ഏപ്രിൽ ഇരുപത്തിനാല് ബുധനാഴ്ച്ച ഫട്ടോർഡ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 പത്താം സീസൺ സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ എഫ്സി ഗോവയെ തകർത്ത് മുംബൈ സിറ്റി എഫ്സി. മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റ് വരെ 2-0 ന് പിന്നിൽ നിന്ന ശേഷം അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയ മുംബൈ സിറ്റി എഫ്സി 3-2 നാണ് വിജയിച്ചത്.

ഗോവക്കായി ബോറിസ് സിംഗും ബ്രാൻഡൻ ഫെർണാണ്ടസും ഗോളുകൾ നേടിയപ്പോൾ മുംബൈക്കായി ലാലിയൻസുവാല ചാങ്തെയും വിക്രം പ്രതാപ് സിങ്ങും ഗോളുകൾ നേടി. മത്സരത്തിന്റെ നിശ്ചിത സമയത്തിന് ശേഷം ഇഞ്ചുറി ടൈമിലെ ആറ് മിനിറ്റിലാണ് മുംബൈ സിറ്റി എഫ്സി മടങ്ങിവരവ് നടത്തിയത്. എഫ്സി ഗോവയുടെ പ്രധാന  മുൻനിരതാരങ്ങളായ ബോറിസ് സിങ്ങും ബ്രാൻഡൻ ഫെർണാണ്ടസും തുടർച്ചയായ മൂന്ന് ലീഗ് മത്സരങ്ങളിലും ഗോളുകൾ നേടിയിരുന്നു

മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ മുഹമ്മദ് യാസിറിന്റെ അസിസ്റ്റിൽ ബോറിസ് സിംഗിന്റെ വലംകാൽ ഷോട്ട് വലയുടെ മധ്യഭാഗം തുളച്ചു. ആദ്യപകുതി എഫ്സി ഗോവയുടെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ മത്സരത്തിന്റെ അൻപത്തിയാറാം മിനിറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസാണ് ഗോവക്കായി രണ്ടാം ഗോൾ നേടിയത്. തൊണ്ണൂറാം മിനിറ്റിൽ ജയേഷ് റാണയുടെ അസിസ്റ്റിൽ ലാലിയൻസുവാല ചാങ്തെയാണ് മുംബൈക്കായി ആദ്യ ഗോൾ നേടിയത്

നിശ്ചിത സമയത്തിന് ശേഷം മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ വിക്രം പ്രതാപ് സിങ് മുംബൈക്കായി സമനില  നേടി. ശേഷം ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തെ മുംബൈക്കായി വിജയഗോളും നേടി. ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സെമി ഫൈനൽ ഒന്നാം പാദമത്സരത്തിൽ മുംബൈ ചരിത്രവിജയം നേടി

എഫ്സി ഗോവയും മുംബൈ സിറ്റി എഫ്സിയും ഏപ്രിൽ 29ന് മുംബൈ ഫുട്ബോൾ അരീനയിൽ നടക്കുന്ന സെമി ഫൈനൽ മത്സരത്തിന്റെ രണ്ടാം പാദത്തിൽ ഏറ്റുമുട്ടും.