ഏറെ പ്രതീക്ഷകളോടെയാണ് മഞ്ഞപ്പട ഇത്തവണ കൊമ്പന്മാരെ വരവേറ്റത്.  മുൻ ഡച്ച്താരം എൽകോ ഷട്ടോരിയെ മുഘ്യ പരിശീലകനായി നിയമിച്ചതു മുതൽ വളരെയധികം മാറ്റങ്ങളോടെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ആറാം സീസണിലേക്ക് വന്നത്. മുഴുവൻ മുൻ വിദേശതാരങ്ങളെയും വിട്ടയക്കുകയും കാമറൂണിയൻ താരം റാഫേൽ മെസ്സി ബൗളി, നൈജീരിയൻ താരം ബാർത്തലോമിവ് ഒഗ്‌ബെച്ചെ എന്നിവരുൾപ്പെടെയുള്ള പുതിയ വിദേശ താരങ്ങളെയും മികച്ച ഇന്ത്യൻ താരങ്ങളെയും ഓരോ വിഭാഗങ്ങളിലേക്കും ഉൾപ്പെടുത്തിയത് ആ പ്രതീക്ഷകൾക്ക് ഉണർവേകി. 

എന്നാൽ എൽകോ ഷെറ്റോറിയുടെ കീഴിൽ മികച്ച പരിശീലനവും പ്ലാനിങ്ങുകളുമായി ഒരുങ്ങിയ ടീമിന് സീസൺ തുടങ്ങുന്നതിനു മുൻപ് ആദ്യ തിരിച്ചടി നേരിടേണ്ടി വന്നു. സാങ്കേതിക കാരണങ്ങളാൽ ബ്ലാസ്റ്റേഴ്സിന് പ്രീ സീസൺ പകുതിവഴിയിൽ അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. തുടർന്ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സ് സീസണ് മുന്നോടിയായുള്ള പരിശീലനം നടത്തിയത്. തുടർന്ന് അധികം വൈകാതെ തന്നെ രണ്ടാമത്തെ തിരിച്ചടിയും ബ്ലാസ്റ്റേഴ്‌സിന് നേരിടേണ്ടിവന്നു. സീസൺ ആരംഭിക്കുന്നതിനു മുൻപുതന്നെ മുൻ ക്യാപ്റ്റനും ടീമിന്റെ ഡിഫെൻഡിങ്ങിൽ അഭിവാജ്യഘടകവുമായ സന്ദേശ് ജിംഗന് കാലിൽ പരിക്കേൽക്കുകയും സീസണിൽ ഉടനീളം അദ്ദേഹത്തിന് കളിക്കുവാൻ സാധിക്കുകയില്ല എന്ന് വ്യക്തമാകുകയും ചെയ്തു. ടീമിന്റെ മുഴുവൻ പ്ലാനിങ്ങിനെയും ഇത് ബാധിച്ചു. ഇത് ടീമിനേറ്റ വലിയ തിരിച്ചടിയായി. 

സാഹചര്യങ്ങൾ ഇങ്ങനൊയൊക്കെയായിരുന്നു എങ്കിലും സീസണിന്റെ ഉദ്ഘാടന ദിവസം കേരളാ ബ്ലാസ്റ്റേഴ്സ് എടികെയെ പരാജയപ്പെടുത്തി. ഈ വിജയം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷകൾ സമ്മാനിച്ചു. 

പക്ഷെ വിജയപ്രതീക്ഷകൾ നിലനിർത്താൻ കേരളാബ്ലാസ്റ്റേഴ്‌സിനായില്ല. തുടർന്ന് കൊച്ചിയിൽ വച്ച് തന്നെ നടന്ന മുംബൈക്കെതിരായ മത്സരത്തിൽ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. സീസണിലെ മൂന്നാം മത്സരമായ, ആദ്യ എവേ മത്സരത്തിൽ,  തുടക്കക്കാരായ ഹൈദ്രാബാദിനോട് രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോൽവി വഴങ്ങി. 

തുടർന്ന് ഡിഫെൻസിലെ കുറവുകൾ‌ നികത്തനായി മുൻപ്ലാനിങ്ങുകളിൽ നിന്ന് വ്യതിചലിച്ച്   ജൈറോ, സൂയിവർലോൺ തുടങ്ങിയ താരങ്ങളെ ഷെറ്റോരി ഡിഫെൻസിലേക്ക് നിയോഗിച്ചു. സീസൺ പുരോഗമിച്ചോപ്പോൾ പരിക്ക് വീണ്ടും പ്രശ്നമായി.  മാരിയോ ആർക്കസ്,  സെർജിയോ സിഡോഞ്ഞ, സുയിവർലൂൺ മുതലായ താരങ്ങൾക്കു പരിക്കേറ്റു. ഈ ആഘാതത്തിൽനിന്നു ടീം കരകയറും മുൻപാണ് ജൈറോ റോഡ്രിഗസിനു പരിക്കേറ്റത്. ഡിഫെൻസിനെ കുറച്ചെങ്കിലും മെച്ചപ്പെടുത്താൻ ഡ്രോബറോവിനെ ടീമിലേക്ക് തിരഞ്ഞെടുത്തു. ഇതൊന്നും ടീമിനെ മോശം പ്രകടനത്തിൽനിന്നു കരകയറ്റാനായില്ല. ഗോൾ കീപ്പേഴ്സിന്റെ മോശം പ്രകടനവും ടീമിനെ പ്രതികൂലമായി ബാധിച്ചു. 

നവംബർ എട്ടിന് കൊച്ചിയിൽ വച്ച് നടന്ന മൂന്നാം ഹോം മത്സരത്തിൽ (സീസണിലെ നാലാം മത്സരത്തിൽ) കേരളാബ്ലാസ്റ്റേഴ്‌സ് സീസണിലെ തുടക്കക്കാരായ ഒഡീഷ എഫ്‌സിയെ നേരിട്ടു. മികച്ച പ്രകടനം കാഴ്ചവെക്കാനായെങ്കിലും സമനില നേടാൻ മാത്രമേ ബ്ലാസ്റ്റേഴ്സിനായുള്ളു. നവംബർ ഇരുപത്തിമൂന്നിനു നടന്ന ബെംഗളൂരു എഫ്‌സിക്കെതിരായ അടുത്ത മത്സരത്തിൽ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോൽവി വഴങ്ങി. തുടർന്ന് നടന്ന എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി, ജംഷെഡ്പൂർ എഫ്‌സി എന്നെ ടീമുകൾക്കെതിരെ അനായാസം നേടാൻ സാധിക്കുമായിരുന്നു വിജയം നിർഭാഗ്യവശാൽ മാത്രമാണ് കൈവിട്ടു പോയെതെന്നു പറയാനാകും. വിജയിക്കാനുള്ള സാധ്യതകളെല്ലാം അനുകൂലമായിരുന്നിട്ടും അവസാന നിമിഷം സമനിലവഴങ്ങാനായിരുന്നു ആ മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ വിധി. 

തുടർന്ന് ഡിസംബർ ഇരുപതിന്‌ നടന്ന ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിൽ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. ഓവൻ കോയലിന്റെ പരിശീലനത്തിന് കീഴിൽ പുത്തൻ ഉണർവോടെ കളത്തിലിറങ്ങിയ ചെന്നൈയിൻ എഫ്‌സി ബ്ലാസ്‌റ്റേഴ്‌സിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഡിസംബർ ഇരുപത്തിയെട്ടിന് നോർത്ത് ഈസ്റ്റിനെതിരെ നടന്ന അടുത്ത മത്സരവും സമനിലയിലവസാനിച്ചു.

തുടർച്ചയായ സമനിലകളും തോൽവികൾക്കും പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത് താരങ്ങൾക്കേറ്റ പരിക്കായിരുന്നു. ഓരോ തവണയും ആദ്യ പതിനൊന്നിനെയും അതിനാൽ തന്നെ ലൈൻ അപ്പിനെയും മാറ്റേണ്ടി വന്നത്, പരിക്ക് സംബന്ധിച്ച പ്രശ്നങ്ങൾ ടീമിന്റെ സ്ഥിരതയെ എത്രത്തോളം ബാധിച്ചുവെന്ന് വ്യക്തമാക്കുന്നു. പരുക്കിനെത്തുടർന്ന് ബ്രസീലിയൻ ജെയ്‌റോ റോഡ്രിഗസ്, ഡച്ച്മാൻ, ഗിയാനി സുവർ‌ലൂൺ, മരിയോ ആർക്വസ് എന്നിവർക്ക് പരിക്കേറ്റതിനെത്തുടർന്ന് ചില നിർണായക മത്സരങ്ങൾ നഷ്ടമായി. 

പിന്നീട് നടന്ന ഹൈദ്രാബാദിനും എടിക്കെയ്കും എതിരെ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ ബ്ലാസ്റ്റേഴ്സിനായി. ഹൈദ്രാബാദിനെതിരെ അഞ്ചു ഗോളുകൾക്കും കൊൽക്കത്തക്കെതിരെ ഒരു ഗോളിനുമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. സീസണിലെ ആദ്യ ഹാട്രിക് പിറന്നതും ഹൈദ്രാബാദിനെതിരായ മത്സരത്തിലാണ്. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഓഗ്‌ബെച്ചെയാണു സീസണിലെ ആദ്യ ഹാട്രിക് ബ്ലാസ്റ്റേഴ്സിനായി നേടിയത്. ഈ വിജയങ്ങൾ ബ്ലാസ്റ്റേഴ്സ് ടീമിനും ആരാധകർക്കും വീണ്ടും സെമി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള പ്രതീക്ഷകൾ സമ്മാനിച്ചു.

എന്നാൽ വീണ്ടും തോൽവികളാണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരുന്നത്. തുടർന്ന് നടന്ന മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. ഫെബ്രുവരി ഒന്നിന് നടന്ന ചെന്നൈക്കെതിരായ മത്സരത്തിൽ മൂന്ന് ഗോളുകൾക്കെതിരെ ആറു ഗോളുകൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. ടീമിന്റെ അറ്റാക്കിങ് വിഭാഗം മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും ഡിഫെൻസിങ്ങിലെയും ഗോൾകീപ്പിങ്ങിലെ പിഴവുമാണ് തുടർച്ചയായ മൂന്ന് തോൽവികൾക്കും വിനയായത്. 

തുടർന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ മത്സരം സമനിലയിൽ അവസാനിച്ചു. ശേഷം ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന അവസാന ഹോം മാച്ച് വിജയിക്കാൻ ബ്ലാസ്റ്റേഴ്സിനായി. ഇന്ത്യ സൂപ്പർ ലീഗിനെ ചരിത്രത്തിൽ ആദ്യമായാണ് ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. സെമിഫൈനൽ സ്വപ്‌നങ്ങൾ പൂവണിഞ്ഞില്ലെങ്കിലും ഈ വിജയം ആരാധകർക്കൊരാശ്വാസമായി മാറി. ഒടുവിൽ ഒഡിഷക്കെതിരെ നടന്ന അവസാന മത്സരത്തിൽ  നാലു ഗോളുകൾ നേടി സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ് ആറാം സീസൺ കളമൊഴിഞ്ഞു.  

സീസണിലുടനീളം ഓരോ ഘട്ടങ്ങളിലെല്ലാം മികച്ച പ്രകടനമാണ് നായകനായ ഓഗ്‌ബെച്ചേ കാഴ്ചവച്ചത്. ടീമിന്റെ മറ്റൊരാശ്വാസമായിരുന്നു കാമറൂണിയൻ താരം റാഫേൽ മെസ്സി ബൗളിയുടെ പ്രകടനം. ഇന്ത്യൻ സൂപ്പർ ലീഗിൽ തുടക്കകാരനായിരുന്നിട്ടും പതിമൂന്നു കളികൾ നിന്ന് മാത്രമായി ഏഴു ഗോളുകൾ നേടാൻ അദ്ദേഹത്തിനായി. പതിനഞ്ചു കളികളിൽ നിന്ന് പതിമൂന്നു ഗോളുകൾ ഓഗ്‌ബെച്ചെയും നേടി. എൽകോയുടെ തീരുമാനങ്ങളിൽ ഏറ്റവും മികച്ചതായിരുന്നു ഈ താരങ്ങളെ തിരഞ്ഞെടുത്തത് എന്ന് നിസംശയം പറയാം. ടീമിന്റെ യുവതാരങ്ങളും അസിസ്റ്റന്റ് പരിശീലകൻ ഇഷ്ഫാക് അഹമ്മദുമെല്ലാം തങ്ങളുടെ പരമാവധി ശ്രമിച്ചുവെന്ന് പറയാം. 

ഈ സീസണിൽ എൽകോ എന്ന പരിശീലകൻ അദ്ദേഹത്തിന്റെ ടീമിനായി ഏറെ ആത്മാർത്ഥമായി പ്രവർത്തിച്ചു. എപ്പോഴൊക്കെ ജയിക്കുമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞുവോ, അപ്പോഴെല്ലാം ടീം ജയിച്ചു. പ്ലാനിങ്ങുകൾ തെറ്റിയത് പരിക്കുകൾ വില്ലനായപ്പോൾ മാത്രമാണ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ച മികച്ച താരങ്ങൾക്കപ്പുറം ടീമിന്റെ മുഖമായി മാറാൻ എൽകോക്ക്‌ കഴിഞ്ഞു. 

ആറാം സീസണിൽ ആഗ്രഹിച്ച നേട്ടങ്ങൾ കൈവരിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ലെങ്കിലും പ്രതീക്ഷകൾ നിലനിർത്തിയാണ് ടീം മടങ്ങുന്നത്. സീസൺ അവസാനിക്കുമ്പോൾ ഏഴാം സ്ഥാനത്ത് കളമൊഴിയുന്ന ബ്ലാസ്റ്റേഴ്സിന് ഏഴാം സീസണിൽ കാത്തിരിക്കുന്നതറിയാൻ ഒക്ടോബർ വരെയും കാത്തിരിക്കാം!