കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിടുന്നതിൽ ക്ലബ്ബിന്റെ ആരാധകക്കൂട്ടത്തിന്റെ സ്നേഹവും പിന്തുണയും വലിയ പങ്കുവഹിച്ചെന്ന് പ്രതിരോധ താരം ബികാഷ് യുംനം.

മണിപ്പൂരിൽ ജനിച്ച യുംനം, ഇന്ത്യൻ ആരോസിലൂടെയാണ് തൻ്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. പിന്നീട് പഞ്ചാബ് എഫ്‌സി, ചെന്നൈയിൻ എഫ്‌സി എന്നീ ക്ലബ്ബുകളിലും കളിച്ചു. അണ്ടർ 16, അണ്ടർ 19, അണ്ടർ 20 ടീമുകൾ ഉൾപ്പെടെ വിവിധ പ്രായപരിധിയിലുള്ള ഇന്ത്യൻ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട് യുംന. 2024-25 സീസണിൽ ചെന്നൈയിൻ എഫ്‌സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയ ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) മൂന്ന് മത്സരങ്ങളിൽ അദ്ദേഹം കളത്തിലിറങ്ങി.

ജനുവരിയിൽ ബ്ലാസ്റ്റേഴ്സുമായി 2029 വരെ നീണ്ടുനിൽക്കുന്ന ദീർഘകാല കരാറിൽ ഒപ്പുവെച്ച 21-കാരനായ സെൻ്റർ ബാക്ക്, കേരളത്തിലെത്തിയതിന് ശേഷമുള്ള തൻ്റെ ആദ്യ ചിന്തകൾ കെബിഎഫ്‌സി ടിവിയോട് പങ്കുവെച്ചു.

"കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി എപ്പോഴും ഞാൻ (കളിക്കാൻ) ആഗ്രഹിച്ചിരുന്ന ക്ലബ്ബാണ്," യുംനം പറഞ്ഞു.

"ആരാധകരെയും, അന്തരീക്ഷത്തെയും, സ്റ്റേഡിയത്തെയും കുറിച്ചെല്ലാം നമുക്കറിയാം, അത് ഞാൻ ശരിക്കും ആരാധിച്ചിരു. ഒരു വലിയ ജനക്കൂട്ടത്തിന് മുന്നിൽ കളിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാൻ ദേശീയ ടീമിന് (യൂത്ത് ടീമുകളിൽ) വേണ്ടി കളിച്ചിട്ടുണ്ട്, പര്യടനങ്ങൾക്ക് പോകുമ്പോഴെല്ലാം, എവിടെയും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ആരാധകരുണ്ടാകും. അതാണ് ക്ലബ്ബിൽ ചേരാനുള്ള തീരുമാനമെടുക്കുന്നതിൽ എനിക്ക് പ്രചോദനമായത്," അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ മുഖ്യ പരിശീലകൻ ദവീദ് കറ്റാലയുടെ കീഴിൽ കലിംഗ സൂപ്പർ കപ്പിലെ രണ്ട് മത്സരങ്ങളിലും യംനം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ ജേതാക്കളായ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ പരാജയപ്പെടുത്തി പ്രീ ക്വാർട്ടർ കടന്നെങ്കിലും ക്വാർട്ടർ ഫൈനലിൽ മറ്റൊരു കൊൽക്കത്തൻ ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് തോറ്റ് ടീം പുറത്തായി. കറ്റാലയുടെ കീഴിൽ ടീമിൽ വളർന്നുവരുന്ന ഐക്യം വളരെ പ്രധാനപെട്ടതാണെന്ന് യുവതാരം പറഞ്ഞു.

"കളിക്കളത്തിൽ മാത്രമല്ല, കളിക്കളത്തിന് പുറത്തും ഐക്യം ആവശ്യമാണ്," അദ്ദേഹം വിശദീകരിച്ചു.

"സത്യം പറഞ്ഞാൽ, ആദ്യമായി വന്നപ്പോൾ എൻ്റെ സഹതാരങ്ങളുമായി ഇടപഴകാൻ എനിക്ക് അല്പം വിഷമമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കംഫോർട് ആണ്. ചില കളിക്കാരെ എനിക്ക് നേരത്തെ അറിയാം, ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്, അതിനാൽ ഈ ഒത്തൊരുമയും ഐക്യവും എനിക്ക് കൂടുതലായി അനുഭവപ്പെടുന്നു. അത് ഞങ്ങളെ പടിപടിയായി മെച്ചപ്പെടാൻ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു."

തൻ്റെ ദീർഘകാല സുഹൃത്തായ ഫുൾബാക്ക് നവോച്ച സിംഗുമായുള്ള ബന്ധത്തെ കുറിച്ചും ഡിഫൻഡർ വാചാലനായി. "അദ്ദേഹം ആക്രമണോത്സുകത (അഗ്രസീവ്ന്സ്) ഉള്ളൊരു താരമായതിനാൽ അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. എനിക്കദ്ദേഹത്തെ ഇഷ്ടമാണ്," യുംനം പറഞ്ഞു.

"ഒരു ഡിഫൻഡർ എന്ന നിലയിൽ, എനിക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒരു സൈഡ് ബാക്ക് ആണ് അദ്ദേഹം. അദ്ദേഹം ഞാൻ പറയുന്നത് കേൾക്കാറുണ്ട്. ഞങ്ങൾ തമ്മിൽ വളരെ കാലത്തെ ബന്ധമുണ്ട്, അതിനാൽ ആശയവിനിമയം നടത്താൻ എളുപ്പമാണ്. അദ്ദേഹവും മണിപ്പൂരിൽ നൈനാൻ, അതിനാൽ സ്വാഭാവികമാണ് (ബന്ധം)."

അടുത്ത സീസണിനെക്കുറിച്ച് ചോദിച്ചപ്പോൾ, വ്യക്തിഗതമായും ഒരു ടീമെന്ന നിലയിലുമുള്ള വളർച്ചയിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് താരം വ്യക്തമാക്കി.

"ഇതിലും കൂടുതൽ കാര്യങ്ങളുണ്ട്. ഓരോ ദിവസവും മെച്ചപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ മുതൽ, ഞങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ കൂടുതൽ മെച്ചപ്പെടാൻ ആഗ്രഹിക്കുന്നു."