ആദ്യ കളിയിൽ നേടിയ ജയത്തിനപ്പുറം കേരളബ്ലാസ്റ്റേഴ്സിനു മറ്റൊരു ജയം കണ്ടെത്താൻ പതിനലുകളികൾക്കപ്പുറവും സാധിച്ചിട്ടില്ല. നാളെ കൊച്ചിയിൽ വച്ച് നടക്കുന്ന ചെന്നൈക്കെതിരായ മത്സരത്തിലേക്ക് ഉറ്റു നോക്കുകയാണ് കേരളബ്ലാസ്റ്റേഴ്‌സ് ആരാധകവൃന്ദം. മത്സരത്തിന് മുൻപായി നടക്കുന്ന വാർത്താ സമ്മേളനത്തിൽ ബ്ളാസ്റ്റേഴ്സിനെ പ്രധിനിതീകരിച്ചു മുഖ്യ പരിശീലകൻ നെലോ വിൻഗാഡ പങ്കെടുത്തു.

“നാളെ മറ്റൊരു ദിവസമാണ്. എപ്പോഴും അടുത്ത് വരാനിരിക്കുന്ന കളികളാണ് പ്രധാനപ്പെട്ടത്. മൂന്നു കളികൾക്ക് ശേഷം സാമാന്യനിലയിലേക്കു തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ടീം പുരോഗമിക്കുന്നു എന്ന് ഉറപ്പാക്കേണ്ട സമയമാണിത്. ട്രൈനിങ്ങിന് ധാരാളം സമയം ലഭിച്ചു. ബെംഗളൂരുവിനെതിരായ കളിയിൽ പരിശീലനത്തിന് വേണ്ടി സന്ദേശ് ജിംഗന് ആവശ്യത്തിന് സമയം ലഭിച്ചിരുന്നില്ല. പെക്കുസൺ അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുകയായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരും റെഡിയാണ്.” നെലോ വിൻഗാഡ പറഞ്ഞു.

“ബഹറിനെതിരായ മത്സരത്തിൽനിന്നു പരിക്കുമൂലം മാറിനിന്ന അനസ് പൂർണ്ണ ആരോഗ്യവാനായി ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തു ദിവസങ്ങളായി ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചു പരിശീലനത്തിൽ അനസ് സജീവമാണ്. വളരെ  മികച്ച കളിക്കാരനാണ് അദ്ദേഹം.” സഹലിനെപ്പറ്റി നെലോ പറഞ്ഞു.

"എന്റെ വാക്കുകൾക്കപ്പുറം എന്റെ കളിക്കാരുടെ പെരുമാറ്റത്തെപ്പറ്റി കളി കണ്ട എല്ലാവർക്കുമറിയാം. എല്ലാവരുടെയും മാനസികാവസ്ഥ മാറിയിരിക്കുന്നു. ഇതൊരു വെല്ലുവിളിയായാണ് അവർ കാണുന്നത്.  അതിലാർക്കും ഒരു സംശയവുമില്ല. ആദ്യ നാല്പത്തിയഞ്ചു മിനിറ്റിൽ കളി നന്നായി നിയന്ത്രണത്തിലാകുന്നുണ്ട്. " അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെ വൈകിട്ട് ഏഴരക്ക് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ നിൽക്കുന്ന ഇരു ടീമുകളും അവസാനസ്ഥാനം ഒഴിവാക്കാൻ വേണ്ടി മികച്ച പ്രകടനം കാഴ്ചവക്കുമെന്നുറപ്പാണ്. ഈ കളി ജയിക്കാനായാൽ പതിനൊന്നു പോയിന്റ് നേടി ഒൻപതാം സ്ഥാനത്തേക്ക് കരകയറുവാൻ മുൻ ചാമ്പ്യന്മാർക്കു കഴിയും. ഈ കളി ജയിക്കാനായാൽ ഡൽഹിയെ മറികടന്നു എട്ടാം സ്ഥാനം നേടാൻ ബ്ലാസ്റ്റേഴ്സിന് ആകും.