ക്ലബ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചുമായി വേർപിരിഞ്ഞതായി ഔദ്യോഗീകമായി സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (കെബിഎഫ്‌സി). 2021ൽ ക്ലബ്ബിന്റെ ഭാഗമായ ഇവാൻ വുകോമാനോവിച്ച് ക്ലബ്ബിൽ തന്റെ മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ, തന്റെ കന്നി സീസണിൽ ക്ലബ് ISL റണ്ണേഴ്‌സ് അപ്പ് സ്ഥാനം ഉൾപ്പെടെ മൂന്ന് സീസണുകളിൽ തുടർച്ചയായി ISL പ്ലേഓഫിലേക്ക് യോഗ്യത നേടി. ഇവാന്റെ കീഴിൽ ക്ലബ് ഏറ്റവും ഉയർന്ന പോയിന്റ് നേട്ടവും ഏറ്റവും ഉയർന്ന ഗോൾ നേട്ടവും രേഖപ്പെടുത്തി.

“കഴിഞ്ഞ മൂന്ന് വർഷമായി ടീം വികസനത്തിൽ കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ സ്വാധീനം വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഒരു അഭിമാനവും സന്തോഷവുമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്ക് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്, അദ്ദേഹത്തിന്റെ എല്ലാ ഭാവി പ്രവർത്തനങ്ങളിലും ഞാൻ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു." സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

“ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള തീരുമാനമാണ്. ആദ്യ ദിവസം മുതൽ ഇവാനുമായി എനിക്ക് വിശ്വാസയോഗ്യവും തുറന്നതും സൗഹൃദപരവുമായ ബന്ധമുണ്ട്. മാറ്റം പ്രയാസകരമാണെങ്കിലും, അടുത്ത ഘട്ടം നടത്താനുള്ള ശരിയായ സമയമാണിതെന്ന് ഞങ്ങൾ കരുതുന്നു. കെബിഎഫ്‌സിക്ക് വേണ്ടി അദ്ദേഹം ചെയ്‌തതിനും, അദ്ദേഹം കൊണ്ടുവന്ന സ്ഥിരതയ്‌ക്കും, ക്ലബ്ബിന്റെ ഭാവിക്കായി അദ്ദേഹം സ്ഥാപിച്ച അത്ഭുതകരമായ അടിത്തറയ്ക്കും ഞാൻ ഇവാനോട് വളരെ നന്ദിയുള്ളവനാണ്. ഞങ്ങളുടെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലെ ഒരു പ്രിയ സുഹൃത്തും അവിഭാജ്യ അംഗവുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങളിൽ ഞാൻ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു." ക്ലബ് ഡയറക്ടർ നിഖിൽ ബി നിമ്മഗദ്ദ പറഞ്ഞു.

ക്ലബ്ബിലെ സമയത്തിലുടനീളം കോച്ച് ഇവാൻ നടത്തിയ പരിശ്രമങ്ങൾക്കും അർപ്പണബോധത്തിനും പ്രൊഫഷണലിസത്തിനും ക്ലബ്ബ് നന്ദി രേഖപ്പെടുത്തി.

ക്ലബ്ബിന്റെ കാഴ്ചപ്പാടുകളോടും ലക്ഷ്യങ്ങളോടും യോജിക്കുന്ന അനുയോജ്യമായ പുതിയ ഹെഡ് കോച്ചിനായുള്ള തിരയൽ ഉടൻ ആരംഭിക്കുമെന്നും ക്ലബ് സ്ഥിരീകരിച്ചു