സെമിഫൈനൽ ആദ്യപാദ മത്സരത്തിൽ മോഹൻ ബഗാനെ തകർത്ത് ഒഡിഷ എഫ്സി!
ഇന്ത്യൻ സൂപ്പർ ലീഗ് സെമിഫൈനൽ ആദ്യപാദ മത്സരത്തിൽ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ഒഡിഷ എഫ്സി.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് സെമിഫൈനൽ ആദ്യപാദ മത്സരത്തിൽ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ഒഡിഷ എഫ്സി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന നോക്കൗട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെയും ഒഡിഷ പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തിലെ മൂന്നു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. അന്റോണിയോ ലോപ്പസ് ഹബാസിന്റെ ടീമിനായി മൂന്നാം മിനിറ്റിൽ തന്നെ മൻവീർ സിംഗ് ലീഡ് നേടി. എന്നാൽ ശേഷം ഒഡിഷ എഫ്സിക്കായി കാർലോസ് ഡെൽഗാഡോയും റോയ് കൃഷ്ണയും ഓരോ ഗോൾ വീതം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
പതിനൊന്നാം മിനിറ്റില്‍ ഒഡിഷയുടെ കാര്ലോസ് ഡെല്ഗാഡോയ്ക്ക് ജോഹ്വ നല്കിയ കോര്ണറിൽ നിന്നാണ് സമനില ഗോൾ പിറന്നത്. മുപ്പത്തിയൊമ്പതാം മിനിറ്റിലാണ് റോയ് കൃഷ്ണ വിജയഗോൾ നേടിയത്.
രണ്ടാം പകുതിയിൽ ഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിച്ചപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആദ്യപാദവിജയം ഒഡിഷ സ്വന്തമാക്കി. വിജയത്തോടെ സെമി ഫൈനൽ മത്സരമുൾപ്പെടെ തുടർച്ചയായി പതിമൂന്നു മത്സരങ്ങളിൽ സ്വന്തം തട്ടകത്തിൽ തോൽവിയറിയാതെ മുന്നേറുകയാണ് ഒഡിഷ എഫ്സി.
ഏപ്രിൽ 28 ഞായറാഴ്ച കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈ മത്സരത്തിന്റെ രണ്ടാം പാദം നടക്കും. വാശിയേറിയ മത്സരത്തിൽ രണ്ട് ടീമുകളിലും ഒരു കളിക്കാർ വീതം ചുവപ്പുകാർഡ് കണ്ട് പുറത്തായിരുന്നു. ഒഡിഷ എഫ്സി താരം ഡെൽഗാഡോയും മോഹൻ ബഗാൻ സൂപ്പർ ജയന്റ് താരം അർമാൻഡോ സാദികുവും മത്സരത്തിന്റെ 74ആം മിനിറ്റിലും 67ആം മിനിറ്റിലുമാണ് പുറത്തായത്.