വ്യാഴാഴ്ച നടന്ന ഹീറോ സൂപ്പർ കപ്പിലെ ഗ്രൂപ്പ് ബി ഘട്ട മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും 3-3ന് സമനിലയിൽ പിരിഞ്ഞപ്പോൾ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ ആവേശമായത് വിപി സുഹൈറിന്റെയും അബ്ദുൾ റബീഹിന്റെയും ഗോളുകളായിരുന്നു.

നൗറെം മഹേഷ് സിംഗ് രണ്ട് ഗോളുകൾ നേടിയപ്പോൾ പ്രാദേശിക താരം സുഹൈർ മൂന്നാം ഗോൾ നേടി. എന്നാൽ രണ്ടാം പകുതിയിൽ ഹൈദരാബാദ് എഫ്‌സി രണ്ട് ഗോളുകളുടെ പരാജയം മറികടക്കാൻ പരമാവധി ശ്രമിച്ചു. ഒടുവിൽ മലപ്പുറത്തിന്റെ സ്വന്തം താരം റബീഹ് മത്സരം കാണാനെത്തിയ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി സമനില ഗോളും നേടി.

"ഹൈദരാബാദ് എഫ്‌സിക്ക് വേണ്ടിയുള്ള (ഹീറോ സൂപ്പർ കപ്പിൽ) ഇത് എന്റെ രണ്ടാമത്തെ മത്സരമായിരുന്നു, ഞാൻ വളർന്ന എന്റെ നാട്ടിൽ  ആദ്യ ഗോൾ നേടാനായതിൽ എനിക്ക് സന്തോഷമുണ്ട്." റഹീബ് പറഞ്ഞു.

“എന്റെ എല്ലാ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്റ്റാൻഡിൽ ഉണ്ടായിരുന്നു, അവർക്ക് മുന്നിൽ സ്കോർ ചെയ്യുന്നത് ഒരു പ്രത്യേക നിമിഷമായിരുന്നു. ഇതാദ്യമായാണ് ഞാൻ സ്കോർ ചെയ്യുന്നത് അവർ കാണുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

റബീഹിനെപ്പോലെ, പാലക്കാട് ജില്ലയാണ് സ്വദേശമെങ്കിലും പയ്യനാട് സ്റ്റേഡിയത്തിൽ നിന്ന് വെറും 20 മിനിറ്റ് മാത്രം അകലെ താമസിക്കുന്ന സുഹൈറും പയ്യനാട്ടെ അറിയപ്പെടുന്ന താരമാണ്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഈസ്റ്റ് ബംഗാൾ എഫ്‌സി താരം തങ്ങളുടെ കരിയറിന്റെ ആദ്യകാലങ്ങളിൽ പ്രാദേശിക ഫുട്ബോൾ ടൂർണമെന്റുകളിൽ റബീഹിനൊപ്പം കളിച്ചത് അനുസ്മരിച്ചു. "അതെ, ഞങ്ങൾ തമ്മിൽ കുറച്ചുകാലമായി അറിയാം, മലപ്പുറത്ത് നടന്ന ചില പ്രാദേശിക ടൂർണമെന്റുകളിലും ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്," സുഹൈർ പറഞ്ഞു.

സ്‌കോർ ഷീറ്റിൽ പേര് ലഭിച്ചിട്ടും ടീമിന് വേണ്ടി കളി ജയിക്കാനാകാത്തതിൽ അദ്ദേഹം നിരാശനായിരുന്നു. പക്ഷേ, സ്വന്തം നാട്ടുകാരുടെ മുന്നിൽ തന്റെ നാട്ടുകാരനായ സുഹൈർ തന്റെ ആദ്യ ഗോൾ നേടിയതിൽ സുഹൈർ സന്തോഷിച്ചു. “തീർച്ചയായും, ഇത് എനിക്ക് സമ്മിശ്ര വികാരങ്ങൾ സമ്മാനിച്ചു. തീർച്ചയായും, ഞങ്ങൾ (ഈസ്റ്റ് ബംഗാൾ എഫ്‌സി) മത്സരം ജയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, പക്ഷേ ഈ നാട്ടിലെ താരം സ്കോർ ചെയ്യുന്നത് കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. സ്റ്റാൻഡിലെ എല്ലാ ആരാധകരും സന്തോഷിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്, ”അദ്ദേഹം അഭിപ്രായപ്പെട്ടു.

റബീഹിന്റെ കുടുംബാംഗങ്ങളും ആരാധകരും തന്റെ ടീമിന് സമനില ഗോൾ നേടി ഒരു പ്രധാന പോയിന്റ് നൽകിയത് കണ്ടു. അവസാന വിസിലിന് ശേഷം, തന്നെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആരാധകരോട് ഹൈദരാബാദ് എഫ്‌സി ഫോർവേഡ് നന്ദി അറിയിച്ചു. "മലപ്പുറത്തെ ജനങ്ങൾക്ക് ഫുട്ബോൾ ഭ്രാന്താണ്. കേരളത്തിന്റെ മറ്റ് ഭാഗങ്ങൾ കളി പിന്തുടരുന്നില്ല എന്ന് പറയുന്നില്ല, എന്നാൽ ഇവിടെ ഫുട്ബോൾ ഏറെ പ്രശസ്തമാണ്” റബീഹ് പറഞ്ഞു.

തിരക്കേറിയ റംസാൻ സമയത്ത് നിന്ന് തങ്ങളുടെ കളിക്കാരുടെ കളി കാണാൻ സമയം കണ്ടെത്തിയ മഞ്ചേരിയിലെ കാണികളെയും സുഹൈർ പ്രശംസിച്ചു. "ഇവിടെയുള്ള ആളുകൾ ആവേശഭരിതരാണ്, അവർ ഫുട്ബോളിനെ സ്നേഹിക്കുന്നു. റംസാൻ മാസത്തിൽ പോലും അവർ നോമ്പും ആരാധനയും അവസാനിപ്പിച്ച് ഫുട്ബോൾ കാണാൻ വരുന്നു.” സുഹൈർ അഭിപ്രായപ്പെട്ടു.