KBFC Twitter

ഐ‌എസ്‌എല്ലിൽ ഏഴാം സീസണിൽ ആറു പുതിയ വിദേശ സൈനിംഗുകൾക്കൊപ്പം പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ 2019-20 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏഴാമതും അതിനു മുൻപുള്ള 2018-19 സീസണിൽ ഒൻപതാമതും ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ രണ്ട് സീസണുകളും നിരാശാജനകമായിരുന്നു. ചരിത്രത്തിൽ ആദ്യമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ പ്ലേ ഓഫിലേക്ക് നയിച്ച എൽകോ ഷട്ടോരിയുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങളിലും ഫുട്ബോൾ കളിക്കുന്ന രീതിയിലും മാറ്റം വന്നതിനെ തുടർന്ന് നേരിയ പുരോഗതി ഉണ്ടായെങ്കിലും കാര്യമായ മുന്നേറ്റങ്ങളൊന്നും ബ്ലാസ്റ്റേഴ്സിനുണ്ടായില്ല. തുടർന്നാണ് സ്പോർട്ടിങ് ഡയക്ടർ കരോലിസ് സ്കിങ്കിസ് ടീമിന്റെ ഭാഗമാകുന്നത്. പുതിയ സീസണിൽ ഷട്ടോരിയെ ഒഴിവാക്കി സ്പാനിഷ് പരിശീലകൻ കിബു വികുനയേ കരോലിസിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മന്റ് ചുമതലയേൽപ്പിച്ചു. ഷട്ടോരിയെ ഒഴിവാക്കിയതിൽ വിമർശനങ്ങൾ ഉയർന്നു വന്നുവെങ്കിലും, മോഹൻ ബാഗനുമൊത്ത് 2019-20 ഐ-ലീഗ് കിരീടം നേടിയ, ഇന്ത്യയിൽ പരിശീലന പരിചയമുള്ള വികുന ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായത് ആരാധാകർ പ്രതീക്ഷയോടെയാണ് വരവേറ്റത്.

പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായിരുന്ന സന്ദേഷ് ജിംഗൻ ടീമുമായി വഴിപിരിഞ്ഞു. നിലവിലെ കോവിഡ് സാഹചര്യത്തിൽ ആഗ്രഹിച്ചതുപോലെ വിദേശ ക്ലബ്ബുകളുടെ ഭാഗമാകാൻ സാധിക്കാതിരുന്നതിനാൽ അദ്ദേഹം എടികെ മോഹൻ ബഗാൻ ടീമിന്റെ ഭാഗമായി. കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് മിഡ്ഫീൽഡർ സെർജിയോ സിഡോഞ്ച മാത്രമാണ് ടീമിൽ നിന്ന് നിലനിർത്തിപ്പെട്ട ഏക വിദേശ താരം. ബർത്തൊലൊമി ഒഗ്ബെച്ചെ, മാറ്റെജ് പോപ്ലാറ്റ്‌നിക്, സ്ലാവിസ സ്റ്റോജനൊവിച്ച്, ജിയാനി സുയിവർലൂൺ, ഒപ്പം മരിയോ ആർക്വസ് എന്നീ വിദേശ താരങ്ങളും ഹാലിചരൻ നർസാരിയും, ടി പി രെഹനേഷും അടങ്ങുന്ന ഇന്ത്യൻ താരങ്ങളും ക്ലബ് വിട്ടു.

മികച്ച ഇന്ത്യൻ താരങ്ങളുടെ താരങ്ങളുടെ സൈനിങ്ങ്

കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധനേടിയ ലെഫ്റ്റ് ബാക്ക് ജെസ്സൽ കെർണെയ്‌റോയുമായുള്ള കരാർ 2023 സീസൺ വരെ കേരള ബ്ലാസ്റ്റേഴ്സ് നീട്ടി. സെയ്‌ത്യാസെൻ സിംഗ്, രാഹുൽ കെ പി, പ്രശാന്ത് കെ, അബ്ദുൽ ഹക്കു, സഹൽ അബ്ദുൾ സമദ് എന്നിവരുടെയും കരാർ നീട്ടി.

ബെംഗളൂരു എഫ്‌സിയിൽ നിന്ന് വഴിപിരിഞ്ഞ നിഷു കുമാറിനെ ടീമിലെത്തിക്കാൻ പല ഐ‌എസ്‌എൽ ടീമുകളും ശ്രമിച്ചെങ്കിലും നാലുവർഷത്തെ കരാറിൽ ആ 23-കാരനെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിലെത്തിച്ചു. ഐ-ലീഗിൽ നിന്ന് റിത്വിക് ദാസ്, ദെനചന്ദ്ര മേത്തയ്‌, ഗിവ്‌സൺ സിംഗ്, സന്ദീപ് സിംഗ് എന്നിവർ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി. യഥാക്രമം ഹൈദരാബാദ് എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ബെംഗളൂരു എഫ്‌സി എന്നീ ടീമുകളിൽ നിന്ന് രോഹിത് കുമാർ, പ്യൂട്ടിയ, പ്രഭുഖാൻ സിംഗ് ഗിൽ എന്നിവർ ബ്ലാസ്റ്റേഴ്സിലേക്ക് ചേർന്നു.

വമ്പൻ വിദേശ സൈനിങ്ങുകൾ

ഇന്ത്യയിലെ പ്രധാന കളിക്കാരെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങളുടെ കാര്യത്തിലും ആരാധകരെ ഞെട്ടിച്ചു. സൈപ്രസിൽ നിന്നുള്ള ഫക്കുണ്ടോ പെരേരയാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ ആദ്യ വിദേശ താരം. 33 കാരനായ ഈ അർജന്റീന താരം മികച്ച വേഗതയും ടാക്ടിക്‌സും കൈമുതലാക്കിയ താരമാണ്. 32 കാരനായ സ്പെയിനാർഡ് വിസെന്റെ ഗോമസാണ് രണ്ടാമതായി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ വിദേശതാരം . ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, തുടങ്ങിയ താരങ്ങൾക്കൊപ്പം കളിച്ച് അനുഭവ സമ്പത്തുള്ള ഗോമസ് സെൻ‌ട്രൽ ഡിഫെൻ‌സീവ്, സെൻ‌ട്രൽ മിഡ്‌ഫീൽ‌ഡ് സ്ഥാനങ്ങളിൽ‌ തിളങ്ങാൻ‌ കഴിയുന്ന താരമാണ്.

എ-ലീഗിന്റെ ഭാഗമായ വെല്ലിംഗ്ടൺ ഫീനിക്സിൽ നിന്നാണ് നിരവധി മുൻനിര ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ കളിച്ച ഗാരി ഹൂപ്പർ കേരള ബ്ലാസ്റ്റേഴ്സിനായി എത്തുന്നത്. സ്കോട്ട്‌ലൻഡിലും ഓസ്‌ട്രേലിയയിലും നേടിയ ഗോൾ സ്‌കോറിംഗ് റെക്കോർഡുമായാണ് ഹൂപ്പർ ഐ‌എസ്‌എല്ലിലേക്ക് എത്തിയത്. ഈയിടെ നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിലും ഹൂപ്പർ ഗോൾ നേടാൻ ഹൂപ്പറിനായി. മുൻ സിംബാബ്‌വെ ഇന്റർനാഷണൽ കോസ്റ്റ നമൊയിൻസുവും, മുൻ ലിയോൺ സെൻട്രൽ ഡിഫെൻഡറുമായ ബക്കാരി കോനെയും കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരനിരയുടെ ഭാഗമായി. ഓസ്‌ട്രേലിയൻ ഫോർ‌വേർ‌ഡ് ജോർ‌ദാൻ‌ മറെയാണ് വിദേശ താരങ്ങളുടെ പട്ടികയിൽ‌ അവസാന സ്ഥാനത്തെത്തിയത്. എ‌എഫ്‌സി (ഏഷ്യൻ‌ ഫുട്ബോൾ‌ കോൺ‌ഫെഡറേഷൻ‌) അഫിലിയേഷനുള്ള ഏഷ്യൻ കളിക്കാരനായാണ് താരം ടീമിന്റെ ഭാഗമാകുന്നത്.

കേരളാബ്ലാസ്റ്റേഴ്‌സ് സമ്പൂർണ താരനിര

വിദേശ താരനിര

ഫാകുൻഡോ പെരേര (അറ്റാക്കിങ് മിഡ്ഫീൽഡർ/സെക്കന്റ്‌ സ്‌ട്രൈക്കർ/വിങ്ങർ)-33 വയസ്സ്.

സെർജിയോ സിഡോൻച (അറ്റാക്കിങ് മിഡ്ഫീൽഡർ/വിങ്ങർ) -30 വയസ്സ്.

വിസെന്റെ ഗോമസ് (ഡിഫൻസീവ് മിഡ്ഫീൽഡർ)-32 വയസ്സ്.

കോസ്റ്റ നമൊയ്നെസു (സെന്റർബാക്ക്)-34 വയസ്സ്.

ബകാരി കോനെ (സെന്റർബാക്ക്)-32 വയസ്സ്.

ഗാരി ഹൂപ്പർ (സ്‌ട്രൈക്കർ)-32 വയസ്സ്.

ജോർദാൻ മുറെ (സ്‌ട്രൈക്കർ)-25 വയസ്സ്.

ഇന്ത്യൻ താരങ്ങൾ

ജെസ്സൽ അലൻ കെർനെയ്റോ -(ലെഫ്റ്റ് വിങ്ബാക്ക്) -30 വയസ്സ്.

സെയ്‌ത്യാസെൻ സിങ് (റൈറ്റ് വിങ്ങർ/ലെഫ്റ്റ് വിങ്ങർ)-28 വയസ്സ്.

ആൽബിനോ ഗോമസ്(ഗോൾകീപ്പർ)-26 വയസ്സ്.

ബിലാൽ ഖാൻ (ഗോൾകീപ്പർ)-26 വയസ്സ്.

ദെനചന്ദ്ര മേത്തയ്  (ലെഫ്റ്റ്ബാക്ക്)- 26 വയസ്സ്.

അബ്ദുൾ ഹക്കു (സെന്റർബാക്ക്) -25 വയസ്സ്.

ലാൽറുവതാര (സെന്റർബാക്ക് /റൈറ്റ്ബാക്ക്/ ലെഫ്റ്റ്ബാക്ക്) – 25 വയസ്സ്.

സന്ദീപ് സിങ് – (സെന്റർബാക്ക് ) – 25 വയസ്സ്.

ശൈബൊർലാങ് ഖാർപ്പൻ (സെന്റർ ഫോർവേഡ്)-25 വയസ്സ്.

അർജ്ജുൻ ജയരാജ്‌ – (ലെഫ്റ്റ് / റൈറ്റ് വിങർ/സെൻട്രൽ അറ്റാക്കിങ് മിഡ്ഫീൽഡർ) – 24 വയസ്സ്.

സഹൽ അബ്ദുൾ സമദ് – (സെൻട്രൽ അറ്റാക്കിങ് മിഡ്ഫീൽഡർ) – 23 വയസ്സ്.

ഋതിക് കുമാർ ദാസ് (ലെഫ്റ്റ് /റൈറ്റ് വിങർ/അറ്റാക്കിങ് മിഡ്ഫീൽഡർ/റൈറ്റ് വിങ് ബാക്ക്) – 23 വയസ്സ്.

രോഹിത് കുമാർ (ഡിഫൻസീവ് മിഡ്ഫീൽഡർ) – 23 വയസ്സ്.

നിഷു കുമാർ (റൈറ്റ്ബാക്ക് /ലെഫ്റ്റ്ബാക്ക്)- 22 വയസ്സ്.

പ്രശാന്ത് കെ – (ലെഫ്റ്റ് /റൈറ്റ് വിങ്ങർ /റൈറ്റ് ബാക്ക് ) – 22 വയസ്സ്.

ലാൽതാതാങ്ക (പ്യുട്ടീയ) – (സെൻട്രൽ മിഡ്ഫീൽഡർ / വിങ്ങർ) – 22 വയസ്സ്.

നൗറെം മഹേഷ്‌ സിങ് (റൈറ്റ് വിങ്ങർ/സ്‌ട്രൈക്കർ)-21 വയസ്സ്.

രാഹുൽ കെ. പി – (ലെഫ്റ്റ് വിങ് / റൈറ്റ് വിങ് ഫോർവേഡ് / റൈറ്റ് വിങ് ബാക്ക് / സ്‌ട്രൈക്കർ) – 20 വയസ്സ്.

നോങ്‌ദാമ്പ നൗറെം – (ലെഫ്റ്റ് വിങ്ങർ) – 20 വയസ്സ്.

പ്രഭ്സുഖൻ സിങ് ഗിൽ (ഗോൾകീപ്പർ)-19 വയസ്സ്.

മുഹീത് ഷബീർ ഖാൻ (ഗോൾകീപ്പർ)-19 വയസ്സ്.

ആയുഷ് അധികാരി (സെൻട്രൽ അറ്റാക്കിങ് മിഡ്ഫീൽഡർ) – 19 വയസ്സ്.

ജീക്സൺ സിങ് – (ഡിഫെൻസിവ് മിഡ്ഫീൽഡർ) – 18 വയസ്സ്.

ഗിവ്‌സൺ സിങ് – (സെൻട്രൽ മിഡ്ഫീൽഡർ/സ്‌ട്രൈക്കർ) – 18 വയസ്സ്.

ഉദഘാടന മത്സരം, ആദ്യ 10 മത്സരങ്ങൾ (തീയതി, എതിരാളി, സമയം, വേദി)

2020 നംവബർ 20 മുതൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശത്തിന്റെയും പ്രതീക്ഷയുടേയും നാളുകളാണ്. അന്നേ ദിവസം ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിനു കേരള ബ്ലാസ്റ്റേഴ്സ് തുടക്കമിടുന്നു. ബാംബോളീമിലെ ജിഎംസി സ്റ്റേഡിയത്തിൽ എടി‌കെ മോഹൻ ബഗാനെതിരെയാണ് ആദ്യ മത്സരം. ഒരാഴ്ചയ്ക്ക് ശേഷം, അവർ തങ്ങളുടെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. തുടർന്ന് ബ്ലാസ്റ്റേഴ്സ് യഥാക്രമം ഡിസംബർ 6, 13 തീയതികളിൽ എഫ്‌സി ഗോവയെയും ബെംഗളൂരു എഫ്‌സിയെയും നേരിടും.

നവംബർ 20 ATK മോഹൻ ബഗാൻ 7:30 PM ജിഎംസി സ്റ്റേഡിയം, ബാംബോളിം

നവംബർ 26 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 7:30 PM ജിഎംസി സ്റ്റേഡിയം, ബാംബോളിം

നവംബർ 29 ചെന്നൈയിൻ 7:30 PM ജിഎംസി സ്റ്റേഡിയം, ബാംബോളിം

ഡിസംബർ 6 FC ഗോവ 7:30 PM ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ഫത്തോർഡ

ഡിസംബർ 13 ബെംഗളൂരു FC 7:30 PM ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ഫത്തോർഡ

ഡിസംബർ 20 എസ്‌സി ഈസ്റ്റ് ബംഗാൾ 7:30 PM ജിഎംസി സ്റ്റേഡിയം, ബാംബോളിം

ഡിസംബർ 27 ഹൈദരാബാദ് എഫ്.സി 7:30 PM ജിഎംസി സ്റ്റേഡിയം, ബാംബോളിം

ജനുവരി 2 മുംബൈ സിറ്റി എഫ്‌സി 7:30 PM ജിഎംസി സ്റ്റേഡിയം, ബാംബോളിം

ജനുവരി 7 ഒഡീഷ എഫ്‌സി 7:30 PM ജിഎംസി സ്റ്റേഡിയം, ബാംബോളിം

ജനുവരി 10 ജംഷദ്‌പൂർ എഫ്‌സി 7:30 PM തിലക് മൈതാനം 

കേരള ബ്ലാസ്റ്റേഴ്സ് സാധ്യത ഇലവൻ:

ബിലാൽ ഖാൻ, നിഷു കുമാർ, ബക്കാരി കോനെ, കോസ്റ്റ നമോയിനെസു, ജെസ്സൽ കെർണെയ്‌റോ, രാഹുൽ കെ പി, വിസെന്റെ ഗോമസ്, സഹൽ അബ്ദുൾ സമദ്, സെയ്‌ത്യാസെൻ സിംഗ്, ഫക്കുണ്ടോ പെരേര, ഗാരി ഹൂപ്പർ