ഭുവനേശ്വറിലെ കല്ലിംഗ സ്റ്റേഡിയത്തിൽ ഏപ്രിൽ പത്തൊമ്പതിന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ പ്ലേ ഓഫിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും ഒഡിഷ എഫ്‌സിയും ഏറ്റുമുട്ടി. ഇഞ്ചുറി ടൈമിനും ശേഷം അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഒഡിഷ എഫ്‌സി സെമി ഫൈനലിലേക്ക് യോഗ്യത നേടി.

മൂന്നു ഗോളുകൾ പിറന്ന മത്സരത്തിൽ ഒഡീഷക്കായി ഇസക് വാൻലാൽറുത്ഫെലയും ഡിയാഗോ മൗറീഷ്യോയും ഗോളുകൾ നേടിയപ്പോൾ ഫെഡോർ സെർനിച് കേരളാ ബ്ലാസ്റ്റേഴ്സിനായി ആശ്വാസഗോൾ നേടി.

ഒഡിഷക്കെതിരായ മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് സംസാരിച്ചു.

"ഞങ്ങൾ നന്നായി കളിച്ചു, നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ആ അവസരങ്ങളിൽ കുറച്ചുകൂടി കൃത്യതയോടെയും ശ്രദ്ധയോടെയും കളിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് കൂടുതൽ ഗോളുകൾ നേടാമായിരുന്നു. പ്രത്യേകിച്ച് ആദ്യ പകുതിയിൽത്തന്നെ ഒഡീഷയെ പ്രതിസന്ധിയിലാഴ്ത്താൻ ഞങ്ങൾക്ക് കഴിയുമായിരുന്നു. പക്ഷെ ഇത്തരം മത്സരങ്ങളിൽ ഇരുപത്തിയഞ്ചോ മുപ്പതോ അവസരങ്ങൾ ലഭിക്കില്ല. അവസരങ്ങൾ സൃഷ്ടിക്കുമ്പോൾ അത് ഗോളാക്കി മാറ്റാനുള്ള ശ്രദ്ധ ഉണ്ടാകണം. കളിക്കാർ അതിനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെ സംഭവിച്ചാൽ, തീർച്ചയായും നമ്മൾ പുറത്താക്കപ്പെടും." ഇവാൻ പറഞ്ഞു.

"ഈ സീസണിലുടനീളം ടീമിനെ എത്രതവണ പുനർനിർമിച്ചു എന്നെനിക്കറിയില്ല. നിരവധി വെല്ലുവിളികൾ, പരിക്കുകൾ. ഈ സീസണിൽ പല താരങ്ങളുടെയും പ്രകടനത്തിൽ എനിക്ക് സന്തോഷമുണ്ട്, അവരുടെ വളർച്ചയിൽ എനിക്കഭിമാനമുണ്ട്. പ്രത്യേകിച്ചും ഈ സീസണിൽ ആദ്യമായി കളിക്കുന്ന യുവതാരങ്ങൾ. അവർ തിരിച്ചറിയപ്പെടുകയാണ്, ഇന്ത്യൻ സൂപ്പർ ലീഗിലും ഇന്ത്യയിലുടനീളവും. ഞങ്ങളുടെ ക്ലബ്ബിന്റെയും ഇന്ത്യൻ ദേശീയ ടീമിന്റെയും പ്രധാന കണ്ണികളായി അവർ വളർന്നുയരുന്നതിൽ എനിക്ക് സന്തോഷമാണ്."

"ഒരു വശത്തുകൂടി ചിന്തിക്കുമ്പോൾ ഞങ്ങൾ നിരാശരാണ്, കാരണം ഞങ്ങൾ പ്ലേ ഓഫിൽ നിന്ന് പുറത്തായി, സെമിയിൽ തുടരാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ മറ്റൊരു വശത്ത് ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ പല കാര്യങ്ങൾ സംഭവിച്ചിട്ടും ഭേദപ്പെട്ട രീതിയിൽ സീസൺ അവസാനിച്ചതിൽ ആശ്വാസമുണ്ട്. ഇന്ന് നഷ്ടപ്പെട്ട കളിക്കാരുൾപ്പെടെ പരിക്കിൽ നിന്ന് മടങ്ങിയെത്തുന്ന കളിക്കാരുമായി അടുത്ത സീസണിലേക്കായി പരിശ്രമിക്കണമെന്ന് പ്രതീക്ഷിക്കുന്നു. ഒരുമിച്ച് പരിശീലിക്കാനും, കളിക്കാനും ശ്രമിക്കാനുമുള്ള സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,ഞാൻ എല്ലായിപ്പോഴും പോസിറ്റീവായി തുടരാൻ ആഗ്രഹിക്കുന്നു. കാരണം ഈ സീസണിൽ അതുണ്ടായില്ല. എല്ലവർക്കും മടങ്ങണം. ഇവിടെയെത്തിയിട്ട് ഒൻപതു മാസമായി. എല്ലാവർക്കും വിശ്രമം ആവശ്യമാണ്." ഇവാൻ പറഞ്ഞു.

ഒരു ഗോളിന്റെ ലീഡിൽ ഒഡിഷ സെമി ഫൈനലിലേക്ക് കടന്നപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേട്ടം ഒരു സ്വപ്നമായി കേരളാ ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നു. മത്സരത്തിൽ വിജയിച്ച ഒഡിഷ പത്താം സീസണിൽ സെമിഫൈനലിലേക്ക് ഇടം നേടുന്ന മൂന്നാം ടീമായി. ഏപ്രിൽ ഇരുപതിന് നടക്കുന്ന രണ്ടാം പ്ലേ ഓഫ് മത്സരത്തിൽ എഫ്‌സി ഗോവ ചെന്നൈയിൻ എഫ്‌സിയെ നേരിടും.