശിച്ചു. ഇറാന്റെ കടുത്ത ആക്രമണം ഇന്ത്യയെ പ്രതിരോധത്തിലേക്ക് വലിയാൻ നിർബന്ധിതരാക്കി. എങ്കിലും, സന്ദേശ് ജിങ്കന്റെയും ഗുർപ്രീത് സിങ് സന്ധുവിന്റെയും നിർണായകമായ ഇടപെടലുകൾ രക്ഷയായി. ഇർഫാൻ യാദ്വാദിലൂടെ ഇന്ത്യക്ക് മികച്ച ഒരവസരം ലഭിച്ചെങ്കിലും, ഷോട്ട് എടുക്കുന്നതിന് മുൻപ് തന്നെ ഇറാൻ പ്രതിരോധം അത് തടഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇറാൻ പൂർണ്ണ ആധിപത്യം പുലർത്തി. ഏകദേശം 80% സമയം പന്ത് കൈവശം വെച്ച് അവർ മധ്യനിരയിൽ കളിയുടെ ഗതി നിയന്ത്രിച്ചു. തുടർന്ന് ഖാലിദ് ജമീൽ ഇരട്ട മാറ്റങ്ങളുമായി രംഗത്തെത്തി. സുരേഷ് സിങ്ങിനും ഡാനിഷ് ഫാറൂഖിനും പകരമായി ജീക്സൺ സിങ്ങും ചിംഗ്ലെൻസന സിങ്ങും കളത്തിലിറങ്ങി.

സനയെ ഉൾപ്പെടുത്തി സെൻട്രൽ ഡിഫെൻസിൽ മൂന്ന് പേരടക്കം പ്രതിരോധത്തിൽ അഞ്ച് പേരെ അണിനിരത്തി തന്ത്രങ്ങൾ പുതുക്കിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ ഇന്ത്യ ഗോൾ വഴങ്ങി. വലതുവിങ്ങിൽ നിന്ന് സദേഗാൻ നൽകിയ ക്രോസ് ബോക്സിന്റെ ഫാർ സൈഡിലുണ്ടായിരുന്ന ഹുസൈൻസാദെ സ്വീകരിച്ചു. പന്ത് നിയന്ത്രിച്ച് തൊടുത്ത ലോ ഷോട്ട് ഗുർപ്രീത് സിങ് സന്ധുവിനെയും മറികടന്ന് വലയിൽ! സ്കോർ 0-1.

ഗോൾ വഴങ്ങിയതിന് പിന്നാലെ, ഇന്ത്യ തങ്ങളുടെ കളി ശൈലിയിൽ മാറ്റം വരുത്തി. സമനില ഗോൾ നേടാനായി, പകരക്കാരനായി എത്തിയ പ്രതിരോധ താരം ചിംഗ്ലെൻസന സിംഗിനെ പിൻവലിച്ച് ഖാലിദ് ജമീൽ മുന്നേറ്റ താരങ്ങളെ കളത്തിലിറക്കി തന്റെ നയം വ്യക്തമാക്കി. ഗോൾ നേടിയതോടെ ആത്മവിശ്വാസത്തിലായ ഇറാൻ ആക്രമണത്തിന് കൂടുതൽ മൂർച്ച കൂട്ടാനായി ലോകോത്തര താരങ്ങളായ മെഹ്ദി തരേമിയെയും അലിറേസ ജഹാൻബാഷിനെയും പകരക്കാരായി കളത്തിലിറക്കി.

76-ാം മിനിറ്റിൽ മുന്നോട്ട് കയറി ആക്രമിക്കാൻ ശ്രമിച്ച ഇറാനെതിരെ ഇന്ത്യ മിന്നൽ വേഗത്തിൽ കൗണ്ടർ അറ്റാക്കിങ്ങിനു തുടക്കമിട്ടു. ഇടതുവിങ്ങിലൂടെ മുന്നേറിയ നവോറം മഹേഷ് ബോക്സിലേക്ക് നൽകിയ ക്രോസ് ഒരു കോർണറിന് വഴിവെച്ചു. എന്നാൽ, തുടർന്ന് ലഭിച്ച കോർണർ കിക്ക് ഇറാൻ പ്രതിരോധം അനായാസം ക്ലിയർ ചെയ്തതോടെ ആ മുന്നേറ്റം അവസാനിച്ചു.

തുടർന്ന് ബോക്സിനുള്ളിലുണ്ടായിരുന്ന മലയാളി താരം ആഷിഖിനെ ലക്ഷ്യമാക്കി ജിതിൻ നൽകിയ ക്രോസ്, ഉയർന്നുചാടി ഇറാൻ ഗോൾകീപ്പർ അനായാസം കൈപ്പിടിയിലൊതുക്കി അപകടം ഒഴിവാക്കി.

83-ാം മിനിറ്റിൽ ആഷിഖിന് പകരമായി ചാങ്‌തെയെ കളത്തിലിറക്കി. ഇതോടെ, നേരത്തെ പകരക്കാരനായി എത്തിയ ജിതിൻ എംഎസ് ഇടതുവിങ്ങിലേക്കും, ചാങ്‌തെ വലതുവിങ്ങിലേക്കും മാറി. മൂന്ന് മിനിട്ടുകൾക്ക് ശേഷം മധ്യനിരയിൽ നിന്ന് പന്ത് പിടിച്ചെടുത്ത ജിതിൻ, മുന്നേറ്റനിരയിലേക്ക് കുതിച്ചുകയറി. ബോക്സിനുള്ളിൽ നവോറം മഹേഷിന് അവസരം ഒരുക്കാൻ ശ്രമിച്ചെങ്കിലും, ഇറാൻ ഗോൾകീപ്പർ വേഗത്തിൽ പന്ത് കൈപ്പിടിയിലൊതുക്കി ആ നീക്കം അവസാനിപ്പിച്ചു.

തൊണ്ണൂറാം മിനിറ്റിൽ തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ ഇറാൻ വീണ്ടും ലക്ഷ്യം കണ്ടു. അലിറേസ ജഹാൻബഖ്ഷിന്റെ ശക്തമായ ഷോട്ട് ഗുർപ്രീത് തട്ടിയകറ്റി. റീബൗണ്ട് പന്ത് ലഭിച്ച മെഹ്ദി തരേമിയുടെ ശ്രമവും ഗുർപ്രീത് തടഞ്ഞു. എന്നാൽ, വീണ്ടും റീബൗണ്ട് വന്ന പന്ത് അലി അലിപൂർഘാരയുടെ കാലുകളിലെത്തി. ബോക്സിനു വളരെ അടുത്ത നിന്ന് ലഭിച്ച ആ അവസരം അദ്ദേഹം പിഴവുകളില്ലാതെ വലയിലെത്തിച്ച് ഇറാന്റെ ലീഡ് ഇരട്ടിയാക്കി. സ്കോർ 0-2.

ഇഞ്ചുറി സമയത്തേക്ക് കടന്ന മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഇറാൻ തങ്ങളുടെ മൂന്നാമത്തെ ഗോൾ കണ്ടെത്തി. മധ്യനിരയിൽ നിന്ന് വന്ന ഒരു മനോഹരമായ പാസ് ഇന്ത്യൻ പ്രതിരോധത്തെ കീറിമുറിച്ച് തരേമിയുടെ കാലിലെത്തി. ഗുർപ്രീത് സിങ് സന്ധുവിനെ മറികടന്ന് അനായാസ ഷോട്ടിലൂടെ അദ്ദേഹം പന്ത് വലയിലെത്തിച്ചു. സ്കോർ 0-3.

കാഫ നേഷൻസ് കപ്പിലെ അടുത്ത മത്സരത്തിൽ സെപ്റ്റംബർ നാലിന് ഇന്ത്യ ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാനെ നേരിടും.