കാഫ നേഷൻസ് കപ്പ് 2025-ലെ മൂന്നാം സ്ഥാനത്തിനായുള്ള പ്ലേഓഫ് മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം തിങ്കളാഴ്ച ഒമാനുമായി ഏറ്റുമുട്ടും. താജിക്കിസ്ഥാനിലെ ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിലാണ് മത്സരം.

വെള്ളിയാഴ്ച നടന്ന മത്സരത്തിൽ, ഗ്രൂപ്പ് ജേതാക്കളായ ഉസ്ബെക്കിസ്ഥാന് തുല്യമായ പോയിന്റുകൾ നേടിയിട്ടും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് എ-യിൽ ഒമാൻ രണ്ടാം സ്ഥാനത്തെത്തി. തങ്ങളുടെ അപരാജിത കുതിപ്പ് നിലനിർത്തിക്കൊണ്ട് മികച്ച രീതിയിൽ ടൂർണമെന്റ് അവസാനിപ്പിക്കാനാകും അവർ ലക്ഷ്യമിടുന്നത്. അതേസമയം, ഫൈനലിൽ ഉസ്ബെക്കിസ്ഥാൻ ഗ്രൂപ്പ് ബി ജേതാക്കളായ ഇറാനെ നേരിടും.

വ്യാഴാഴ്ച നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽഅഫ്ഗാനിസ്ഥാനുമായി ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് ബ്ലൂ ടൈഗേഴ്സ് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിന് യോഗ്യത നേടിയത്. അന്ന് രാത്രി ഇറാനും താജിക്കിസ്ഥാനും തമ്മിലുള്ള മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞത് ഇന്ത്യക്ക് അനുകൂലമായി.

ഖാലിദ് ജമീലിന്റെ കീഴിൽ ഒരു ജയം, ഒരു സമനില, ഒരു തോൽവി എന്നിവയുൾപ്പെടെ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായാണ് ടീം ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയത്. ഏഴ് പോയിന്റുമായി ഇറാൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, ആതിഥേയരായ താജിക്കിസ്ഥാനും നാല് പോയിന്റ് നേടിയിരുന്നു. എന്നാൽ, ആദ്യ മത്സരത്തിൽ താജിക്കിസ്ഥാനെതിരെ നേടിയ 2-1ന്റെ വിജയത്തിന്റെ ബലത്തിൽ, നേർക്കുനേർ കണക്കുകളിലെ ആനുകൂല്യം ഇന്ത്യക്ക് ലഭിക്കുകയായിരുന്നു. ഒരു പോയിന്റ് മാത്രമുള്ള അഫ്ഗാനിസ്ഥാൻ ഒരു ജയം പോലുമില്ലാതെ ടൂർണമെന്റിൽ നിന്ന് പുറത്തായി.

ഖാലിദ് ജമീലിന്റെ ഇന്ത്യക്ക് ടൂർണമെന്റ് ഒരു മെഡൽ നേട്ടത്തോടെ അവസാനിപ്പിക്കാനുള്ള സുവർണ്ണാവസരമാണ് ഈ മത്സരം. അതേസമയം, ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാത്ത ഒമാൻ, തങ്ങളുടെ അപരാജിത റെക്കോർഡ് നിലനിർത്തിക്കൊണ്ട് മടങ്ങാനാകും ശ്രമിക്കുക.