കൊൽക്കത്തയിലേക്കുള്ള മാറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് മിഡ്ഫീൽഡർ സഹൽ അബ്ദുൾ സമദ്. എങ്കിലും സാഹചര്യം നന്നായി കൈകാര്യം ചെയ്യാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. താരത്തിന്റെ ഫുട്ബോൾ കരിയറിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കമായിരുന്നു അത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ യൂത്ത് ടീമിലൂടെ വളർന്ന് സീനിയർ ടീമിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ സഹൽ, അതിനോടകം തന്നെ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) തന്റേതായ പേര് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി, 2019-20 സീസണിലെ ഐഎസ്എൽ എമർജിംഗ് പ്ലെയർ ഓഫ് സീസൺ അവാർഡ് കളിമികവിനാലും സാങ്കേതിക വൈദഗ്ധ്യത്താലും താരത്തെ തേടിയെത്തി. 2021-22 സീസണിൽ ഫൈനലിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ സുപ്രധാന താരമായിരുന്നു സഹൽ.

2023- 28-കാരനായ താരം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്ക് ചേക്കേറുകയും തന്റെ ആദ്യ സീസണിൽ തന്നെ ഐഎസ്എൽ ലീഗ് ഷീൽഡ് നേടുകയും ചെയ്തു. അടുത്ത സീസണിൽ, മറൈനേഴ്സിനൊപ്പം സഹൽ ഷീൽഡും കപ്പും ഉയർത്തി.

മാറ്റം കേവലം ക്ലബ്ബുകൾ തമ്മിലായിരുന്നില്ല, മറിച്ച് ഒരു വ്യത്യസ്ത മാനസികാവസ്ഥയിലേക്ക് മാറുന്നതുകൂടിയായിരുന്നു എന്ന് തന്റെ കൂടുമാറ്റത്തിൽ സഹൽ പ്രതികരിച്ചു.

"എല്ലാ ടീമിനെയും പോലെ, ഞാനവിടെ (കേരള ബ്ലാസ്റ്റേഴ്സ്) കളിക്കുമ്പോൾ, ഞങ്ങൾ എല്ലാവരും ട്രോഫിക്കുവേണ്ടി പോരാടുകയായിരുന്നു. ഞങ്ങൾ എത്രത്തോളം അടുത്തെത്തിയെന്ന് നിങ്ങൾക്കറിയാം. എന്നാൽ, ഞാനിവിടെ (മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്) വന്നപ്പോൾ, ഇതൊരു ചാമ്പ്യൻ ടീമാണെന്നൊരു തോന്നലുണ്ടായി," സ്പോർട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

"ചുറ്റുമുള്ള കളിക്കാർ, മാനസികാവസ്ഥ, മാനേജ്മെന്റ്, ഇതെല്ലാം ഇവിടെ വ്യത്യസ്തമാണ്. ഞാനെടുത്ത തീരുമാനം, അത് ബുദ്ധിമുട്ടായിരുന്നെങ്കിലും ഞാനതിൽ സന്തോഷവാനാണ്. പക്ഷെ ഭാഗ്യവശാൽ, എനിക്കത് നന്നായി കൈകാര്യം ചെയ്യാൻ സാധിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഇരട്ടക്കിരീടങ്ങൾ നേടിയ ഉജ്വലമായ ഒരു സീസണിന്റെ ഭാഗമായിരുന്നെങ്കിലും, പ്രതിസന്ധികളെ അതിജീവിച്ചാണ് സഹൽ മുന്നോട്ട് നീങ്ങിയത്. ഇതിൽ ഏറ്റവും ബുദ്ധിമുട്ട് നൽകിയത്, നിരന്തരമായ പരിക്കുകളായിരുന്നു. സീസണിൽ കളിക്കളത്തിൽ ആകെ 816 മിനിറ്റുകൾ മാത്രം ഇറങ്ങാൻ സാധിച്ച താരത്തിന് നേടാൻ സാധിച്ചത് ഒരു അസിസ്റ്റ് മാത്രം. എന്നാൽ, ഗോൾ സംഭാവനകളുടെ അക്കങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രകടനം.

ഐഎസ്എല്ലിന്റെ പ്ലേഓഫ് ഘട്ടത്തിൽ മിഡ്ഫീൽഡർ പരിക്കിൽ നിന്ന് തിരിച്ചെത്തിയിരുന്നു. ഫൈനലിൽ പകരക്കാരന്റെ കുപ്പായമണിഞ്ഞെത്തിയ താരം കളിക്കളത്തിൽ നിർണായക സ്വാധീനം ചെലുത്തി.

"പരിക്കുകൾ എപ്പോഴും ഫുട്ബോളിന്റെ ഭാഗമാണ്, ഞാൻ എപ്പോഴും അതിനെ അങ്ങനെയാണ് കാണുന്നത്," അദ്ദേഹം പറഞ്ഞു.

"ഫിസിയോകൾ, ടീം മെഡിക്കൽ സ്റ്റാഫ്, അവരെല്ലാം ബുദ്ധിമുട്ടുള്ള സമയത്ത് എന്നെ പിന്തുണച്ചു. ക്ഷമയോടെയിരിക്കാനും കൂടുതൽ കഠിനാധ്വാനം ചെയ്യാനും, ഫുട്ബോളിന് പുറത്തുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാനുമുള്ള ഒരു പാഠമായിരുന്നു എനിക്കത്," അദ്ദേഹം കൂട്ടിച്ചേർത്തു.